Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊട്ടാരക്കര ചോദിച്ച് തുടങ്ങി; ആറന്മുളയോ ഇരവിപുരമോ എങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചു; കോന്നിയായാലും മത്സരിക്കാമെന്ന് അറിയിച്ചു; ഒടുവിൽ ഒരിടവും ഇല്ലെന്നായപ്പോൾ താൻ സീറ്റ് ചോദിച്ചില്ലെന്ന് പറഞ്ഞ് നല്ല പിള്ള ചമഞ്ഞ് പിള്ള

കൊട്ടാരക്കര ചോദിച്ച് തുടങ്ങി; ആറന്മുളയോ ഇരവിപുരമോ എങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചു; കോന്നിയായാലും മത്സരിക്കാമെന്ന് അറിയിച്ചു; ഒടുവിൽ ഒരിടവും ഇല്ലെന്നായപ്പോൾ താൻ സീറ്റ് ചോദിച്ചില്ലെന്ന് പറഞ്ഞ് നല്ല പിള്ള ചമഞ്ഞ് പിള്ള

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: വി എസ് അച്യൂതാനന്ദൻ കടുത്ത നിലപാട് എടുത്തതോടെ ആർ ബാലകൃഷ്ണപിള്ളയുടെ തെരഞ്ഞെടുപ്പ് മോഹവും പൊലിഞ്ഞു. അഴിമതിക്കേസിൽ ശിക്ഷക്കപ്പെട്ട പിള്ളയെ സ്ഥാനാർത്ഥിയാക്കിയാൽ താൻ മത്സരിക്കാനില്ലെന്ന് വി എസ് നിലപാട് എടുത്തിരുന്നു. സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ഈ നിലപാട് എടുത്തതോടെ ബാലകൃഷ്ണ പിള്ളയ്ക്ക് സീറ്റ് നൽകാനാകില്ലെന്ന നിലപാടിലേക്ക് പിണറായി വിജയനും വന്നു. ഇക്കാര്യം സിപിഐ(എം) നേതൃത്വം പിള്ളയെ അറിയിക്കുകയും ചെയ്തു. എന്നാൽ പഴയ ശൗര്യമൊന്നും കാട്ടാതെ സിപിഐ(എം) നിലപാട് അംഗീകരിക്കുന്ന രാഷ്ട്രീയ ബുദ്ധിയാണ് പിള്ള കാണിച്ചത്. ഉടക്കിയാൽ പത്തനാപുരത്ത് മകൻ ഗണേശിന് പോലും സീറ്റ് കിട്ടാത്ത സ്ഥിതി വരുമെന്ന് പിള്ള തിരിച്ചറിഞ്ഞതാണ് ഇതിന് കാരണം.

നിയമസഭാ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര സീറ്റിന്റെ കാര്യത്തിൽ പിടിവാശിയില്ലെന്ന് കേരളാ കോൺഗ്രസ്(ബി) ചെയർമാൻ ആർ.ബാലകൃഷ്ണ പിള്ള പറഞ്ഞു. കൊട്ടാരക്കര നൽകണമെന്ന് ഇടതു മുന്നണിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ ആരു മത്സരിക്കണം എന്നത് എൽ.ഡി.എഫ് തീരുമാനിക്കും. താൻ മത്സരിക്കാനില്ല. നേരത്തെ ഗണേശിനു വേണ്ടി സീറ്റ് ചോദിച്ചിരുന്നു. ഇപ്പോൾ ചോദിക്കുന്നത് ശരിയല്ലെന്ന് തോന്നി. പഞ്ചായത്ത് മെമ്പർ പോലും ആവുമെന്ന് കരുതിയല്ല താൻ രാഷ്ട്രീയത്തിൽ വന്നത്. എന്നിട്ട് എല്ലാം ആയി. ഇനി വല്ല പുസ്തകമോ മറ്റോ എഴുതിയോ വായിച്ചോ ഇരിക്കാനാണ് ആഗ്രഹമെന്നും പിള്ള പറഞ്ഞു. യു.ഡി.എഫ് സർക്കാർ അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ അടുത്ത നിയമസഭയിലും പിള്ള ഉണ്ടാകില്ലെന്ന് ഉറപ്പായി.

കൊട്ടാരക്കരയിൽ അവകാശവാദം ഉന്നയിക്കാൻ തന്നെയാണ് ഇടതു ചേരിയിലെത്തിയ പിള്ള ആദ്യം പരിപാടി ഇട്ടത്. എന്നാൽ പിണറായി വിജയൻ ഇത് നടക്കില്ലെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് സമയത്തേ അറിയിച്ചു. ഇതോടെ പത്തനാപുരം അടക്കമുള്ള രണ്ട് സീറ്റെന്നായി ആവശ്യം. സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകൾ ചോദിച്ചതുമില്ല. ആർഎസ്‌പി മുന്നണി വിട്ടതോടെ ഒഴിഞ്ഞ ഇരവിപുരമാണ് ലക്ഷ്യമിട്ടത്. ഷിബു ബേബി ജോണിനെതിരെ ചവറയിൽ മത്സരിക്കാമെന്നും പറഞ്ഞു. ഇതോടെ ഔദ്യോഗിക പക്ഷം ചിന്ത തുടങ്ങി. ആറന്മുളയിലെ നായർ വോട്ടുകൾ അനുകൂലമാക്കാൻ അവിടെ വേണമെങ്കിലും മത്സരിക്കാമെന്നും അറിയിച്ചു. ഈ മൂന്ന് സീറ്റിലും പിള്ള നല്ല സ്ഥാനാർത്ഥിയാണെന്ന് സിപിഐ(എം) വിലയിരുത്തുകയും ചെയ്തു. അടുർ പ്രകാശിനെതിരെ കോന്നിയിൽ മത്സരിക്കാനും തയ്യാറായി.

ഇതിനിടെയാണ് വിഎസിന്റെ ഇടപെടൽ. നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനായി വി എസ് മുന്നോട്ട് വച്ച ഉപാധികളിൽ ഒന്ന് പിള്ളയ്ക്ക് സീറ്റ് നൽകരുതെന്നതായിരുന്നു. പിസി ജോർജിനും വി എസ് എതിരായിരുന്നു. എന്നാൽ തന്നെ അധിക്ഷേപിച്ചിട്ടുണ്ടെങ്കിലും ഗണേശിനെ വി എസ് അനുകൂലിച്ചു. ബാലകൃഷ്ണ പിള്ളയുടെ പാർട്ടിക്ക് എത്ര സീറ്റ് വേണമെങ്കിലും കൊടുക്കാം. എന്നാൽ പിള്ള മത്സരിക്കരുതെന്നതായിരുന്നു വിഎസിന്റെ ആവശ്യം. യെച്ചൂരി ഇക്കാര്യം സംസ്ഥാന നേതാക്കളേയും അറിയിച്ചു. അഴിമതിയ്‌ക്കെതിരായ മുദ്രാവാക്യം ഉയർത്തി ഉമ്മൻ ചാണ്ടിയെ പ്രതിക്കൂട്ടിൽ നിർത്തുന്നതിനാൽ വിഎസിന്റെ നിലപാട് ന്യായമാണെന്നായിരുന്നു യെച്ചൂരിയുടെ പക്ഷം. അത് കോടിയേരിയും പിണറായിയും അംഗീകരിച്ചു. ഇത് മനസ്സിലായതോടെയാണ് പിള്ള സ്വയം വിശദീകരണവുമായെത്തിയത്.

കൊട്ടാരക്കരയിൽ നിന്ന് 1960, 1965,1977,1980,1982,1987,1991, 1996, 2001 എന്നീ വർഷങ്ങളിൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് ബാലകൃഷ്ണപിള്ള. യുഡിഎഫിനൊപ്പം നിന്ന പിള്ളയെ അയിഷാ പോറ്റിയെ ഇറക്കിയാണ് 2006ൽ സിപിഐ(എം) തോൽപ്പിച്ചത്. 2011ൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട പിള്ള മത്സരിച്ചില്ല. പകരം നിർത്തിയ സ്ഥാനാർത്ഥിയെ തോറ്റു. അതിന് ശേഷം യുഡിഎഫുമായുണ്ടായ അഭിപ്രായ ഭിന്നതകളെ തുടർന്ന് പിള്ള ഇടതു ചേരിയിലെത്തി. തദ്ദേശത്തിൽ സഹകരിച്ചു. പത്തനാപുരത്ത് ഗണേശിന് സീറ്റ് നൽകാമെന്ന ഉറപ്പിൽ സിപിഎമ്മുമായി സഹകരിച്ചു. അപ്പോഴും പിള്ളയുടെ മനസ്സിൽ സ്വന്തം മത്സരത്തിനുള്ള സീറ്റായിരുന്നു. അത് നടക്കാതെ പോയ നിരാശയുണ്ടെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മറ്റൊരു വഴിയുമില്ലെന്ന് പിള്ളയ്ക്ക് അറിയാം.

ഇടതുപക്ഷം അധികാരത്തിലെത്തിയാൽ തനിക്ക് എന്തെങ്കിലും പദവി പിള്ള മനസ്സിൽ കാണുന്നുണ്ട്. ഉമ്മൻ ചാണ്ടി സർക്കാർ ക്യാബിനറ്റ് പദവിയോടെ മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം പിള്ളയ്ക്ക് നൽകി. ഇതിന് സമാനമായ പദവി മുന്നിൽ കണ്ടാണ് പിള്ള നിശബ്ദനാകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യവും സമർത്ഥമായി വിനിയോഗിക്കാമെന്നാണ് കണക്ക് കൂട്ടൽ. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിൽ നിന്നുള്ള തന്റെ മാറി നിൽക്കലിനെ രാഷ്ട്രീയ വിരമിക്കലായി കണക്കാക്കേണ്ടെന്ന് അണികളോട് ബാലകൃഷ്ണ പിള്ള വിശദീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP