Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പെണ്ണുടലിന്റെ തിരജീവിതങ്ങൾ

പെണ്ണുടലിന്റെ തിരജീവിതങ്ങൾ

ഷാജി ജേക്കബ്

സിനിമയുടെ ദൃശ്യശ്രാവ്യ കലാമണ്ഡലങ്ങളിലൂടെ പ്രണയാതിരേകയായി ഒരു മലയാളിപ്പെണ്ണ് നടത്തുന്ന ഭാവനാസഞ്ചാരമാണ് 'നാലാമത്തെ ചുവർ'. ശരീരത്തിന്റെയും ആത്മാവിന്റെയും ലാവണ്യാനുഭൂതികളെ കലയിലും ജീവിതത്തിലും ഒരുപോലെ കണ്ടെടുക്കാൻ ശ്രമിക്കുന്ന സൗന്ദര്യവാദിയായ സാംസ്‌കാരിക നിരൂപക എന്ന നിലയിൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ ശാരദക്കുട്ടി എഴുതിയ ചലച്ചിത്ര പഠനങ്ങളുടെ സമാഹാരം. കുമാരനാശാന്റെ കവിതകളിലെ പുരുഷന്മാരുടെ ലൈംഗിക സ്വത്വത്തെയും ആണത്തത്തെയും ചോദ്യം ചെയ്ത ആദ്യലേഖനം മുതൽ സരിതാനായരുടെ ലൈംഗികരാഷ്ട്രീയത്തെ കേരളീയ സ്ത്രീവാദത്തിന്റെ മൂർത്ത മാതൃകയാക്കി വ്യാഖ്യാനിച്ച അവസാനലേഖനം വരെ, ശാരദക്കുട്ടി തന്റെ സാമൂഹ്യസാംസ്‌കാരിക വിചാരങ്ങളിൽ വിടാതെ പിന്തുടരുന്ന വിശകലനയുക്തികളിലൊന്ന് പെണ്ണുടലിന്റെ കാമനകൾക്കും ഹർഷോന്മാദങ്ങൾക്കുമുള്ള സ്വാതന്ത്ര്യദാഹമാണ്. സിനിമയുടെ അഭ്രപാളികളിലും ഗാനവീചികളിലും ഇതേ പെണ്ണുടലിനു കൈവരുന്ന ജീവിതാനന്ദത്തിന്റെ സ്‌ത്രൈണ സൂക്തങ്ങളാകുന്നു, ഈ പുസ്തകത്തിലെ ഒൻപതു ലേഖനങ്ങളും. നാലെണ്ണം നായികമാരുടെ, നടിമാരുടെ തിരജീവിതത്തെക്കുറിച്ച്, അഞ്ചെണ്ണം ചലച്ചിത്രഗാനങ്ങളിലെ പെൺഗാഥകളെക്കുറിച്ച്- ഓരോന്നും ഉടലിന്റെയും ഉയിരിന്റെയും സ്വാതന്ത്ര്യഗീതങ്ങൾ. അങ്ങേയറ്റം വൈയക്തികം. ആത്മനിഷ്ഠം. കലാപരം. കാല്പനികം. സൗന്ദര്യബദ്ധം. ലാവണ്യാത്മകം. പലരും കുറ്റപ്പെടുത്തുന്നതുപോലെ കുറെയൊക്കെ അരാഷ്ട്രീയവും. എന്തായാലും പെണ്ണുടലിന്റെ തിരജീവിതങ്ങളെക്കുറിച്ച് മലയാളത്തിൽ ഒരു സ്ത്രീ എഴുതിയ ഏറ്റവും ദീപ്തമായ അനുഭവക്കുറിപ്പുകളാണിവ. ശരീരവും ശാരീരവും കൊണ്ട് സ്ത്രീ ജീവിക്കുന്ന ഭാവനാജീവിതത്തിന്റെ, ഞരമ്പുകളിൽ ചോര തിളയ്ക്കുന്ന കാമനാഭൂപടങ്ങൾ.

'അവൾ ഞാനല്ലോ' എന്ന ആദ്യലേഖനം തന്നെ വിമോഹിപ്പിച്ച മലയാളസിനിമയിലെ ചില നായികമാരെക്കുറിച്ചാണ്. സിനിമ, ആധുനിക മലയാളിയുടെ അപരജീവിതമായി നേടിയ മഹാവിജയത്തിൽ കേരളീയ സ്ത്രീ, തന്റെ ഗുപ്തമോഹങ്ങൾക്കും കഷ്ടദാഹങ്ങൾക്കും കണ്ടെത്തിയ രക്ഷാമാർഗങ്ങളിലൊന്നായിരുന്നു നായികമാരുമായുള്ള താദാത്മ്യപ്പെടൽ. ജനപ്രിയ നോവലിലും പിന്നീട് ടെലിവിഷൻ പരമ്പരയിലും ഇതിനു സമാനമായ രക്ഷാമാർഗ്ഗങ്ങൾ മലയാളിസ്ത്രീ തേടുകയും നേടുകയും ചെയ്തിട്ടുണ്ടെങ്കിലും സിനിമപോലെ വിലോഭനീയവും പ്രലോഭനീയവുമായിട്ടില്ല അവയൊന്നും. നവോത്ഥാനാനന്തര കേരളീയ സ്ത്രീയുടെ ഉടലിനും പ്രാണനും കൈവന്ന ഏറ്റവും മൂർത്തമായ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളുടെ രംഗവേദിയായി മാറി സിനിമയും അതിലെ നായികാബിംബവും. ഈ വിധം, താനുൾപ്പെടെയുള്ള സ്ത്രീകളുടെ കാമനാലോകങ്ങളെ വിലോലമോ വിഭ്രമകരമോ ഒക്കെയായി സ്വാധീനിച്ച ഒരുപറ്റം തിരജീവിതങ്ങളെ തിരിഞ്ഞുനോക്കി, അവർ, താൻ തന്നെയായിരുന്നല്ലോ എന്നു തിരിച്ചറിയുകയാണ് ശാരദക്കുട്ടി. നോക്കുക:

'ഒരു മികച്ച നടിയെന്നാൽ ഒരുപാടു സ്ത്രീകൾഒരുമിച്ചു പാർക്കുന്ന ഒരു ശരീരമാണ്. ഒരുപാടു ചെറുപക്ഷികൾ പറന്നുവന്നു ചേക്കേറുന്ന ഒരു വിശാലമായ ഭൂപ്രദേശം പോലെ വിവിധ വികാരങ്ങളിലൂടെ പലതായി പെരുക്കപ്പെടുന്ന ഒറ്റയുടലെന്ന അത്ഭുതം. പ്രേക്ഷകരുടെ അതിഗൂഢ വികാരങ്ങളോട് അവയ്ക്കിണങ്ങുന്ന ഭാഷയിൽ ആ ശരീരങ്ങൾ സംവദിച്ചു. തലയോട്ടിക്കുള്ളിൽ അനുഭവപ്പെടുന്ന ഒരു തരിപ്പിനെ തിരിച്ചറിയുന്നതു പോലെയാണ് പ്രേക്ഷകർ തങ്ങളുടെ സ്വത്വങ്ങളെ ആ കഥാപാത്രങ്ങളിൽ തിരിച്ചറിയുന്നത്. ശബ്ദതരംഗങ്ങളിൽ നിന്ന് വെള്ളത്തിനടിയിലുള്ള ചില വസ്തുക്കളെ തിരിച്ചറിയുന്നതു പോലെയാണത്. ആ ശബ്ദലയങ്ങൾക്ക് അറിഞ്ഞുകൊണ്ട് അടിമപ്പെടുക എന്നത് ഒരു സുഖമാണ്. എന്തിന്റെയെങ്കിലും അടിമയായിരിക്കുന്നു എങ്കിൽ അത് ഉന്നതമായ സൗന്ദര്യബോധത്തിന്റേതാവുകയാണ് അഭികാമ്യം. ഒരു മികച്ച സാഹിത്യകൃതി പോലെ തന്നെ സിനിമയും എല്ലാവർക്കും പ്രാപ്യമായ, എല്ലാവർക്കും വേണ്ടിയുള്ള ലോകത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ പല സിനിമകൾ കൂടെ പോന്നു. പല നായികമാരും. അവരിൽ ചിലരൊക്കെ ഒരിക്കലും വേർപിരിയാത്ത വിധം ഓർമ്മയിൽ ചേർന്നു നിൽക്കുകയാണ്.'

'ചെമ്പരത്തി'യിലെ ശോഭന, 'എന്നു സ്വന്തം ജാനകിക്കുട്ടി'-യിലെ ജോമോൾ, 'ഇന്നലെ'-യിലെ ശോഭന, 'ഉത്തര'-ത്തിലെ സുവർണ, 'മിഥുനം' മുതൽ 'കഴകം' വരെയുള്ള ചിത്രങ്ങളിലെ ഉർവ്വശി, 'അനുഭവങ്ങൾ പാളിച്ചകൾ' തൊട്ടുള്ള ചലച്ചിത്രങ്ങളിലെയും കെ പി എസി ലളിത, 'ഇരകൾ' ഉൾപ്പെടെയുള്ള ചലച്ചിത്രങ്ങളിലെ ശ്രീവിദ്യ..... തന്റെ പ്രതിച്ഛായയും പ്രതിരൂപവുമായി ശാരദക്കുട്ടി കാണുന്ന നടിമാരുടെ നായികാ ജീവിതം ഇങ്ങനെ നീളുന്നു. ഉർവ്വശിയെയും ശ്രീവിദ്യയെയും കുറിച്ചെഴുതുമ്പോഴാണ് ശാരദക്കുട്ടി തന്റെ ഈ കണ്ണാടിജന്മ-ത്തിന്റെ കാണാപ്പുറങ്ങൾ കണ്ടെത്തുന്നത്. വായിക്കുക:

'ഉർവ്വശി അവതരിപ്പിച്ച കഥാപാത്രങ്ങളിലായിരിക്കണം ഓരോ മലയാളി സ്ത്രീയും ഏറ്റവും കൂടുതലായി അവരവരെത്തന്നെ കണ്ടെത്തിയത്. തലയണമന്ത്രത്തിലെ കാഞ്ചനയിലും മിഥുനത്തിലെ സുലോചനയിലും പൊന്മുട്ടയിടുന്ന താറാവിലെ സ്‌നേഹലതയിലും മഴവിൽക്കാവടിയിലെ ആനന്ദവല്ലിയിലും ഭാഗികമായി ഞാനുണ്ട്. ഈ സ്ത്രീകളുടെ കുശുമ്പും അസൂയയും എന്റെ ആന്തരികരഹസ്യങ്ങളെല്ലാം പലപ്പോഴും വെളിപ്പെടുത്തിക്കളഞ്ഞു. ഞാൻ ഒരേസമയം ലജ്ജിക്കുകയും പരിഭ്രമിക്കുകയും ചെയ്തു. തീയേറ്ററിലെ കൂട്ടച്ചിരിയും കയ്യടികളും എന്റെ കള്ളത്തരങ്ങൾ പൊളിഞ്ഞതിന്റെ പ്രതികരണങ്ങൾ ആണെന്നു കരുതി. സത്യങ്ങൾ വെളിപ്പെടുമെന്നായപ്പോൾ 'മിഥുന'-ത്തിലെ മീനയെ പോലെ ചെവിയും കണ്ണും പൊത്തിപിടിച്ച് അയ്യോ എന്ന് ഉള്ളിൽ നിലവിളിച്ചിരുന്നിട്ടുണ്ട്. എന്റെ എല്ലാ ദൗർബല്യങ്ങളെയും എനിക്കുതന്നെ ബോദ്ധ്യമാക്കി തന്ന ഒരുപാടു കഥാപാത്രങ്ങളെ അവതരിപ്പിച്ചതുകൊണ്ടാകും ഉർവ്വശിയെ എനിക്ക് എന്നോളം ഇഷ്ടമായത്. വിശ്വാസങ്ങളേയും വിരുദ്ധതകളേയും നേരിടാൻ കരുത്തുള്ള ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മാറിമാറി സഞ്ചരിച്ചു ആ അഭിനേത്രി. ഒരു കണ്ണിറുക്കലിലൂടെയും ഒരു മൂളലിലൂടെയും കുസൃതിച്ചിരിയിലൂടെയും അതിസാധാരണമായ സ്ത്രീഭാവങ്ങളെ അവർ തന്മയത്വത്തോടെ അവതരിപ്പിച്ചു. പൊങ്ങച്ചം പറയുന്ന പുരുഷാഹന്തകളെ ഒരു ചെറിയ തലയാട്ടലിലൂടെ ഉർവ്വശി നിലംപരിശാക്കി. ഭരതം, സ്ഫടികം തുടങ്ങിയ നായകകേന്ദ്രിത ചിത്രങ്ങളിൽ പോലും ഉർവ്വശി തന്റെ സൂക്ഷ്മമായ പ്രകടനങ്ങളിലൂടെ നിർണ്ണായക നിമിഷങ്ങളിലൊക്കെ സിനിമയെ തന്റേതാക്കി മാറ്റി. ശരാശരി ചിത്രങ്ങളെ പോലും ഉർവ്വശിയുടെ പ്രകടനം കമ്പോളത്തിൽ രക്ഷപ്പെടുത്തി. 'കഴക'-ത്തിലെയും 'നാരായ'-ത്തിലെയും വേഷങ്ങളിൽ മൂർത്തമായ അഭിനയത്തിന്റെ സൂക്ഷ്മഭാവങ്ങൾ എത്ര ഒതുക്കത്തിലും മിഴിവോടെയുമാണ് അവർ അവതരിപ്പിച്ചത്! പ്രശസ്ത സംവിധായകൻ ബില്ലി വൈൽഡർ ചലച്ചിത്രതാരങ്ങളെക്കുറിച്ച് പറഞ്ഞത് 'ഓരോ സിനിമാ താരത്തിനും ഓരോ പ്രത്യേക വോൾട്ടളവുണ്ട്. സ്‌ക്രീനിനു നേരെ ഒരു പ്രകാശമാപിനി പിടിക്കുന്നതു പോലെയാണത്' എന്നാണ്. ഈ പ്രസ്താവം മലയാളത്തിൽ ഉർവ്വശിക്കാണ് ഏറ്റവും ഇണങ്ങുക. ഇവർ വെള്ളിത്തിരയിൽ വന്നപ്പോഴൊക്കെ മറ്റുള്ളവരേക്കാൾ കൂടുതൽ അടയാളപ്പെടുത്തി. ഇവരുടെ വർദ്ധിച്ച വോൾട്ടളവിൽ മറ്റു കഥാപാത്രങ്ങളെയോ സംവിധായകരെയോ ചിലപ്പോൾ നാം കാണാതെ പോയി. വെള്ളിത്തിരയിൽ ഒരിക്കലും വിരസമാകാത്തതുകൊണ്ട് അവരിൽ നിന്നും കണ്ണെടുക്കുക തന്നെ അസാദ്ധ്യമായിരിക്കും. ഒടുവിൽ പ്രേക്ഷകർ ഏറെ കയ്യടിച്ച സ്ഫടികത്തിലെ മദ്യപാനരംഗം ഉർവ്വശി ജീവിതത്തിൽ കാണിച്ചു തന്നപ്പോൾ ജനം തെറി വിളിച്ചു. വേദനകളുള്ളഅവരിലെ സാധാരണക്കാരിയെ അറിയേണ്ട ബാദ്ധ്യത കാണികൾക്കില്ല.'

സ്ത്രീയുടെ സ്വഭാവം പുരുഷനിൽ വികാരമുണർത്തുക മാത്രമാണെന്ന സങ്കൽപ്പത്തിൽ മലയാളസംവിധായകർ എറ്റവുമധികമുപയോഗിച്ച ശരീരം ഒരു പക്ഷേ ശ്രീവിദ്യ എന്നനടിയുടേതായിരിക്കും. കാഴ്ചയും ലൈംഗികോത്തേജനവും തമ്മിലുള്ള ബന്ധം പരമാവധി പ്രയോജനപ്പെടുത്താനാണ് സിനിമ എക്കാലത്തും ഈ നടിയിലൂടെ ശ്രമിച്ചിട്ടുള്ളത്. ശ്രീവിദ്യയുടെ സവർണ്ണ ലക്ഷണങ്ങൾ തികഞ്ഞ ശരീരം അവരെ ഒരു തികഞ്ഞ രതിശില്പമോ രതിദേവതയോ ആക്കുന്നു. വാത്സല്യവും കാമവും അധികാരവും വശ്യതയും നിറഞ്ഞു കവിയുന്ന ആ മുഖവും ശരീരവും മികച്ച സംവിധായകർക്കു മുഴുവൻ അവരുടെ സ്വപ്നങ്ങൾ നിറക്കാൻ മാത്രം സമ്പന്നമായിരുന്നു. വാത്സല്യത്തോടെ നോക്കുന്ന കാമരൂപിണിയായ സ്ത്രീ ഭാവനാസമ്പന്നനായ ഏതൊരു പുരുഷനേയും മോഹിപ്പിക്കും അങ്ങനെയുള്ള സ്ത്രീകളുടെ, ഒരു കൈ അധികാരത്തോടെയും മറ്റൊരു കൈ സ്‌നേഹത്തോടെയും തങ്ങളോടിണങ്ങുന്ന പുരുഷനെ ചേർത്തു പിടിക്കും. അവരുടെ ഉടലിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ കഥയും മറ്റു കഥാപാത്രങ്ങളും നൈമിഷിക നിശ്ശബ്ദതയിലേക്കു വീണുപോകും. സമചിത്തത കൈവിടാതെ ശ്രീവിദ്യയെ കുറിച്ചു സംസാരിക്കാൻ പലർക്കും കഴിയാതെ വരുന്നതും അതുകൊണ്ടാകാം. ശ്രീവിദ്യയെ സ്ത്രീപ്രേക്ഷകർ പോലും പുരുഷകാഴ്ചയിലൂടെയാണ് കണ്ടത്. മദാലസയും മഞ്ജുളവാഗ്വിലാസയുമായ ഇവർ മലയാളസിനിമയിലെ ഏറ്റവും മികച്ച അഭിനേത്രിയും കൂടി ആയിരുന്നു. രതിബിംബം ആകുന്നതിൽ അവർ എത്രമാത്രം വിജയിച്ചുവോ അത്ര തന്നെ വിജയിച്ചു മികച്ച നടി എന്ന നിലയിലും. നിഴലും വെളിച്ചവുമെല്ലാം അവരുടെ ഉടലിനെചുറ്റിപ്പറ്റി നടന്നു. ശ്രീവിദ്യയുടെ മികച്ചതെന്നു വാഴ്‌ത്തപ്പെട്ട മിക്കവാറും എല്ലാ കഥാപാത്രങ്ങളും പുരുഷന്മാരെ അന്തമില്ലാതെ വശീകരിക്കുന്നവയാണ്, ആ കഥാപാത്രങ്ങളുടെ ഒരു പാതി കുലീനയും മറുപാതി കുലടയുമാണ്. കെ.ജി. ജോർജ്ജിന്റെ ആദമിന്റെ വാരിയെല്ല്, ഇരകൾ എന്നിവയാണ് ഏറ്റവുമധികം ഇത്തരത്തിൽ പ്രശംസിക്കപ്പെട്ടത്.'

ചെമ്മീനിലെ ഷീലയെ(കറുത്തമ്മ) മുൻനിർത്തി സമീപകാല കേരളീയ സമൂഹത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയ വിമർശനം നടത്തുന്നു, അടുത്ത ലേഖനം. തീരദേശസമൂഹങ്ങളുടെ സദാചാരവഴക്കങ്ങളെ ചെമ്മീൻ പ്രശ്‌നവത്കരിക്കുന്നതിന്റെ സംസ്‌കാരവും കേരളീയ കടൽത്തീരങ്ങളിൽ രൂപംകൊണ്ടു കഴിഞ്ഞ സമുദായസംഘർഷങ്ങളുടെ രാഷ്ട്രീയവും ചർച്ചചെയ്യുന്ന ശ്രദ്ധേയമായ പഠനമാണിത്. മിത്തും ചരിത്രവും തമ്മിൽ നടക്കുന്ന അസാധാരണമായൊരു രാസപ്രവർത്തനത്തിന്റെ രാഷ്ട്രീയ ഫലമായി ചെമ്മീൻ പിൽക്കാലകേരളീയ സമൂഹത്തിൽ വായിക്കപ്പെടുന്നതിന്റെ സാധ്യതകളാണ് ഈ രചന തുറന്നിടുന്നത്.

എൺപതുകളിലെ മലയാള സിനിമയിൽ ഭരതനും പത്മരാജനും ചേർന്നു സൃഷ്ടിച്ച തീഷ്ണകാമനകളുടെ തീപിടുത്തങ്ങളെ കുറിച്ചാണ് മൂന്നാം ലേഖനം. 'തകര' മുതൽ 'തുവാനത്തുമ്പികൾ' വരെ, സ്ത്രീയുടെ ആത്മാവിലും ശരീരത്തിലും അഗ്നിപടർത്തിയ മലയാളത്തിലെ എണ്ണം പറഞ്ഞ പ്രണയ,രതിചിത്രങ്ങൾ, 'ലൈംഗികവിഷയങ്ങളിൽ മലയാളി പുലർത്തുന്ന കാപട്യത്തോടുള്ള കലാത്മകവും വിമർശനാത്മകവുമായ കലാപങ്ങളായിരുന്നു' എന്ന് ശാരദക്കുട്ടി നിരീക്ഷിക്കുന്നു.

'പെണ്ണുടലിന്റെ പ്രഖ്യാപനങ്ങൾ' എന്ന നാലാമത്തെ രചന, കാമറയുടെ കാമക്കണ്ണുകൾക്കു പിന്നിൽ(അഥവാ കാമത്തിന്റെ കാമറക്കണ്ണുകൾക്ക് പിന്നിൽ) നിന്ന് മലയാളി പുരുഷന്മാർ പെണ്ണുടലിനെ നോക്കിക്കാണുന്നതിന്റെ നാനാലോകങ്ങൾ മറനീക്കുന്നു. കേരളീയ സമൂഹത്തിൽ ചരിത്രപരമായി രൂപം കൊണ്ട നഗ്നത, ലൈംഗികത,സദാചാരം, അശ്ലീലം തുടങ്ങിയ സങ്കല്പനങ്ങളെ മലയാള സിനിമ എങ്ങനെ വാണിജ്യവത്കരിച്ചു എന്നാണ് ശാരദക്കുട്ടി ഈ ലേഖനത്തിൽ സമർത്ഥിക്കുന്നത്. കുലടയും കുലീനയുമായി മലയാളിസ്ത്രീ നേടിയ ഉടൽജീവിതങ്ങളുടെ ഭൂതകാലത്തെക്കുറിച്ചുള്ള ഒന്നാന്തരമൊരു വിശകലനമായി ഈ ലേഖനം മാറുന്നു. 


സിനിമയും കാമറയും സൃഷ്ടിക്കുന്ന സ്ത്രീത്വത്തിന്റെ പ്രതിലോമപരമായ രാഷ്ട്രീയ മൂല്യങ്ങളെ കാണാതെ പോകുന്നു എന്നതാകാം ഒരു പക്ഷെ ഈ നാലുരചനകളിലും ശാരദക്കുട്ടി സ്വീകരിക്കുന്ന സമീപനങ്ങളുടെ മുഖ്യപരിമിതി. എന്നാൽ, പരമ്പരാഗത മൂല്യങ്ങളിൽ സ്ത്രീയെ തളച്ചിടുന്ന പുരുഷാധീശ സ്ഥാപനങ്ങളോടു കലഹിക്കുന്നതിൽ അവർ തെല്ലും മടികാണിക്കുന്നില്ല. അതിലുപരി, സ്ത്രീയുടെ ആത്മാവിഷ്‌കാരങ്ങളിലും തെരഞ്ഞെടുപ്പുകളിലും കൂടി അവൾ പ്രകടിപ്പിക്കുന്ന ശരീരത്തിന്റെയും ആത്മാവിന്റെയും ആനന്ദമാർഗങ്ങളെ തിരിച്ചറിയുന്നതിൽ പൊതുവെ സ്ത്രീവാദികൾ കാണിക്കാത്ത ആർജ്ജവം ശാരദക്കുട്ടിക്കുണ്ടുതാനും. ചിലരെങ്കിലും സംശയിക്കുന്നതുപോലെ സിനിമയെക്കുറിച്ച് ശാരദക്കുട്ടിക്കുള്ളത് ആൺകാഴ്ചകളാണോ? അല്ലെന്നു തെളിയിച്ചുകൊണ്ട് ,നാലാമത്തെ ലേഖനം അവർ സമാപിപ്പിക്കുന്നതിങ്ങനെയാണ്:
'ആണത്തവും പെണ്ണത്തവുമുള്ള കലാകാരന്മാരും കലാകാരികളുമായിരുന്നു അക്കാലത്തെ മലയാള സിനിമയുടെ കരുത്ത്. ഷീലയുടെയും ശാരദയുടെയും ജയഭാരതിയുടെയും നിർബന്ധങ്ങൾക്ക് സെറ്റുകളിൽ വില കിട്ടുമായിരുന്നു. തങ്ങളുടെ തലപ്പൊക്കത്തെക്കുറിച്ച് അവർ ബോധവതികളായിരുന്നു. സിനിമാഭിനയം കുറ്റകരമായ കലയല്ല. സിനിമ ആദ്യവസാനം മോഹങ്ങളെയും സ്വപ്നങ്ങളെയും ഉത്പാദിപ്പിക്കുന്ന കലയാണ്. ജീവിതങ്ങളെ നിലനിർത്തുന്ന വ്യവസായമാണ്. പെൺ കാഴ്ച ആണിന് ഒരു പ്രത്യാശതന്നെയാണ്. ജീവിക്കാനും പ്രണയിക്കാനും കാമിക്കാനുമുള്ള അവകാശത്തിന്റെ ഭാഗമാണത്. ആൺ കാഴ്ചകൾ പെണ്ണിനും ഇതേ അവകാശം നല്കുന്നുണ്ട്. സമൂഹത്തിന്റെ വിരസവും വന്ധ്യവുമായ ജീവിതമുഹൂർത്തങ്ങളിൽ സ്വയം വിവസ്ത്രരായിക്കൊണ്ട് കാഴ്ചയുടെ ഉടലുകൾ നടത്തിയ വിമോചനപ്രഖ്യാപനം കൂടിയാണ് മലയാളസിനിമയിലെ പെൺചരിത്രം. നമ്മുടെ ആഹ്ലാദങ്ങളിലേക്കായിരുന്നല്ലോ അവർ അവരുടെ ചേലകളെറിഞ്ഞു തന്നത്.'

തുടർന്നുള്ള അഞ്ച് ലേഖനങ്ങൾ ചലച്ചിത്രഗാനങ്ങളെ കേന്ദ്രീകരിക്കുന്ന സ്ത്രീപക്ഷ സാംസ്‌കാരിക വിചാരങ്ങളാണ്. ജനപ്രിയസംസ്‌കാരപഠനങ്ങളിൽ ചലച്ചിത്ര ഗാനത്തിനു കൈവന്നിട്ടുള്ള സമീപകാല പ്രസക്തി ഊട്ടിയുറപ്പിക്കുന്നവയാണ് ഈ രചനകൾ. കാല്പനികവും അതിവൈകാരികവുമായ ആത്മഹർഷങ്ങളുടെ ഏകാന്തചിന്തകളായി ഭാവനചെയ്യപ്പെട്ട ഇവ, കേരളീയ സ്ത്രീ തന്റെ അഭിനിവേശങ്ങൾക്കു കണ്ടെത്തിയ ശ്രാവ്യജീവിതത്തിന്റെ ഉള്ളുരുക്കങ്ങൾ ഒന്നോടെ പകർന്നു വയ്ക്കുന്നുണ്ട്.

സ്വന്തം അച്ഛന്റെ കുഞ്ഞിനെ പ്രസവിക്കേണ്ടി വരുന്ന നിർമല എന്ന ബാല്യകാല സഖിയുടെ കിടിലം കൊള്ളിക്കുന്ന ജീവിതാനുഭവങ്ങളെ ഒരു പാട്ടിന്റെ അതിതീവ്രമായ ലാവണ്യാനുഭൂതികളിലേക്കു സംക്രമിപ്പിക്കുന്ന അസാധാരണമായ രചനയാണ് 'എന്റെ ഏകാന്തതയിലെ മൗനഗാനം'. പാട്ടും മനുഷ്യ ജീവിതവും തമ്മിലുള്ള അപാരമായ ആത്മബന്ധത്തിന്റെ ഇഴച്ചേർച്ചകൾ ഇത്രമേൽ തീക്ഷ്ണമായാവിഷ്‌കരിക്കുന്ന മറ്റൊരെഴുത്ത് മലയാളത്തിലില്ല.

പാട്ട്: രസവും ധ്വനിയും എന്ന ലേഖനം മലയാള ചലച്ചിത്ര ഗാനങ്ങളുടെ അനുഭൂതിലോകങ്ങളെ ചരിത്രബദ്ധവും സൗന്ദര്യനിഷ്ഠവുമായി അവലോകനം ചെയ്യുന്നു. ജനപ്രിയ സംസ്‌കാരമെന്ന നിലയിൽ ചലച്ചിത്രഗാനം ശ്രോതാക്കളുടെ ചോദനകളെ ഉണർത്തുന്നതിന്റെ രീതിഭേദങ്ങൾ വിശദീകരിക്കാനാണ് ഇവിടെ ശാരദക്കുട്ടിയുടെ ശ്രമം. വയലാറും ഭാസ്‌കരനും ഒ.എൻ.വിയും മുതൽ നാലാംകിട പാട്ടെഴുത്തുകാർ വരെ അവതരിപ്പിക്കപ്പെടുന്നു. മുഴുവൻ ലേഖനങ്ങളിലുമെന്നപോലെ പാട്ടിന്റെ 'സാഹിത്യ'-മാണ് ഈ രചനയിലും ശാരദക്കുട്ടിയുടെ ചർച്ചാവിഷയം.

ശ്രീകുമാരൻ തമ്പിയുടെ ചലച്ചിത്രഗാനങ്ങളെ സമഗ്രമായി വിശകലനം ചെയ്തുകൊണ്ട് സ്ത്രീശരീരത്തിന്റെയും പ്രണയത്തിന്റെയുമൊക്കെ ജൈവചോദനകളെ പാട്ടിന്റെ ചതുരശ്രശോഭയിലേക്കന്വയിക്കുന്ന മികച്ച ലേഖനമാണ് 'ആരാരേയാദ്യമുണർത്തീ...'. സ്ത്രീപുരുഷബന്ധത്തിലെ കാമനാവേഗങ്ങളെ ഏറ്റവും കമനീയമായാവിഷ്‌കരിച്ച തമ്പിയുടെ ഗാനങ്ങളെക്കുറിച്ച് മലയാളത്തിലെഴുതപ്പെട്ട ഏറ്റവും മികച്ച ആസ്വാദനമിതാണ്. കവികൾ തങ്ങളുടെ കവിതകളേക്കാൾ തരംതാണ രചനകളായി പാട്ടുകളെ കണക്കാക്കുന്ന രീതിയോട് വിയോജിക്കാനും ശാരദക്കുട്ടി മടിക്കുന്നില്ല.

ഒ.എൻ.വി കുറുപ്പിന്റെ കവിതകളെക്കാൾ ജനപ്രീതിനേടിയ പാട്ടുകളെക്കുറിച്ചാണ് അടുത്ത ലേഖനം. പാട്ടുകവി, കാല്പനികകവി എന്നൊക്കെ ആരെങ്കിലും വിളിച്ചാൽ ക്ഷുഭിതനാകുമായിരുന്നു, ഒ.എൻ.വി. അദ്ദേഹത്തെ ഏറെ ക്ഷോഭിപ്പിച്ച രചനയാണ് ശാരദക്കുട്ടിയുടേത്. 'ഗദ്യത്തിലേക്കു വിവർത്തനം ചെയ്യാനാകാത്ത സാന്ദ്രീകൃതമായ വികാരമാണ് ഒ.എൻ.വിയുടെ ഗാനബിംബങ്ങൾ' എന്ന് ശാരദക്കുട്ടി പറയും. അതേസമയം തന്നെ പ്രണയത്തിന്റെ ഭാഷയിൽ അസാധാരണമായ 'നിയന്ത്രണം'പാലിച്ച  ശരീരത്തെ മറച്ച ആദർശവാദിയുമാണ് ഒ.എൻ.വി എന്ന് വിമർശിക്കുകയും ചെയ്യും.

പാട്ടുകൾ ഒരു പെണ്ണിനെ എങ്ങനെയൊക്കെ സ്വാതന്ത്രയാക്കുന്നു എന്നതിന്റെ വിശദീകരണമാണ് അവസാനലേഖനം. മതവും സമൂഹവും കുടുംബവുമൊക്കെ പെണ്ണിന്റെ ഉടലിനും വികാരങ്ങൾക്കും മേൽ അണിയിച്ച വിലങ്ങുകൾ സ്വകാര്യനിമിഷങ്ങളിലെങ്കിലും പൊട്ടിച്ചു കളയാൻ അവളെ പ്രാപ്തയാക്കുന്ന കലാരൂപമാണ് ചലച്ചിത്രഗാനങ്ങൾ എന്ന് ശാരദക്കുട്ടി സ്ഥാപിക്കുന്നു. പ്രണയരതികളുടെ മാത്രമല്ല, ആത്മസംഘർഷങ്ങളുടെയും രാപകലുകളെ അതിജീവിക്കാൻ പെണ്ണിനെ പ്രേരിപ്പിക്കുന്ന പാട്ടുകളുടെ ജീവതാളം അപൂർവ്വമായ ഒരു സാംസ്‌കാരികാനുഭവമായി വിശദീകരിക്കുന്നു, ശാരദക്കുട്ടി. മാതാഹരിയുടെ നൃത്താവേശം മുതൽ റെസോസെറസിന്റെ ഹത്യാഗാനം വരെയുള്ളവ ചൂണ്ടിക്കാട്ടി, ജീവിതത്തിനും മരണത്തിനുമിടയിൽ പാട്ടുകൾ കെട്ടിയ പാലങ്ങളുടെ കത്തുന്ന അനുഭവങ്ങൾ ശാരദക്കുട്ടി ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.


ചുരുക്കിപ്പറഞ്ഞാൽ, ആധുനിക കേരളീയ സ്ത്രീ, അവളുടെ ഉടലിന്റെയും ഉയിരിന്റെയും വിമോചന മാദ്ധ്യമങ്ങളിലൊന്നായി സിനിമയെ കണ്ടെത്തിയതിന്റെ പലതരം വ്യാഖ്യാനങ്ങളാകുന്നു ഈ പുസ്‌കത്തിലെ ഓരോ ലേഖനവും. നായികമാരുടെ അഭിനയശരീരം മുതൽ ജനപ്രിയഗാനങ്ങളിലെ വികാര സംപൃക്തമായ ശാരീരം വരെയുള്ളവ എങ്ങനെ മലയാളിപ്പെണ്ണിന്റെ ആന്തരലോകങ്ങൾക്കു ചിറകുകൾ നൽകി എന്നതിന്റെ ലാവണ്യാത്മക വിശകലനം. കല, ജീവിതവും ജീവിതം കലയുമായി മാറുന്നതെങ്ങനെ എന്നതിന്റെ അസാമാന്യമായ ആത്മസാക്ഷ്യം.

പുസ്തകത്തിൽ നിന്ന്

ലച്ചിത്രഗാനങ്ങൾ ഏറ്റവുമധികം ആശ്രയിക്കുന്നത് സ്ത്രീശരീരത്തിന്റെ ബിംബവത്കരണത്തെയാണ്. ഇന്ദ്രിയവേദ്യമായ പെൺശരീരം തന്നെയാണ് ഗാനങ്ങളുടെ ആകർഷണകേന്ദ്രം. എന്നാൽ പരസ്യചിത്രങ്ങളിലേതുപോലെ കേവലം ഒരു ലൈംഗികവസ്തുവായി പെൺശരീരത്തെ വ്യഖ്യാനിക്കുകയല്ല ഗാനങ്ങൾ ചെയ്യുന്നത്. ലൈംഗികാനുഭൂതിയെ മനുഷ്യന്റെ ഏറ്റവും ഉദാത്തമായ വൈകാരികാനുഭൂതിയായി കണ്ടവരാണ് നമ്മുടെ മികച്ച ഗാനരചയിതാക്കളെല്ലാം. അതുകൊണ്ടാണല്ലോ ഒരിക്കലും അടങ്ങാത്ത രതിതൃഷ്ണകളെ ശമിപ്പിക്കുവാനായി സ്വപ്നാടനത്തിലെന്നതു പോലെ നാം ആ പാട്ടുകളിലേക്ക് പിന്നെയും പിന്നെയും ആകൃഷ്ടരാകുന്നത്. പൊയ്‌പ്പോയ യുവത്വത്തിന്റെ അഭിലാഷങ്ങൾ ഒന്നും എന്നെ ഇന്നു ഭ്രമിപ്പിക്കുന്നില്ല എന്ന് അഹങ്കരിക്കുമ്പോഴാകും അടിമുടി തളർത്തിക്കൊണ്ട് ഈ ഗാനം വന്നെന്റെ മടിയിൽ വീഴുക...

'ഉറങ്ങുമ്പോഴും മലർവള്ളിപ്പെണ്ണിൻ
ഉടലിൽ നിറയുന്നു പുളകം
കരയുമ്പോഴും പ്രിയതന്റെ ചുണ്ടിൽ
അടരാൻ തുടിക്കുന്നു രാഗം
എനിക്കുള്ളതാം പത്മരാഗം'
(ഹൃദയേശ്വരീ നിൻ നെടുവീർപ്പിൽ)

മലർവള്ളിപ്പെണ്ണിന്റെ ഉടൽ സ്വന്തമുടലായി തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ ആ പുളകോദ്ഗമം അനുഭവിപ്പിക്കുവാൻ ശേഷിയുള്ള കാവ്യബിംബങ്ങൾ. പരാവർത്തനത്തിലൂടെ വെളിപ്പെടുത്താനാവില്ല ആ അനുഭൂതിതലങ്ങളെ. രൂപശില്പത്തിലൂടെ, ബിംബസംയോജനത്തിലൂടെ ഓരോ ഗാനത്തിലെയും അനുഭൂതിതലം ഉരുത്തിരിയുകയാണ്. സംഗീതത്തിന് മനുഷ്യരേക്കാൾ സൗമ്യതയുംസഹിഷ്ണുതയുമുണ്ട്. അവ മനുഷ്യരെ ഉന്മാദത്തിലേക്ക് സ്വതന്ത്രരാക്കുന്നു. സദാചാരപാഠങ്ങൾ കൊണ്ട് അവിടെ ആർക്കും ശ്വാസംമുട്ടലനുഭവിക്കേണ്ടി വരുന്നില്ല. ഒരു പെണ്ണിന്
'അധരം നീട്ടാനവനില്ലെങ്കിൽ
മധുകണമെന്തിനു മലരിൽ'

എന്ന് സ്വതന്ത്രമനസ്സായി ആത്മഗതം ചെയ്യുവാൻ കഴിയുന്നു. അന്നത്തെ ആ ചലച്ചിത്രങ്ങളെല്ലാം മറവിൽ പെട്ടുപോയിട്ടും പാട്ടുകൾ ഇന്നും നിലനിൽക്കുന്നുവെങ്കിൽ, മനുഷ്യന്റെ വൈകാരികതൃഷ്ണകളുമായി അവ അത്രക്കു ബന്ധപ്പെട്ടു കിടക്കുന്നു എന്നാണർഥം.
സ്ത്രീ ജീവിക്കുന്ന എണ്ണമറ്റ വേഷങ്ങളിൽ ഒന്നു മാത്രമാണ് പ്രണയിനിയുടേത്. ഒരുപക്ഷേ അവൾ ചെയ്യുന്ന ഏറ്റവും ആനന്ദകരമായ വേഷവും അതുതന്നെയാകും. എന്നിട്ടും ചലച്ചിത്രഗാനങ്ങളിൽ പെണ്ണു പാടുന്ന പാട്ടുകളേറെയും ഒന്നുകിൽ താരാട്ടായി, അല്ലെങ്കിൽ വിലാപമായി, അതുമല്ലെങ്കിൽ ഗൃഹാതുരത നിറഞ്ഞ നെടുവീർപ്പായി. സമുദ്രം അതിന്റെ അഭിലാഷം ഉച്ഛരിക്കാതെ ആഴങ്ങളിൽ ഒളിപ്പിക്കുന്നതുപോലെയാണത്. എന്നാൽ പെൺമനസ്സിന്റെ രഹസ്യപദ്ധതികൾ തിരിച്ചറിയണമെങ്കിൽ അവൾക്ക് ഒരു യഥാർഥ പ്രണയി ഉണ്ടാകണം. നമ്മുടെ മികച്ച ഗാനരചയിതാക്കളെല്ലാം മികച്ച കാമുകന്മാരും ആയിരുന്നിരിക്കണം. അല്ലെങ്കിൽ അവളുടെ നെടുവീർപ്പിൽ ഒരു മധുരസംഗീതം കേൾക്കാൻ അവർക്ക് എങ്ങനെ കഴിയുന്നു?
പ്രണയികളാരുമല്ല എന്റെ ഇന്ദ്രിയങ്ങളുടെ താളം തെറ്റിച്ചവർ, ഗാനരചിതാക്കളാണ്. സംഗീതസംവിധായകരും ഗായകരുമാണ്. അവരാണ് അപഥത്തിൽ സഞ്ചരിക്കുവാൻ പ്രേരിപ്പിക്കുന്ന ഒരു പരിശുദ്ധി എന്നിൽ നിറച്ചത്. ശരാശരി മനുഷ്യരിൽ ഗാനങ്ങൾ ഏതെല്ലാമോ തരത്തിൽ പ്രതിപ്രവർത്തിച്ചിട്ടുണ്ട്.

'പണ്ടെപ്പൊഴോ നമ്മളറിയാതെ മൂളിയ
പാട്ടിന്റെ പിൻവിളി കേട്ടിറങ്ങി
ആരോരുമില്ലാത്തിരുട്ടത്തു വച്ചു ഞാൻ
വേറെയെന്തെങ്കിലും കാട്ടിയാലോ'

എന്ന് മോഹനകൃഷ്ണൻ കാലടി ഒരു കവിതയിൽ എഴുതിയത് ഓർമ്മയിലുണ്ട്....

ചുംബനത്തെക്കുറിച്ച് പല ജനസമൂഹങ്ങൾക്കും അറിയില്ലെന്നു ഡാർവിൻ പറഞ്ഞത് പഴയ കഥ. നായർസ്ത്രീകൾക്ക് ശരിയായി ചുംബിക്കാനറിയില്ലെന്ന് വി.ടി. ഭട്ടതിരിപ്പാട് ഒരിക്കൽ എഴുതിയത് മരുമക്കത്തായ കുടുംബങ്ങളിൽ പ്രണയവും രതിയും ഒക്കെ വെറും ചടങ്ങായി തുടരുന്നതിനെ പരിഹസിച്ചുകൊണ്ടാണ്. കൗമാരകാലത്ത് ഒരിക്കൽ കേട്ട ഒരു പാട്ടാണ് എന്നെ ചുംബനത്തിന്റെ ആലക്തികസൗന്ദര്യം അനുഭവിപ്പിച്ചത്. ദൈവത്തിന്റെ ഒരു സ്വർണ്ണവാൾ ഹൃദയത്തിലൂടെ കടന്നുപോയ അനുഭവമായിരുന്നു അത്. ഈ ഗാനത്തിലൂടെ പകർന്നുകിട്ടിയ പ്രേമത്തിന്റെ ഉദാരമാധുര്യം എനിക്കിന്നും ആദ്യചുംബനത്തിന്റെ അനുഭവമായി ഓർമ്മയിൽ ജ്വലിച്ചുനിൽക്കുന്നു. ഈ ഈണവും അതിലലിഞ്ഞ പ്രണയവും പോലൊന്ന് ജീവിതത്തിൽ ഇനിയൊരിക്കലും ലഭിക്കാനിടയില്ല.

ഹൃദയവതീ നിൻ മധുരവനത്തിലെ
മലർവാടമൊരുവട്ടം തുറക്കുകില്ലേ...
അറിയാതെ പൊഴിയുന്ന മധുകണമെങ്കിലും
നുകരുവാനനുവാദം തരികയില്ലേ.....
അധരദളപുടം നീ വിടർത്തിടുമ്പോൾ
അതിലൊരു ശലഭമായ് ഞാനമരും...
(മനോഹരീ നിൻ ... മനോരഥത്തിൽ...)

തുറന്നുവരുന്ന ചുണ്ടുകളിലാണ് ചുംബനം ഏറ്റുവാങ്ങേണ്ടതെന്നു പോലും അറിയാതെ യൗവ്വനം കടന്നുപോയവരാകും ഏറെപ്പേരും. ചുംബനത്തെ അതിന്റെ പ്രക്രിയയുടെ താരള്യം വർണ്ണിച്ചുകൊണ്ട് ഇത്ര വിവശമായി ആവശ്യപ്പെടുന്ന ഒരു ഗാനം മലയാളത്തിൽ വേറെ ഉണ്ടാവില്ല. പലതരം ചുംബനങ്ങളിൽ ഏറ്റവും ആഗ്രഹത്തോടെ നിർവ്വഹിക്കപ്പെടുന്ന ഈ ചുംബനത്തെ വാത്സ്യായനൻ സ്ഫുരിതകം എന്ന വകുപ്പിലാണ് ചേർത്തിരിക്കുന്നത്. ചുംബിക്കാനറിയാത്ത പെണ്ണിനെ ചുംബനത്തിനു മോഹിപ്പിക്കുന്ന ഗാനം.

'വിടരും അധരം വിറകൊൾവതെന്തിനായ്
തിളങ്ങും നയനം നനയുവതെന്തിനായ്'
(മൗനം പോലും മധുരം)

ആഗ്രഹതിരേകത്താൽ വിറകൊള്ളുന്ന അധരമാണ് സ്ഫുരിത ചുംബനത്തിന് ആ പേരു നൽകുന്നതെന്ന് കാമശാസ്ത്രം പറയുന്നു. ഈ ഗാനങ്ങൾ പ്രണയിനികൾക്ക് ചുംബനം കൊണ്ട് മാലയും മുലക്കച്ചയും അരഞ്ഞാണവും കൈവളയും തീർത്തുകൊടുക്കുന്നു.

നാലാമത്തെ ചുവർ
ശാരദക്കുട്ടി
ലോഗോസ് ബുക്‌സ്
2016 വില 110 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP