Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇടത് പക്ഷം സീറ്റുകൾ പ്രഖ്യാപിക്കും വരെ കാത്തിരുന്നു; ഡെയ്‌സിയുടെ മധ്യസ്ഥതയിൽ ആന്റണി രക്ഷകനായി എത്തുമെന്ന പ്രതീക്ഷയും വെറുതെയായി; പിസി ജോർജിനും പിള്ളയ്ക്കും ഗൗരിയമ്മയ്ക്കും പിന്നാലെ ജോണി നെല്ലൂരും പെരുവഴിയിലായി

ഇടത് പക്ഷം സീറ്റുകൾ പ്രഖ്യാപിക്കും വരെ കാത്തിരുന്നു; ഡെയ്‌സിയുടെ മധ്യസ്ഥതയിൽ ആന്റണി രക്ഷകനായി എത്തുമെന്ന പ്രതീക്ഷയും വെറുതെയായി; പിസി ജോർജിനും പിള്ളയ്ക്കും ഗൗരിയമ്മയ്ക്കും പിന്നാലെ ജോണി നെല്ലൂരും പെരുവഴിയിലായി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളാ കോൺഗ്രസ് ജേക്കബിന് അങ്കമാലി സീറ്റ് നൽകില്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. വലിയ ചതിയാണ് തനിക്കെതിരെ നടന്നതെന്നാണ് ജോണി നെല്ലൂരിന്റെ വിലയിരുത്തൽ. സീറ്റ് ചർച്ചകളുടെ തുടക്കത്തിൽ തന്നെ അങ്കമാലി ജോണി നെല്ലൂരിന് നൽകില്ലെന്ന് കോൺഗ്രസ് സൂചന നൽകി. ഇതോടെ മുന്നണിയുമായി ജോണി നെല്ലൂർ തെറ്റി. ഇതിനിടെ ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ ജനാധിപത്യ കേരളാ കോൺഗ്രസും ഉണ്ടായി. ജേക്കബ് ഗ്രൂപ്പ് വിട്ട് ഫ്രാൻസിസ് ജോർജുമായി കൈകോർക്കുന്നതിനെ കുറിച്ചും ജോണി നെല്ലൂർ ആലോചിച്ചു. അനുകൂല പ്രസ്താവനയുമായി ഫ്രാൻസിസ് ജോർജുമെത്തി. ഇതിനിടെ യുഡിഎഫ് അനുനയവുമായെത്തി. ജോണി നെല്ലൂർ അതിൽ വീണു. അങ്കമാലി തന്നേക്കാമെന്ന് പോലും വാക്കുകളിലൂടെ കോൺഗ്രസ് നേതാക്കൾ സൂചന നൽകി. ഇതോടെ ജോണി നെല്ലൂർ ശുഭപ്രതീക്ഷയോടെ കാത്തിരുന്നു.

അങ്കമാലി പോയാലും മറ്റേതെങ്കിലും സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ എല്ലാം വെറുതെയായിരുന്നു. ഇടതു മുന്നണി ഫ്രാൻസിസ് ജോർജിന് അനുവദിച്ചത് നാല് സീറ്റ്. അതിൽ നാലിടത്തും സ്ഥാനാർത്ഥികളായി. കേരളത്തിലെ പത്ത് സീറ്റിലൊഴികെ എല്ലായിടത്തും ഇടതുപക്ഷം സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ചു. ജോണി നെല്ലൂരിന് നൽകാൻ ഇടതുപക്ഷത്തിന്റെ കൈയിൽ ഒന്നുമില്ലെന്ന് വ്യക്തമായതോടെ പിപി തങ്കച്ചൻ ജോണി നെല്ലൂരിനെ വിളിച്ചു. അങ്കമാലിയും ഇല്ല, ഒരു സീറ്റും ഇല്ലെന്ന് പ്രഖ്യാപിച്ചു. ഇതിലാണ് ജോണി നെല്ലൂർ പ്രകോപിതനാകുന്നത്. ഇടതു പക്ഷ സ്ഥാനാർത്ഥിയായി താൻ മത്സരിക്കുന്നതിനെ ഇല്ലായ്മ ചെയ്ത ശേഷമുള്ള ചതി. അതുകൊണ്ട് തന്നെ കടുത്ത നിലപാട് വേണമെന്ന് ജോണി നെല്ലൂർ പറയുന്നു. എന്നാൽ മന്ത്രി അനൂപ് ജേക്കബ് പിറവം കൊണ്ട് തൃപ്തനാണ്. അതുകൊണ്ട് തന്നെ ജേക്കബ് ഗ്രൂപ്പ് യുഡിഎഫിൽ ഉറച്ചു നിൽക്കും. അങ്ങനെ ജോണി നെല്ലൂർ പെരുവഴിയിലായി.

പിസി ജോർജിനേയും ഗൗരിയമ്മയേയും ബാലകൃഷ്ണ പിള്ളയേയും മോഹം കൊടുത്ത് പറ്റിച്ചത് ഇടതുപക്ഷമാണ്. ഇവിടെ ജോണി നെല്ലൂരിനോട് ക്രൂരത കാട്ടിയത് യുഡിഎഫും എന്നത് മാത്രമാണ് വ്യത്യാസം. ചതിക്ക് തിരിച്ചടി കൊടുക്കാൻ പൂഞ്ഞാറിൽ ജോർജ് മത്സരിക്കുന്നു. ഗൗരിയമ്മ ബിജെപി പാളയം ലക്ഷ്യമിടുന്നു. ബാലകൃഷ്ണ പിള്ളയാകട്ടെ ആരും എന്നെ ചതിച്ചില്ലെന്നും ഞാൻ സ്വയം മത്സരത്തിൽ നിന്ന് പിന്മാറിയതാണെന്നും പറഞ്ഞ് സമാധാനിക്കുന്നു. ഇതിൽ ഒരു തീരുമാനവും എടുക്കാനാവാത്ത അവസ്ഥയിലാണ് ജോണി നെല്ലൂർ. എന്നാൽ എല്ലാ സാധ്യതയും തേടുന്നുമുണ്ട്. ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഇനി അവസരമില്ലെന്ന് ജോണി നെല്ലൂർ തിരിച്ചറിഞ്ഞിട്ടുണ്ട്. ജേക്കബ് ഗ്രൂപ്പിലെ മന്ത്രി അനൂപ് ജേക്കബും അമ്മയും തന്നെ ചതിച്ചുവെന്ന വിലയിരുത്തലും ജോണി നെല്ലൂരിനുണ്ട്.

രാഷ്ട്രീയമായി കേരളാ കോൺഗ്രസ് ജേക്കബ് ഇല്ലാതാകേണ്ടത് കോൺഗ്രസിന്റെ ആവശ്യകതയാണ്. ഇത്തരം ചെറുപാർട്ടികളെ പ്രധാന നേതാവിന്റെ വിടവാങ്ങലോടെ ഇല്ലായ്മ ചെയ്യാനാണ് ഉമ്മൻ ചാണ്ടിയുടേയും ആഗ്രഹം. അതു തന്നെയാണ് ജേക്കബ് ഗ്രൂപ്പിലെ പ്രശ്‌നങ്ങൾക്കും കാരണം. എ ഗ്രൂപ്പിലെ നേതാക്കൾക്ക് ഇതിലൂടെ മറ്റൊരു ഉദ്ദേശവുമുണ്ടായിരുന്നു. സമുദായിക സമവാക്യങ്ങൾ പരിഗണിച്ച് മന്ത്രിസഭ രൂപീകരിക്കുമ്പോൾ യാക്കോബായ വിഭാഗക്കാരായ കോൺഗ്രസുകാർക്ക് സ്ഥാനം ലഭിക്കുന്നില്ല. യാക്കോബായക്കാരുടെ പാർട്ടിയായ ജേക്കബ് ഗ്രൂപ്പിൽ നിന്ന് ഒരാളെ മന്ത്രിയാക്കുമ്പോൾ കോൺഗ്രസുകാർ നിരാശരാകുന്നു. എ ഗ്രൂപ്പിലെ പ്രമുഖന് മന്ത്രിസ്ഥാനം വേണമെങ്കിൽ പിറവത്ത് അനൂപ് ജേക്കബ് തറപറ്റണം. ഭാവിയിൽ ഡെയ്‌സിയും മത്സരിച്ച് ജയിക്കരുത്.

അതിനായി ഈ പാർട്ടിയെ അപ്രസക്തമാക്കാനായിരുന്നു തീരുമാനം. അങ്കമാലി സീറ്റ് ജോണി നെല്ലൂരിന് നിഷേധിച്ച് പാർട്ടിയിൽ പിളർപ്പുണ്ടാക്കുക. അതിലൂടെ അശക്തരായ പാർട്ടിക്ക് ഒരു സീറ്റ് മാത്രം നൽകുക. അഞ്ച് കൊല്ലം കഴിഞ്ഞ് ഒന്നും നൽകാതിരിക്കുക. ഇതായിരുന്നു തന്ത്രം. ഇത് തിരിച്ചറിയാൻ ജേക്കബിന്റെ ഭാര്യയും ഫെഡറിൽ ബാങ്കിലെ ഉന്നത ഉദ്യോഗത്തിൽ നിന്ന് വിരമിക്കുകയും ചെയ്ത ഡെയ്‌സിക്ക് കഴിഞ്ഞു. തന്റെ സുഹൃത്തായ എലിസബത്തിന്റെ സഹായത്തോടെ സാക്ഷാൽ എകെ ആന്റണിയെ പ്രശ്‌നത്തിൽ ഇടപെടുവിക്കുകയും ചെയ്തു. ഇതോടെ ആന്റണി വിഷയത്തിൽ ഇടപെട്ടു. ജേക്കബ് ഗ്രൂപ്പിനെ ഇല്ലായ്മ ചെയ്യുന്നതൊന്നും അനുവദിക്കില്ലെന്ന് ആന്റണി നിലപാട് എടുത്തു. ജോണി നെല്ലൂരിന് സീറ്റ് കൊടുത്തേ പറ്റൂവെന്നും കേരളാ കോൺഗ്രസ് ജേക്കബിൽ പിളർപ്പുണ്ടാകരുതെന്നും നിർദ്ദേശം നൽകി.

അങ്കമാലി സീറ്റിനെ ചൊല്ലിയുള്ള തർക്കം രൂക്ഷമായപ്പോഴാണ് പാർട്ടി സ്ഥാപകൻ ടി.എം ജേക്കബിന്റെ ഭാര്യ കൂടിയായ ഡെയ്‌സി ജേക്കബ് ഒത്തുതീർപ്പുമായി രംഗത്തെത്തിയത്. സീറ്റ് വിഭജനത്തിൽ യു.ഡി.എഫ് പാർട്ടിയെ അവഗണിക്കുന്നത് ചർച്ച ചെയ്യാൻ ചേരുന്ന യോഗത്തിൽ ഒരു വിഭാഗം പിളർപ്പെന്ന തീരുമാനത്തിലേക്ക് നീങ്ങുമെന്നായിരുന്നു സൂചന. പാർട്ടിയിൽ ജോണി നെല്ലൂരും അനൂപ് ജേക്കബും തമ്മിൽ മാസങ്ങളായി അനൈക്യത്തിലാണ്. ഉഭയകക്ഷി ചർച്ചകളിൽ അങ്കമാലി നൽകാനാവില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയതോടെയാണ് ഭിന്നത പരസ്യമായത്. സീറ്റ് നിഷേധിക്കുന്നതിലെ അതൃപ്തി ജോണി നെല്ലൂർ വ്യക്തമാക്കിയപ്പോൾ ഉഭയകക്ഷി ചർച്ച പോസിറ്റീവാണെന്ന നിലപാടാണ് മന്ത്രികൂടിയായ അനൂപ് ജേക്കബ് കൈക്കൊണ്ടത്. ഇതിൽ പ്രതിഷേധിച്ച് ഫ്രാൻസിസ് ജോർജിന്റെ കേരളാ കോൺഗ്രസിലേക്ക് മാറാൻ ജോണി നെല്ലൂർ ശ്രമം നടത്തി. ഇത് കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റെ കഥ കഴിക്കുമെന്നും ഇതിനായാണ് അങ്കമാലിയിൽ കടുംപിടത്തമെന്നും വിലയിരുത്തലെത്തി.

ഇതോടെയാണ് യാക്കോബായ സഭയും ഡെയ്‌സി ജേക്കബും പ്രശ്‌ന പരിഹാരത്തിന് മുന്നിട്ടിറങ്ങിയത്. ജോണി നെല്ലൂരൂമായി ഒത്തുതീർപ്പിൽ എത്തണമെന്ന് സഭ തന്നെ ഇടപെട്ട് നിർദ്ദേശിക്കുകയായിരുന്നു. എ കെ ആന്റണിയുടെ ഇടപെടൽ കൂടിയായപ്പോൾ ജോണി നെല്ലൂർ പലതും പ്രതീക്ഷിച്ചു. എന്നാൽ കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ആന്റണി സുധീരനൊപ്പം കൂടി. ഇതോടെ ജോണി നെല്ലൂരിനെ തഴയാൻ ഉമ്മൻ ചാണ്ടി തീരുമാനിക്കുകയായിരുന്നു. ഇതാണ് ഔഷധിയുടെ ചെർമാനായി യുഡിഎഫ് ഭരണകാലത്ത് സർക്കാർ കാറിൽ വിലസിയ ജോണി നെല്ലൂരിനെ പെരുവഴിയിലാക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP