Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വികെസി ചെരുപ്പ് ഉടമ മമ്മദ് കോയ.. ഗൾഫിൽ അനേകം സൂപ്പർമാർക്കറ്റുകൾ ഉള്ള പാറക്കൽ അബ്ദുള്ള..ബാറുടമയായ വിജയൻ പിള്ള.. വൻകിട വ്യാപാരികളായ അൻവറും അബ്ദുൾ റഹ്മാനും.. കോടികൾ അമ്മാനമാടുന്ന കുവൈറ്റ് ചാണ്ടി: ഇക്കുറി കേരള നിയമസഭയിൽ വ്യവസായികളുടെ ശബ്ദം ഉയർന്നു തന്നെ നിൽക്കും

വികെസി ചെരുപ്പ് ഉടമ മമ്മദ് കോയ.. ഗൾഫിൽ അനേകം സൂപ്പർമാർക്കറ്റുകൾ ഉള്ള പാറക്കൽ അബ്ദുള്ള..ബാറുടമയായ വിജയൻ പിള്ള.. വൻകിട വ്യാപാരികളായ അൻവറും അബ്ദുൾ റഹ്മാനും.. കോടികൾ അമ്മാനമാടുന്ന കുവൈറ്റ് ചാണ്ടി: ഇക്കുറി കേരള നിയമസഭയിൽ വ്യവസായികളുടെ ശബ്ദം ഉയർന്നു തന്നെ നിൽക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയാകുമ്പോൾ 92 കാരനായ വി എസ് അച്യുതാനന്ദൻ സഭിയിലെ തലമുചതിർന്ന അംഗമാകുമ്പോൾ 31കാരനായ മുഹമ്മദ് മുഹ്‌സിൻ ഇളമുറക്കാരനാകും. മണ്ണിൽ ചവിട്ടി നടക്കുന്ന നേതാവായ സി കെ ശശീന്ദ്രൻ മുതൽ ആയിരം കോടി രൂപ വരുമാനമുള്ള വൻ വ്യവസായി വി കെ മമ്മദ് കോയ മുതലുള്ളവർ എംഎൽഎമാരായി നിയമസഭയിലെത്തി. എന്തായാലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധികരിക്കുന്നവർ സഭയിൽ എത്തിയപ്പോൾ വ്യവസായികൾക്കും ചോദിക്കാനും പറയാനുമായി നിരവധി പേർ ഇത്തവണ സഭയിലുണ്ട്.

കാശിന്റെ ബലത്തിൽ നിയമസഭയുടെ പടികൾ ചവിട്ടിക്കയറിയവും അല്ലാതെ വർഷങ്ങളായി പിന്തുടരുന്ന പ്രത്യയശാസ്ത്രം മുറുകെ പിടിച്ച് സഭയിലേക്ക് പൊരുതിക്കയറിയവരുമായ വ്യവസായ പ്രമുഖരാണ് ഇത്തവണ സഭയിലേക്ക് എത്തുന്നത്. വൻകിട വ്യവസായികൾ എന്ന പശ്ചാത്തലമുള്ള പലരും സഭയിലേക്ക് ഇത്തവണ വിജയിച്ചു കയറി. മലബാർ മേഖലയിൽ നിന്നുള്ള മുസ്ലിം പ്രമാണിമാരാണ് സഭയിലെത്തിയവരിലെ പ്രഭുക്കന്മാർ.

മുസ്ലിംലീഗുകാരും സിപിഐ(എം) സ്ഥാനാർത്ഥിമാരുമായിരുന്നു സഭയിലേക്ക് വിജയിച്ചു കയറിയവരിൽ പ്രമുഖർ. മലബാറിൽ കൂടുതൽ സീറ്റുകൾ പിടിക്കുക എന്ന ലക്ഷ്യത്തോടെ ലീഗ് രംഗത്തിറക്കിയ വൻകിട വ്യവസായ പ്രമുഖരിൽ റണ്ട് പേർ വിജയിച്ചു കയറി. അഞ്ച് വ്യവസായ പ്രമുഖരെയാണ് സിപിഐ(എം) ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിൽ രംഗത്തിറക്കിയത്. ഇതിലാണ് രണ്ട് പേർ വിജയം കൊയ്തത്. നിലമ്പൂരിൽ പി.വി.അൻവറും താനൂരിൽ വി.അബ്ദുറഹിമാനുമാണു ജയിച്ചത്. അൻവർ ആര്യാടൻ ഷൗക്കത്തിനെയാണു തോൽപിച്ചത്. സിറ്റിങ് എംഎൽഎ അബ്ദുറഹിമാൻ രണ്ടത്താണിയെ 4918 വോട്ടിന് വി.അബ്ദുറഹിമാനും തോൽപിച്ചു. എൻസിപിക്കു നൽകിയ കോട്ടയ്ക്കൽ സീറ്റിൽ മൽസരിച്ച എൻ.എ.മുഹമ്മദ്കുട്ടി, സിപിഐക്കു നൽകിയ തിരൂരങ്ങാടിയിൽ മൽസരിച്ച നിയാസ് പുളിക്കലകത്ത്, തിരൂരിലെ സിപിഐ(എം) സ്വതന്ത്രൻ ഗഫൂർ പി.ലില്ലീസ് എന്നിവർ പരാജയപ്പെട്ടു.

തിരൂരങ്ങാടിയിൽ പി.കെ.അബ്ദുറബ്ബിനെതിരെ കനത്ത വെല്ലുവിളിയുയർത്താൻ നിയാസ് പുളിക്കലകത്തിനു കഴിഞ്ഞു. യുഡിഎഫിൽ നിന്നും വൻപണക്കാരായി സഭയിൽ എത്തുന്നത് കുറ്റ്യാടിയിൽ അട്ടിമറി വിജയം നേടിയ പാറക്കൽ അബ്ദുള്ളയാണ്. ഗൾഫിലും ഇന്ത്യയിലും വ്യവസായ സ്ഥാപനങ്ങളുടെ ഉടമയാണു കുറ്റ്യാടി യുഡിഎഫിനു വേണ്ടി പിടിച്ചെടുത്ത പാറയ്ക്കൽ അബ്ദുല്ല. ഗൾഫ് രാജ്യങ്ങളിൽ സൂപ്പർമാർക്കറ്റ്, ൈഹപ്പർ മാർക്കറ്റ് ശൃംഖലകളും റെഡിമെയ്ഡ് തയ്യൽ യൂണിറ്റും അബ്ദുല്ലയ്ക്കുണ്ട്. മുൻ മന്ത്രി കൂടിയായ മഞ്ഞളാംകുഴി അലിയും സഭയിലെത്തിയ പ്രമാണിമാരുടെ കൂട്ടത്തിലുണ്ട്. കോഴിക്കോട് മേയർ കൂടിയായ വി കെ സി മമ്മദ് കോയ, ബാർ മുതലാളി വിജയൻ പിള്ള തുടങ്ങിയവരാണ് സഭയിലേക്ക് വിജയിച്ചു കയറിയ മറ്റ് വൻകിടക്കാർ. ഇത്തവണ സഭയിലേത്തിയ കുബേരന്മാരെ പരിചയപ്പെടാം.

വികെസി മമ്മദ് കോയ

ബേപ്പൂരിൽ ജയിച്ച വി.കെ.സി.മമ്മദ്‌കോയ ഇന്ത്യയിലും വിദേശത്തും വ്യവസായ സ്ഥാപനങ്ങളുടെ ഉടമയാണ്. ചെരുപ്പു വ്യവസായത്തിലെ ഇന്ത്യയിലെ പ്രമുഖ വ്യാപാരനാമമാണു വികെസി. നിലവിൽ കോഴിക്കോട് കോർപ്പറേഷൻ മേയറാണ് മമ്മദ് കോയ. മുമ്പും വികെസി മമ്മദ് കോയ ബേപ്പൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1979 ൽ വികെസി മമ്മദ് കോയ ചെറുവണ്ണൂർ നല്ലളം പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ കൗൺസിൽ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ, 1995ൽ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. വ്യവസായി ആണെങ്കിലും മുൻകാലത്ത് തന്നെ സിപിഎമ്മിനൊപ്പം ചേർന്ന വികെസിക്ക് തുണയായത് എളമരം കരീമുമായുള്ള ആത്മബന്ധമാണ്. വൻകിട വ്യവസായി ആണെങ്കിലും സൗമ്യമായ പെരുമാറ്റത്തിന് ഉടമയും സാധാരണക്കാരുടെ പ്രശ്‌നങ്ങൾ മനസിലാക്കുന്ന വ്യക്തിത്വവുമാണ് അദ്ദേഹം.

പാറക്കൽ അബ്ദുള്ള

കുറ്റ്യാടിയിൽ സിപിഎമ്മിലെ കെ കെ ലതികയെ അട്ടിമറിച്ച് വിജയം നേടിയ പാറയ്ക്കൽ അബ്ദുള്ള അട്ടിമറി വിജയം നേടിയ പാറക്കൽ അബ്ദുള്ളയാണ്. 1901 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ള വിജയിച്ചത്.സിപിഐ(എം) സ്ഥാനാർത്ഥി കെകെ ലതികയെയാണ് പരാജയപ്പെടുത്തിയത്. ഗൾഫിലും ഇന്ത്യയിലും വ്യവസായ സ്ഥാപനങ്ങളുടെ ഉടമയാണു കുറ്റ്യാടി യുഡിഎഫിനു വേണ്ടി പിടിച്ചെടുത്ത പാറയ്ക്കൽ അബ്ദുല്ല. ഗൾഫ് രാജ്യങ്ങളിൽ സൂപ്പർമാർക്കറ്റ്, ൈഹപ്പർ മാർക്കറ്റ് ശൃംഖലകളും റെഡിമെയ്ഡ് തയ്യൽ യൂണിറ്റും അബ്ദുല്ലയ്ക്കുണ്ട്. മുസ്ലിംലീഗിന്റെ ജില്ലാ ട്രഷറർ കൂടിയായ പറയ്ക്കൽ അബ്ദുള്ള പണക്കൊഴുപ്പിൽ തന്നെയാണ് വിജയത്തിലേക്ക് എത്തിയതും.

വി അബ്ദുറഹിമാൻ

താനൂരിലെ മുസ്ലീലീഗിന്റെ കോട്ടതകർത്താണ് വി അബ്ദുറഹ്മാൻ ഇടതു മുന്നണിക്ക് വേണ്ടി വിജയം നേടിയത്. ഐടിസിയുടെ ഷെയർഹോൾഡർ കൂടിയായ അബ്ദുറഹ്മാൻ വൻകിട വ്യവസായിയാണ്. ഗൽഫിൽ അടക്കം വലിയ വ്യവസായ ബന്ധങ്ങളുള്ള അദ്ദേഹം കെപിസിസിയുടെ മുൻ അംഗം കൂടിയായിരുന്നു. ലീഗുമായുള്ള കൊമ്പുകോർക്കലിന്റെ ഭാഗമായി പാർട്ടിവിട്ട അദ്ദേഹം പിന്നീട് സിപിഎമ്മിന് വേണ്ടി ലോക്‌സഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചു പരാജയപ്പെട്ടു. ഇക്കുറി താനൂർ കേന്ദ്രീകരിച്ച് നേരത്തെ മുതൽ പ്രവർത്തിച്ച അദ്ദേഹം അബ്ദുറഹ്മാൻ രണ്ടത്താണിയിൽ നിന്നും വിജയം പിടിച്ചുവാങ്ങുകയായിരുന്നു.

പി വി അൻവർ

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ ഇടതുസ്വതന്ത്രൻ പിവി അൻവർ 11,504 വോട്ടിനാണ് മലർത്തിയടിച്ച സഭയിൽ എത്തിയത്. ഗൾഫ് മേഖലയിൽ വ്യവസായ ബന്ധങ്ങളുള്ള നേതാവാകും. വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി അടുത്തബന്ധമുള്ള അദ്ദേഹം വ്യവസായികളുടെ നേതാവായാണ് നിയമസഭയിൽ എത്തിയത്. നേരത്തെ ലോക്‌സഭയിലേക്ക് സ്വതന്ത്രനായി മത്സരിച്ചിരുന്നു അൻവർ.

തോമസ് ചാണ്ടി

വിദേശത്തു വിദ്യാഭ്യാസമേഖലയിലെ പ്രവർത്തനത്തിനിടയിൽ നിന്നാണു തോമസ് ചാണ്ടി കുട്ടനാട്ടിൽ മൽസരത്തിനെത്തിയത്. കെ മുരളീധരനൊരപ്പം എൻസിപിയുടെ ലേബലിൽ നിയമസഭയിൽ എത്തിയ തോമസ് ചാണ്ടിക്ക് കേരളത്തിൽ വൻകിട ഹോട്ടലുകളുമുണ്ട്. ഇത് മൂന്നാം തവണയാണ് 80 കോടി ആസ്തിയുള്ള തോമസ് ചാണ്ടി സഭയിൽ എത്തുന്നത്. കുട്ടനാട്ടുകാർക്ക് പ്രിയപ്പെട്ടവൻ എന്ന നിലയിലാണ് അദ്ദേഹം വീണ്ടും സഭയിലേക്ക് എത്തിയത്. ശക്തമായ ത്രികോണ മത്സരത്തെയാണ് തോമസ് ചാണ്ടി അതിജീവിച്ചത്.

വിജയൻ പിള്ള

ബാർകോഴ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ആയുധമായപ്പോൾ തന്നെ ഇടതുമുന്നണിയിൽ ഒരു ബാറുടമ ജയിച്ചു. ചവറയിൽ മന്ത്രി ഷിബു ബേബിജോണിനെ അട്ടിമറിച്ച സിഎംപിയുടെ എൻ വിജയൻപിള്ള ബാർ ഹോട്ടൽ വ്യവസായിയാണ്. സർക്കാരിന്റെ മദ്യനയത്തോടുള്ള എതിർപ്പാണു ബാർ ഉടമയായ വിജയൻപിള്ളയെ ഇടതുമുന്നണിയിലെത്തിച്ചത്. കോൺഗ്രസ് നേതാവായിരുന്നു വിജയൻപിള്ള.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP