Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പോപ്പിനോട് പരാതി പറഞ്ഞു സ്ത്രീകളുടെ കാലു കഴുകുന്നതിൽ നിന്ന് ഒഴിവ് കഴിവ്‌ നേടി സീറോ മലബാർ സഭ; ഹിന്ദു സ്ത്രീയുടെ കാലു വരെ കഴുകി ലത്തീൻ സഭയും; ഹിന്ദുവിന്റേയും മുസ്ലീമിന്റേയും കാൽകഴുകി മാതൃക തീർത്ത് മാർപ്പാപ്പയും

പോപ്പിനോട് പരാതി പറഞ്ഞു സ്ത്രീകളുടെ കാലു കഴുകുന്നതിൽ നിന്ന് ഒഴിവ് കഴിവ്‌ നേടി സീറോ മലബാർ സഭ; ഹിന്ദു സ്ത്രീയുടെ കാലു വരെ കഴുകി ലത്തീൻ സഭയും; ഹിന്ദുവിന്റേയും മുസ്ലീമിന്റേയും കാൽകഴുകി മാതൃക തീർത്ത് മാർപ്പാപ്പയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കാൽ കഴുകൽ ശുശ്രൂഷയിൽ സ്ത്രീകളെ കൂടി ഉൾപ്പെടുത്തണമെന്ന് മാർപാപ്പയുടെ നിർദ്ദേശം സീറോ മലബാർ സഭ നടപ്പാക്കിയില്ല. സിനഡിൽ ചർച്ച ചെയ്ത ശേഷം മാർപാപ്പയുടെ നിർദ്ദേശം നടപ്പിലാക്കിയാൽ മതിയെന്നാണ് കത്തോലിക്ക സഭകളുടെ നിലപാട്. ഇക്കാര്യം മാർപ്പാപ്പയേയും വത്തിക്കാനേയും അറിയിച്ചിട്ടുമുണ്ട്. വത്തിക്കാന്റെ കൽപ്പന റോമൻ ആരാധനാ ക്രമം പിന്തുടരുന്ന സഭകൾ മാത്രമേ നടപ്പാക്കേണ്ടതുള്ളൂ എന്ന് പൗരസ്ത്യ സഭകൾക്ക് വേണ്ടിയുള്ള തിരു സംഘതലവൻ ആർച്ച് ബിഷപ്പ് സിറിൽ വാസ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇത്.

എന്നാൽ മതേതരത്വത്തിന് പുതിയ മാനം നൽകി ലത്തീൻ സഭ മാർപ്പാപ്പയുടെ നിർദ്ദേശം നടപ്പാക്കി. സ്ത്രീകളുടെ കാൽ കഴുകുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കെ ലത്തീൻ സഭയുടെ കീഴിലുള്ള പള്ളികളിൽ സ്ത്രീകളുടെ കാൽ കഴുകി. കാൽ കഴുകൽ ശുശ്രൂഷയിൽ സ്ത്രീകളെ കൂടി ഉൾപ്പെടുത്തണമെന്ന് മാർപാപ്പ നിർദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്ന് പെസഹാ വ്യാഴം നാളിൽ ആലപ്പുഴ ജില്ലയിലെ പുറക്കാട് ഇൻഫന്റ് ജീസസ് ദേവാലയത്തിൽ ഹിന്ദുമത വിശ്വാസിയായ വീട്ടമ്മയുടെയും കാൽകഴുകൽ ശുശ്രൂഷ നടത്തി. പുറക്കാട് തൈച്ചിറ നാഗപറമ്പ് നീലാംബരന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയുടെ (63) പാദങ്ങളാണു വികാരി കഴുകി ചുംബിച്ചത്.

തെരഞ്ഞെടുത്ത 12 പേരിൽ നാലു സ്ത്രീകളുടെ കാൽ കഴുകൽ നടത്താൻ തീരുമാനിച്ചിരുന്നു. ഇവരിലൊരാളാണു ലക്ഷ്മിക്കുട്ടി. വികാരി ഫാ. സിൽവസ്റ്റർ ചടങ്ങുകൾക്കു നേതൃത്വം നൽകി. മതേതര കാഴ്ചപ്പാടോടെ ചടങ്ങിനെത്തിയ വീട്ടമ്മയെ വികാരിയും പള്ളി കമ്മിറ്റി ഭാരവാഹികളും അഭിനന്ദിച്ചു. കാൽകഴുകൽ ശുശ്രൂഷയിൽ പങ്കെടുത്തവർക്കു കേക്കും സമ്മാനിച്ചു. 2014ൽ ലിബിയക്കാരനായ ഇസ്‌ലാംമത വിശ്വാസിയുടെ പാദങ്ങൾ കഴുകി ഫ്രാൻസിസ് മാർപാപ്പ പുതിയ കീഴ്‌വഴക്കം സൃഷ്ടിച്ചിരുന്നു.

ബർണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടന്ന കാൽകഴുകൽ ചടങ്ങും ചരിത്രത്തിൽ ഇടംനേടി. ഇത്തവണ ഇവിടെ പുരുഷന്മാർക്ക് പുറമെ സ്ത്രീകളുടെയും കാൽ കഴുകൽ ശുശ്രൂഷ നടന്നു. കന്യാസ്ത്രീ ഉൾപ്പെടെ മൂന്ന് സ്ത്രീകളുടെയും ഒമ്പത് പുരുഷന്മാരുടെയും കാൽ കഴുകി. ബർണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടന്ന ചടങ്ങുകൾക്ക് കണ്ണൂർ രൂപത ബിഷപ് ഡോ. അലക്‌സ് വടക്കുന്തല മുഖ്യകാർമികനായി.  അപ്പം മുറിക്കൽ ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന എന്നിവയുമുണ്ടായിരുന്നു.

പെസഹ ദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ ഹിന്ദുമുസ്ലിംക്രിസ്ത്യൻ അഭയാർഥികളുടെ പാദം കഴുകി ചുംബിച്ചു. ശുശ്രൂഷക്കായി തെരഞ്ഞെടുത്ത 12 പേരിൽ ഹിന്ദുക്കളും മുസ്ലിംകളും മറ്റു മതവിഭാഗങ്ങളിൽ പെട്ടവരുമുണ്ടായിരുന്നു. കാൽ കഴുകിയവരിൽ ഒരാൾ ഇന്ത്യക്കാരനായിരുന്നു. സാഹോദര്യത്തിന്റെ ആഹ്വാനവുമായി ലോകത്തിനു മാതൃകയായ മാർപാപ്പ നമ്മളെല്ലാവരും ദൈവത്തിന്റെ മക്കളാണെന്ന് പ്രഖ്യാപിച്ചു. ബ്രസൽസിലെ ഭീകരാക്രമണത്തിനു ശേഷം മുസ്ലിംവിരുദ്ധ വികാരം രൂക്ഷമായ പശ്ചാത്തലത്തിലാണ് മാർപാപ്പ മാതൃകയായത്. 'സംസ്‌കാരത്തിലും മതവിശ്വാസത്തിലും നമ്മൾ വ്യത്യസ്തരാണ്. എന്നാൽ, നമ്മളെല്ലാം സഹോദരങ്ങളാണ്. സമാധാനത്തോടെ ജീവിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്' ചടങ്ങിനു ശേഷം മാർപാപ്പ പറഞ്ഞു. മുട്ടുകുത്തിനിന്ന് മാർപാപ്പ വിശുദ്ധജലംകൊണ്ട് കാൽകഴുകി ചുംബിക്കുമ്പോൾ അഭയാർഥികൾ പൊട്ടിക്കരയുന്നുണ്ടായിരുന്നു. നാലു സ്ത്രീകളുടെയും എട്ടു പുരുഷന്മാരുടെയും പാദങ്ങളാണ് മാർപാപ്പ കഴുകിയത്.

പോപ് ഫ്രാൻസിസ് മാർപ്പാപ്പയായതു മുതൽ കത്തോലിക്കാ സഭ മാറ്റത്തിന്റെ പാതയിലാണ്. കാലഘട്ടത്തിന് അനുസരിച്ചുള്ള വിപ്ലവകരമായ മാറ്റങ്ങൾ അദ്ദേഹം തുടരുകയുമാണ്. അതിൽ അവസാനത്തേതായിരുന്നു കാൽകഴുകൽ ചടങ്ങിലെ പുതിയ പ്രഖ്യാപനം. കത്തോലിക്കാ സഭയിൽ സ്ത്രീകളും അക്രൈസ്തവരും ഉൾപ്പെടെയുള്ളവരെ വിശുദ്ധ വാരത്തിലെ കാൽകഴുകൽ ശുശ്രൂഷയിൽ പങ്കെടുപ്പിക്കാൻ അനുവദിച്ചു വത്തിക്കാൻ കൽപന പുറപ്പെടുവിച്ചത് ഈ വർഷം ഏപ്രിലിലാണ്. യേശുക്രിസ്തു 12 ശിഷ്യന്മാരുടെ കാൽകഴുകിയതിനെ അനുസ്മരിപ്പിക്കുന്ന ശുശ്രൂഷ നടത്തുമ്പോൾ 12 പുരുഷന്മാരെയാണു പങ്കെടുപ്പിച്ചുപോന്നിരുന്നത്. ഇതിന് മാറ്റം വരുത്താനാണ് കൽപ്പന.

സഭയുടെ പരമോന്നത പദവിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടശേഷം 2013ൽ റോമിലെ ഒരു ജുവനൈൽ തടങ്കൽ കേന്ദ്രത്തിൽ ഫ്രാൻസിസ് മാർപാപ്പ നടത്തിയ കാൽകഴുകൽ ശുശ്രൂഷയിൽ ക്രൈസ്തവരായ സ്ത്രീകളെയും പുരുഷന്മാരെയും മുസ്‌ലിംകളെയും ഉൾപ്പെടുത്തിയിരുന്നു. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന തരത്തിലായിരുന്നു പുതിയ കൽപ്പന. പോപ്പിന്റെ തീരുമാനത്തെ സ്ത്രീ പക്ഷ സംഘടനകൾ സ്വാഗതം ചെയ്യുകയാണ്. വിപ്ലവകരമായ മാറ്റമെന്നാണ് അവർ വിശേഷിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP