Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പതിമൂന്നിൽ ഒൻപതിടത്ത് ഇടത് മുൻതൂക്കം; പ്രദീപ് കുമാറും ലതികയും വികെസിയും ജയം ഉറപ്പിച്ചവർ; മുനീർ നേരിടുന്നത് കടുത്ത വെല്ലുവിളി; വടകരയെ പ്രവചനാതീതമാക്കുന്നത് രമയുടെ സ്ഥാനാർത്ഥിത്വം; ബിജെപി വോട്ടുകൾ ജയപരാജയങ്ങൾ നിർണ്ണയിക്കും; കോഴിക്കോട്ടെ സാധ്യതകൾ അഡ്വക്കേറ്റ് ജയശങ്കർ വിലയിരുത്തുന്നു

പതിമൂന്നിൽ ഒൻപതിടത്ത് ഇടത് മുൻതൂക്കം; പ്രദീപ് കുമാറും ലതികയും വികെസിയും ജയം ഉറപ്പിച്ചവർ; മുനീർ നേരിടുന്നത് കടുത്ത വെല്ലുവിളി; വടകരയെ പ്രവചനാതീതമാക്കുന്നത് രമയുടെ സ്ഥാനാർത്ഥിത്വം; ബിജെപി വോട്ടുകൾ ജയപരാജയങ്ങൾ നിർണ്ണയിക്കും; കോഴിക്കോട്ടെ സാധ്യതകൾ അഡ്വക്കേറ്റ് ജയശങ്കർ വിലയിരുത്തുന്നു

അഡ്വ ജയശങ്കർ

കോഴിക്കോട് ജില്ല സംബന്ധിച്ചു പറഞ്ഞാൽ ഇതൊരു കോൺഗ്രസിന്റെ കോട്ടയായിരുന്നു. ശ്രീ ഇഎംഎസ് നമ്പൂതിരിപ്പാട് 1952 ലെ അസംബ്ലി തിരഞ്ഞെടുപ്പിൽ കോഴിക്കോട് മത്സരിച്ചു കെപി കുട്ടിക്കൃഷ്ണൻ നായരോട് തോറ്റു പോയി എന്നാണ് ചരിത്രം. കോഴിക്കോട് ജില്ലയിൽ കോൺഗ്രസ്സും, മുസ്ലിം ലീഗും പ്രബല ശക്തികളാണ്. കുടിയേറ്റ മേഖലകളിൽ അല്പാല്പമായി കേരള കോൺഗ്രസ്സുമുണ്ട്. പട്ടണങ്ങളിലും ചില പോക്കറ്റുകളിലും വീരേന്ദ്ര കുമാറിന്റെ സോഷ്യലിസ്റ്റു പാർട്ടിയും പ്രബലമാണ്. മാർസിസ്റ്റ് പാർട്ടിയിൽ സിപിഐ(എം) ഒഴിച്ചുള്ള പാർട്ടികൾ ജില്ലയിൽ നാമമാത്രമാണ്. കോഴിക്കോട് ജില്ലയിൽ കോഴിക്കോട് പട്ടണത്തിലും മറ്റു ചില സ്ഥലങ്ങളിലും ബിജെപി ശക്തമാണ്. ഇതാണ് ജില്ലയുടെ പാർട്ടി ശക്തികളുടെ ഏകദേശ രൂപം.

കോഴിക്കോട് ജില്ലയിൽ നിന്ന് വയനാട് ജില്ലയായി പോയതിനു ശേഷം 12 മണ്ഡലങ്ങളാണ് ഉണ്ടായിരുന്നത്, പിന്നീട് വന്ന മണ്ഡല പുനർവിഭജനത്തിന് ശേഷം ഒരു സീറ്റു കൂടി. 13 അസംബ്ലി മണ്ഡലമാണ് കോഴിക്കോട് ജില്ലയിലുള്ളത്. കോഴിക്കോട് ജില്ലയുടെ വേറെ ഒരു പ്രത്യേകത കോൺഗ്രസുകാർ ഇവിടെ ജയിച്ചിട്ടില്ല എന്നതാണ്. കോൺഗ്രസിന്റെ ഒരു ശവ പറമ്പായി മാറിയിരിക്കുന്നു. പക്ഷെ അത് നിയമസഭാ തിരഞ്ഞെടുപ്പിൽ മാത്രമാണ് ലോകസഭയിൽ വ്യത്യാസമുണ്ട്.

കോഴിക്കോട് നിന്ന് അവസാനം ജയിച്ച കോൺഗ്രസുകാരൻ ആരാണെന്ന് വേണമെക്കിൽ ക്വിസ് കൊമ്പറ്റീഷനു ചോദിക്കാവുന്നതാണ്. അങ്ങനെയായാൽ അതിന്റെ ഉത്തരം അഡ്വ പി ശങ്കരൻ എന്നാണ്. 2001 ൽ ഇദ്ദേഹം ജയിച്ചു പിന്നീട് 2006 ൽ ആവട്ടെ 2011 ൽ ആവട്ടെ കോൺഗ്രസ് നിലം തോട്ടിട്ടില്ല. എന്നാൽ ഘടക കക്ഷികൾ ജയിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയുടെ പ്രത്യേകത മത്സരിച്ചു ജയിക്കാനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികൾ ഇല്ലെന്നുള്ളതാണ്. ഇപ്പോഴത്തെ കോഴിക്കോട് കോൺഗ്രസ് രാഷ്ട്രീയത്തെ നയിക്കുന്നത് കെസി അബു, എൻ സുബ്രമണ്യൻ, തിരുവള്ളൂർ മുരളി, അഡ്വ വീരാൻകുട്ടി ഇങ്ങനെയുള്ള പ്രതിഭകളാണ്. അതുകൊണ്ടാണ് കോൺഗ്രസിന് ഇവിടെ പരാജയം സംഭവിച്ചുകൊണ്ടിരിക്കുന്നത്.

പ്രദീപ് കുമാർ കോട്ട കാക്കും

കോഴിക്കോട് നോർത്ത് മണ്ഡലത്തിന്റെ പഴയ നാമം കോഴിക്കോട് ഒന്ന് എന്നായിരുന്നു. ഇത് പൊതുവെയൊരു മാർസിസ്റ്റ് പ്രമുഖ്യമുള്ള മണ്ഡലമാണ്. 1991 ലും 2001 ലും ഇവിടെ രണ്ടു തവണ കോൺഗ്രസിലെ സുജനപാൽ ജയിക്കുകയുണ്ടായി. ഈ രണ്ടു പ്രാവശ്യവും അദ്ദേഹത്തിന് ഇവിടുത്തെ ബിജെപിക്കാരുടെ പരോക്ഷ സഹായമുണ്ടാവുകയും ചെയ്തു. പുനർവിഭജനത്തിനു ശേഷമുണ്ടാകിയിട്ടുള്ള കോഴിക്കോട് നോർത്ത് മണ്ഡലം കുറെ കൂടി മാർസിസ്റ്റ് കേന്ദ്രികരിണമുള്ള പ്രദേശമാണ്.

അതിനാൽ ഇവിടെ മാർസിസ്റ്റ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ അത്ര എളുപ്പമല്ല എന്നുതന്നെ പറയാം. സിപിഐ(എം). സ്ഥാനാർത്ഥി എ പ്രദീപ് കുമാർ ആണ്. കേരളത്തിൽ തന്നെ വളരെ മാതൃക പരമായി പ്രവർത്തിച്ച പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എംഎൽഎ എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാം. അദ്ദേഹം ഇത്തവണയും മത്സരിക്കുന്നു. എതിർ സ്ഥാനാർത്ഥി സുരേഷ് ബാബുവാണ്. സുരേഷ് ബാബു പഴയ ഒരു കെഎസ് യു കാരനാണ്. മുൻപ് പഴയ കെഎസ് യുവിന്റെ സംസ്ഥാന പ്രസിഡന്റ് ആയി ഇരുന്ന ആളാണ്. എന്നാൽ പോലും സുരേഷ് ബാബു ഇവിടെ ജയിക്കാൻ വിഷമമാണ്. കാരണം അത് അദ്ദേഹത്തിന്റെ കുഴപ്പമല്ല. സ്ഥലം കോഴിക്കോട് നോർത്ത് ആയതുകൊണ്ടാണ്.

കോഴിക്കോട് നോർത്തിൽ ബിജെപി വളരെ ശക്തമാണ്, അവിടെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്ന കെപി ശ്രീശനാണ് ബിജെപി സ്ഥാനാർത്ഥി. ഇവിടെ പ്രദീപ് കുമാർ തന്നെ ജയിക്കും.

ബിജെപി വോട്ടു പിടിച്ചാൽ മുനിറിന്റെ കുറ്റി വീഴും

പഴയ കോഴിക്കോട് 2 എന്ന മണ്ഡലമാണ് പുനർവിഭജനനത്തിന് ശേഷം കോഴിക്കോട് സൗത്ത് ആയി മാറിയത്. മുസ്ലിം ഭൂരിഭാഗമുള്ള സ്ഥലമായിരുന്നു കോഴിക്കോട് 2. പുനർവിഭജനം കഴിഞ്ഞപ്പോൾ അത് കുറച്ചു കുടി വർദ്ധിച്ചു. അതുകൊണ്ട് തന്നെ ഐക്യമുന്നണിക്കു അനുകൂലമായ മണ്ഡലമാണ് കോഴിക്കോട് സൗത്ത് എന്ന് പറയാൻ കഴിയും. കോഴിക്കോട് 2 ആയിരുന്നപ്പോൾ ഒന്നിടവിട്ട തിരഞ്ഞെടുപ്പുക്കളിൽ സിപിഎമ്മും കോൺഗ്രസ്സും മാറി മാറി ജയിച്ചുകൊണ്ടിരുന്ന മണ്ഡലമാണിത്. ഇപ്പോൾ ലീഗിന് കുറച്ചു കുടി ഇവിടെ പ്രാമുഖ്യമുണ്ട്. ഇവിടെ ലീഗ് സ്ഥാനാർത്ഥി എംകെ മുനീർ ആണ് യൂഡിഎഫ് സ്ഥാനാർത്ഥി.

1991 ൽ ഡോ മുനീർ ഈ മണ്ഡലം കോഴിക്കോട് 2 ആയിരുന്നപ്പോൾ ഇവിടെ മത്സരിച്ചു ജയിച്ചിട്ടുണ്ട്. ബിജെപി ക്കാരുടെ വോട്ടു മേടിച്ചാണ് അന്നു ജയിച്ചത്. ജയിച്ചതിനു ശേഷം ഇദ്ദേഹം ഫാസിസവും, സംഘ പരിവാറുമെന്ന വളരെ ചിന്തോദിപികമായാ ഒരു പുസ്തകമെഴുതി കൃതർത്ഥനായി അഥവാ കൈരളിയെ അദ്ദേഹം പരിപോഷിപ്പിച്ചു. അതാണ് മുനീർ, അടുത്ത തിരഞ്ഞെടുപ്പിൽ അദ്ദേഹം മലപ്പുറം മണ്ഡലത്തിലേക്ക് പോവുകയും പിന്നീട് കുഞ്ഞാലിക്കുട്ടിയുമായി തെറ്റുകയും ചെയ്തു. 2006 ൽ മങ്കടയിൽ മത്സരിച്ചു വീരചരമം പ്രാപിച്ചു. അതിനുശേഷം അദ്ദേഹത്തെ 2011 ൽ കോഴിക്കോട് സൗത്തിൽ തോൽപ്പിക്കാൻ വേണ്ടി നിർത്തി എന്നാൽ വളരെ കുറഞ്ഞ ഭൂരിപക്ഷത്തിൽ നക്ഷത്രഫലം കൊണ്ട് അദ്ദേഹം ഇവിടെ ജയിച്ചു. ഇത്തവണ കോഴിക്കോട് സൗത്ത് വേണ്ട എന്ന് അദ്ദേഹം പ്രത്യേകം പറഞ്ഞതാണ്. പക്ഷെ കുഞ്ഞാലിക്കുട്ടിക്കു ഇദ്ദേഹത്തിനൊടുള്ള സ്‌നേഹം കൊണ്ട്, മുനീർ തന്നെ അവിടെ നിന്നാലെ ശരിയാവുകയുള്ളൂയെന്ന് തങ്ങളെകൊണ്ട് പറയിപ്പിച്ചു. അങ്ങനെ ഇവിടെ തന്നെ മത്സരിക്കുകയാണ്.

ഇന്ത്യൻ നാഷണൽ ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടും, നല്ലൊരു എഴുത്തുകാരനുമായാ അബ്ദുൾ വഹാബാണ് ഇദ്ദേഹത്തിന്റെ ഇവിടുത്തെ എതിരാളി. എതിരെ നിൽക്കുന്നത് ഐഎൻഎൽ. മാർസിസ്റ്റ് സ്ഥാനാർത്ഥി ആയിരുന്നുവെങ്കിൽ മുനീർ ഇവിടെ ജയിക്കില്ല എന്നുറപ്പാണ്. അബ്ദുൾ വഹാബ് ആയതിനാൽ ഇദ്ദേഹത്തിന് ഇവിടെ ആശക്കു വകയുണ്ട്. എംകെ.മുനീർ പൂട്ടിപോയ ഇന്ത്യാ വിഷൻ ചാനലിന്റെ അമരക്കാരനായിരുന്ന വ്യക്തിയാണ്. അദ്ദേഹം രാഷ്ട്രീയത്തിലും മന്ത്രി എന്നുള്ള നിലയിലും ഏറെക്കുറെ പരാജയമായിരുന്നുവെങ്കിലും നാനാ വിധമായ കഴിവുകൾ ഉള്ള മനുഷ്യനാണ് എംകെ മുനീർ. ഇദ്ദേഹം പാട്ടു പാടും, ചിത്രം വരക്കും, പ്രസംഗിക്കും, ഒപ്പം ഒരു സാംസ്‌കാരിക നായകൻ കൂടിയാണ്. മുസ്ലിം ലീഗിൽ ആയതുകൊണ്ടാണ് ഇദ്ദേഹത്തിന് അത്ര പ്രസക്തി കിട്ടാത്തത്.

മാർസിസ്റ്റ് പാർട്ടിയിൽ ആയിരുന്നു എങ്കിൽ ഇദ്ദേഹമൊരു മൂന്നാം മുണ്ടശ്ശേരി ആയി പോയേനെ. രണ്ടാം സിഏച്ച് പോലും ആയുമില്ല എന്നുള്ളതാണ് വേറെ ഒരു കാര്യം. ഇന്ത്യാവിഷൻ ചാനലിന്റെ ചെയർമാനും തലതൊട്ടപ്പാനുമായിരുന്നു മുനീർ. അദ്ദേഹം മന്ത്രി ആയപ്പോൾ ഇന്ത്യാവിഷൻ പ്രവർത്തനങ്ങൾ മന്ദിഭവിക്കുകയും ഇന്ത്യാവിഷൻ കഴിഞ്ഞ 2005 ഫെബ്രുവരി മാസത്തിൽ അടച്ചു പൂട്ടുകയും ചെയ്തു. ചാനലിൽ ശമ്പളം കിട്ടാത്ത ഒരു ഡ്രൈവർ ജീവനക്കാരുടെ പ്രതിനിധിയായി ഇദ്ദേഹത്തിന് എതിരായി സ്വതന്ത്രനായി ഇവിടെ തന്നെ മത്സരിക്കുന്നുണ്ട്.

ബിജെപിക്ക് സാമാന്യം വോട്ടുള്ള സ്ഥലമാണ് കോഴിക്കോട് സൗത്ത്. ഇത്തവണ രണ്ടു മുന്നണികൾ മുസ്ലിംങ്ങൾ ആയതുകൊണ്ട്. കഴിഞ്ഞ ഇലക്ഷനിൽ ബിജെപി വോട്ടുകളുടെ ഗണ്യമായ ഒരു ഭാഗം മുനീറിനു ലഭിച്ചിരുന്നു. മത തീവ്രവാദങ്ങൾക്ക് എതിരെ നിലപാട് സ്വികരിച്ച ആളുമായി മുനീർ എന്നതുകൊണ്ട് കുറെ വോട്ടുകൾ കഴിഞ്ഞ തവണ ഇദ്ദേഹത്തിന് കിട്ടിയിരുന്നു. ഇപ്പോൾ മുസ്ലിം ലീഗ് കുഞ്ഞാലി വിഭാഗം ഇദ്ദേഹത്തിന് എതിരാണ്, പോപ്പുലർ ഫണ്ട് എതിരാണ്, ജമാത്തെ ഇസ്ലാമികാർക്ക് പുള്ളിയെ കണ്ണുകൊണ്ട് കണ്ടുടാ, അപ്പോൾ എത്രപേർ ഇദ്ദേഹത്തെ എതിർക്കുന്നതുകൊണ്ട് സ്ഥലത്തെ കുറച്ചു ഹിന്ദു വോട്ടർമാർക്ക് ഇദ്ദേഹത്തിനോട് കുറച്ചു മുഹബത്തുണ്ട്.

കഴിഞ്ഞ തവണ ത്തതിന്റെ ആനുകൂല്യം അദ്ദേഹത്തിന് കിട്ടിയാൽ ജയിക്കാം. ബിഡിജെഎസ് സ്ഥാനാർത്ഥിയാണ് ഇവിടെ മത്സരിക്കുന്നത്.സതീഷ് കുറ്റിയിൽ ആണ് ഇവിടെ എൻഡിഎ സ്ഥാനാർത്ഥി.സതീഷ് കുറ്റിയിൽ കൃത്യമായി ബിജെപി വോട്ടുകൾ പിടിച്ചാൽ മുനിറിന്റെ കുറ്റി പറയും.

മമ്മദ് കോയ പാട്ടും പാടി ജയിക്കും

ബേപ്പൂർ ഇടതുപക്ഷ മണ്ഡലമാണ് പികെ ഹംസ ജയിച്ചുകൊണ്ടിരുന്നു പിന്നിട് എളമരം കരിമായി. ഇത്തവണ ഇളമരമല്ല മത്സരിക്കുന്നത്. വികെസി മമ്മദ് കോയ എന്ന വികെസി ചപ്പൽ ഉണ്ടാകുന്ന വ്യവസായി യാണ് മത്സരിക്കുന്നത്. ഇദ്ദേഹമാണ് സിപിഐ(എം) സ്ഥാനാർത്ഥി. മുൻപ് ഇദ്ദേഹം കോഴിക്കോട് രണ്ടാം മണ്ഡലത്തിൽ ജയിച്ചയാളാണ്. ഒരു വ്യവസായി എന്ന യാതൊരു അഹങ്കാരവും ഇല്ലാത്ത സ്‌നേഹ സമ്പന്നനും, ജനകീയാനുമാണ് ഇദ്ദേഹം. നിലവിൽ ഇദ്ദേഹം കോഴിക്കോട് മേയർ കുടി യാണ്.

എംപി ആദം മുൽസി യാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി. കഴിഞ്ഞ തവണ കരിമിനോട് ഇവിടെ തന്നെ മത്സരിച്ചു വീരചരമം പ്രാപിച്ച വ്യക്തിയാണ്. അതുകൊണ്ടു പഠിക്കാതെ വീണ്ടും ഇത്തവണ മത്സരിക്കുകയാണ്. ബിജെപി ക്കു അത്യാവശ്യം ബലമുള്ള സ്ഥലമാണ് ബേപ്പൂർ. കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിൽ ബിജെപി 18000 വോട്ടു പിടിച്ചു. ബേപ്പൂരിൽ കെപി പ്രകാശ് ബാബുവാണ് ബിജെപി സ്ഥാനാർത്ഥി. ഇവിടെ വികെസി മമ്മദ് കോയ പാട്ടും പാടി ജയിക്കും.

ത്രികോണ ചൂട് കുന്ദമംഗലത്ത് റഹിമിനെ തുണക്കും

ടി സിദ്ദിഖ് ആണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി. സിദ്ദിഖ് വിവാഹത്തിനും അത് കഴിഞ്ഞു പുനർ വിവാഹത്തിന് ശേഷം പുതിയ പുതിയാപളയായി ഇവിടെ മത്സരിക്കുന്നു. ഇടിച്ചു കയറുന്ന സ്ഥാനാർത്ഥിയാണ്. കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിൽ മാർസിസ്റ്റ് കോട്ടയായ കാസർകോട് പോയി മത്സരിച്ചു വിജയത്തിന്റെ അടുത്ത് വരെ എത്തിയ ആളുമാണ് സിദ്ദിഖ്. കുന്ദമംഗലം കടുത്ത ഒരു മാർസിസ്റ്റ് മണ്ഡലമാണ്.

ഇവിടെ ഇടതു സ്വതന്ത്രനായി മത്സരിക്കുന്നത് ലീഗിൽ നിന്ന് പണ്ട് വഴക്കടിച്ചു വന്ന പിടിഎ റഹിമാണ്. കഴിഞ്ഞ തവണ റഹിം കുന്ദമംഗലത്തെ സിറ്റിങ് എംഎൽഎ മുസ്ലിം ലീഗിലെ യൂസി രാമനെ പരാജയപ്പെടുത്തി നിയമസഭയിൽ എത്തിയ ആളാണ്. സിദ്ദിഖ് ആണ് ശകതനായ എതിരാളി. ബിജെപി ക്കു കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടുള്ള സ്ഥലമാണ് കുന്ദമംഗലം. ഇവിടെ ബിജെപി സ്ഥാനാർത്ഥി വേറെയാരുമല്ല ബിജെപി. മുൻ സംസ്ഥാന സെക്രട്ടറി സികെ പത്മനാഭനാണ്. ഒരു ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്. പക്ഷെ ഇവിടെ റഹിം ജയിക്കാനാണ് സാധ്യത.

പേരാമ്പ്ര ഇടത് കോട്ട തന്നെ

പേരാമ്പ്ര സ്ഥിരമായി ഇടതുപക്ഷക്കാർ ജയിച്ചുകൊണ്ടിരിക്കുന്ന സ്ഥലമാണ്. 1977 ൽ മാത്രമാണ് ഒരു കേരള കോൺഗ്രസ്സുകാരൻ ഇവിടെ അബദ്ധത്തിൽ ജയിച്ചത്. അത് ഡോകെസി ജോസഫ് ആയിരുന്നു. പേരാമ്പ്രയിൽ സിപിഐ(എം) സ്ഥാനാർത്ഥി മുൻ എംഎൽഎ ടിപി രാമകൃഷ്ണനാണ്. യൂഡിഎഫ് സ്ഥാനാർത്ഥി ഇവിടെ മുഹമ്മദ് ഇക്‌ബാൽ എന്ന ചെറുപ്പക്കാരനാണ് ഇവിടെ തോൽക്കാൻ വേണ്ടി മത്സരിക്കുന്നത്. ബിഡിജെഎസ് സ്ഥാനാർത്ഥിയായി പേരാമ്പ്രയിൽ മത്സരിക്കുന്നത് കെ സുകുമാരൻ നായരാണ്. ഇവിടെ രാമകൃഷ്ണൻ ജയിക്കും. ജയിച്ചാൽ മന്ത്രിയാകാൻ സാധ്യതയുള്ള ആളുമാണ്.

എലത്തുരിൽ ശശീന്ദ്രൻ തന്നെ

എലത്തുരിൽ എൻസിപി യുടെ എകെ ശശീന്ദ്രൻ രണ്ടാം തവണയും മത്സരിക്കുന്നു. ഇദ്ദേഹം ഇവിടുത്തെ സിറ്റിങ് എംഎൽഎയാണ്. കിഷൻ ചന്ദ് ആണ് ഇവിടെ ജനതാദൾ യുഡിഎഫ് സ്ഥാനാർത്ഥി. ഇവിടെ ബിജെപി കഴിഞ്ഞ തവണ പാർലമെന്റ് ഇലക്ഷനിൽ 17000 വോട്ടുകൾ പിടിച്ചിട്ടുണ്ട് വിവി രാജൻ എന്നാ ആളാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി. ഇവിടെ വീണ്ടും ശശീന്ദ്രൻ തന്നെ ജയിക്കാനാണ് സാധ്യത.

ബാലുശ്ശേരിയും ഇടത് ചായ് വിൽ

ബാലുശ്ശേരി ഒരു സംവരണ മണ്ഡലമാണ്. ബാലുശ്ശേരിയിൽ പുരുഷൻ കടലുണ്ടി യാണ് വീണ്ടും സിപിഐ(എം) സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. മുസ്സിലിം ലീഗിലെ യുസി രാമൻ ആണിവിടെ യൂഡിഎഫ് സ്ഥാനാർത്ഥി. യുസി രാമൻ രണ്ടു തവണ കുന്ദമംഗലത്ത് മത്സരിച്ചു ജയിച്ച ആളാണ്. ഈ സീറ്റു മുസ്ലിം ലീഗിനു കൊടുത്തത് കോൺഗ്രസിന്റെ ഇടയിൽ പ്രതിഷേധമുണ്ടായിരുന്നു. ബാലുശ്ശേരിയിൽ മത്സരിക്കാൻ ആഗ്രഹിച്ച പികെ സുപ്രൻ കഴുത്തിലെ സ്വർണ മാല അഴിച്ചു പോക്കറ്റിൽ ഇട്ടു. ഇപ്പോൾ ഇവിടെ ബിജെപി സ്ഥാനാർത്ഥിയായി താമര അടയാളത്തിൽ മത്സരിക്കുന്നു എന്നതാണ് പ്രത്യേകത.

കൊടുവള്ളി ലീഗ് കോട്ട

കൊടുവള്ളി മുസ്ലിം.ലീഗിന്റെ ഒരു കോട്ടയാണ്. എംഎ റസാഖ് മാസ്റ്റർ ആണ് ഇവിടെ ലീഗ് സ്ഥാനാർത്ഥി. ലീഗിൽ നിന്ന് മുൻപ് കാലുമാറിയ ഒരു കാരാട്ട് റസാഖിനെയാണ് എൽഡിഎഫ് ഇവിടെ പിന്താങ്ങുന്നത്. പ്രമുഖ സിനിമ സംവിധായകൻ അലി അക്‌ബർ ബിജെപിക്ക് വേണ്ടിയും മത്സരിക്കുന്നു. ഇവിടെ ലീഗിന് തന്നെയാണ് ജയസാധ്യത.

തിരുവമ്പാടിയിൽ പള്ളിക്കാർ വോട്ട് ചെയ്താൽ സാധ്യത സിപിഎമ്മിന്

തിരുവമ്പാടിയെ മുസ്ലിം ലീഗിനും കോൺഗ്രസ്സിനും വളരെ മേൽകൈയുള്ള മണ്ഡലമാണ്. ഈ സീറ്റു ലീഗിനു കൊടുക്കരുത് മറിച്ചു കുടിയേറ്റകാരനായ കർഷകന് കൊടുക്കണമെന്നു ബിഷപ്പ് പറഞ്ഞത് കേൾക്കാതെയാണ് മുസ്ലിം ലീഗിന്റെ വി എം ഉമ്മർ മത്സരിക്കുന്നത്. കഴിഞ്ഞ തവണ ഉമ്മർ മാസ്റ്റർ കൊടുവള്ളിയിൽ ആയിരുന്നു. ഇപ്പോൾ തിരുവമ്പാടിയിൽ മത്സരിക്കാൻ വന്നിരിക്കുകയാണ്. ഇദ്ദേഹത്തെ ചെറുക്കാൻ വേണ്ടി എൽഡിഎഫ് നിർത്തിയിട്ടുള്ളത് ജോർജ് എം തോമസാണ്. വലിയ മത്സരമാണ് ഇവിടെ നടക്കുന്നത്.

പള്ളിക്കാർക്കു സീറ്റു കൊടുക്കാത്തത്തിൽ വലിയ അമർഷമാണ് ഇവിടെയുള്ളത്. ജോർജ് തോമസ് ആണ് ഇവിടെ സിപിഐ(എം) സ്ഥാനാർത്ഥി. ക്രിസ്ത്യൻ വോട്ടുകൾ ഇവിടെ യൂഡിഎഫ് പോക്കറ്റുകളിലാണ് സാധാരാണ വിഴാറുള്ളത്. ഇത്തവണ താമരശ്ശേരി മെത്രാൻ ഇടഞ്ഞു നിൽക്കുകയാണ് . ലീഗിനല്ലാതെ ഈ സീറ്റു ഇക്കുറി ഒരു കുടിയേറ്റ കർഷകന് അതായതു കോൺഗ്രസിന് എന്നുവച്ചാൽ ക്രിസ്ത്യാനിക്കു കൊടുക്കണം എന്നായിരുന്നു ബിഷപ്പിന്റെ ആവശ്യം. പക്ഷെ ലീഗുകാർ പോയി പണിനോക്കാൻ പറഞ്ഞു. റിസ്‌ക് എടുത്തു നിൽക്കുകയാണ്. പള്ളികകാരുടെ ഒരു സ്ഥാനാർത്ഥി നിന്നെങ്കിലും പിന്നിട് പിൻവലിച്ചു. മിക്കവാറും പള്ളിക്കാർ ജോർജ് തോമസിന് വോട്ടു ചെയ്യാനാണ് സാധ്യത. അങ്ങനെയായാൽ ഇവിടെ സിപിഐ(എം) ജയിക്കും.

കുറ്റ്യാടിയിൽ ലതിക ജയിക്കും

ഇടതുപക്ഷത്തിന്റെ കോട്ടയാണ് കുറ്റ്യാടി. സിപിഐ(എം) സ്ഥാനാർത്ഥിയായി ഇവിടെ മത്സരിക്കുന്നത് കെകെ ലതിക . ലതികക്കു എതിരെ ലീഗിന്റെ പാറക്കൽ അബ്ദുള്ള യാണ് ഇവിടെ എതിർ സ്ഥാനാർത്ഥി. ലതികെയ മാറ്റിമറിക്കും, തോൽപ്പിക്കും എന്നൊക്കെ വീരവാദം ലീഗ് ഇവിടെ മുഴക്കുന്നുണ്ട്. പക്ഷെ അത് നടപ്പാക്കും എന്ന് തോന്നുന്നില്ല .

നാദാപുരത്ത് സിപിഐ നേട്ടമുണ്ടാക്കും

സിപിഐ യുടെ മണ്ഡലമാണ് നാദാപുരം. ഇവിടെ കഴിഞ്ഞ തവണ മത്സരിച്ചു ജയിച്ച എകെ വിജയൻ വീണ്ടും മത്സരിക്കുന്നു. കോൺഗ്രസിലെ പ്രവീൺ കുമാറാണ് എതിർസ്ഥാനാർത്ഥി, ബിജെപിയുടെ എംപി രാജനുമുണ്ട്. നാദാപുരം സിപിഐ ടെ ഉറച്ച സീറ്റാണ് വിജയൻ തന്നെ ഇവിടെ ജയിക്കും.

കൊയിലാണ്ടിയിൽ ദാസൻ ഇഫക്ട് തുടരും

കൊയിലാണ്ടിയിൽ സിറ്റിങ് എംഎൽഎ കെ ദാസൻ തന്നെയാണ് ഇക്കുറിയും സിപിഐ(എം) സ്ഥാനാർത്ഥി. കെപിസിസി ജനറൽ എൻ സുബ്രമണ്യം ആണ്യൂഡിഎഫ് സ്ഥാനാർത്ഥി. സുബ്രമണ്യം ജയിക്കാൻ യാതൊരു സാധ്യതയും ഞാൻ നോക്കിയിട്ടു കാണുന്നില്ല ദാസൻ ഇക്കുറിയും ഇവിടെ വലിയ ഭൂരിപക്ഷത്തിൽ ജയിക്കും.

രമയെത്തുമ്പോൾ വടകര പ്രവചനാതീതം

ജനതാദൾ എന്ന് പറഞ്ഞ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പാർട്ടിയെ നേരിട്ട് കാണണമെങ്കിൽ വടകരയിൽ പോയാൽ മതി. വടകരയിൽ മാത്രം കാണുന്ന രണ്ടു സാധനങ്ങൾ ജനതാദളും ഉണ്ട കൊപ്രയുമാണ് . വന്ദ്യ വയോധികനായ സികെ നാണു ഇവിടെ വീണ്ടും എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. കോൺഗ്രസ് ജനതാദൾ ആയി മനയത്തു ചന്ദ്രനും, ആർഎംപി സ്ഥാനാർത്ഥി കെകെ രമയും, ബിജെപി സ്ഥാനാർത്ഥി യായി രാജേഷ് കുമാറും വടകരയിൽ മത്സരിക്കുന്നു

ടിപി ചന്ദ്രശേഖരന്റെ ഭാര്യ രമ ഇവിടെ മത്സരിക്കുന്നു എന്നതാണ് ഇവിടെ പ്രധാന കാര്യം . നല്ല മത്സരമാണ് ഇവിടെ എൽഡിഎഫ് യൂഡിഫ് ആർക്കാണ് ജയം എന്ന് പറയാൻ ആവില്ല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP