Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പന്തക്കപ്പാറാ ദേശത്ത് ബീഡി തെറുക്കും രാഘവനെ ബോംബെറിഞ്ഞു കൊന്ന...' മമ്പറം ദിവാകരനെ ഭൂതകാലം വേട്ടയാടുന്നു; പഴയ കൊലക്കേസ് വിഷയമാക്കി സിപിഎമ്മും; ദിവാകരൻ സത്യവാങ്മൂലത്തിൽ മറച്ചുവച്ചത് കെപിസിസി പ്രസിഡന്റ് പറഞ്ഞിട്ടെന്ന് എം വി ജയരാജൻ

'പന്തക്കപ്പാറാ ദേശത്ത് ബീഡി തെറുക്കും രാഘവനെ ബോംബെറിഞ്ഞു കൊന്ന...' മമ്പറം ദിവാകരനെ ഭൂതകാലം വേട്ടയാടുന്നു; പഴയ കൊലക്കേസ് വിഷയമാക്കി സിപിഎമ്മും; ദിവാകരൻ സത്യവാങ്മൂലത്തിൽ മറച്ചുവച്ചത് കെപിസിസി പ്രസിഡന്റ് പറഞ്ഞിട്ടെന്ന് എം വി ജയരാജൻ

രഞ്ജിത് ബാബു

കണ്ണൂർ: സിപിഐ.(എം). പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ജനവിധി തേടുന്ന ധർമ്മടം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ എൽ.ഡി.എഫ് ആരോപണങ്ങളുടെ പെരുമഴ തീർക്കുന്നു. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയർമാനും മുൻ.ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ മമ്പറം ദിവാകരനാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി. സിപിഐ.(എം). പ്രവർത്തകനും ദിനേശ് ബീഡി തൊഴിലാളിയുമായിരുന്ന കൊളങ്ങരേത്ത് രാഘവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു മമ്പറം ദിവാകരൻ. 1979 ൽ ഏഴു വർഷം തടവിനു ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ധർമ്മടത്തെ സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ചതോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ ഇക്കാര്യം മറച്ചുവയ്ക്കുകയും താൻ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നു കാണിക്കുകയും ചെയ്തത് ഉയർത്തിക്കാട്ടിയാണ് സിപിഐ.(എം). യു.ഡി.എഫിനെതിരെ ആരോപണങ്ങളുന്നയിക്കുന്നത്.

1976 ലെ കുളങ്ങരോത്ത് രാഘവൻ കൊലക്കേസ് യു.ഡി.എഫ് സ്ഥാനാർത്ഥിയായ മമ്പറം ദിവാകരനെ ഇപ്പോൾ വേട്ടയാടുകയാണ്. കൂത്തുപറമ്പിനടുത്ത എരുവട്ടിപന്തക്ക് പ്പാറയിലെ ദിനേശ് ബീഡി തൊഴിലാളിയായിരുന്നു രാഘവൻ. ദിനേശ് ബീഡി ബ്രാഞ്ചുകളിൽ അക്കാലത്ത് ഭൂരിഭാഗവും സിപിഐ.(എം). അനുകൂല തൊഴിലാളികളായിരുന്നു. അതിനാൽ ഏത് രാഷ്ട്രീയ പ്രശ്‌നങ്ങളിലും അവർ ഇടപെടുന്നതും പതിവായിരുന്നു. അക്കാലത്ത്് മമ്പറം കോൺഗ്രസ്സ് കോട്ടയായിരുന്നു. അതിന്നിരുവശത്തും സിപിഐ.(എം) പാർട്ടി ഗ്രാമങ്ങളും അതുകൊണ്ടു തന്നെ മമ്പറവും പരിസരവും എന്നും രാഷ്ട്രീയ സംഘർഷമേഖലയായിരുന്നു. മമ്പറം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന യൂത്ത് കോൺഗ്രസ്സുകാരുടെ പ്രധാന നേതാവായിരുന്നു മമ്പറം ദിവാകരൻ. കോൺഗ്രസ്സിനു വേണ്ടി രംഗത്തിറങ്ങാൻ ഒരു കൂട്ടം ചെറുപ്പക്കാരും സജീവമായിരുന്നു.

എരുവട്ടിയിലെ അറിയപ്പെടുന്ന സിപിഐ.(എം). പ്രവർത്തകനായിരുന്നു കൊളങ്ങരേത്ത് രാഘവൻ. രാഷ്ട്രീയ പ്രശ്‌നങ്ങൾക്ക് കാരണം രാഘവനാണെന്ന് കരുതിയ മമ്പറം ദിവാകരൻ ഒരു കൂട്ടം ചെറുപ്പക്കാരെ സംഘടിപ്പിച്ച് ദിനേശ് ബീഡി ആക്രമത്തിന് മുതിർന്നു. 76 ജൂൺ 5 -ാം തീയ്യതി ജീപ്പിൽ ആയുധങ്ങളുമായി എത്തി ദിനേശ് ബീഡി ബ്രാഞ്ചിനു നേരെ ബോംബെറിഞ്ഞു. വാള് ഉപയോഗിച്ച് അക്രമികൾ ബ്രാഞ്ചിലെ പത്തോളം തൊഴിലാളികളെ അക്രമിച്ചു. ദിവാകരന്റെ നേതൃത്വത്തിൽ നടത്തിയ അക്രമത്തിൽ കൊളങ്ങരേത്ത് രാഘവന്റെ വയറിലും മാറിലുമെല്ലാം വെട്ടേറ്റു. കുടൽമാല പുറത്തേക്കു ചാടി. രാഘവൻ തൽക്ഷണം മരിച്ചു. സംഭവത്തിൽ ആണ്ടിയെന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റ് ഏഴ്്് പേർക്കും അക്രമത്തിൽ പരിക്കേറ്റിരുന്നു. കണ്ണൂർ ജില്ലയിലെ രാഷ്ട്രീയരംഗത്ത് ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു ഇത്്്.

പഴയകാലത്ത്് തെരഞ്ഞെടുപ്പിന് സിപിഐ.(എം) ഈസംഭവം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. 'പന്തക്കപ്പാറാ ദേശത്ത്, ബീഡി തെറുക്കും രാഘവനെ, ബോംബെറിഞ്ഞു കൊന്നവരെ, നിങ്ങൾക്കാര് വോട്ട്്് തരും? ' എന്ന മുദ്രാവാക്യം മുഴക്കി ഗ്രാമങ്ങൾ തോറും വോട്ട് തേടിയിരുന്നു. ഈ സംഭവത്തെത്തുടർന്ന് മമ്പറം ദിവാകരനെ 1979 ൽ ഏഴ് വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. സുപ്രീം കോടതിവരെ കേസ് നടത്തിയിട്ടും ശിക്ഷ റദ്ദായിരുന്നില്ല.

ഇക്കാര്യമാണ് സിപിഐ.(എം). ഇപ്പോൾ പ്രചാരണ വിഷയമാക്കിയിട്ടുള്ളത്. മമ്പറം ദിവാകരൻ ശിക്ഷിക്കപ്പെട്ട കാര്യം കെപിസിസി. പ്രസിഡണ്ടിനു പോലും അറിയില്ലെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. കെപിസിസി. പ്രസിഡണ്ട് പറഞ്ഞിട്ടാണോ ദിവാകരൻ സത്യവാങ്മൂലത്തിൽ ഇക്കാര്യം രേഖപ്പെടുത്താത്തതെന്ന് എം വി ജയരാജൻ ചോദിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP