Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അഞ്ചു സീറ്റുകളെ ചൊല്ലി കോൺഗ്രസിലെ തമ്മിലടി തീർന്നില്ല; മുഖ്യമന്ത്രിക്കും ചെന്നിത്തലയ്ക്കുമൊപ്പം സോണിയയെ കണ്ട സുധീരൻ പറഞ്ഞത് ചർച്ചയിൽ 'നല്ല പുരോഗതി' എന്നു മാത്രം; നാളെ സ്ഥാനാർത്ഥി പ്രഖ്യാപനം; തൃശ്ശൂരിൽ തേറമ്പിലിന് പകരം പത്മജ മത്സരിക്കും; ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ; ടി എൻ പ്രതാപൻ കയ്‌പ്പമംഗലത്ത് മത്സരിക്കും

അഞ്ചു സീറ്റുകളെ ചൊല്ലി കോൺഗ്രസിലെ തമ്മിലടി തീർന്നില്ല; മുഖ്യമന്ത്രിക്കും ചെന്നിത്തലയ്ക്കുമൊപ്പം സോണിയയെ കണ്ട സുധീരൻ പറഞ്ഞത് ചർച്ചയിൽ 'നല്ല പുരോഗതി' എന്നു മാത്രം; നാളെ സ്ഥാനാർത്ഥി പ്രഖ്യാപനം; തൃശ്ശൂരിൽ തേറമ്പിലിന് പകരം പത്മജ മത്സരിക്കും; ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ; ടി എൻ പ്രതാപൻ കയ്‌പ്പമംഗലത്ത് മത്സരിക്കും

ന്യൂഡൽഹി: കോൺഗ്രസിൽ കീറാമുട്ടിയായി തുടരുന്ന തർക്ക സീറ്റുകളിൽ സോണിയാ ഗാന്ധി ഇടപെട്ടിട്ടും അന്തിമ തീരുമാനം ആയില്ല. സോണിയ രണ്ടാം തവണയും പ്രശ്‌നപരിഹാരത്തിന് ഇടപെട്ടെങ്കിലും ഫലം കാണാനായില്ല. വി എം സുധീരനും ഉമ്മൻ ചാണ്ടിയും അവരവരുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ്.

എ.ഐ.സി.സി സ്‌ക്രീനിങ് കമ്മിറ്റിക്ക് ശേഷം ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേർന്നു. മൂന്നുമണിക്കൂർ നീണ്ട യോഗത്തിൽ ഭൂരിഭാഗം സീറ്റുകളിലും ധാരണയായതായാണ് സൂചന. തൃശ്ശൂരിൽ തേറമ്പിൽ രാമകൃഷ്ണന് പകരം പത്മജ വേണുഗോപാൽ മത്സരിക്കും. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെയും മത്സരിപ്പിക്കൻ ധാരണയായി. മത്സരിക്കാനില്ലെന്ന് പറഞ്ഞ ടി എൻ പ്രതാപനെ കയ്‌പ്പമംഗലത്ത് മത്സരിപ്പിക്കാനും പാർട്ടി തീരുമാനിച്ചു. ഹൈക്കമാൻഡിന്റെ നിർദേശ പ്രകാരമാണ് പ്രതാപന് സീറ്റ് നൽകിയത്. കുന്ദമംഗലം-ടി സിദ്ധീഖ്, ഉദുമ-കെ സുധാകരൻ, പെരുമ്പാവൂർ - എൽദോസ് കുന്നപ്പള്ളി, കൊയിലാണ്ടി - എൻ സുബ്രഹ്മണ്യൻ, അങ്കമാലി- റോജി എം ജോൺ, ബേപ്പൂർ- ആദം മുൽസി, നെന്മാറ- എ വി ഗോപനാഥ്, ചേർത്തല - എസ് ശരത്ത്, കായംകുളം എം ലിജു എന്നീ സീറ്റുകളിലും തീരുമാനമായി.

തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം ഉമ്മൻ ചാണ്ടി, വി എം സുധീരൻ, രമേശ് ചെന്നിത്തല എന്നിവരെ ഒന്നിച്ചിരുത്തി സോണിയ ഒരുമണിക്കൂർ കൂടിക്കാഴ്ച നടത്തി. എ.കെ ആന്റണിയും ഈ യോഗത്തിൽ പങ്കെടുത്തു. ചർച്ചയിൽ നല്ല പുരോഗതിയുണ്ട്, നാളെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാകുമെന്ന് സുധീരൻ യോഗത്തിന് ശേഷം പറഞ്ഞു. ഘടകകക്ഷികളുമായുള്ള ചർച്ച പൂർത്തിയായിട്ടില്ലാത്തതിനാൽ ഇന്ന് രാത്രിയും നാളെ രാവിലെയുമായി അവരുമായുള്ള ചർച്ചയിൽ സീറ്റ് വിഭജനം പൂർത്തിയാക്കി ബാക്കി സീറ്റുകളിലെ സ്ഥാനാർത്ഥികളെ കണ്ടെത്താൻ രാവിലെ 9.30 ന് സ്‌ക്രീനിങ് കമ്മിറ്റി ചേരും.

ഈ യോഗത്തിന് ശേഷം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകും. നാളെത്തന്നെ സ്ഥാനാർത്ഥിപ്രഖ്യാപനം നടത്താനാകുമെന്ന് കരുതുന്നതായി സുധീരൻ പറഞ്ഞു. എന്നാൽ സിറ്റിങ് എംഎ‍ൽഎമാരെ മാറ്റണമെന്ന് സുധീരൻ ആവശ്യപ്പെട്ട അഞ്ച് സീറ്റുകളിലെ സ്ഥാനാർത്ഥികളുടെ തീരുമാനം സോണിയക്ക് വിട്ടു.

തർക്കം പരിഹരിക്കാനുള്ള ചർച്ചകൾ ഇപ്പോഴും ഡൽഹിയിൽ തുടരുകയാണ്. എ കെ ആന്റണിയുമായി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. ചർച്ചകൾക്കായി ടി എൻ പ്രതാപനേയും കെ. സുധാകരനേയും ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ തർക്കമുള്ള അഞ്ച് സീറ്റുകൾ ഇന്നു ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി പരിഗണിച്ചില്ല. തൃക്കാക്കര (ബെന്നി ബെഹന്നാൻ), കോന്നി (അടൂർ പ്രകാശ്), തൃപ്പൂണിത്തുറ (കെ.ബാബു), ഇരിക്കൂർ (കെ.സി.ജോസഫ്), കൊച്ചി( ഡൊമിനിക് പ്രസന്റേഷൻ) എന്നീ സീറ്റുകളിലെ സ്ഥാനാർത്ഥി നിർണയമാണ് കോൺഗ്രസിനെ ഇപ്പോൾ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

75 ശതമാനം സീറ്റുകളിലെയും സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും അറിയിച്ചു. പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന കൂടിയാലോചനകളിൽ വ്യക്തമായ പരിഹാരനിർദ്ദേശങ്ങൾ ഉരുത്തിരിയാത്തതുകൊണ്ടു സോണിയതന്നെ ഒത്തുതീർപ്പു നീക്കങ്ങൾക്കു മുൻകയ്യെടുക്കുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി. എം. സുധീരൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി അവർ വെവ്വേറെ കൂടിക്കാഴ്ച നടത്തി.

ഇതിനിടെ, കെ. അജിത്കുമാർ (ചിറയിൻകീഴ്), മറിയാമ്മ ചെറിയാൻ (റാന്നി), പി. എം. സുരേഷ് ബാബു (കോഴിക്കോട് നോർത്ത്), പന്തളം സുധാകരൻ (കോങ്ങാട്) എന്നിവരുടെ സ്ഥാനാർത്ഥിത്വം പരിശോധനാ സമിതി അംഗീകരിച്ചുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അതേസമയം, തൃപ്പൂണിത്തുറയിലെ പാനലിൽ എ.ബി. സാബുവിനെ കൂടി ഉൾപ്പെടുത്തി. വി എം. സുധീരന്റെ നിർദ്ദേശത്തെത്തുടർന്നാണ് തീരുമാനം. സിറ്റിങ് എംഎ!ൽഎ കെ. ബാബുവിനൊപ്പം എൻ. വേണുഗോപാലിന്റ പേരാണ് നിലവിൽ പാനലിൽ ഉള്ളത്. പാനൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പരിഗണനയിലാണ്. വേണുഗോപാലിനെ മത്സരിപ്പിച്ചാൽ വിജയസാധ്യതയെക്കുറിച്ച് നേതാക്കൾ തന്നെ സംശയം ഉന്നയിച്ചതോടെയാണ് എ ഗ്രൂപ്പിൽ നിന്ന് കോർപറേഷൻ കൗൺസിലറായ എ.ബി സാബുവിനെ സുധീരൻ ഉൾപ്പെടുത്തിയത്.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, മന്മോഹൻ സിങ്, എ.കെ ആന്റണി എന്നിവരാണ് തിരഞ്ഞെടുപ്പ് സമിതിയിലെ അംഗങ്ങൾ. കേരളത്തിൽ നിന്ന് ഉമ്മൻ ചാണ്ടി, വി എം സുധീരൻ, രമേശ് ചെന്നിത്തല എന്നിവർ തിരഞ്ഞെടുപ്പ് സമിതിയിലെ പ്രത്യേക ക്ഷണിതാക്കളാണ്. തർക്കമുള്ള സീറ്റുകളിലെ പാനൽ ഇങ്ങനെയാണ്:

തൃക്കാക്കര - ബെന്നി ബെഹനാൻ, പി.ടി തോമസ്
തൃപ്പൂണിത്തുറ - കെ.ബാബു, എൻ.വേണുഗോപാൽ, എ.ബി സാബു
കൊച്ചി - ഡൊമിനിക് പ്രസന്റേഷൻ, ലാലി വിൻസെന്റ്, ടോണി ചമ്മണി
കോന്നി - അടൂർ പ്രകാശ്, പി.മോഹൻരാജ്
ഇരിക്കൂർ - കെ.സി ജോസഫ്, സതീശൻ പാച്ചേനി, സജീവ് ജോസഫ്, സോണി സെബാസ്റ്റ്യൻ.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ താൽപ്പര്യപ്രകാരമാണ് ഇരിക്കൂറിൽ സോണി സെബാസ്റ്റ്യനെ കൂടി ഉൾപ്പെടുത്തിയത്. അതിനിടെ നിഷ്പക്ഷരായ കെ വി തോമസ്, ശശി തരൂർ തുടങ്ങിയവരുടെ അഭിപ്രായവും സോണിയ ആരായുന്നുണ്ട്. ഇവരുടെ കൂടി അഭിപ്രായം തേടിയ ശേഷവുമാകും ഈ സീറ്റുകളിലെ സ്ഥാനാർത്ഥി നിർണ്ണയം ഉണ്ടാകുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP