Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹിന്ദുത്വ ആശയത്തിൽ ആകൃഷ്ടമായി അഭിഭാഷക വൃത്തി ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങി; ഒപ്പം നിൽക്കാൻ ഒറ്റയാളു പോലും ഇല്ലാതിരുന്നിട്ടും അദർശത്തിന് വേണ്ടി അരനൂറ്റാണ്ട് പൊരുതി; പരാജയപ്പെടാൻ വേണ്ടി മത്സരിച്ചിട്ടും മടുക്കാതെ നിലപാട് കാത്തു; കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യത്തിന് ഒടുവിൽ നേമത്തുകാരുടെ ആദരവ്

ഹിന്ദുത്വ ആശയത്തിൽ ആകൃഷ്ടമായി അഭിഭാഷക വൃത്തി ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങി; ഒപ്പം നിൽക്കാൻ ഒറ്റയാളു പോലും ഇല്ലാതിരുന്നിട്ടും അദർശത്തിന് വേണ്ടി അരനൂറ്റാണ്ട് പൊരുതി; പരാജയപ്പെടാൻ വേണ്ടി മത്സരിച്ചിട്ടും മടുക്കാതെ നിലപാട് കാത്തു; കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യത്തിന് ഒടുവിൽ നേമത്തുകാരുടെ ആദരവ്

ആവണി ഗോപാൽ

തിരുവനന്തപുരം: ഒരിക്കൽ വോട്ട് ചെയ്തവർ വീണ്ടും വോട്ട് ചെയ്യുന്ന നേതാവ് കേരളത്തിൽ ഒരാളെ ഉള്ളൂ-നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഒ രാജഗോപാലെന്ന രാഷ്ട്രീയ നേതാവിനെ സിപിഐ(എം) വിലയിരുത്തിയത് അങ്ങനെയായിരുന്നു. തിരുവനന്തപുരം പാർലമെന്റ് സീറ്റിൽ പടിപടിയായി വോട്ടുയർത്തിയ രാജഗോപാൽ നേമത്ത് നിയമസഭാ അങ്കത്തിൽ വിജയിക്കുന്നതിന് കാരണം ഇതു തന്നെയാണ്. പാർലമെന്റിൽ രാജഗോപാലിന് വോട്ട് ചെയ്തവർ വീണ്ടും രാജേട്ടനെ ജയിപ്പിക്കാൻ ഒരുമിച്ചു. അങ്ങനെ കടുത്ത ക്രോസ് വോട്ടിങ് നടന്നിട്ടും രാജഗോപാൽ നിയമസഭയിലെത്തുകയാണ്. ഭാരതീയ ജനസംഘത്തിന്റേയും ബിജെപിയുടേയും നേതാവ്, മുൻ രാജ്യസഭാംഗം, കേന്ദ്രത്തിൽ നിയമവകുപ്പിന്റേയും പ്രതിരോധവകുപ്പിന്റേയും റെയിൽവേ വകുപ്പിന്റേയുമൊക്കെ ചുമതല നോക്കിയ സഹമന്ത്രി എന്നൊക്കെ അറിയപ്പെട്ടിരുന്ന ഒ രാജഗോപാൽ കേരളത്തിൽ ബിജെപിയുടെ ചരിത്രം മാറ്റിയെഴുതിയ നേതാവാകുകയാണ്.

തോൽക്കാൻ വേണ്ടി ജയിച്ച നേതാവാണ് രാജഗോപാൽ എന്നതായിരുന്നു ഈ നേതാവിനെതിരെ എന്നും ഉയർന്ന വിമർശനം. അതിനാണ് മാറ്റം വരുത്തുന്നത്. തോൽവിയിലും മനസ്സ് പതറാതെ തന്റെ രാഷ്ട്രീയ വഴിയിൽ ഉറച്ചു നിന്നു. പാർട്ടി പറയുമ്പോഴെല്ലാം മത്സരിച്ചു. അവിടെ മറ്റ് പരിഗണനകളൊന്നും രാജഗോപാലിന് മുന്നിൽ ഉണ്ടായിരുന്നു. അങ്ങനെ താമര ചിഹ്നത്തിൽ ജയിച്ച് കേരള നിയമസഭയിലെത്തിയ ആദ്യ നേതാവായി രാജഗോപാൽ മാറി. മൂന്നാം ശക്തിയുടെ പ്രതിനിധിയെന്ന നിലയിൽ ജയിച്ച് നിയമസഭയിലെത്തുന്ന നേതാവ്. കെ ജി മാരാർക്ക് കഴിയാത്തത് ബിജെപിക്കായി സാധിച്ചെടുത്ത നേതാവ്. നേമത്തെ വോട്ടിങ് പരിശോധിച്ചാൽ എല്ലാ സമുദായവും രാജഗോപാലിനെ പിന്തുണച്ചെന്ന് വ്യക്തമാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ വോട്ടുകൾ എണ്ണുമ്പോൾ പോലും രാജഗോപാലിന്റെ ഭൂരിപക്ഷം കുറഞ്ഞില്ല. പോസ്റ്റൽ വോട്ടിൽ നേടിയ മുൻതൂക്കം അവസാന നിമിഷം വരെ നിലനിർത്തി.

വി ശിവൻകുട്ടിക്കെതിരെ കഴിഞ്ഞവരണം 4500 വോട്ടിന് രാജഗോപാൽ മുന്നിലെത്തി. എന്നാൽ മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങൾ കൈവിട്ടതോടെ തോൽവി 4000 വോട്ടിലേക്ക് വഴിമാറി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒരുഘട്ടത്തിൽ 12000 വോട്ടിന് രാജഗോപാൽ മുന്നിലെത്തി. പക്ഷേ നാടാർ മേഖല തരൂരിനെ തുണച്ചതോടെ രാജഗോപാൽ വീണ്ടും രണ്ടാമതായി. ഇവിടെ അതെല്ലാം രാജഗോപാൽ അപ്രസക്തമായി. എല്ലാവരുടേയും വിജയത്തോടെ ജനപ്രിയനായി നിയമസഭയിലെത്തുന്നു. ഇത് ബിജെപിക്കും ആശ്വാസമാണ്. ഭാവിയിൽ ബിജെപി കേരള രാഷ്ട്രീയത്തിലുണ്ടാക്കാൻ ഇടയുള്ള എല്ലാ നേട്ടത്തിനും കാരണമായി നേമത്തെ വിജയം മാറും. ഇത്തവണ നിയമസഭയിൽ പ്രതിനിധിയുണ്ടായില്ലെങ്കിൽ പിന്നെ അത് സാധിച്ചെടുക്കുക പ്രയാസകരമായിരുന്നു. വോട്ട് നേടുന്നതിൽ നിന്ന് ജയിക്കാനാവുന്ന പാർട്ടിയായി ബിജെപിയെ മാറ്റുകയാണ് അങ്ങനെ പാർട്ടിക്കാരുടെ സ്വന്തം രാജേട്ടൻ.

കേന്ദ്ര മന്ത്രിയെന്ന നിലയിൽ കേരളത്തിലെത്തിച്ച വികസനം തന്നെയാണ് രാജോഗാപാലിനെ മലയാളിയുടെ രാജേട്ടനാക്കിയത്. ജനശതാബ്ദി എക്സ്‌പ്രസും അമൃതാ എക്സ്‌പ്രസും തിരുവനന്തപുരത്തെ രണ്ടാം ടെർമിനലുമെല്ലാം രാജേട്ടന്റെ സംഭാവനയാണെന്ന് മലയാളി തിരിച്ചറിയുന്നു. അതുകൊണ്ട് കൂടിയാണ് ഹിന്ദു വർഗ്ഗീയത ഉയർത്തിപ്പിടിക്കുന്ന ബിജെപിയുടെ ഭാഗമായി തെരഞ്ഞെടുപ്പിനെത്തുമ്പോഴും രാജഗോപാൽ മലയാളിയുടെ പ്രിയങ്കരനാക്കുന്നത്. ഏതും മണ്ഡലത്തിലും 20,000 വോട്ടിന്റെ ഫിക്‌സഡ് നിക്ഷേപമുള്ള നേതാവാണ് രാജഗോപാൽ. നെയ്യാറ്റിൻകര, അരുവിക്കര ഉപതെരഞ്ഞെടുപ്പുകളിൽമ ലയാളി അത് കണ്ടതാണ്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ രാജഗോപാൽ രണ്ടാമത് എത്തിയതും ഈ മികവ് മൂലമാണ്. 7 നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് പരമാവധി 1,40,000 വോട്ടുകൾ മാത്രമേ ബിജെപിക്കുള്ളൂ. ഇതാണ് 2,80,000ലേക്ക് ഉയർത്തി രാജഗോപാൽ ശശി തരൂരിന് പിന്നിൽ രണ്ടാമത് എത്തിയത്. നേമത്ത് അന്ന് പതിനെണ്ണായിരം വോട്ടിന്റെ ഭൂരിപക്ഷം കിട്ടി. അത് ക്രോസ് വോട്ടിങ് നടക്കുമ്പോഴും കൈവിടാതിരിക്കാൻ രാജഗോപാലിന് കഴിഞ്ഞു.

മഹാത്മാഗാന്ധിയിൽ ആകൃഷ്ടനാവുകയും സ്വാതന്ത്ര്യസമരത്തിൽ ആവേശഭരിതനാവുകയും ചെയ്ത രാജഗോപാൽ, മിഡിൽസ്‌കൂളിൽ പഠിക്കുമ്പോൾ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിൽ തന്റേതായ നിലക്ക് ഭാഗഭാക്കായാണ് രാഷ്ട്രീയത്തിൽ എത്തുന്നത. പാലക്കാട് വിക്ടോറിയ കോളേജിൽ ഇന്റർമീഡിയറ്റിനു പഠിക്കുമ്പോൾ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റേ ആഘോഷപരിപാടിയിലും ഒരു സന്നദ്ധഭടനായി പങ്കുചേരുന്നുണ്ട്. അതേസമയം, കോളേജിൽ സജീവമായിരുന്ന കോൺഗ്രസ്-കമ്യൂണിസ്റ്റ് അനുകൂല വിദ്യാർത്ഥി സംഘടനകളോട് ഒരേപോലെ അകലം പാലിച്ചു. 'നന്നായി പഠിച്ച് ജയിച്ചുപോകണം' എന്നതായിരുന്നു ചിന്ത. 'പക്ഷെ, അതിനുശേഷം മറ്റൊരു സന്ദർഭത്തിൽ എനിക്ക് ചില പ്രേരണകളുണ്ടായി. ബാഹ്യമായും മാനസികവുമായുണ്ടായ ആ പ്രേരണകൾ എനിക്ക് പുതിയൊരു വഴി കാണിച്ചു. ഈ വഴിയിലൂടെ അഞ്ച് ദശകത്തിലേറെ സഞ്ചരിച്ച് കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോൾ തൃപ്തിതരുന്ന കാര്യങ്ങളാണ് ഒട്ടെല്ലാം തന്നെ' എന്നാണ് രാജഗോപാൽ ആത്മകഥയായ 'ജീവാമൃത'ത്തിൽ രേഖപ്പെടുത്തുന്നത്.

തൊഴിൽതേടി തമിഴ്‌നാട്ടിലെ സേലത്തു ചെന്നെത്തിയ പന്തളത്തുകാരൻ നീലകണ്ഠപണിക്കരുടേയും അക്കാലത്തെ ചിലരുമായുള്ള പരിചയത്തിലൂടെ വിവാഹം കഴിച്ച പാലക്കാട് ആലത്തൂരിനടുത്ത് മണപ്പാടം ഓലഞ്ചേരി തറവാട്ടിലെ കുഞ്ഞിക്കാവിന്റേയും മകനായി 1929 തിരുവോണനാളിൽ രാജഗോപാൽ ജനച്ചു. അച്ഛനായിരുന്നു ആദ്യ ഹീറോ. അച്ഛനെ ആവേശംകൊള്ളിച്ചിരുന്ന വീരസവർക്കർ മകന്റെ മനസിൽ നേതാവായി പ്രതിഷ്ഠനേടി. എന്നാൽ ഇന്റർമീഡിയറ്റ് ജയിച്ച മകൻ ഒരു കൃഷിക്കാരനായി മാറണമെന്ന അച്ഛന്റെ പ്രതീക്ഷ തെറ്റിച്ച് രാജഗോപാൽ എത്തിയത് മദ്രാസ് ലോ കോളേജിലാണ്. മദ്രാസിൽതന്നെ മെഡിസിനുപഠിക്കുകയായിരുന്ന ശാന്തയാണ് പിന്നീട് സഹധർമിണിയാവുന്നത്. നിയമബിരുദമെടുത്തിട്ടും എന്റോൾ ചെയ്യാനുള്ള പണത്തിനായി ഒരു ഇൻഷുറൻസ് കമ്പനിയിൽ രാജഗോപാലിന് ജോലിനോക്കേണ്ടിവന്നു. ഇക്കാലത്ത് സോഷ്യലിസ്റ്റ് പ്രഖ്യാപനത്തിൽ ആകൃഷ്ടനായി കോൺഗ്രസിന്റെ ആവഡി സമ്മേളനത്തിൽവരെ രാജഗോപാൽ എത്തുന്നുണ്ട്.

മന്നത്തുപത്മനാഭൻ, സ്വാമി ചിന്മയാനന്ദൻ, ഗുരുജി ഗോൾവൽക്കർ, പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ എന്നിവരുമായൊക്കെ രാജഗോപാൽ ആത്മബന്ധം സ്ഥാപിച്ചു. ഈ മഹാപുരുഷന്മാരുടെ സാമീപ്യവും സ്വാധീനവും ആണ് ഒരു പൊതുപ്രവർത്തകനിലേക്കുള്ള രാജഗോപാലിന്റെ പാത വെട്ടിത്തുറന്നത്. സാമൂഹ്യ നന്മയ്ക്കുവേണ്ടിയുള്ള മന്നത്ത് പത്മനാഭന്റെ ആഹ്വാനം രാജഗോപാലിനെ പാലക്കാട് രൂപീകരിച്ച എൻഎസ്എസ് യൂണിറ്റിന്റെ സെക്രട്ടറി സ്ഥാനത്തെത്തിച്ചു. ചങ്ങനാശ്ശേരിയിൽ നടന്ന മന്നത്തിന്റെ ശതാഭിഷേകസമ്മേളനത്തിൽ പാലക്കാടിനെ പ്രതിനിധീകരിച്ച് രാജഗോപാൽ പങ്കെടുത്തു. 'ഗാംഭീര്യവും ആഢ്യത്വവുമുള്ള ശ്രീ തുളുമ്പുന്ന മുഖം. വല്ലാത്ത വശ്യത ആ മുഖത്തുണ്ടായിരുന്നു. തികഞ്ഞ പ്രതിജ്ഞാബദ്ധമായ കൊച്ചുകൊച്ചു വാക്യങ്ങളിൽ അദ്ദേഹം സംസാരിച്ചു.' പുതുശ്ശേരിയിൽ ഒരു ചായസൽക്കാരത്തിൽവച്ച് മന്നത്തിനെ ആദ്യമായി നേരിൽകണ്ടതിനെക്കുറിച്ച് രാജഗോപാൽ പറയുന്നു.

ഇതുപോലെതന്നെയാണ് സ്വാമി ചിന്മയാനന്ദനുമായുള്ള ബന്ധവും. പാലക്കാട് നടത്തിയ ഗീതാജ്ഞാനയജ്ഞത്തിന്റെ സംഘാടകരിൽ ഒരാളായിരുന്നു രാജഗോപാൽ. യജ്ഞശേഷമുള്ള അവഭൃഥ സ്‌നാനത്തിന് തെരഞ്ഞെടുത്തത് കന്യാകുമാരിയിലെ ത്രിവേണീസംഗമമായിരുന്നു. ഈ യാത്രയിൽ പന്തളത്ത് സംഘത്തെ സ്വീകരിച്ചത് മന്നം ആയിരുന്നു. സ്വാമി ചിന്മയാനന്ദനിലൂടെ ആണ് ആർഎസ്എസിന്റെ സർസംഘചാലക് ആയിരുന്ന ഗുരുജി ഗോൾവൽക്കറുടെ അടുത്ത് രാജഗോപാൽ എത്തിച്ചേർന്നതും ഋഷിതുല്യമായ ആ വ്യക്തിത്വത്തിൽ ആകൃഷ്ടനായതും.
പാലക്കാട് ചെറുകിടകർഷക തൊഴിലാളി സംഘത്തിന്റെ പ്രസിഡന്റായിരിക്കെയാണ് ഭാരതീയ ജനസംഘവുമായി അടുക്കുന്നതും തുടർന്ന് പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായയുമായി നടത്തിയ കൂടിക്കാഴ്ചയിലൂടെ ആശയപരമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതുമൊക്കെ. വ്യക്തിയെന്നനിലയിലും സൈദ്ധാന്തികനെന്നനിലയിലും ദീനദയാൽജി തന്നിൽ ചെലുത്തിയ സ്വാധീനം വളരെവലുതായിരുന്നുവെന്ന് രാജഗോപാൽ പറയുന്നു.

1967 ൽ കോഴിക്കോട് നടന്ന ദേശീയ സമ്മേളനത്തിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ദീനദയാൽജി മടങ്ങിപ്പോയതിന്റെ 41ാം ദിവസം ഉത്തർപ്രദേശിൽനിന്ന് പാറ്റ്‌നയിലേക്കുള്ള തീവണ്ടിയാത്രയിൽ കൊല്ലപ്പെട്ടത് രാജഗോപാലിന്റെ ജീവിതത്തിനേറ്റ ആഘാതമായിരുന്നു. പാലക്കാട് കോട്ടമൈതാനത്ത് നടന്ന അനുസ്മരണയോഗത്തിൽ പ്രസംഗിച്ച രാജഗോപാൽ താൻ വക്കീൽപ്പണി എന്നേക്കുമായി ഉപേക്ഷിക്കുകയാണെന്നും മുഴുവൻ സമയവും പാർട്ടി പ്രവർത്തനത്തിനുവേണ്ടി സമർപ്പിക്കുകയാണെന്നും പ്രഖ്യാപിച്ചു. രണ്ട് പതിറ്റാണ്ടോളമാണ് ജനസംഘത്തിനായി കേരളത്തിൽ പ്രവർത്തിച്ചത്. എങ്കിലും എത്ര സമരതീഷ്ണമായിരുന്നു ഈ കാലഘട്ടമെന്ന തിരിച്ചറിവ് നൽകുന്നതാണ് രാജഗോപാലിന്റെ രാഷ്ട്രീയ രംഗപ്രവേശം. അതിർത്തിയിലെ റാൻ ഓഫ് കച്ച് പാക്കിസ്ഥാന് വിട്ടുകൊടുത്ത നെഹ്‌റു സർക്കാരിനെതിരായ കച്ച് വിരുദ്ധ സമരത്തിൽ കച്ചിലേക്ക് പുറപ്പെട്ട കേരള സംഘത്തെ നയിച്ചത് രാജഗോപാലായിരുന്നു.

റഷ്യൻ മാതൃകയിൽ നെഹ്‌റു സ്വീകരിച്ച പഞ്ചവത്സരപദ്ധതിക്കെതിരെ പദ്ധതി പൊളിച്ചെഴുതുകയെന്ന മുദ്രാവാക്യവുമായി തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധമാർച്ചും സെക്രട്ടറിയേറ്റ് പിക്കറ്റിംഗുമാണ് മറ്റൊന്ന്. ഇതിൽ പങ്കെടുത്ത 55 പേരെയും അറസ്റ്റ് ചെയ്ത് 11 ദിവസത്തെ തടവിന് ശിക്ഷിച്ച് അട്ടക്കുളങ്ങര ജയിലിലടച്ചു. ഒരു പാർട്ടി എന്ന നിലയിൽ ജനസംഘത്തിന്റെ ശക്തിയും പ്രസക്തിയും കേരളത്തെ ബോധ്യപ്പെടുത്തിയ ഒന്നായിരുന്നു കേളപ്പജി നയിച്ച മലപ്പുറം ജില്ലാ സമരം. ഇ. മൊയ്തു മൗലവി അടക്കമുള്ളവരുടെ പ്രതിഷേധം വകവെക്കാതെ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ സർക്കാർ മതാടിസ്ഥാനത്തിൽ മലപ്പുറം ജില്ല രൂപീകരിച്ചതിനെതിരായ പ്രക്ഷോഭത്തിന്റെ നേതൃത്വം ജനസംഘത്തിനായിരുന്നു. മദിരാശി, ബോംബെ, ഡൽഹി എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ച് പ്രക്ഷോഭത്തിന് ഒരു ദേശീയമാനം നൽകുന്നതിൽ ആക്ഷൻ കമ്മറ്റി സെക്രട്ടറിയെന്ന നിലക്ക് രാജഗോപാൽ പ്രധാന പങ്കുവഹിച്ചു.

അടിയന്തരാവസ്ഥക്കെതിരായ പ്രക്ഷോഭത്തിൽ അറസ്റ്റ് വരിച്ച് ആദ്യം പൂജപ്പുര സെൻട്രൽ ജയിലിലും പിന്നീട് വിയ്യൂർ ജയിലിലും തടവനുഭവിച്ച കാലത്തെ രാജഗോപാലിന്റെ അനുഭവങ്ങളിലൂടെ കേരള രാഷ്ട്രീയത്തിലെ പലരെയും മുഖംമൂടിയില്ലാതെ കാണാം. ബോണസ് വെട്ടിക്കുറച്ചതിനെക്കുറിച്ച് സമരം ചെയ്യുകയാണെന്ന് പറഞ്ഞ് ഇഎംഎസ് കൗശലപൂർവം ഒഴിഞ്ഞുനിന്നതും, എകെജി പ്രക്ഷോഭത്തെ പിന്തുണച്ചതും, ജയിലിൽ നിന്ന് തന്റെ പേന വാങ്ങിക്കൊണ്ടുപോയി മാപ്പെഴുതിക്കൊടുത്ത ആർ ബാലകൃഷ്ണപിള്ള ജയിൽ മന്ത്രിയായി തന്നെ തിരിച്ചെത്തിയതുമൊക്കെ രാജഗോപാൽ ആത്മകഥയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരിക്കൽ കെ.ജി. മാരാർ, കെ. രാമൻപിള്ള എന്നിവരോടൊത്ത് ബിജെപിയെ കെട്ടിപ്പെടുക്കാൻ രാജഗോപാൽ മുൻപന്തിയിലുണ്ടായിരുന്നു. ഇതിനുള്ള അംഗീകാരമായി ദേശീയ നേതൃത്വത്തിലുമെത്തി.

കെ.ആർ. നാരായണനും പിന്നീട് എ.പി.ജെ. അബ്ദുൾകലാമും രാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ചില തെറ്റിദ്ധാരണകൾക്കും ഒരുപാട് അവകാശവാദങ്ങൾക്കും ഇടയാക്കുകയുണ്ടായി. നാരായണൻ ക്രിസ്തുമതം സ്വീകരിച്ചയാളാണെന്ന വാദം ബിജെപിയിൽ ഉയർന്നതും ആ തെറ്റിദ്ധാരണ നീക്കി അദ്ദേഹത്തിന് പാർട്ടി പിന്തുണ ലഭ്യമാക്കിയതിൽ പ്രധാനി രാജഗോപാലായിരുന്നു. ഹിന്ദി അറിയാത്ത നാരായണനെ ആ ഭാഷ പഠിപ്പിക്കാൻ ബനാറസിൽനിന്ന് രാജഗോപാൽതന്നെ ആളെ ഏർപ്പെടുത്തിയ രസകരമായ സംഭവങ്ങളുമുണ്ട്. പി.സി. അലക്‌സാണ്ടറിന്റെ പേര് പ്രമോദ് മഹാജൻ ആദ്യം നിർദ്ദേശിച്ചെങ്കിലും കോൺഗ്രസ് എതിർത്തതും പിന്നീട് എ.പി.ജെ. അബ്ദുൾകലാമിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് കണ്ടെത്തുന്നത്തിൽ രാജഗോപാൽ വഹിച്ച പങ്കും വലുതായിരുന്നു. അദ്വാനിയുടേയും വാജ്‌പേയുടേയും വിശ്വസ്തന് ഈ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമായിരുന്നു മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ അംഗത്വം.

പാർലമെന്റിൽ എത്താൻ ഭാഗ്യം സിദ്ധിച്ച കേരളീയനായ ഏക ബിജെപിക്കാരനാണദ്ദേഹം. അദ്ദേഹം റെയിൽവേ സഹമന്ത്രിയായിരുന്ന കാലത്താണ് കേരളം എന്നൊരു സംസ്ഥാനമുണ്ടെന്ന് റെയിൽമന്ത്രാലയം അറിഞ്ഞത് തന്നെ. കേരളത്തിൽ ഇന്നുവരെ ഉണ്ടാകാത്ത അത്ര റെയിൽ വികസനം ഉണ്ടായത് രാജഗോപാൽ മന്ത്രിയായ കാലത്താണെന്ന് കോൺഗ്രസുകാരും സി പി എമ്മുകാരും പോലും സമ്മതിക്കും. പാതയിരട്ടിപ്പിക്കൽ, പുതിയ ട്രയിനുകൾ, മേൽപ്പാലങ്ങൾ, റെയിൽവേ സ്റ്റേഷൻ നവീകരണം, റെയിൽവേ വൈദ്യുതീകരണം തുടങ്ങി റെയിൽവേ വികസനത്തിന്റെ സമസ്ത മേഖലകളിലും രാജഗോപാലിന്റെ കൈരേഖ പതിഞ്ഞിരുന്നു. രണ്ട് തവണ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചയാളുമാണ് രാജഗോപാൽ. വ്യക്തിപരമായി അഴിമതിയോ സ്വജനപക്ഷപാതമോ അക്രമവാസനയോ ഇതുവരെ അദ്ദേഹത്തെ കുറിച്ച് കേട്ടിട്ടില്ല. ഇതെല്ലാം തന്നെയാണ് ഇന്നും രാജഗോപാലിന്റെ ജനസമ്മതിയുടെ അടിത്തറ. ഇതിനുള്ള അംഗീകാരമാണ് എൺപത്തിയേഴാം വയസ്സിലെ നേമത്തെ നിയമസഭാ വിജയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP