Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോഹൻ ഭാഗവതിന്റെ പ്രസംഗം ഗംഭീരമെന്ന് പ്രധാനമന്ത്രി മോദി; ദൂരദർശന്റെ തൽസമയ സംപ്രേഷണം കാവിവൽക്കരണ അജൻഡയുടെ ഭാഗമെന്ന ആരോപണവുമായി പ്രതിപക്ഷം; വിമർശനത്തിന് മറുപടിയുമായി ദൂരദർശൻ

മോഹൻ ഭാഗവതിന്റെ പ്രസംഗം ഗംഭീരമെന്ന് പ്രധാനമന്ത്രി മോദി; ദൂരദർശന്റെ തൽസമയ സംപ്രേഷണം കാവിവൽക്കരണ അജൻഡയുടെ ഭാഗമെന്ന ആരോപണവുമായി പ്രതിപക്ഷം; വിമർശനത്തിന് മറുപടിയുമായി ദൂരദർശൻ

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെ അഭിന്ദിച്ചാണ് ആർഎസ്എസ്. തലവൻ വിജയദശമി ദിന സന്ദേശം നൽകിയത്. ദൂരദർശനത് തൽസമയം കാണിക്കുകയും ചെയ്തു. കേന്ദ്രസർക്കാരിന്റെ ആർഎസ്എസ് പ്രീണനമാണിതെന്ന് വിമർശനം പ്രതിപക്ഷം ഉയർത്തി. ഹിന്ദുത്വ അജണ്ടയുടെ ദൂരദർശൻ പിടിച്ചെടുക്കലാണ് നടന്നതെന്ന് പ്രതിപക്ഷം വിശദീകരിച്ചു. എന്നാലിതൊന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുലുക്കുന്നില്ല.

തന്റെ സർക്കാരിനെ സാക്ഷാൽ മോഹൻ ഭാഗവത് പ്രകീർത്തിക്കുന്നു. മോദിയും അതു തന്നെ തിരിച്ച് ചെയ്തു. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളാണ് മോഹൻ ഭാഗവത് വിജയദശമി ദിനത്തിൽ ഉയർത്തുന്നതെന്ന് മോദി ചൂണ്ടിക്കാട്ടുന്നു. സാമൂഹിക പരിഷ്‌കരണത്തിനായി ആർഎസ്എസ് തലവൻ മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങൾക്ക് വർത്തമാനകാലത്ത് പ്രസക്തി ഏറെയാണെന്നാണ് മോദിയുടെ നിലപാട്. ഭാഗവത്തിന്റേത് ഹിന്ദുത്വ അജണ്ടയാണെന്ന പ്രതിപക്ഷ ആരോപണത്തിന് ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി മറുപടി നൽകുന്നത്. വിമർശിക്കുന്നവർക്ക് വായിക്കാനായെന്നോണം ഭാഗവത്തിന്റെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം കിട്ടുന്ന ലിങ്കും മോദി ട്വിറ്ററിലിട്ടിട്ടുണ്ട്.

ദൂരദർശൻ പ്രസംഗം കാട്ടിയതിനെ തുടർന്നുള്ള വിവാദത്തോട് പ്രതികരിക്കുന്നുമില്ല. അതായത് മോഹൻ ഭഗവത്തിന്റെ പ്രസംഗം ദൂരദർശൻ തൽസമയം കാട്ടിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കുഴപ്പമൊന്നും കാണുന്നില്ല. ദേശീയത ഉയർത്തി ആരു സംസാരിച്ചാലും ദൂരദർശൻ കാണിക്കുക തന്നെ ചെയ്യുമെന്ന പരോക്ഷ സൂചനയാണ് ട്വീറ്റിലൂടെ മോദി നൽകുന്നത്. ആർഎസ്എസിന്റെ സ്ഥാപക ദിനമാണ് വിജയദശമി. ഈ ദിവസം സർ സംഘചാലക് പ്രവർത്തകരെ അഭിസംബാധന ചെയ്യാറുണ്ട്. വാജ്‌പേയ് സർക്കാരിന്റെ കാലത്തു പോലും ഇത്തരം പ്രസംഗം ദൂരദർശൻ തൽസമയം കാണിച്ചിട്ടില്ല. പ്രസംഗത്തിന് പ്രാധാന്യവും നൽകിയിട്ടില്ല.

ഇത് ചൂണ്ടിക്കാട്ടിയാണ് മോദി സർക്കാരിന്റെ കാവിവൽക്കരണത്തിന്റെ ഭാഗമായാണ് ആർഎസ്എസ് മേധാവിയുടെ പ്രസംഗം സർക്കാർ ചാനലിൽ സംപ്രേഷണം ചെയ്തിട്ടുള്ളതെന്ന് ആരോപണം പ്രതിപക്ഷം ഉയർത്തിയത്. ഹിന്ദുത്വ അജൻഡ ജനങ്ങളിലേക്ക് എത്തിക്കാൻ സർക്കാർ മാദ്ധ്യമങ്ങൾ ഉപയോഗിക്കുകയാണ് ബിജെപിയും ആർഎസ്എസുമെന്നാണ് ആക്ഷേപം. ആർഎസ്എസ് പ്രവർത്തകർക്ക് മാർഗനിർദ്ദേശം എന്ന നിലയിലാണ് വിജയദശമി ദിനത്തിലെ മേധാവിയുടെ പ്രസംഗം വിലയിരുത്തപ്പെടുന്നത്. ഈ പ്രസംഗം ദേശീയ ചാനൽ വഴി രാജ്യമൊട്ടാകെ പ്രക്ഷേപണം ചെയ്തതിനു പിന്നിൽ വ്യക്തമായ അജൻഡയുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു. എന്നാൽ, വാർത്തയുടെ ഭാഗമായി ഇത്തരത്തിലൊരു പ്രസംഗം സംപ്രേഷണം ചെയ്യുന്നതിൽ തെറ്റില്ലെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.

പ്രസംഗം സംപ്രേഷണം ചെയ്തതിനെതിരെ ചരിത്രകാരൻ രാമചന്ദ്ര ഗുഹയും രംഗത്തെത്തി. ഇതുപോലെ ഇമാംമാരും പാതിരിമാരും അവകാശവാദമുന്നയിച്ചേക്കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. പ്രസംഗം സംപ്രേഷണം ചെയ്ത നടപടി തെറ്റായിപ്പോയെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പറഞ്ഞു. പ്രസംഗം സംപ്രേഷണം ചെയ്തതിന് ദൂരദർശനേയും പ്രതിക്കൂട്ടിൽ നിറുത്തുകയാണ് പ്രതിപക്ഷം. കേന്ദ്രസർക്കാരിന്റെ ചട്ടുകം പോലെ ദൂരദർശൻ പ്രവർത്തിക്കരുതെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

എന്നാൽ ഈ വിമർശനങ്ങൾക്ക് ദൂരദർശനും മറുപടി നൽകി. സാധാരണ വാർത്തയെ പോലെയാണ് മോഹൻ ഭാഗവത്തിന്റെ പ്രസംഗത്തേയും കൈകാര്യം ചെയ്തത്. പ്രത്യേക സംവിധാനങ്ങളൊന്നും ഇതിനായി ഏർപ്പെടുത്തിയിട്ടില്ലെന്നും ദൂരദർശൻ വിശദീകരിക്കുന്നു.

മോഹൻ ഭാഗവത്തിന്റെ പ്രസംഗം ദൂരദർശനിൽ തൽസമയം കാണിച്ചതിനെതിരെ വിമർശനവുമായി സിപിഐ(എം). ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും വിമർശിച്ചു. പരിപാടിയെ കുറിച്ച് വാർത്ത നൽകുന്നതും തൽസമയം കാണിക്കുന്നതും രണ്ടും രണ്ടാണ്. നരേന്ദ്ര മോദി ആർഎസ്എസ് പ്രാചരകനായതിനാലാണ് നടപടിയെ ന്യായീകരിച്ചത്. ആർ.എസ്.എസിന്റെ പ്രചരണത്തിന് ദൂരദർശനെ ദുരുപയോഗം ചെയ്‌തെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. 

ദൂരദർശൻ സംപ്രേഷണം ചെയ്ത മോഹൻ ഭാഗവത്തിന്റെ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ

സമ്പൂർണ്ണ ലോകത്തിനും വഴികാട്ടിയാവുന്ന രീതിയിൽ ഭാരതം വൈഭവപൂർണമാകണമെന്നായിരുന്നു ആർ.എസ്സ്.എസ്സ് സർസംഘ ചാലക് മോഹൻ ഭാഗവതിന്റെ ആഹ്വാനം. ആറുമാസം തികഞ്ഞിട്ടില്ലെങ്കിലും കേന്ദ്രസർക്കാർ സാമ്പത്തികവും സുരക്ഷാ സംബന്ധിയുമായ വിഷയങ്ങളിലും മറ്റു മേഖലകളിലും ദേശഹിതത്തിനനുഗുണമായി നയപരമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വരും ദിനങ്ങളിലും ദേശത്തിന്റെ നയങ്ങൾ സുനിശ്ചിതവും വ്യവസ്ഥാപിതവുമായി കൊണ്ടുപോകാൻ സർക്കാരിനു കഴിയേണ്ടതാണ്. ജമ്മു കാശ്മീർ പ്രളയ ദുരന്തത്തിൽ സ്തുത്യർഹമായി പ്രവർത്തിക്കാൻ കേന്ദ്ര സർക്കാരിനു സാധിച്ചു എന്നതിൽ സംശയമില്ലെന്നും ഭാഗവത് പറഞ്ഞു.

സമ്പൂർണ വൈഭവമാർന്ന ഭാരതമുണ്ടാകണമെന്ന ആഗ്രഹത്തോട് കൂടി സമൂഹം പ്രവർത്തിച്ചതുകൊണ്ടാണ് ഭരണ സംവിധാനത്തിൽ വലിയൊരു മാറ്റമുണ്ടായതെന്ന് മോഹൻ ഭാഗവത് സൂചിപ്പിച്ചു .രാജ്യത്തുടനീളം ആന്തരിക സുരക്ഷയ്ക്ക് വെല്ലുവിളിയായിക്കൊണ്ടിരിക്കുന്ന തീവ്രവാദത്തെയും നക്‌സൽ ഭീകരതയേയും അവരെ പരിപോഷിപ്പിക്കുന്ന ശക്തികളേയും നിയന്ത്രിക്കാനുതകുന്നതൊന്നും ചെയ്യാൻ സർക്കാരുകൾക്ക് സാധിച്ചിട്ടില്ല . ഇതിൽ സമൂഹത്തിനും പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു . സമൂഹത്തിലെ ഭേദഭാവനകൾ പിഴുതെറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മതവിശ്വാസത്തിലും മറ്റു ചിന്തകളിലും തങ്ങളൂടേത് മാത്രമാണ് ശരി എന്ന നിലപാട് ഉപേക്ഷിക്കുക. അഹിംസയിലും നിയമ വ്യവസ്ഥയിലും അധിഷ്ഠിതമായ മധ്യമാർഗ്ഗം അവലംബിച്ച് സമാധാനപരമായി ജീവിക്കാൻ നാം തയ്യാറാവണം. പാശ്ചാത്യ നാടുകളുടെ സ്വാർത്ഥചിന്തകളാണ് ഇസ്ലാമിക സ്‌റ്റേറ്റു പോലുള്ള തീവ്രവാദ സംഘങ്ങളെ സൃഷ്ടിക്കാൻ കാരണമായത്. എല്ലാവരേയും ഉൾക്കൊള്ളുന്ന, സർവാശ്ലേഷിയായ, സർവവ്യാപിയായ ഹിന്ദുത്വം അതുതന്നെയാണ് നമ്മുടെ സ്വത്വമെന്ന് മോഹൻ ഭാഗവത് പറഞ്ഞു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP