Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആയിരങ്ങളെ സാക്ഷിയാക്കി പിണറായി വിജയൻ മന്ത്രിസഭ അധികാരമേറ്റു; രണ്ടാമനായി സത്യപ്രതിജ്ഞ ചെയ്തതു സിപിഐയുടെ ഇ ചന്ദ്രശേഖരൻ; മാത്യു ടി തോമസും കടന്നപ്പള്ളിയും ജലീലും പ്രതിജ്ഞ ചൊല്ലിയതു ദൈവനാമത്തിൽ; ഏറ്റവുമൊടുവിൽ സത്യപ്രതിജ്ഞ ചെയ്തതു തോമസ് ഐസക്; ചടങ്ങിനെ അവിസ്മരണീയമാക്കി അണികളുടെ ആവേശ്വോജ്വല മുദ്രാവാക്യങ്ങൾ

ആയിരങ്ങളെ സാക്ഷിയാക്കി പിണറായി വിജയൻ മന്ത്രിസഭ അധികാരമേറ്റു; രണ്ടാമനായി സത്യപ്രതിജ്ഞ ചെയ്തതു സിപിഐയുടെ ഇ ചന്ദ്രശേഖരൻ; മാത്യു ടി തോമസും കടന്നപ്പള്ളിയും ജലീലും പ്രതിജ്ഞ ചൊല്ലിയതു ദൈവനാമത്തിൽ; ഏറ്റവുമൊടുവിൽ സത്യപ്രതിജ്ഞ ചെയ്തതു തോമസ് ഐസക്; ചടങ്ങിനെ അവിസ്മരണീയമാക്കി അണികളുടെ ആവേശ്വോജ്വല മുദ്രാവാക്യങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തിയ ആയിരങ്ങളെയും നാനാതുറകളിൽ നിന്നുള്ള പ്രമുഖരെയും സാക്ഷിനിർത്തി പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ പി സദാശിവം പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.

3.55ന് ഗവർണർ വേദിയിലെത്തി. തുടർന്ന് വൈകിട്ട് നാലിന് തന്നെ സത്യപ്രതിജ്ഞയ്ക്ക് നിയുക്ത മുഖ്യമന്ത്രിയെ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് ക്ഷണിച്ചു. ഗവർണർ ജസ്റ്റിസ് പി സദാശിവം മുമ്പാകെ മുഖ്യമന്ത്രിയായി പിണറായി വിജയൻ സഗൗരവം സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയിൽ ആഭ്യന്തരം, വിജിലൻസ്, ഐടി വകുപ്പുകൾ കൂടി പിണറായി കൈകാര്യം ചെയ്യും.

സിപിഐ നേതാവ് ഇ ചന്ദ്രശേഖരനാണ് രണ്ടാമതു സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. കാഞ്ഞങ്ങാട്ടു മണ്ഡലത്തിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണു ചന്ദ്രശേഖരൻ. തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ എതിരാളികൾ അക്രമം അഴിച്ചുവിട്ടതിനെത്തുടർന്ന് ഇ ചന്ദ്രശേഖരന്റെ കൈക്കു ഗുരുതര പരിക്കേറ്റിരുന്നു. കൈയിൽ ബാൻഡേജുമായാണ് അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയത്. സിപിഐ സംസ്ഥാന നിർവാഹക സമിതി അംഗമായ അദ്ദേഹം പിണറായി മന്ത്രിസഭയിൽ റവന്യൂ മന്ത്രിയാകും.

തുടർന്ന് ജെഡിഎസിലെ ഏക മന്ത്രി അഡ്വ. മാത്യു ടി തോമസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജലവിഭവ വകുപ്പാണു മാത്യു ടി തോമസിനു ലഭിച്ചത്. തിരുവല്ലയിൽ നിന്നാണു മാത്യു ടി തോമസ് തെരഞ്ഞെടുക്കപ്പെട്ടത്. ദൈവനാമത്തിലായിരുന്നു മാത്യുവിന്റെ പ്രതിജ്ഞ.

എൻസിപി നേതാവ് എ കെ ശശീന്ദ്രനാണ് തുടർന്നു സത്യപ്രതിജ്ഞ ചെയ്തത്. ഗതാഗത മന്ത്രിയാണു ശശീന്ദ്രൻ. എലത്തൂർ മണ്ഡലത്തിൽ നിന്നാണ് ശശീന്ദ്രൻ സഭയിലെത്തിയത്. തുടർന്നു കോൺഗ്രസ് എസ് നേതാവ് രാമചന്ദ്രൻ കടന്നപ്പള്ളി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണു കടന്നപ്പള്ളിയുടെയും സത്യപ്രതിജ്ഞ. തുറമുഖവകുപ്പാണ് ഇടതുമുന്നണി കടന്നപ്പള്ളിക്കു നൽകിയത്. കണ്ണൂരിൽ നിന്നാണു കടന്നപ്പള്ളി സഭയിൽ എത്തിയത്.

ഘടകകക്ഷി നേതാക്കൾക്കു പിന്നാലെ സിപിഎമ്മിന്റെ എ കെ ബാലൻ സത്യപ്രതിജ്ഞ ചെയ്തു. നിയമ -സാംസ്‌കാരിക പിന്നോക്കക്ഷേമ മന്ത്രിയാണ് തരൂരിൽ നിന്ന് സഭയിലെത്തിയ എ കെ ബാലൻ. കഴിഞ്ഞ വി എസ് മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്നു അദ്ദേഹം.

തുടർന്ന് കെ ടി ജലീൽ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണു ജലീലും സത്യപ്രതിജ്ഞ ചെയ്തത്. തവനൂരിൽ നിന്നുള്ള സഭാംഗമായ അദ്ദേഹം തദ്ദേശ സ്വയംഭരണ മന്ത്രിയുടെ ചുമതലയാണു വഹിക്കുക.

ഇ പി ജയരാജനാണു പിന്നാലെ സത്യപ്രതിജ്ഞ ചെയ്തത്. വ്യവസായ വകുപ്പാണ് ഇ പി കൈകാര്യം ചെയ്യുന്നത്. ഇ പിക്കു പിന്നാലെ തലസ്ഥാന നഗരത്തിന്റെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തു. വൈദ്യുതി-ദേവസ്വം മന്ത്രിയാണു കടകംപള്ളി. സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന കടകംപള്ളി കഴക്കൂട്ടത്തു നിന്നാണു തെരഞ്ഞെടുക്കപ്പെട്ടത്.

തുടർന്ന് മന്ത്രിസഭയിലെ ആദ്യ വനിതാംഗമായി ജെ മേഴ്സിക്കുട്ടിയമ്മ സത്യപ്രതിജ്ഞ ചെയ്തു. കുണ്ടറയിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട മേഴ്സിക്കുട്ടിയമ്മ ഫിഷറീസ്, പരമ്പരാഗത വ്യവസായ വകുപ്പുകൾ കൈകാര്യം ചെയ്യും.

സിപിഐ(എം) തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്ന എ സി മൊയ്തീനാണ് തുടർന്നു സത്യപ്രതിജ്ഞ ചെയ്തത്. സഹകരണം, ടൂറിസം വകുപ്പുകളാണു മൊയ്തീൻ കൈകാര്യം ചെയ്യുന്നത്. കുന്ദംകുളത്തുനിന്നുള്ള സഭാംഗമാണ് എ സി മൊയ്തീൻ.

തുടർന്ന് സിപിഐ നേതാവ് അഡ്വ. കെ രാജു സത്യപ്രതിജ്ഞ ചെയ്തു. വനംവകുപ്പാണ് കെ രാജുവിനു ലഭിച്ചിരിക്കുന്നത്. പുനലൂർ മണ്ഡലത്തിൽ നിന്നാണു രാജു തെരഞ്ഞെടുക്കപ്പെട്ടത്.

എക്സൈസ് വകുപ്പിന്റെ ചുമതലയുള്ള ടി പി രാമകൃഷ്ണനാണു തുടർന്നു സത്യപ്രതിജ്ഞ ചെയ്തത്. പേരാമ്പ്രയിൽ നിന്നാണ് അദ്ദേഹം നിയമസഭയിൽ എത്തിയത്.

തുടർന്ന് പ്രൊഫ. സി രവീന്ദ്രനാഥ് സത്യപ്രതിജ്ഞ ചെയ്തു. വിദ്യാഭ്യാസ മന്ത്രിയായി സ്ഥാനമേൽക്കുന്ന അദ്ദേഹം തൃശൂർ പുതുക്കാടു നിന്നാണു സഭയിൽ എത്തിയത്. പിന്നാലെ രണ്ടാമത്തെ വനിതാ മന്ത്രിയായ കെ കെ ശൈലജ സത്യപ്രതിജ്ഞ ചെയ്തു. ആരോഗ്യ-സാമൂഹ്യക്ഷേമ വകുപ്പുകളാണു ശൈലജ ടീച്ചർക്കു ലഭിച്ചത്.

തുടർന്ന് ജി സുധാകരൻ അധികാരമേറ്റു. വി എസ് മന്ത്രിസഭയിൽ സഹകരണമന്ത്രിയായിരുന്ന സുധാകരന് ഇക്കുറി പൊതുമരാമത്തു വകുപ്പാണു ലഭിച്ചത്.

സിപിഐ നേതാവ് വി എസ് സുനിൽകുമാറാണ് തുടർന്ന് അധികാരമേറ്റത്. കൃഷിവകുപ്പു മന്ത്രിയാണു സുനിൽ കുമാർ. ചേർത്തലയിൽ നിന്ന് നിയമസഭയിൽ എത്തിയ പി തിലോത്തമനാണു തുടർന്ന് സത്യപ്രതിജ്ഞ ചെയ്തത്. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പാണ് തിലോത്തമന്.

ഏറ്റവുമൊടുവിലായി സത്യപ്രതിജ്ഞ ചെയ്തതു സിപിഐ(എം) നേതാവ് ഡോ. ടി എം തോമസ് ഐസക്കാണ്. ആലപ്പുഴയിൽ നിന്നുള്ള നേതാവായ തോമസ് ഐസക്കാണു പിണറായി വിജയൻ മന്ത്രിസഭയിൽ ധനകാര്യവകുപ്പു കൈകാര്യം ചെയ്യുക.

മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കുശേഷം ദേശീയഗാനത്തോടെ ചടങ്ങിനു സമാപനമായി. രാഷ്ട്രീയ -സാംസ്‌കാരിക രംഗത്തുനിന്നുള്ള പ്രമുഖർ ചടങ്ങിനു സാക്ഷ്യം വഹിക്കാൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം മന്ത്രിമാരും പ്രമുഖ നേതാക്കളും ഉദ്യോഗസ്ഥരും അടക്കമുള്ളവർക്ക് ഗവർണർ പി സദാശിവം രാജ്ഭവനിൽ ചായസൽക്കാരം നൽകി. സെൻട്രൽ സ്റ്റേഡിയത്തിൽ നിന്ന് എല്ലാവരും നേരെ രാജ്ഭവനിലേക്കെത്തി. ചായസർക്കാരത്തിനുശേഷം ആറുമണിയോടെ മന്ത്രിമാർ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലെത്തി ഓഫീസിൽ പ്രവേശിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിനു സ്ത്രീകളുൾപ്പെടെയുള്ള നാനാ തുറകളിൽപ്പെട്ട ജനാവലിയാണ് സെൻട്രൽ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ, മുതിർന്ന സിപിഐ(എം) നേതാവ് വി എസ്. അച്യുതാനന്ദൻ എംഎൽഎ, സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി, മുൻ മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, മുതിർന്ന ബിജെപി നേതാവ് ഒ.രാജഗോപാൽ എംഎൽഎ, നടന്മാരായ മമ്മൂട്ടി, ദിലീപ്, ടിനി ടോം, സുരേഷ് കൃഷ്ണ, സംവിധായകരായ ഷാജി കൈലാസ്, ബി.ഉണ്ണികൃഷ്ണൻ, രഞ്ജിത്ത്, രൺജിപണിക്കർ, ശങ്കർ രാമകൃഷ്ണൻ ഇന്നസെന്റ് എംപി,മുകേഷ് എംഎൽഎ തുടങ്ങി രാഷ്ട്രീയ-സാമൂഹ്യ-സാഹിത്യ രംഗത്തെ നിരവധി പ്രമുഖരാണ് ചടങ്ങിന് സാക്ഷിയാകാൻ എത്തിയത്. 30,000 പേർക്ക് സത്യപ്രതിജ്ഞ കാണാനുള്ള വിപുലമായ സംവിധാനങ്ങൾ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിരുന്നു.

അഞ്ചു വർഷത്തെ യുഡിഎഫ് ദുർഭരണം അവസാനിപ്പിച്ചതിന്റെ ആവേശമായിരുന്നു എങ്ങും. സ്റ്റേഡിയത്തിലേക്ക് പ്രവേശനം ലഭിക്കാത്തവർക്ക് ചടങ്ങ് കാണുന്നതിനായി നാലിടത്ത് വലിയ സ്‌ക്രീനുകൾ ഒരുക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP