Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

എന്റെ മകൾ ബിരുദത്തിന് ചേരുമ്പോൾ... മക്കളെ എൻജിനീയർമാരും ഡോക്ടർമാരുമാക്കാൻ നിർബന്ധം പിടിക്കുന്ന രക്ഷിതാക്കൾ വായിക്കാൻ സുഭാഷ് ചന്ദ്രന്റെ കുറിപ്പ്..

എന്റെ മകൾ ബിരുദത്തിന് ചേരുമ്പോൾ... മക്കളെ എൻജിനീയർമാരും ഡോക്ടർമാരുമാക്കാൻ നിർബന്ധം പിടിക്കുന്ന രക്ഷിതാക്കൾ വായിക്കാൻ സുഭാഷ് ചന്ദ്രന്റെ കുറിപ്പ്..

മെഡിക്കൽ എഞ്ചിനീയറിങ് എൻട്രൻസുകൾക്കായി നമ്മുടെ മക്കൾ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ ഋതുവിൽതന്നെ എന്റെ സുഹൃത്തുക്കൾ മാത്രമല്ല, മുഴുവൻ മലയാളികളും വായിക്കാൻ വേണ്ടി എഴുതുന്ന, ഗൗരവാവഹമെന്നു ഞാൻ കരുതുന്ന, ഒരു കുറിപ്പാണിത്. കാരണം ഈ കുറിപ്പ് എന്റെ മകളെക്കുറിച്ചുതന്നെയാകുന്നു. മുൻകൂട്ടിപ്പറയട്ടെ, ഇതൊരു മക്കൾമാഹാത്മ്യക്കുറിപ്പല്ല.

രണ്ടുവർഷം മുമ്പ് അവൾ പഠിച്ച കോൺവെന്റ് സ്‌കൂളിൽനിന്ന് ഏറ്റവും മുന്തിയ മാർക്കു നേടിയ കുട്ടികളിൽ ഒരാളായി പുറത്തിറങ്ങിയ സേതുപാർവതി ഞങ്ങളുടെ പാറുക്കുട്ടി മിനിഞ്ഞാന്ന് പൽസ്ടു പരീക്ഷയിലും അതേ വിജയം ആവർത്തിച്ചു. പത്തുകഴിഞ്ഞയുടൻ ഭൂരിഭാഗം മലയാളിക്കുട്ടികളേയും പോലെ അവളും ബയോ മാത്‌സ് മുഖ്യമായെടുത്താണ് പഌ് ടുവിന് ചേർന്നത്. തന്റെ സുഹൃത്തുക്കളെപ്പോലെ പാറുവും നഗരത്തിലെ ഒരു മുന്തിയ കോച്ചിങ് സ്ഥാപനത്തിൽ അര ലക്ഷത്തോളം രൂപ ഫീസടച്ച് എൻട്രൻസ് പരിശീലനത്തിനായി ചേർന്നു. എൻട്രൻസ് കോച്ചിങ്ങിനായി അതിരാവിലേ അഞ്ചുമണിക്ക് ഉറക്കപ്പിച്ചോടെ നഗരത്തിലേക്ക് പോകുന്ന കുഞ്ഞിനെ നോക്കി നിൽക്കുമ്പോൾ തീർച്ചയായും വേദനയല്ലാതെ അഭിമാനമൊന്നും എനിക്ക് തോന്നിയിട്ടില്ല.

അഞ്ചെട്ടുമാസം കഴിഞ്ഞ് ഒരു ദിവസം കുട്ടി എന്നെ കെട്ടിപ്പിടിച്ച് ഒരു പൊട്ടിക്കരച്ചിൽ! 'അച്ഛാ, എനിക്ക് ഡോക്ടറും എഞ്ചിനീയറും ആകണ്ട!', അവൾ നന്നേ കുട്ടിക്കാലത്തു ചെയ്യാറുള്ളതുപോലെ ഏങ്ങിയേങ്ങി കരയുകയാണ്.
ഞാനും ഭാര്യയും ഭയന്നു. കാരണം ചോദിച്ചപ്പോൾ സംഗതി ലഘുവാണ്. കൂടെ പഠിക്കുന്ന കുട്ടികളിൽ ഒരാൾ പോലും പഠിക്കുന്ന കാര്യങ്ങളല്ലാതെ മറ്റൊന്നും വായിക്കുന്നില്ല! ബഷീറിനെയെന്നല്ല, വ്യാസനെപ്പോലും കേട്ടിട്ടില്ല! കേന്ദ്രസാഹിത്യ അക്കാദമി കിട്ടിയ അച്ഛനെക്കുറിച്ച് അഭിമാനത്തോടെ അറിയിച്ചപ്പോൾ ഏറ്റവും അറിവുള്ളവളെന്നു കരുതിയ കൂട്ടുകാരി ചോദിച്ചത്രെ അച്ഛനെഴുതുന്നത് ഇംഗ്ലീഷിലാണോ എന്ന്!

മുൻകൂറടച്ച പണം പോകുന്നതിൽ എനിക്കു കുണ്ഠിതമുണ്ടായിരുന്നു. എങ്കിലും പരിശീലനത്തിനു ചേർന്ന ശേഷം തനിക്ക് പാഠപുസ്തകമല്ലാതെ മറ്റൊന്നും വായിക്കാൻ കഴിഞ്ഞിട്ടില്ല എന്ന അവളുടെ സങ്കടം എന്റേയും ഉള്ളിൽ കൊണ്ടു.
അങ്ങനെ അന്ന് എൻട്രൻസ് കോച്ചിങ് എന്ന മാരണത്തിൽനിന്ന് അവൾ സന്തോഷത്തോടെ രക്ഷപ്പെട്ടു. ആഹ്ലാദത്തോടെ എന്റെ വീട്ടുലൈബ്രറിയിലെ പുസ്തകങ്ങളിൽ അവൾ ഊളിയിടുന്നതു കാണുമ്പോൾ ഞാൻ ഗൗരവശാലിയായ അച്ഛനായി അഭിനയിച്ച് താക്കീതു നൽകിയിരുന്നു. 'വായനയൊക്കെ കൊള്ളാം. പക്ഷേ +2വിന്റെ മാർക്കിനെ ഇത് ബാധിച്ചാലുണ്ടല്ലോ, ങ്ഹാ!'

കഴിഞ്ഞ ദിവസം അവൾ കമ്പ്യൂട്ടറിൽ റിസൽട്ട് വിളിച്ച് കാണിച്ചുതന്നു. എല്ലാത്തിനും എ പ്ലസ്. അവൾ ഏതിൽനിന്നാണോ രക്ഷപ്പെടാൻ കൊതിച്ചത് ആ ബയോളജിക്ക് നൂറ് ശതമാനം മാർക്ക്. അതോടൊപ്പം സന്തോഷകരമായ കാഴ്ച: മലയാളത്തിനും ഫുൾമാർക്ക്!

ഇനി എന്തെടുക്കാൻ പോകുന്നു? ഞാൻ ചോദിച്ചു.

' എനിക്ക് ബാംഗളൂരിൽ ക്രൈസ്റ്റ് കോളേജിൽ ചേരണം. ബി. എ. ഇംഗ്ലീഷ് പഠിക്കണം!' മറുപടി.

ആയിരക്കണക്കിന് കുട്ടികൾ അപേക്ഷിക്കുന്ന കോളേജാണത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കോളേജുകളിൽ ഒന്ന്. മാനേജ്‌മെന്റ്് ക്വാട്ട കഴിഞ്ഞാൽ ബാക്കിയുള്ള മെറിറ്റ് സീറ്റുകൾ മുപ്പതോ മുപ്പത്തഞ്ചോ മാത്രം.

' ഭാഷ പഠിക്കുന്നതിൽ അച്ഛനു സന്തോഷം. പക്ഷേ നിനക്കു കിട്ടുമോ?'

'നമുക്കൊന്നു പോയി നോക്കാം.', അവൾ പറഞ്ഞു.

അങ്ങനെ കഴിഞ്ഞയാഴ്ച ഞങ്ങൾ കുടുംബസമേതം ബാംഗളൂർക്ക് പോയി. ആയിരത്തോളം പരിഷ്‌കാരിക്കുട്ടികൾക്കിടയിൽ സാധുവായി നിൽക്കുന്ന എന്റെ മകളെക്കണ്ട് എനിക്ക് കരച്ചിൽ വന്നു. ഈ മലവെള്ളപ്പാച്ചിലിൽ കുഞ്ഞിന് നില കിട്ടുമോ?
എഴുത്തുപരീക്ഷയും രണ്ടു ദിവസം കഴിഞ്ഞുനടന്ന സ്‌കിൽ അസെസ്‌മെന്റും അഭിമുഖവും കഴിഞ്ഞ് മടങ്ങിപ്പോരാൻ നേരത്ത് ഞാൻ ചോദിച്ചു: 'ഡോക്ടറും എഞ്ചിനീയറും ആകണ്ടായെന്ന് ശഠിക്കുന്നത് ശരി, ഇനി ഇതും കിട്ടിയില്ലെങ്കിൽ?'
മുത്തങ്ങാ വനത്തിൽ നിർഭയം വഴിക്കുകുറുകെ നടക്കുന്ന ആനക്കുട്ടിയെ ചൂണ്ടിക്കൊണ്ട് അവൾ എന്നെ നോക്കി ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.

കഴിഞ്ഞ ദിവസം കമ്പ്യൂട്ടർ തുറന്ന് എന്നെ കാണിച്ചിട്ട് പാറു പറഞ്ഞു: 'അച്ഛാ, ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി എന്നെ സെലക്ട് ചെയ്തിരിക്കുന്നു!'

ഞാൻ അവൾക്ക് കെട്ടിപ്പിടിച്ച് ഒരുമ്മകൊടുത്തു. മോളേ. ഞാൻ മനസ്സിൽ പറഞ്ഞു. ഇതാണ് ശരിയായ എൻട്രൻസ്. സ്വന്തം ഇഷ്ടങ്ങളിലേക്കുള്ള പ്രവേശനം. പതിനേഴാം വയസ്സിൽ സെക്കന്റ് ഗ്രൂപ്പും ഫസ്റ്റ് ഗ്രൂപ്പും ഒപ്പം പഠിച്ചതിനുശേഷം മലയാളം ബിഎയ്ക്കു ചേർന്നപ്പോൾ ഞാൻ അനുഭവിച്ചതും ഈ സന്തോഷമാണ്.

നിന്റെ തലമുറയിലെ മുഴുവൻ കുട്ടികൾക്കും ഈ സന്തോഷം ആസ്വദിക്കാൻ കഴിഞ്ഞെങ്കിൽ! നീ എന്റെ മകളായതുകൊണ്ടു മാത്രമല്ല, നിനക്ക് എന്റെ ഹൃദയം കിട്ടിയതിലും ഈ അച്ഛൻ ആനന്ദിക്കുന്നു.

നേരേ നടക്കുക. നിർഭയം മുന്നോട്ട് പോവുക. ലോകത്തിന് വെളിച്ചമാവുക!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP