Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അപ്രതീക്ഷിതമായി റബർ വിലയിൽ ഉണർവ്; 85 രൂപയ്ക്കു വാങ്ങിയിരുന്ന റബറിന് ഇപ്പോൾ 130 രൂപ; മധ്യതിരുവിതാംകൂറിലെ കർഷകർക്കു വീണ്ടും പുഞ്ചിരിയുടെ നാളുകൾ

അപ്രതീക്ഷിതമായി റബർ വിലയിൽ ഉണർവ്; 85 രൂപയ്ക്കു വാങ്ങിയിരുന്ന റബറിന് ഇപ്പോൾ 130 രൂപ; മധ്യതിരുവിതാംകൂറിലെ കർഷകർക്കു വീണ്ടും പുഞ്ചിരിയുടെ നാളുകൾ

കോട്ടയം: അപ്രതീക്ഷിതമായി റബർ വിലയിൽ ഉണർവു വന്നതോടെ മധ്യതിരുവിതാംകൂറിലെ കർഷകർക്കു പുഞ്ചിരിയുടെ നാളുകൾ തിരികെയെത്തി. 85 രൂപയ്ക്കു വാങ്ങിയിരുന്ന റബറിന് ഇപ്പോൾ 130 രൂപ ആയതാണു കർഷകരെ സന്തോഷിപ്പിക്കുന്നത്.

റബർ വില മുകളിലേക്കെത്തിയതു കർഷകർക്ക് പ്രതീക്ഷയേകിയിരിക്കുകയാണ്. മാസങ്ങളുടെ കാത്തിരിപ്പിനുശേഷമാണു റബർ വില 130 കടന്നത്.

അന്താരാഷ്ട്ര വിപണിയിലെ വിലവർധന ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നതു കർഷകർക്കു പ്രയോജനപ്രദമാകും. ക്രൂഡ് ഓയിൽ വില കൂടിയതിനൊപ്പം റബറിന് ക്ഷാമവും അനുഭവപ്പെട്ടതോടെയാണു അന്താരാഷ്ട്ര വിപണിയിൽ വിലവർധിച്ചത്. ഇതിന്റെ ചുവടുപിടിച്ചാണു കേരളത്തിലും നേരിയ തോതിൽ വില വർധിച്ചത്.

ബുധനാഴ്ച ആർഎസ്എസ് നാലാം ഗ്രേഡ് റബറിന് നാലുരൂപ കൂടി 132 രൂപയായി. അഞ്ചാം ഗ്രേഡിന് 130 രൂപയാണ് റബർ ബോർഡ് വില. ചൊവ്വാഴ്ച നാലാം ഗ്രേഡിന്റെ വില 128 രൂപയായിരുന്നു. അതേസമയം, ബുധനാഴ്ച 129 രൂപയ്ക്കാണ് വ്യാപാരികൾ കർഷകരിൽനിന്ന് റബർ വാങ്ങിയത്. ഫെബ്രുവരി ആദ്യം ആർഎസ്എസ് നാലിന് 91ഉം അഞ്ചിന് 87ഉം രൂപ വരെയായി വിലകുറഞ്ഞിരുന്നു.

പലർക്കും 85 രൂപവരെ മാത്രമാണ് ലഭിച്ചിരുന്നത്. റബർ ബോർഡ് നിശ്ചയിച്ച ഈ വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് വ്യാപാരികൾ കർഷകരിൽനിന്ന് റബർ വാങ്ങിയിരുന്നതെന്നതിനാലാണിത്രയും കുറഞ്ഞ വില. പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് റബർ കൂപ്പുകുത്തിയതോടെ കർഷകർ കടുത്ത പ്രതിസന്ധിയിലായിരുന്നു. വില കുത്തനെ കുറഞ്ഞതോടെ പലരും ടാപ്പിങ്ങും നിർത്തിയിരുന്നു.

വേനൽ കടുത്തതോടെ ഇപ്പോൾ ഭൂരിപക്ഷം ഭാഗങ്ങളിലും ടാപ്പിങ് നടക്കുന്നില്ല. അതിനാൽ, വില ഉയർന്നുതുടങ്ങിയെങ്കിലും വിറ്റഴിക്കാൻ കൈയിൽ റബറില്ലെന്നതാണ് സ്ഥിതി. ചെലവുമായി തട്ടിച്ചുനോക്കുമ്പോൾ ഇപ്പോഴത്തെ വിലയും ഒട്ടും പര്യാപ്തമല്ലെന്നു കർഷകർ പറയുന്നു. എന്നാൽ, വില ഉയരുന്ന പ്രവണത പ്രതീക്ഷ പകരുന്നെന്നും വിലയിരുത്തലുണ്ട്.

റബർ വില ബാങ്കോക്ക്, ടോക്കിയോ വിപണികളിലും ഗണ്യമായി ഉയർന്നിട്ടുണ്ട്. തായ്‌ലൻഡും ഇന്തോനേഷ്യയും മലേഷ്യയും ചേർന്ന് കയറ്റുമതി പരിമിതപ്പെടുത്തിയതും റബർ ഉൽപാദനം പല മേഖലകളിലും കുറഞ്ഞതും വില കയറുന്നതിന് അനുകൂല ഘടകങ്ങളായി. ചൈന, സിംഗപ്പൂർ വിപണികളിലും വില കയറിയിട്ടുണ്ട്. ക്രൂഡ്ഓയിലിന്റെ വില വർധിച്ചതോടെ സിന്തറ്റിക് റബറിന്റെ ഉൽപാദനം കുറഞ്ഞത് അന്താരാഷ്ട്ര വിപണിയിൽ സ്വാഭാവിക റബറിന് ഡിമാൻഡ് വർധിപ്പിച്ചിരിക്കുകയുമാണ്.

തെരഞ്ഞെടുപ്പ് അടുത്തതോടെ വിലസ്ഥിരതാ പദ്ധതിയിൽനിന്നുള്ള തുക വിതരണത്തിന് വേഗംവന്നതും കർഷകർക്ക് ആശ്വാസമാണ്. നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിക്കലത്തെിനിൽക്കെ റബർ വിലവർധിക്കുന്നത് യു.ഡി.എഫിനും കേരള കോൺഗ്രസിനും ആഹ്‌ളാദം പകരുന്ന ഘടകവുമാണ്. വിലയിടിവ് തടയാൻ സർക്കാർ നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്നു കർഷകസംഘടനകൾ ആരോപിച്ചിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP