Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദ്യനയത്തിൽ യുഡിഎഫിന്റെ തട്ടിപ്പോ തൃപ്പൂണിത്തുറ സംഭവത്തിൽ കണ്ടത്? ഫീഷറീസ് വകുപ്പിന്റെ വാഹനത്തിൽ മദ്യവും പണവും കടത്തിയ സംഭവം അവസാനലാപ്പിൽ വോട്ടു വാങ്ങാനുള്ള യുഡിഎഫ് ശ്രമമെന്ന ആരോപണവുമായി ഇടതുപക്ഷം

മദ്യനയത്തിൽ യുഡിഎഫിന്റെ തട്ടിപ്പോ തൃപ്പൂണിത്തുറ സംഭവത്തിൽ കണ്ടത്? ഫീഷറീസ് വകുപ്പിന്റെ വാഹനത്തിൽ മദ്യവും പണവും കടത്തിയ സംഭവം അവസാനലാപ്പിൽ വോട്ടു വാങ്ങാനുള്ള യുഡിഎഫ് ശ്രമമെന്ന ആരോപണവുമായി ഇടതുപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

തൃപ്പൂണിത്തുറ: കഴിഞ്ഞ ദിവസം രാത്രി ഫിഷറീസ് വകുപ്പിന്റെ വാഹനത്തിൽ മദ്യവും പണവും കടത്തിയ സംഭവം അവസാനലാപ്പിലെ വോട്ടുവാങ്ങൽ കച്ചവടത്തിന്റെ ബാക്കിപത്രമെന്ന ആരോപണം ശക്തമാകുന്നു. വകുപ്പു മന്ത്രി കെ ബാബുവിനെതിരെ ശക്തമായ വടിയാക്കി ഈ സംഭവം മാറ്റിയിരിക്കുകയാണ് എൽഡിഎഫ്.

കഴിഞ്ഞ ദിവസം പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാർത്ഥി സി പി മുഹമ്മദ് വോട്ടർക്കു പണം നൽകുന്ന വീഡിയോ പിണറായി വിജയൻ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണു മൂവാറ്റുപുഴയിൽ മദ്യവും പണവും കടത്തിയ ഫിഷറീസ് വകുപ്പിന്റെ വാഹനം പിടികൂടിയത്. കെ ബാബുവിന്റെ വകുപ്പിലെ വാഹനം എന്നത് ബാബുവിനെ സംശയത്തിന്റെ നിഴലിൽ ആക്കിയിരുന്നു. മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജോസഫ് വാഴയ്ക്കനെതരെയും ആരോപണങ്ങളുമായി എൽഡിഎഫ് രംഗത്തെത്തിക്കഴിഞ്ഞു.

പെട്ടിക്കണക്കിന് മദ്യവും കണക്കിൽപെടാത്ത പണവുമാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. എന്നാൽ പിടികൂടിയ മദ്യവും പണവും മൂവാറ്റുപുഴ പൊലീസ് മുക്കിയതായി ആരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തെ തുടർന്ന് എൽഡിഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാർ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ടൗണിൽ പ്രകടനം നടത്തുകയും ചെയ്തിരുന്നു.

വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവങ്ങളുടെ തുടക്കം. മൂവാറ്റുപുഴ ടൗണിൽ അപകടത്തിൽ പെട്ട ഫിഷറീസ് വകുപ്പിന്റെ വാഹനമായ കെഎൽ 01 ബിടി 3648 ഇന്നോവ കാറിൽ നിന്നുമാണ് മദ്യവും പണവും നാട്ടുകാർ പിടികൂടിയത്. അപകടത്തിൽ പെട്ട വാഹനത്തിനടുത്ത് രക്ഷാ പ്രവർത്തവർത്തിനെത്തിയ നാട്ടുകാർ വാഹനത്തിനുള്ളിൽ മദ്യവും പണവും കണ്ടെത്തുകയായിരുന്നു. മദ്യവും പണവും തൃപ്പൂണിത്തുറയിലെ വോട്ടർമാരെ സ്വാധീനിക്കാൻ കൊണ്ടുപോയതാണെന്ന് അപ്പോൾ തന്നെ ആരോപണം ഉയർന്നിരുന്നു. തുടർന്ന് എൽഡിഎഫ് പ്രവർത്തകർ റോഡ് ഉപരോധിക്കുകയും പൊലീസ് എത്തി വാഹനം മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു.

എന്നാൽ പിന്നീട് പൊലീസ് മദ്യവും പണവും മുക്കുകയായിരുന്നു എന്നാണു ആരോപണം ഉയർന്നത്. വെറും നാല് ബോട്ടിൽ മദ്യം മാത്രം കണ്ടെടുത്തുള്ളു എന്നാണു പൊലീസിന്റെ വാദം. ഇതോടെ രോഷാകുലരായ നാട്ടുകാർ പൊലീസ് സ്റ്റേഷനും ഉപരോധിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ കുറ്റക്കാരായവർക്ക് എതിരെ നടപടിയെടുക്കുമെന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഉറപ്പിന്മേൽ നാട്ടുകാരും എൽഡിഎഫ് പ്രവർത്തകരും പിരിഞ്ഞു പോവുകയായിരുന്നു.

മദ്യനയത്തെക്കുറിച്ച് വാചാലരാകുന്ന കോൺഗ്രസ് മന്ത്രി തന്നെ മദ്യം ഒഴുക്കി വോട്ടുനേടാൻ നടത്തിയ ശ്രമം യുഡിഎഫിന്റെ മദ്യ നയം തട്ടിപ്പാണെന്നുള്ളതിന് മറ്റൊരു തെളിവുകൂടിയാവുകയാണെന്ന് എൽഡിഎഫ് പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP