Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കത്ത് വിവാദത്തിൽ മത്സരരംഗത്തു നിന്നും പിന്മാറാൻ ടി എൻ പ്രതാപൻ; 'രാഹുൽ ഗാന്ധിയുടെ സ്‌നേഹപൂർവ്വമായ നിർബന്ധത്തിന് വഴങ്ങിയാണ് മത്സരിക്കാൻ സമ്മതം അറിയിച്ചത്; കത്തെഴുതിയെന്ന് പ്രചരിപ്പിച്ചത് ആരാണെന്ന് എല്ലാവർക്കും അറിയാം': കത്ത് വ്യാജമാണെന്ന് വ്യക്തമാക്കി മുകുൾ വാസ്‌നികും

കത്ത് വിവാദത്തിൽ മത്സരരംഗത്തു നിന്നും പിന്മാറാൻ ടി എൻ പ്രതാപൻ; 'രാഹുൽ ഗാന്ധിയുടെ സ്‌നേഹപൂർവ്വമായ നിർബന്ധത്തിന് വഴങ്ങിയാണ് മത്സരിക്കാൻ സമ്മതം അറിയിച്ചത്; കത്തെഴുതിയെന്ന് പ്രചരിപ്പിച്ചത് ആരാണെന്ന് എല്ലാവർക്കും അറിയാം': കത്ത് വ്യാജമാണെന്ന് വ്യക്തമാക്കി മുകുൾ വാസ്‌നികും

കൊച്ചി: കൈപ്പമംഗലം സീറ്റ് ആവശ്യപ്പെട്ട് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചിട്ടില്ലെന്ന് ടിഎൻ പ്രതാപൻ. കത്തയച്ചു എന്ന വാർത്ത രാഷ്ട്രീയ ശത്രുക്കളാണ് പ്രചരിപ്പിക്കുന്നത്. ഇത്തരമൊരു വാർത്തയുടെ ഉറവിടം ഏതാണെന്ന് തനിക്കറിയാമെന്നും പ്രതാപൻ കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം പ്രതാപൻ എഴുതിയെന്ന് പറയുന്ന കത്ത് വ്യാജമാണെന്ന് കോൺഗ്‌സ് ഹൈക്കമാൻഡും വ്യക്തമാക്കി. കൈപ്പമംഗലം സീറ്റ് ആവശ്യപ്പെട്ട് പ്രതാപൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചെന്നും കത്ത് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് സമിതിയിൽ വായിച്ചു എന്നും വാർത്തകളുണ്ടായിരുന്നു. യുവാക്കൾക്ക് അവസരം നൽകാനായി ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നായിരുന്നു നേരത്തെ പ്രതാപൻ പറഞ്ഞത്. ഈ സാഹചര്യത്തിലാണ് കത്ത് വിവാദം ഉടലെടുത്തത്.

രാഹുൽ ഗാന്ധിക്ക് കത്തെഴുതി എന്ന് പറഞ്ഞത് ബുദ്ധിപൂർവ്വമായ രാഷ്ട്രീയ ഗൂഢാലോചന ആണെന്നും പ്രതാപൻ വ്യക്തമാക്കി. പാർട്ടിക്കകത്തും പുറത്തും തനിക്ക് എതിരാളികളുണ്ട്. സ്ഥാനാർത്ഥിയാകാൻ രാഹുൽ ഗാന്ധി ആവശ്യപ്പെടുകയായിരുന്നു. സ്‌നേഹപൂർവമായ നിർബന്ധമായിരുന്നു രാഹുലിന്റേത്. നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല.

മത്സരിക്കാനില്ലെന്ന തീരുമാനം മുഖ്യമന്ത്രിയെയും കെപിസിസി പ്രസിഡന്റ് വി എം സുധീരനെയും രാഹുൽ ഗാന്ധിയെയും അറിയിച്ചതായും അദ്ദേഹം പറഞ്ഞു. സുധീരന് വേണ്ടി ഉമ്മൻ ചാണ്ടിക്കെതിരെ പരോക്ഷമായി രൂക്ഷവിമർശനം ഉന്നയിച്ചാണ് ടി എൻ പ്രതാപൻ മാദ്ധ്യമങ്ങളോട് സംസാരിച്ചത്. മൂന്നും നാലും തവണ മത്സരിച്ചവർക്ക് താൻ മാതൃക ആകട്ടെയെന്ന് പ്രതാപൻ പറഞ്ഞു. എസ്‌റ്റേറ്റ് തമ്പുരാക്കന്മാർക്ക് തന്നെ വിലയ്ക്ക് എടുക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്കെതിരായി നടക്കുന്ന കള്ളപ്രചരണങ്ങൾക്ക് പിന്നിൽ ആരാണെന്ന് അറിയാം. തനിക്കെതിരായ വാർത്തകൾ പിതൃശൂന്യമാണ്. എന്നാൽ അതിന് പിന്നാലെ വന്ന ഡീൻ കുര്യാക്കോസിന്റെ പ്രസ്താവനയ്ക്ക് പിതൃത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കയ്പമംഗലം സീറ്റിൽ മത്സരിക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി സ്‌നേഹപൂർവം ശാസിച്ചിരുന്നു. അദ്ദേഹത്തിന്റെ ശാസനയ്ക്ക് വഴങ്ങിയാണ് മത്സരിക്കാൻ തയ്യാറായത്. എന്നാൽ നിലവിലെ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ താൻ പിന്മാറുന്നു. താൻ കാരണം ഒരു യൂത്ത് കോൺഗ്രസുകാരന്റെയും സീറ്റ് നഷ്ടപ്പെടില്ല. കയ്പമംഗലത്ത് ശോഭ സുബിന്റെ പേര് നിർദ്ദേശിച്ചത് താനായിരുന്നു. മണ്ഡലത്തിലെ പുതിയ സ്ഥാനാർത്ഥി ആരാണെങ്കിലും അവർക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയിലേക്ക് മൂന്ന് തവണ മത്സരിച്ചിട്ടുണ്ടെന്നും 50 വയസ്സ് പിന്നിട്ടയാളാണെന്ന നിലയ്ക്കും മത്സരരംഗത്തുനിന്ന് തന്നെ മാറ്റി നിർത്തണമെന്നും കെപിസിസിയോട് ആവശ്യപ്പെട്ടിരുന്നു. അപ്രകാരം തന്നെ സ്ഥാനാർത്ഥി പട്ടികയിൽ തന്റെ പേരും ഉൾപ്പെട്ടിരുന്നില്ല. കത്തുകൊടുത്തുവെന്ന് രാഹുലും പറഞ്ഞിട്ടില്ലെന്നും പ്രതാപൻ വ്യക്തമാക്കി.

ഇന്നലെ ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ രാഹുൽ തന്റെ പേര് നിർദ്ദേശിച്ച കാര്യം മാദ്ധ്യമങ്ങളിലൂടെയാണ് അറിയുന്നത്. ആദ്യം മത്സരിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു. എന്നാൽ പാർട്ടി പറഞ്ഞത് അനുസരിക്കണമെന്നും മത്സരിക്കണമെന്നും രാഹുൽ നിഷ്‌കർഷിച്ചു. അതിന് വഴങ്ങിയാണ് പുനരാലോചനയ്ക്ക് തയ്യാറായത്.

കത്തുകൊടുത്തിട്ടുണ്ടെന്ന് രാഹുൽ യോഗത്തിൽ പറഞ്ഞോ എന്ന് സുധീരനോട് ചോദിച്ചു. ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അതിന് ശേഷം യൂത്ത് കോൺഗ്രസ് നേതാവ് ഡീൻ കുര്യാക്കോസിന്റെ പ്രസ്താവന നടത്തിയത് ശ്രദ്ധയിൽപെട്ടു. അത് മുഖവിലയ്‌ക്കെടുക്കുകയണ്. ഞാൻ മൂലം യൂത്ത് കോൺഗ്രസുകാരന്റെ അവസരം നഷ്ടപ്പെടുത്തില്ല. ഇക്കാര്യം സുധീരനെയും മുകുൾ വാസ്‌നിക്കിനെയും അറിയിച്ചിട്ടുണ്ട്. താൻ മൂലം ചെറുപ്പക്കാരന്റെ അവസരം നഷ്ടപ്പെടാൻ പാടില്ലെന്നും മത്സരിക്കാനില്ലെന്ന കാര്യം വീണ്ടും രാഹുലിനെ അറിയിച്ചിട്ടുണ്ടെന്നും പ്രതാപൻ വ്യക്തമാക്കി. കയെപ്പമംഗലത്ത് ആര് സ്ഥാനാർത്ഥിയായാലും പ്രചരണത്തിനായി താനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതാപൻ രാഹുൽ ഗാന്ധിക്ക് കത്തെഴുതിയെന്ന വാർത്ത തെറ്റാണെന്ന് എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കും പിന്നീട് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. കത്തിനെ കുറിച്ചുള്ള പ്രചരണം വ്യാജമാണ്. മാദ്ധ്യമങ്ങൾ കത്തിന്റെ ഭാഗം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മത്സരിക്കാൻ ഇല്ലെന്നാണ് പ്രതാപൻ രാഹുൽ ഗാന്ധിയെ അറിയിച്ചത്. ഇക്കാര്യം വ്യക്തമാക്കിയാണ് കത്തെഴുതിയത്. മറിച്ച് മത്സരിക്കാൻ താൽപ്പര്യമുണ്ടെന്ന് പറയുന്നത് തെറ്റായ കാര്യമണെന്നും മുകുൾ വാസ്‌നിക് അഭിപ്രായപ്പെട്ടു.

നേരത്ത് പ്രതാപൻ സീറ്റ് ആവശ്യപ്പെട്ട് കത്തെഴുതിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ പ്രതാപൻ ദുബായിലെ കയ്‌പ്പമംഗലത്തെ കെഎംസിസി പരിപാടിയിൽ പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് പ്രതാപൻ കയ്‌പ്പമംഗലത്തിന് വേണ്ടി ശ്രമിച്ചെന്ന വാദം ശക്തമായത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP