Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാനറാ ബാങ്കും ആന്ധ്രാ ബാങ്കും ഒടുവിൽ മുട്ടുമടക്കി; എടിഎം തകരാറ് മൂലം പണം നഷ്ടമായ യുവാവിന്റെ പോരാട്ടം ഫലം കണ്ടു; എടിഎമ്മിൽ നിന്നും പണമെടുക്കുന്നതിനിടെ 900 രൂപ നഷ്ടമായ ഉപഭോക്താവിനു നഷ്ടപരിഹാരമായി ലഭിച്ചത് 17300 രൂപ; അനൂപിന് തുണയായത് ബാങ്കിങ് ഓംബുഡ്‌സ്മാന്റെ ഇടപെടൽ

കാനറാ ബാങ്കും ആന്ധ്രാ ബാങ്കും ഒടുവിൽ മുട്ടുമടക്കി; എടിഎം തകരാറ് മൂലം പണം നഷ്ടമായ യുവാവിന്റെ പോരാട്ടം ഫലം കണ്ടു; എടിഎമ്മിൽ നിന്നും പണമെടുക്കുന്നതിനിടെ 900 രൂപ നഷ്ടമായ ഉപഭോക്താവിനു നഷ്ടപരിഹാരമായി ലഭിച്ചത് 17300 രൂപ; അനൂപിന് തുണയായത് ബാങ്കിങ് ഓംബുഡ്‌സ്മാന്റെ ഇടപെടൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എടിഎമ്മുകളിൽ നിന്ന് കാശെടുക്കുമ്പോൾ പലപ്പോഴും പ്രശ്‌നങ്ങൾ നേരിടും. എടിഎം തകരാറു മൂലം പലപ്പോഴും പണം കിട്ടുകയുമില്ല. ഇത്തരം സന്ദർഭങ്ങളിലെല്ലാം പെട്ടുപോകുന്നത് ഇടപാടുകാരാണ്. കാശെടുക്കാൻ എത്തിയവരുടെ കുഴപ്പം കൊണ്ടാണ് കാശ് വരാത്തതെന്ന മട്ടിൽ ബാങ്കുകൾ പ്രതികരിക്കും. എന്നാൽ എടിഎമ്മിന്റെ കൃത്യത ഉറപ്പുവരുത്തേണ്ടത് ബാങ്കുകളാണ്. അതിൽ വീഴ്ച വരുത്തിൽ ഉപഭോക്താവിന് പിഴ നൽകേണ്ടത് ബാങ്കുകളുടെ ബാധ്യതയാണ്. ഇത് തെളിക്കുന്നതാണ് ബാങ്കിങ് ഒബുഡ്‌സമാന്റെ ഉത്തരവ്.

900 രൂപ എടിഎമ്മിലൂടെയുള്ള ഇടപാടിൽ നഷ്ടമാകുന്നു. അതിന് പ്രതിവിധി കണ്ടെത്താത്തെ ആളെ കഷ്ടപ്പെടുത്തിയതിന് നഷ്ടപരിഹാരം വിധിച്ചിരിക്കുകയാണ് ഓബുഡ്‌സ്മാൻ. കാനറാ ബാങ്കിന് 900 രൂപയ്ക്ക് പകരം നൽകേണ്ടി വന്നത് 17300 രൂപയാണ്. നിരന്തര പോരാട്ടത്തിലൂടെയാണ് അനൂപ് എന്ന കനറാ ബാങ്കിന്റെ അക്കൗണ്ടിന് ഉടമ നീതി ഉറപ്പാക്കിയത്. ഒന്നും നൽകാനാകില്ലെന്ന ബാങ്കുകാരുടെ നിലപാട് ഒടുവിൽ പൊളിഞ്ഞു. ഇടപാടുകാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള സംവിധാനമെല്ലാം ഇവിടെ തന്നെയുണ്ട്. എന്നാൽ ആരും സമയ നഷ്ടം കാരണം അതിന് പിറകെ പോകാറുമില്ല. ഇത് തന്നെയാണ് അനൂപിന്റെ പോരാട്ടത്തിൽ തെളിയുന്നതും.

കൊല്ലത്തുകാരനായ അനൂപ് സികെയാണ് ബാങ്കിങ് ഓബുഡ്‌സമാനിലൂടെ നീതി നേടിയെടുത്തത്. 2015 ഏപ്രിൽ 30നായിരുന്നു അനൂപിന് എടിഎമ്മിന്റെ തകരാറുകാരണം പണം നഷ്ടമായത്. കനറാ ബാങ്കിന്റെ റാന്നി ബ്രാഞ്ചിലാണ് അനൂപിന് അക്കൗണ്ടുള്ളത്. ഇതിൽ നിന്നും കൊല്ലത്തെ ആന്ധ്രാ ബാങ്കിന്റെ എടിഎമ്മിൽ നിന്ന് 900 രൂപ എടുക്കാൻ ശ്രമിച്ചു. ആദ്യ തവണത്തെ ശ്രമം നടന്നില്ല. ഒരിക്കൽ കൂടി ലഭിച്ചു. അപ്പോഴും പണം വന്നില്ല. പക്ഷേ അക്കൗണ്ടിൽ നിന്ന് രണ്ട് തവണയും 900 രൂപ വീതം കുറഞ്ഞു. അതായത് 1800 രൂപ നഷ്ടമായി. കുറച്ചു ദിവസമായിട്ടും നഷ്ടപ്പെട്ട തുക അനൂപിന്റെ അക്കൗണ്ടിൽ തിരിച്ചെത്തിയില്ല. ഇതോടെ കാനറാ ബാങ്കിന്റെ റാന്നി ബ്രാഞ്ചിൽ ബന്ധപ്പെട്ടു. പരാതി എഴുതി നൽകാനായിരുന്നു നിർദ്ദേശം.

ഇതനുസരിച്ച് മെയ്‌ അഞ്ചിന് ഇമെയിൽ നൽകി. മെയ്‌ 21ന് 900 രൂപ അക്കൗണ്ടിലെത്തുകയും ചെയ്തു. എന്നാൽ രണ്ടാമത്തെ ഇടപാടിലൂടെ നഷ്ടമായത് വന്നതുമില്ല. റാന്നി ബ്രാഞ്ചിൽ ബന്ധപ്പെട്ടപ്പോൾ കാത്തിരിക്കാനായിരുന്നു നിർദ്ദേശം. ജൂലൈ 17വരെ ഈ തുക കിട്ടിയില്ല. ഇതോടെയാണ് അനൂപ് കാനറാ ബാങ്കിന്റെ ഉന്നതർക്ക് പരാതി നൽകുന്നത്. കേന്ദ്ര സർക്കാരിന്റെ പരാതി പരിഹാര സെല്ലിന് പരാതി അയക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ പരാതി പരിഹാര പോർട്ടിലിൽ പരാതി നൽകാനുള്ള ശ്രമം വിജയിക്കുകയും ചെയ്തു. ഇതേ തുടർന്ന് കാനറാ ബാങ്കിൽ തിരുവനന്തപുരം ഓഫീസിൽ നിന്ന് ഫോൺ വിളിയെത്തി. എന്നാൽ പരാതിയിൽ ഭാഗിക തീരുമാനം ഉണ്ടായതാണെന്നായിരുന്നു പ്രതികരണം. ഇതേ തുടർന്ന് ഓഗസ്റ്റ് 20ന് ബാങ്കിങ് ഓബുഡ്‌സ്മാന് പരാതി നൽകി. ഇതാണ് ഒടുവിൽ ഫലം കണ്ടത്.

പരാതി നൽകി എൺപത് ദിവസത്തിന് ശേഷം പണം അക്കൗണ്ടിൽ നിക്ഷേപിച്ചതായി അറിയിച്ച് ബാങ്കിങ് ഓബുഡ്‌സ്മാനിൽ നിന്ന് അറിയിപ്പ് ലഭിച്ചു. എന്നാൽ കാനറാ ബാങ്കിൽ നിന്ന് എസ്എംഎസ് ഒന്നും ലഭിച്ചതുമില്ല. ഇതിനിടെ തനിക്ക് നഷ്ടപരിഹാരം നൽകാൻ കാനറാ ബാങ്കിനോട് നിർദ്ദേശിച്ച വിവരം ഇമെയിലായി കിട്ടുകയും ചെയ്തു. പക്ഷേ അപ്പോഴും കാനറാ ബാങ്കിന് കുലുക്കമുണ്ടായില്ല. നവംബറിൽ ഉന്നത ഉദ്യോഗസ്ഥർ പലരുമായി ബന്ധപ്പെട്ടെങ്കിലും ഓംബുഡ്‌സമാന്റെ ഉത്തരവിനെ കുറിച്ച് അറിയില്ലെന്നായിരുന്നു മറുപടി. ഒടുവിൽ പ്രശ്‌ന പരിഹാരത്തിന് റാന്നി ബ്രാഞ്ചിന് നിർദ്ദേശം നൽകാമെന്ന സമവായ സന്ദേശവും കിട്ടി. പക്ഷേ അപ്പോഴും റാന്നി ബ്രാഞ്ചിൽ നിന്ന് അനൂപിന് നീതി കിട്ടിയില്ല. വീണ്ടും കേന്ദ്ര സർക്കാരിന്റെ പരാതി പരിഹാര പോർട്ടലിൽ അഭയം തേടി.

അതിന് കൃത്യമായ മറുപടിയും കിട്ടി. അനൂപിന്റെ പരാതി ശരിയാണെന്ന് കാനറാ ബാങ്ക് സമ്മതിച്ചു. ആന്ധ്രാ ബാങ്കിന്റെ എടിഎം ഉപയോഗിച്ചതാണ് കുഴപ്പമായത്. അതുകൊണ്ട് നഷ്ടപരിഹാരം നൽകേണ്ടത് അവരാണെന്നായിരുന്നു കാനറാ ബാങ്കിന്റെ പക്ഷം. അർഹമായ നഷ്ടപരിഹാരം നൽകാൻ ഓബുഡ്‌സ്മാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യ ആന്ധ്രാ ബാങ്കിനെ അറിയിച്ചു. എന്നാൽ ഇതുവരെ പണം കിട്ടിയില്ലെന്നായിരുന്നു വിശദീകരണം. 2016 ജനുവരിയിലായിരുന്നു കാനറാ ബാങ്ക് ഈ മറുപടി നൽകിയത്. അതിന് ശേഷം മറ്റൊരു അറിയിപ്പും അനൂപിന് കിട്ടി. നഷ്ടപരിഹാരം നൽകാൻ ആന്ധ്രാ ബാങ്ക് വിസമ്മതിക്കുന്നുവെന്നായിരുന്നു അറിയിപ്പ്. 900 രൂപ പോലും നൽകില്ലെന്ന് അറിയിച്ചെന്നും വിശദീകരിച്ചു.

ഇതേ തുടർന്ന് വീണ്ടും ഓബുഡ്‌സ്മാന് മുന്നിൽ നീതി തേടി എത്തി. എന്നാൽ പരാതി ഫയലിൽ സ്വീകരിച്ചില്ല. പകരം കാനറാ ബാങ്കിനോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടാമെന്ന് വ്യക്തമാക്കി. അതിന് ശേഷം 50 ദിവസമായിട്ടും നഷ്ടപരിഹാരമൊന്നും കിട്ടിയില്ല. അതിനാൽ വീണ്ടും ഓബുഡ്‌സ്മാന് മുമ്പിൽ അനൂപ് പ്രശ്‌നമെത്തിച്ചു. മാർച്ച് 23ന് വീണ്ടും പരാതി നൽകി. ഏഴ് ദിവസത്തിനകം തന്റെ അക്കൗണ്ടിൽ 17,300 രൂപ എത്തിയെന്നാണ് അനൂപ് വിശദീകരിക്കുന്നത്. ഇത് മനസ്സിലാക്കിയ ഉടൻ അനൂപ് കാനറാ ബാങ്കിന്റെ റാന്നി ശാഖയിൽ ബന്ധപ്പെട്ടു. അപ്പോഴാണ് അക്കൗണ്ടിലെത്തിയത് നഷ്ടപരിഹാരമാണെന്ന് ബാങ്ക് വ്യക്തമാക്കിയത്. അങ്ങനെ 11 മാസത്തെ നിയമ പോരാട്ടത്തിലൂടെ നഷ്ടമായ 900 രൂപയ്ക്ക് പകരം 17,300 രൂപ അനൂപിന് കിട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP