Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടൽ കടന്ന് മണിനാദം; മണിയുടെ താളവും ഭാവവും ശബ്ദവും അനുകരിക്കാൻ ഇന്നലെ ഇംഗ്ലണ്ടിൽ അനേകം മലയാളികൾ ഒരുമിച്ചു; മണിച്ചേട്ടനെ ഇനി വിഷം കുടിച്ചു ചത്തവനാക്കുമെന്ന് പറഞ്ഞ് സഹോദരന്റെ ഫോൺ സന്ദേശവും

കടൽ കടന്ന് മണിനാദം; മണിയുടെ താളവും ഭാവവും ശബ്ദവും അനുകരിക്കാൻ ഇന്നലെ ഇംഗ്ലണ്ടിൽ അനേകം മലയാളികൾ ഒരുമിച്ചു; മണിച്ചേട്ടനെ ഇനി വിഷം കുടിച്ചു ചത്തവനാക്കുമെന്ന് പറഞ്ഞ് സഹോദരന്റെ ഫോൺ സന്ദേശവും

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: കേരളത്തിലെ ചാനൽ ചർച്ചകളിൽ കലാഭവൻ മണിയുടെ മരണത്തിലെ ദുരൂഹത നിറഞ്ഞ വാർത്തകളാണ്. മലയാളത്തിന്റെ പ്രിയ നടന്റെ മരണ വാർത്തകൾ പുറത്തുവരുമ്പോൾ അദ്ദേഹത്തിന്റെ ആരാധകർക്ക് ആശങ്കയ്ക്ക് ഇട നൽകുന്നതുമാണ്. വിവാദങ്ങൾ ഒരു വശത്ത് മുറുകുന്നതിനിടെ അദ്ദേഹത്തിന് ആദരാജ്ഞലികൾ ഒരുക്കാൻ ഇംഗ്ലണ്ടിലെ മലയാളികൾ ഒരുമിച്ചു. മണിയുടെ ആരാധകരും ഇംഗ്ലണ്ടിലെ കവൻട്രിയിലെ മലയാളികളും ചേർന്നാണ് ഓർമ്മയിലെ മണിനാദം എന്ന ചടങ്ങ് സംഘടിപ്പിച്ചത്. മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനും ചടങ്ങിൽ ഫോണിലൂടെ പങ്കാളിയായി.

'തന്റെ സഹോദരൻ ആത്മഹത്യ ചെയ്തു എന്നൊരു തരത്തിലേക്ക് ആയിരിക്കും ഇനി പ്രചരണം നടക്കാൻ ഇടയുള്ളതെന്നു കലാഭവൻ മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ. ലോകത്തിന്റെ ഏതോ മൂലയിൽ ഇരുന്നു തന്റെ സഹോദരന്റെ ആത്മാവിനു വേണ്ടി നിശബ്ദം പ്രാർത്ഥിക്കുന്ന നിങ്ങൾ ഓരോരുത്തരും ഞങ്ങൾ കുടുംബങ്ങളുടെ മനസ്സിൽ എക്കാലവും ഉണ്ടായിരിക്കും'' രാമകൃഷ്ണൻ ഫോണിൽ പറഞ്ഞു.

കുടുംബത്തിന് ഏറെ വിഷമം ഉണ്ടാക്കുന്ന വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും മരണം സംബന്ധിച്ചു സത്യസന്ധമായ അന്വേഷണം നടക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തിനു കേരളത്തിൽ മണിയെ സ്‌നേഹിക്കുന്നവർ മാത്രമല്ല, വിദേശ മലയാളികളായ നിങ്ങളും കൂടെയുണ്ടാകണം എന്നും രാമകൃഷ്ണൻ അഭ്യർത്ഥിച്ചു. അദ്ദേഹത്തിന്റെ മരിക്കാത്ത ഓർമ്മകൾ നിലനിൽക്കാൻ യുകെ മലയാളികൾ കാട്ടിയ സ്‌നേഹത്തിനു എങ്ങനെ കുടുംബത്തിനു വേണ്ടി നന്ദി പറയും എന്നറിയില്ല എന്നു പറഞ്ഞാണു രാമകൃഷ്ണൻ സംഭാഷണം അവസാനിപ്പിച്ചത്. ചാലക്കുടി ചങ്ങാത്തം എന്ന പേരിൽ യുകെയിലെ ചാലക്കുടിക്കാരുടെ കൂട്ടായ്മയും കവൻട്രിയിലെ മലയാളി സമൂഹവും ചേർന്നാണ് അനുസ്മരണം സംഘടിപ്പിച്ചത്.

മണി ഏറെ ഇഷ്ടപ്പെട്ടിരുന്ന പാട്ടുകളും അദ്ദേഹത്തിന്റെ നാടൻ പാട്ടുകളും ഒക്കെയായി മുന്നേറിയ ഓർമ്മയിലെ മണിനാദത്തിൽ അദ്ദേഹം അടുത്തിടെ യുകെ സന്ദർശിച്ചപ്പോൾ കൂടെ ഉണ്ടായിരുന്ന തബലിസ്റ്റ് മനോജ് ശിവയുടെയും ഡ്രം വിദഗ്ധൻ രജീഷിന്റെയും സാന്നിധ്യം തന്നെയായിരുന്നു പരിപാടിയുടെ ശ്രദ്ധേയം. മണിയെ കേന്ദ്രീകരിച്ചു എന്നെങ്കിലും ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹം ഉണ്ടായിരുന്നത് ഇനി ഒരിക്കലും നടക്കാത്ത സ്വപ്നങ്ങളുടെ കൂട്ടത്തിലേക്കു മാറിയിരിക്കുകയാണെന്ന് വെളിപ്പെടുത്തി ലിവർപൂളിൽ നിന്നെത്തിയ സംവിധായകൻ ജോ ഈശ്വറിന്റെ വാക്കുകൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ നഷ്ടം കൂടിയായി മാറി. മണിയെ ഇഷ്ടപ്പെടുന്നവർക്ക് അദ്ദേഹത്തിന്റെ പാട്ടുകൾ പാടിയിട്ടും പാടിയിട്ടും മതി വരാതെ എന്നവണ്ണം തുടർച്ചയായി പെയ്‌തൊഴിഞ്ഞു.

ചടങ്ങിൽ പങ്കെടുത്ത എല്ലാവരും മണിയിലെ പച്ചയായ മനുഷ്യനെ കുറിച്ച് വാചാലരായി. മണിയോടൊപ്പം ചെലവിട്ട രണ്ടാഴ്ച ഒരു ഗുരു മുഖത്തു നിന്നും പഠിക്കാൻ കഴിഞ്ഞതിലേറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞതു ജീവിതത്തിലെ അപൂർവ്വ ഭാഗ്യമായി കരുതുകയാണെന്നു മനോജ് ശിവ നടത്തിയ അനുസ്മരണത്തിൽ വ്യക്തമാക്കി. ചടങ്ങിനു നാന്ദി കുറിച്ചു കവൻട്രി മലയാളികൾ ബാബു കളപ്പുരയ്ക്കൽ, ജിനു കുര്യാക്കോസ്, റെനിൻ കടുത്തൂസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ മണിക്കു വേണ്ടി ചെണ്ടയിൽ നടത്തിയ താളവാദ്യം വ്യത്യസ്ഥതയുടെ മേളപ്പെരുക്കമായി. സാധാരണ ചെണ്ട ആഘോഷത്തിന്റെ ഭാഗമാണെങ്കിലും മണി ഏറെ ഇഷ്ടപെട്ടിരുന്ന ഒരു വാദ്യം എന്ന നിലയിൽ പത്തോളം പേർ ചേർന്നൊരുക്കിയ മേളം മണിയെന്ന കലാകാരൻ എത്ര വ്യത്യസ്തമായ കഴിവുകൾ ഉള്ള വ്യക്തി കൂടി ആയിരുന്നു എന്നു തിരിച്ചറിയാൻ ഉള്ള അവസരമായി.

തുടർന്നു പ്രിയ നടനു വേണ്ടി സ്റ്റീഫൻ കുര്യാക്കോസ്, രമ്യ ജയേഷ്, രേഷ്മി സജിത്ത്, ബിജു യോഹന്നാൻ, ടീന ജിനു, മെൽവിൻ പോൾസൺ, അനിൽ കുമാർ, അനിൽ തോമസ്, ശ്രീകാന്ത് നമ്പൂതിരി, ടാനിയ ജോസഫ്, ബ്രിജിത് മറിയ (ബോൾട്ടൺ) ജിതേഷ് നായർ (ബർമിങ്ഹാം) ബാബു നോട്ടിങ്ങ്ഹാം റെജി (ലെസ്റ്റർ) തുടങ്ങി ഒട്ടേറെ പേർ മണിയുടെ സിനിമ ഗാനങ്ങളും നടൻ പാട്ടുകൾ ആലപിച്ചു. ലൈവ് ഓർക്കസ്ട്രയിൽ തബലയിൽ മനോജ് ശിവയും ജിതേഷ് നായരും മൃദംഗത്തിൽ ദീപേഷ് സ്‌കറിയയും കീ ബോർഡിൽ സാബു ലെസ്റ്ററും ഡ്രമ്മിൽ രജീഷ് ലങ്കാഷെയറും ഒക്കെ നിറഞ്ഞു നിന്നു.

മാഞ്ചസ്റ്ററിൽ നിന്നും എത്തിയ 10 മേളക്കാരുടെ സംഘം തുടർന്ന് അരമണിക്കൂറോളം ചെണ്ട മേളത്തിൽ നാദ വീചികൾ കേൾവിക്കാരിൽ അത്ഭുതം ജനിപ്പിക്കുന്ന തരത്തിൽ തുറന്നു വിടുക ആയിരുന്നു. താളവും കാലവും മാറി മറിഞ്ഞു കൊട്ട് ആരോഹണ അവരോഹണ ക്രമത്തിൽ മുന്നേറുമ്പോൾ സങ്കടത്തിന്റെ ഭാഷയും ചെണ്ടയിൽ കൈകാര്യം ചെയ്യാം എന്നു തെളിയിക്കുക ആയിരുന്നു രാധേഷ് നായരും സംഘവും. കവൻട്രി മലയാളി സമൂഹത്തിന്റെ നിറ സാന്നിധ്യത്തിനും സഹകരണത്തിനും ചാലക്കുടി ചങ്ങാത്തം പ്രത്യേക നന്ദി അറിയിച്ചാണു മൂന്നര മണിക്കൂറോളം നീണ്ട അനുസ്മരണ ചടങ്ങു സമാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP