Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പശ്ചിമഘട്ടം തുരന്നുള്ള കൊള്ളയടിയിൽ തങ്കച്ചന്റെ മകനും നേരിട്ട് പങ്ക്; ന്യൂ ഭാരത് ക്രഷേഴ്‌സിന്റെ ഉടമസ്ഥരുടെ കൂട്ടത്തിൽ വർഗ്ഗീസ് തങ്കച്ചനും; ക്വാറിക്ക് എതിരെ മിണ്ടിയ ആദിവാസികളെ മാവോയിസ്റ്റുകളാക്കി ജയിലിലുമടച്ചു

പശ്ചിമഘട്ടം തുരന്നുള്ള കൊള്ളയടിയിൽ തങ്കച്ചന്റെ മകനും നേരിട്ട് പങ്ക്; ന്യൂ ഭാരത് ക്രഷേഴ്‌സിന്റെ ഉടമസ്ഥരുടെ കൂട്ടത്തിൽ വർഗ്ഗീസ് തങ്കച്ചനും; ക്വാറിക്ക് എതിരെ മിണ്ടിയ ആദിവാസികളെ മാവോയിസ്റ്റുകളാക്കി ജയിലിലുമടച്ചു

രഞ്ജിത് ബാബു

കണ്ണൂർ: യു.ഡി.എഫ്. കൺവീനർ പി.പി. തങ്കച്ചന്റെ ബിനാമി പാറമടയിൽ മകനും ഉൾപ്പെട്ടതായി വിവരം. കണ്ണൂർ ജില്ലയിലെ വയനാട് അതിർത്തിയിലുള്ള വിവാദ പാറമട ഉടമകളെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമെങ്കിലും തങ്കച്ചന്റെ മകൻ വർഗ്ഗീസ് പി.തങ്കച്ചന്്് പാറമടയിൽ വ്യക്തമായ ഓഹരിയുണ്ടെന്ന് വിവരം ലഭിച്ചു. സർവ്വെ നമ്പർ 14/11 പ്രകാരം ക്വാറി ഉടമകളിൽ തങ്കച്ചന്റെ മകൻ വർഗ്ഗീസിന്റെ പേരും ഉൾപ്പെടുന്നു. എന്നാൽ വർഗ്ഗീസ് പി.തങ്കച്ചൻ ന്യൂഭാരത് ക്രഷേഴ്‌സ് എന്ന പാറമടയിലേക്ക് അപൂർവ്വമായേ വരാറുള്ളൂ.

കണിച്യാർ പഞ്ചായത്തിലെ ഒരു പ്രമുഖ കോൺഗ്രസ്സ് നേതാവിന്റെ വസതിയിലേക്ക് പി.പി.തങ്കച്ചനോടൊപ്പം വർഷത്തിൽ മൂന്നോ നാലോ തവണ മാത്രമേ വർഗ്ഗീസ് പി.തങ്കച്ചൻ ഇവിടെ വരാറുള്ളൂ. വന്നാൽ തന്നെ രണ്ടോ മൂന്നോ ദിവസം തങ്ങി മടങ്ങിപ്പോകാറാണ് പതിവ്. യു.ഡി.എഫ്. കൺവീനർ തങ്കച്ചന്റെ മകൻ എന്ന പേരിൽ ക്വാറി ഉൾപ്പെടുന്ന പൊലീസ് സ്‌റ്റേഷൻ പരിധിയിൽ വർഗ്ഗീസ് പി.തങ്കച്ചന് നല്ല സ്വാധീനമുണ്ട്. ക്വാറിക്കെതിരെ സമരം നടത്തുന്ന ആദിവാസികൾക്കെതിരെ പൊലീസ് സ്വാധീനം ഉപയോഗിച്ച് കേസിൽ കുടുക്കുന്നതും വർഗ്ഗീസ് തങ്കച്ചനാണ്.

കുറിച്യരായ ആദിവാസികളാണ് പാറമടയുടെ ദുരിതം മുഴുവനും പേറുന്നത്. അതുകൊണ്ടു തന്നെ 2012 മുതൽ അവർ സമരവും കോടതിയുമായി നീതിക്കു വേണ്ടി സജീവമായി രംഗത്ത് ഇറങ്ങുകയും ചെയ്തിരിക്കയാണ്. കഴിഞ്ഞ വർഷം ജനുവരി 2 ന് രൂപേഷിന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘം ന്യൂഭാരത് സ്‌റ്റോൺ ക്രഷർ അക്രമിച്ചപ്പോൾ ആദിവാസി സമരക്കാരെ ബോധപൂർവ്വം അതിൽ കുടുക്കാൻ ശ്രമിച്ചതും വർഗ്ഗീസ് തങ്കച്ചനാണ്. ചെക്ക്യേരി കോളനിയിലെ വനമേഖലയിൽ പ്രവർത്തിക്കുന്ന ആദിവാസി യുവാക്കൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് ക്വാറിക്കെതിരെ നിലകൊള്ളുന്നവരെ പിടികൂടാൻ പൊലീസിന് ഒത്താശ ചെയ്തുകൊടുത്തതും വർഗ്ഗീസ് തങ്കച്ചനാണ്. എന്നാൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കുറിച്യ യുവാക്കൾക്ക് ഇതിൽ പങ്കില്ലെന്ന് അറിയിച്ചതോടെ കേരളാ പൊലീസ് ഇവരെ അറസ്റ്റ് ചെയ്‌തെങ്കിലും ജയിലിലടക്കാനായില്ല.

ക്വാറിക്കും ക്രഷറിനുമെതിരെ പ്രവർത്തിക്കുന്ന ആദിവാസി യുവാക്കളെ മാവോയിസ്റ്റ് എന്ന മുദ്രകുത്തി ജയിലിലടക്കാൻ രൂപേഷിന്റെ അക്രമവുമായി ബന്ധപ്പെടുത്തിയത് വർഗ്ഗീസിന്റെ തന്ത്രമായിരുന്നു. അതുവരെ ക്വാറിയുടെ ഏതു പ്രശ്‌നത്തിലും അണിയറയിൽ നിന്ന് കളിച്ച വർഗ്ഗീസ് തങ്കച്ചൻ ആദിവാസികളെ കുടുക്കുന്ന കാര്യത്തിലും സ്വന്തം പേര് ഉപയോഗിച്ചില്ല. എന്നാൽ കേളകം പൊലീസ് സ്‌റ്റേഷനിൽ വർഗ്ഗീസ് തങ്കച്ചന് നല്ല സ്വാധീനമുണ്ടായിരുന്നു. അച്ഛൻ വഴി ലഭിച്ച സ്വാധീനം യഥാസമയം ഉപയോഗിക്കാൻ വർഗ്ഗീസ് മടികാണിച്ചിട്ടില്ല. പരിസ്തിതി സംഘടനാ പ്രവർത്തകർ, രാഷ്ട്രീയനേതാക്കൾ, ഉദ്യോഗസ്ഥ മേധാവികൾ, എന്നിവരെ പണം നൽകി പ്രലോഭിപ്പിക്കുന്നതിനും അണിയറയിൽ പ്രവർത്തിച്ചത് വർഗ്ഗീസ് തങ്കച്ചനാണെന്ന് വ്യക്തമാണ്. കൂട്ടാളികളായി മാത്യു എം. പത്രോസും എബിൻ ഐസക്കും.

ഈ മേഖലയിലെ ചില പ്രാദേശിക മാദ്ധ്യമ പ്രവർത്തകരും വർഗ്ഗീസ് തങ്കച്ചന്റെ പോക്കറ്റിലാണ്. എബിൻ ഐസക്കാണ് എല്ലാവരേയും പരിചയപ്പെടുത്തുക. സൗഹൃദം സ്ഥാപിച്ചാൽ അകമഴിഞ്ഞ് സഹായിക്കുന്ന സ്വഭാവമാണ് വർഗ്ഗീസ് തങ്കച്ചന്റേത്. തിരിച്ചും പ്രത്യുപകാരം ലഭിച്ചിരിക്കണമെന്നുമാത്രം. ആദിവാസികളെ ക്വാറി പ്രക്ഷോഭത്തിൽ നിന്നും പിൻതിരിപ്പിക്കാൻ ചില പ്രാദേശിക മാദ്ധ്യമപ്രവർത്തകർ ഇടപെട്ടതായി അവർ പറയുന്നു. പാറമടയിലേക്ക് പോകുന്ന സംസ്ഥാന പാതക്കരികിൽ ചില അഭിഭാഷകന്മാരുടെ വീടുകളുണ്ട്. ആദ്യം അവർ പാറമടക്കെതിരെ തിരിഞ്ഞെങ്കിലും പിന്നീട് അവരുടെ സ്വന്തക്കാരായി.

ആദിവാസികളെ ഭീഷണിപ്പെടുത്തി ആനുകൂല്യങ്ങൾ നൽകി വരുതിയിലാക്കാൻ സർവ്വ രാഷ്ട്രീയ പാർട്ടികളും ക്വാറി ഉടമകളുടെ പിന്നിൽ മത്സരിക്കുകയാണ്. വർഗ്ഗീസ് തങ്കച്ചന്റെ കൂട്ടാളികളായ മാത്യു എം. പത്രോസും എബിൻ ഐസക്കും നല്കുന്ന നോട്ടു കെട്ടുകളിൽ അവർ മയങ്ങിപ്പോകുന്നു. 131 ആദിവാസി ഭവനങ്ങളിൽ 80 എണ്ണവും തകർച്ചയിലേക്ക് നീങ്ങുകയാണ്. അവരുടെ ദുരിതങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന സമൂഹമാണ് ഈ മേഖലയിലുള്ളത്. ഹൈക്കോടതിയിലും എസ്.സി.എസ്. ടി. കമ്മീഷനിലും ഹരിത ട്രിബ്യൂണലിലും പ്രതീക്ഷ അർപ്പിച്ച് കഴിയുകയാണ് കുറിച്യ കോളനി നിവാസികൾ.

പശ്ചിമഘട്ടത്തിന്നരികിൽ പത്തു മീറ്ററിൽ താഴെ മാത്രം വീതിയുള്ള കണ്ണൂർ മൈസൂർ അന്തർ സംസ്ഥാന പാത. പാതയോരത്തുനിന്നും 3000ൽപരം അടി ഉയരത്തിൽ ഉയർന്നു നിൽക്കുന്ന മല. അതിനു ചുറ്റും അതിനേക്കാൾ ഉയരത്തിൽ വനനിബിഢമായ ഹരിതമലകൾ. കോളയാട് പഞ്ചായത്തിൽപ്പെട്ട പ്രദേശമണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP