Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഡിഎഫിനെയല്ലാതെ മറ്റാരെയും പുണരാൻ താൽപ്പര്യം ഇല്ലാത്ത ഇരിക്കൂറുകാർ 'നല്ല ക്രിസ്ത്യാനി'യായ ഇടതു സ്ഥാനാർത്ഥിക്കായി ഇക്കുറി മാറ്റി ചിന്തിക്കുമെന്ന് ഉറപ്പ്; കോട്ടയത്തു നിന്നും എംഎൽഎ ആകാൻ മാത്രം എത്തിയ 'വെള്ളിമൂങ്ങ'ക്കെതിരെ മലയോര ഗ്രാമങ്ങളിൽ പ്രതിഷേധം ശക്തം; ശാപമോക്ഷം വേണമെന്ന് നാട്ടുകാർ

യുഡിഎഫിനെയല്ലാതെ മറ്റാരെയും പുണരാൻ താൽപ്പര്യം ഇല്ലാത്ത ഇരിക്കൂറുകാർ 'നല്ല ക്രിസ്ത്യാനി'യായ ഇടതു സ്ഥാനാർത്ഥിക്കായി ഇക്കുറി മാറ്റി ചിന്തിക്കുമെന്ന് ഉറപ്പ്; കോട്ടയത്തു നിന്നും എംഎൽഎ ആകാൻ മാത്രം എത്തിയ 'വെള്ളിമൂങ്ങ'ക്കെതിരെ മലയോര ഗ്രാമങ്ങളിൽ പ്രതിഷേധം ശക്തം; ശാപമോക്ഷം വേണമെന്ന് നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കേരളത്തിൽ ഏറ്റവും ഉറച്ച യുഡിഎഫ് സീറ്റുകളിൽ ഒന്നാണ് മലയോര ക്രിസ്ത്യാനികൾ തിങ്ങിപ്പാർക്കുന്ന ഇരിക്കൂർ. ഏത് പാവയെ പിടിച്ച് സഥാനാർത്ഥിയാക്കിയാലും ജയിക്കും. ആ ആനുകൂല്യമാണ് കെ സി ജോസഫ് എന്ന കോട്ടയത്തുകാരൻ കഴിഞ്ഞ 35 വർഷമായി അനുഭവിക്കുന്നത്. ഇരിക്കൂറിൽ എംഎൽഎ ആയിരിക്കുമ്പോൾ കോട്ടയം ഡിസിസി പ്രസിഡന്റ് ആവുക എന്നതാണ് വേറൊരു മണ്ഡലത്തിൽ ആണെങ്കിൽ ചിന്തിക്കാൻ പറ്റുമോ? എന്നുവച്ചാൽ കോട്ടയംകാരൻ എന്ന ക്ലെയിം നിലനിർത്തിക്കൊണ്ട് തന്നെ മലബാറിൽ എത്തി എംഎൽഎ ആകുന്നു എന്നർത്ഥം. വരത്തനെ ഇനി വേണ്ടെന്ന് നാട്ടുകാർ പറഞ്ഞു തുടങ്ങി. വെള്ളിമൂങ്ങ എന്ന സിനിമ പോലും കെ സി ജോസഫിനെ മാത്രം മനസിൽ കണ്ട് എടുത്തതാണെന്നാണ് നാട്ടുകാരുടെ പക്ഷം.

ഇടതു കോട്ടയെന്നാണ് മുൻകാലങ്ങളിൽ കണ്ണൂർ അറിയപ്പെടുന്നതെങ്കിലും ആ പതിവ് ഇരിക്കൂർ മണ്ഡലത്തിൽ എത്തുമ്പോൾ പലപ്പോഴും തെറ്റുന്നത്. മധ്യതിരുവിതാംകൂറിൽ നിന്നുള്ള കുടിയേറ്റക്കാരാണ് ഇരിക്കൂർ മണ്ഡലത്തിന്റെ ഗതി നിർണ്ണയിക്കുന്നത് എന്നതു കൊണ്ട് തന്നെയാണ് കെ സി ജോസഫ് എല്ലാത്തവണയും കുപ്പായം ധരിച്ച് ഇങ്ങോട്ടെത്തിയത്. എ ഗ്രൂപ്പുകാരിലെ കരുത്തനും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനും എന്നതാണ് ഈ കുട്ടനാട്ടുകാരന് പലപ്പോഴും തുണയായത്. 35 വർഷമായി എംഎൽഎ ആയ അദ്ദേഹം ഇത്തവണ മാത്രമാണ് മന്ത്രിയായതും. പലപ്പോഴും ഇടതു പക്ഷത്തിന്റെ ഭാഗത്തുള്ള വീഴ്‌ച്ചകളും ജോസഫിന് തുണയായി നിന്നു.

കാലങ്ങളായി ഇടതുപക്ഷത്തു നിന്നും ഇവിടെ സ്ഥാനാർത്ഥിയായി വരാറ് സിപിഐ പ്രതിനിധികളാണ്. അതുകൊണ്ട് തന്നെ മണ്ഡലത്തിൽ സിപിഐ(എം) പ്രവർത്തകർക്ക് ആത്മാർത്ഥത കുറവാണെന്ന ആക്ഷേപവുമുണ്ട്. ഇത്തവണയും സിപിഐ തന്നെയാണ് സ്ഥാനാർത്ഥിത്വം. എന്നാൽ, മലയോര മേഖലയിൽ നിന്നും മികച്ചൊരു ക്രൈസ്തവ സ്ഥാനാർത്ഥിയെ രംഗത്തിറക്കിയാൽ ഇത്തവണ വിജയിച്ചു കയറാൻ സാധിക്കുമെന്ന കണക്കുകൂട്ടൽ. അത്തരമൊരു സ്ഥാനാർത്ഥിയെ സിപിഐ തേടുന്നുമുണ്ട്. വെള്ളിമൂങ്ങ സിനിമയിലെ യുവാവായ രാഷ്ട്രീയക്കാരൻ തുടർച്ചയായി വിജയിച്ചു വരുന്ന മുതിർന്ന് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തുന്നതാണ് ചിത്രം. കഴിഞ്ഞ തവണ തന്നെ കെ സി ജോസഫിനെതിരെ ജനവികാരം ശക്തമായിരുന്നു. അതുകൊണ്ട് തന്നെ കുറഞ്ഞ ഭൂരിപക്ഷത്തിലാണ് കെ സി ജോസഫ് കടന്നുകൂടിയത്.

ഇരിക്കൂർ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂപപ്പെടുന്ന പ്രതിഷേധം ജോസഫിന് എത്രത്തോളം വിനയാകും എന്നതാണ ഇനി അറിയേണ്ടത്. ഇത്തവണ മത്സരിക്കാൻ ഇറങ്ങിയാൽ തങ്ങൾ തന്നെ കാലുവാരി തോൽപ്പിക്കുമെന്ന സൂചനയാണ് യൂത്ത് കോൺഗ്രസുകാർ നൽകിയിരിക്കുന്നത്. പരസ്യമായി പ്രതിഷേധത്തിലൂടെ ഇത് തന്നെയാണ് അവർ വ്യക്തമാക്കുന്നതും. എന്നാൽ, അതുകൊണ്ടൊന്നും താൻ പിന്മാറില്ലെന്ന് കെ സി ജോസഫ് വ്യക്തമാക്കി കഴിഞ്ഞു.

അതേസമയം ജോസഫിനെതിരെ പ്രതിഷേധം ഇന്നും ഇന്നലേയും തുടങ്ങിയതുമല്ല. ഇതിന് മുമ്പ് തെരഞ്ഞെടുപ്പു വേളയിലും യൂത്ത് കോൺഗ്രസുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. എന്നാൽ ഒടുവിൽ പള്ളിയുടെയും മെത്രാന്മാരുടെയും അനുഗ്രഹത്തോടെ വിജയിച്ചു കോട്ടയത്തേക്ക് പോയ ചരിത്രമാണ് കെ സി ജോസഫിനുള്ളത്. മണ്ഡലത്തിൽ ഏഴ് തവണ എംഎൽഎയായ കെ സി വീണ്ടും രംഗത്ത് ഇറങ്ങുമ്പോൾ ഇനിയും ഇത് സഹിക്കാൻ കഴിയില്ലെന്ന് പരസ്യമായി മലയോര കർഷകർ പറഞ്ഞിട്ടുണ്ട്. ഇത്തവണ മന്ത്രിയെന്ന നിലയിലാണ് മത്സരിക്കാൻ ഇറങ്ങുന്നത് എന്നതിനാൽ കടുത്ത ഭരണ വിരുദ്ധ വികാരം ഉണ്ടാകുമെന്നും വിലയിരുത്തലുണ്ട്.

കോട്ടയംകാരനായ കെസി 1982 മുതൽ കണ്ണൂരിലെ ഇരിക്കൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. കോട്ടയം രൂപതയിൽപ്പെട്ട ക്‌നാനായ നസ്രാണികൾ ഈ മണ്ഡലത്തിൽ ഒരു നിർണായ ശക്തിയൊന്നുമല്ലെങ്കിലും കോട്ടയം രൂപതയുടെ അനുഗ്രഹാശിസ്സുകളോടെ ഇരിക്കൂർ മണ്ഡലം മത്സര തട്ടകമായി മാറ്റുകയായിരുന്നു അദ്ദേഹം. സ്വന്തമായി ഒരു വാടക വീട് പോലും കെ സി ജോസഫിന് മണ്ഡലത്തിലില്ല. ഇങ്ങനെ വരത്തനായ സ്ഥാനാർത്ഥികളെ കെട്ടിയിറക്കരുതെന്നാണ് പൊതു നിലപാട്. സതീശൻ പാച്ചേനിയും സജീവ് ജോസഫും ഒക്കെയാണ് ഇത്തവണ ഇരിക്കൂർ പ്രതീക്ഷിച്ചിരുന്നത്. സതീശൻ പാച്ചേനിക്കുവേണ്ടി തന്നെയായിരുന്നു ഇരിക്കൂർ ശുപാർശ ചെയ്തിരുന്നത്.

സജീവ് ജോസഫിന്റെ സഹോദരൻ ഫിലിപ്പ് ജോസഫ് സജീവമായി തന്നെ രംഗത്തുണ്ട്. അയാൾ പറയുന്നത്, തങ്ങൾക്ക് സീറ്റ് ലഭിച്ചില്ലെങ്കിൽ വിമതനാകാനും മടിക്കില്ലെന്നാണ്. അദ്ദേഹമാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്ക് പിന്നിലെന്നും കേൾക്കുന്നുണ്ട്. ഇരിക്കൂർ മണ്ഡലത്തിന്റെ പലഭാഗങ്ങളിൽ ഉയർന്ന ഫ്ളാ്‌സ് ബോർഡുകളിലൊന്നിൽ ഒരു സ്‌കൂൾ വിദ്യാർത്ഥി ചോദിക്കുന്ന വളരെ പ്രസക്തമായ ഒരു ചോദ്യമുണ്ട്. എന്റെ അപ്പൂപ്പനും എന്റെ മുത്തശ്ശിയും എന്റെ അച്ഛനും എന്റെ അമ്മയും ഇയാൾക്ക് വോട്ടു ചെയ്തു. ഇനി ഞാനും അയാൾക്ക് വോട്ടു ചെയ്യണോ എന്നതാണ് ആ ചോദ്യം.

വരും ദിനങ്ങളും പ്രതിഷേധത്തിന്റേത് തന്നെയാകുമ്പോൾ ഒടുവിൽ കോട്ടയംകാരൻ കോട്ടയത്തേക്ക് പാക്ക് ചെയ്യുമോ എന്നതാണ് കണ്ണൂരിലെ കോൺഗ്രസുകാർ ഉറ്റുനോക്കുന്നത്. എന്തായാലും അവസരം മുതലെടുത്ത് നല്ല സ്ഥാനാർത്ഥിക്കായുള്ള തിരച്ചിൽ ഇടതു മുന്നണി തേടുന്നുണ്ട്. കോൺഗ്രസ് സ്ഥാനാർത്ഥി ആരെന്ന് വ്യക്തമായ ശേഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാം എന്ന നിലപാടിലാണ് എൽഡിഎഫ്. കത്തോലിക്കാ സമുദായക്കാരനായ സ്ഥാനാർത്ഥിയെ തന്നെയാണ് എൽഡിഎഫ് തേടുന്നതെന്നുമാണ് അറിയുന്നത്.

അബ്ദുള്ളക്കുട്ടിയെ മാറ്റാതെ കെ സുധാകരൻ ഉദുമയിൽ മത്സരിക്കാൻ ഒരുങ്ങുന്ന സാഹചര്യമാണ് നിലവിൽ കണ്ണൂർ കോൺഗ്രസിൽ ഉള്ളത്. എന്നാൽ അബ്ദുള്ളക്കുട്ടി കണ്ണൂരിൽ സ്ഥാനാർത്ഥിയാകുന്ന കാര്യത്തിൽ അന്തിമ തീരുമാനവും ഉണ്ടായിട്ടില്ല. കെ സുധാകരന്റെ വിശ്വസ്തനായ സുരേന്ദ്രന്റെ പേര് ഈ മണ്ഡലത്തിൽ ഉയർന്നിട്ടുണ്ട്. ഗ്രൂപ്പ് സമവാക്യങ്ങളിലും മാറ്റങ്ങൾ ഉണ്ടായേക്കുമെന്ന സാഹചര്യമുണ്ട്. ഇങ്ങനെ കണ്ണൂർ കോൺഗ്രസ് രാഷ്ട്രീയത്തിലെ ഗ്രൂപ്പ് സമവാക്ക്യങ്ങളിൽ മാറ്റം വന്നാൽ അത് കെ സി ജോസഫിനെയും ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP