Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അജയ് ഇല്ലാത്ത ലോകത്ത് ഇനി ഞാനും ജീവിക്കുന്നില്ല: അവരുടെ രാവുകളുടെ സിനിമാ നിർമ്മതാവിന് പിന്നാലെ കാമുകിയും ആത്മഹത്യ ചെയ്തു; അജയ് കൃഷ്ണയുടേയും വിനീതാ നായരുടേയും മരണങ്ങളിൽ ദുരൂഹത

അജയ് ഇല്ലാത്ത ലോകത്ത് ഇനി ഞാനും ജീവിക്കുന്നില്ല: അവരുടെ രാവുകളുടെ സിനിമാ നിർമ്മതാവിന് പിന്നാലെ കാമുകിയും ആത്മഹത്യ ചെയ്തു; അജയ് കൃഷ്ണയുടേയും വിനീതാ നായരുടേയും മരണങ്ങളിൽ ദുരൂഹത

മറുനാടൻ മലയാളി ബ്യൂറോ

അഞ്ചൽ: കഴിഞ്ഞ വ്യാഴാഴ്ച വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത അഞ്ചൽ അലയമൺ അർച്ചന തിയേറ്ററിന് സമീപം ലക്ഷ്മീ സദനത്തിൽ വിനീത നായർ (28) ചലച്ചിത്ര നിർമ്മാതാവ് അജയ് കൃഷ്ണയുമായി പ്രണയത്തിലായിരുന്നുവെന്ന് സൂചന. വീടിനുള്ളിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് വിനീതയെ കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്നും കണ്ടെത്തിയ ആത്മഹത്യകുറിപ്പിൽ വിനീതയും അജയ് കൃഷ്ണയുമായി പ്രണയത്തിലായിരുന്നുവെന്ന് വ്യക്തമായതായി അഞ്ചൽ എസ്.ഐ എസ്. സതീഷ്‌കുമാർ പറഞ്ഞു.

'അജയ് ഇല്ലാത്ത ലോകത്ത് ഇനി ഞാനും ജീവിക്കുന്നില്ല' എന്ന് ആത്മഹത്യാക്കുറിപ്പിൽ കണ്ടെത്തിയതായി പൊലിസ് പറഞ്ഞു. വിനീത ബാംഗ്ലൂരിൽ ഫാഷൻ ഡിസൈനിങ് കോഴ്‌സിന് പഠിക്കുമ്പോഴാണ് അജയ് കൃഷ്ണയുമായി സൗഹൃദത്തിലായത്രേ. കോഴ്‌സ് പൂർത്തിയാക്കിയ വിനീത കുറച്ച് കാലമായി നാട്ടിൽ തന്നെയായിരുന്നു. അജയ് ഏപ്രിൽ 24 നാണ് ആത്മഹത്യ ചെയ്തത്. അച്ഛൻ നേരത്തേ മരിച്ച വിനീത അമ്മയോടൊപ്പമായിരുന്നു താമസം. സഹോദരി കുടുംബത്തോടൊപ്പം വിദേശത്താണ്.

വിനീതയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം സംസ്‌കരിച്ചു. സിനിമാ നിർമ്മാതാവായ കൊല്ലം തിരുമുല്ലവാരം സ്വദേശി അജയ് കൃഷ്ണനെ (29) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 'അവരുടെ രാവുകൾ' എന്ന ആസിഫ് അലി നായകനായ സിനിമയുടെ നിർമ്മാതാവായിരുന്നു അജയ്. സിനിമാനിർമ്മാണത്തിനു ശേഷമുള്ള സാമ്പത്തിക ബാധ്യതകളെ തുടർന്നാണ് ആത്മഹത്യയെന്ന് പ്രചരിച്ചിരുന്നതെങ്കിലും വിനീതയുടെ ആത്മഹത്യയോടെ ദുരൂഹത ഏറുകയാണ്.

അജയ് കൃഷ്ണന് ആത്മഹത്യ ചെയ്യാൻ തക്ക യാതൊരുവിധ സാമ്പത്തിക ബുദ്ധിമുട്ടുകളും ഇല്ലായിരുന്നുവെന്ന് സുഹൃത്തക്കൾ പറയുന്നു. സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക പ്രതിസന്ധി ഉണ്ടായി എന്നത് ശരിയല്ല. സിനിമയുടെ നിർമ്മാണത്തിന് ആവശ്യമായ പണം അജയ് പല സുഹൃത്തുക്കളിൽ നിന്നായി സമാഹരിച്ചിരുന്നു എന്നത് ശരിയാണ്. എന്നാൽ അതിന്റെ പകുതി പണം പോലും ചിത്രത്തിന്റെ ഇതുവരെയുള്ള നിർമ്മാണത്തിനായി ചെലവഴിച്ചിട്ടില്ലെന്നാണ് സിനിമയുമായി ബന്ധപ്പെട്ടവർ പറയുന്നത്.

പിന്നെ അജയ് എന്തിനു ആത്മഹത്യ ചെയ്തു എന്ന് തങ്ങൾക്ക് മനസിലാവുന്നില്ല. ഇപ്പോൾ ആത്മഹത്യ ചെയ്തു എന്നുപറയുന്ന കുട്ടിയെ കാണാൻ പല തവണ അഞ്ചലിൽ പോയിരുന്നതായി സുഹൃത്തുക്കളിൽ നിന്ന് അറിയാൻ കഴിഞ്ഞിരുന്നതായും ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും അജയിന്റെ സുഹൃത്തുക്കൾ പറയുന്നു.

നടനും നിർമ്മാതാവുമായ അജയ് കൃഷ്ണൻ ആത്മഹത്യ ചെയ്തത് താൻ ആദ്യമായി നിർമ്മിച്ച സിനിമയുടെ പ്രിവ്യൂ കണ്ടതിന് ശേഷമെന്നു റിപ്പോർട്ട് വന്നിരുന്നു. സിനിമ നന്നാകാത്തതിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി ജീവിതം തകർക്കുമെന്ന കണക്കുകൂട്ടലിലാണ് അജയ് ആത്മഹത്യ ചെയ്തതെന്ന സൂചനയാണ് അതിലുണ്ടായിരുന്നത്. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചതായി ഇന്ത്യൻ എക്സ്‌പ്രസാണു റിപ്പോർട്ട് ചെയ്തത്. നാലുകോടി രൂപ മുടക്കിയാണു ചിത്രം നിർമ്മിച്ചത്. എന്നാൽ, പ്രതീക്ഷിച്ചതു പോലെ സിനിമ നന്നായില്ല എന്ന വിലയിരുത്തലിലാണ് അജയ് ആത്മഹത്യ ചെയ്തതെന്നാണു പൊലീസ് പറയുന്നത്.

പ്രിവ്യൂ കണ്ടതോടെ ആശങ്കയിലായ അജയ് ഇക്കാര്യം അദ്ദേഹം മാതാപിതാക്കളുമായി സംസാരിച്ചിരുന്നതായും എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു. സിനിമയിലെ എഡിറ്റിങ് പൂർത്തിയാകാത്ത ദൃശ്യങ്ങൾ കാട്ടുകയും സിനിമ വിജയിക്കുമോ എന്ന് ആശങ്കപ്പെടുകയും ചെയ്തിരുന്നതായി ഡിവിഷൻ കൗൺസിലർ സുരേഷ് പറഞ്ഞിരുന്നു. ആസിഫലി നായകനായി ഉണ്ണി മുകുന്ദൻ, ഹണിറോസ് തുടങ്ങിയവർ അഭിനയിക്കുന്ന അവരുടെ രാവുകൾ എന്ന ചിത്രത്തിന്റെ നിർമ്മാതാവാണ് അജയ് കൃഷ്ണൻ. കഴിഞ്ഞ ശനിയാഴ്ചയാണ് അജയ് കൃഷ്ണനെ കൊല്ലത്തെ തിരുമുല്ലവാരത്തെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവ സമയത്ത് അജയ് കൃഷ്ണന്റെ പിതാവ് രാധാകൃഷ്ണൻ പിള്ളയും മാതാവ് ജയകുമാരിയും വീട്ടിലുണ്ടായിരുന്നു.

ഫിലിപ്‌സ് ആൻഡ് മങ്കിപെൻ എന്ന ചിത്രത്തിന് ശേഷം ഷനിൽ മുഹമ്മദ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് അവരുടെ രാവുകൾ. ഉണ്ണി മുകുന്ദൻ, അജു വർഗീസ്, വിനയ് ഫോർട്ട്, ലെന തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP