Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാടമ്പിത്തരവും ജന്മിമനോഭാവവും പറഞ്ഞ് വോട്ട് പിടിച്ചിട്ടും അനങ്ങാത്ത കൽപ്പറ്റ ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ശ്രേയംസ് കുമാറിനെ ശിക്ഷിക്കുമോ? നിർണ്ണായക സമയത്ത് മുസ്ലിം വോട്ടിൽ വിള്ളൽ വീഴുമെന്ന് ഭയന്ന് യുഡിഎഫ് വൃത്തങ്ങൾ; തെറിവിളികളിൽ വശം കെട്ട് വീരേന്ദ്രകുമാറും മകനും മാതൃഭൂമി ജീവനക്കാരും

മാടമ്പിത്തരവും ജന്മിമനോഭാവവും പറഞ്ഞ് വോട്ട് പിടിച്ചിട്ടും അനങ്ങാത്ത കൽപ്പറ്റ ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ശ്രേയംസ് കുമാറിനെ ശിക്ഷിക്കുമോ? നിർണ്ണായക സമയത്ത് മുസ്ലിം വോട്ടിൽ വിള്ളൽ വീഴുമെന്ന് ഭയന്ന് യുഡിഎഫ് വൃത്തങ്ങൾ; തെറിവിളികളിൽ വശം കെട്ട് വീരേന്ദ്രകുമാറും മകനും മാതൃഭൂമി ജീവനക്കാരും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പ്രവാചകനെ മോശമാക്കുന്ന ഫെയ്‌സ് ബുക്ക് പോസ്റ്റ് അച്ചടിച്ച് വന്നത് പിശക് മൂലമാണെന്ന് തന്നെയാണ് മാതൃഭൂമിയുടെ വിലയിരുത്തൽ. ബോധപൂർവ്വമായ ഇടപെടലൊന്നും അതിലുണ്ടായുമില്ല. എന്നാൽ അതിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾ മാതൃഭൂമി മാനേജ്മന്റിനെ പല വിധത്തിൽ ചിന്തിക്കുകയാണ്. യുഡിഎഫിനൊപ്പം നിൽക്കുന്ന ജെഡിയുവിനെ നയിക്കുന്നത് മാതൃഭൂമിയുടെ മാനേജിങ് ഡയറക്ടറായ എംപി വീരേന്ദ്ര കുമാറാണ്. അദ്ദേഹത്തിന്റെ മകൻ പാർട്ടിയുടെ എംഎൽഎയും. വയനാട്ടിലെ കൽപ്പറ്റയിൽ നിന്ന് ശ്രേയംസ്‌കുമാർ തുടർച്ചയായി രണ്ട് തവണ വിജയിച്ചു. ഇത്തവണയെ മത്സരിത്തിനിറങ്ങുന്നുമുണ്ട്. അതുകൊണ്ട് തന്നെ മാതൃഭൂമി നഗരത്തിൽ വന്ന പിശക് ശ്രേയംസ് കുമാറിന്റെ സാധ്യകളെ ബാധിക്കുമെന്ന ഭയം വീരേന്ദ്ര കുമാറിനുണ്ട്.

വയനാട് ജില്ലയിലെ കൽപ്പറ്റ നഗരസഭയും , മുട്ടിൽ, മേപ്പാടി, വൈത്തിരി , കണിയാമ്പറ്റ,കോട്ടത്തറ, വേങ്ങപ്പള്ളി, തരിയോട്, പടിഞ്ഞാറത്തറ , പൊഴുതന,മൂപ്പൈനാട് എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് കൽപറ്റ നിയമസഭാമണ്ഡലം. ഇവിടെയെല്ലാം നിർണ്ണായക സ്വാധീനം മുസ്ലിം മതവിഭാഗത്തിനുണ്ട്. പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും പോലുള്ള സംഘടനകളും സജീവം. ഇവരെല്ലാം ശ്രേയംസിനെ പിന്തുണയ്ക്കുന്നവരായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇടതു മുന്നണിയുടെ ഭാഗമായി കോൺഗ്രസുകാരനെ തോൽപ്പിക്കാൻ ശ്രേയംസിന് തുണയായതും. അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫിനായി മത്സരിക്കുമ്പോഴും ശ്രേയംസിന് വിജയം നേടാനായി. എന്നാൽ കൽപ്പറ്റയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി കരുത്ത് തെളിയിച്ചിട്ടുണ്ട്. യുഡിഎഫ് വോട്ട് ബാങ്കിൽ വിള്ളലുകൾ കാണുകയും ചെയ്തു.

ഈ സാഹചര്യത്തിൽ മുസ്ലിംവോട്ടുകളിലാണ് ശ്രേയംസ് പ്രധാനമായും കണ്ണ് വച്ചിരുന്നത്. ഇവരുടെ പിന്തുണയിൽ കൽപ്പറ്റയിൽ ഹാട്രിക്കാണ് ലക്ഷ്യമിടുന്നത്. ഇതിനിടെയാണ് വില്ലനായി നഗരത്തിലെ പ്രവാചകനെ മോശമാക്കുന്ന വാചകങ്ങളെത്തുന്നത്. ഇതോടെ മാതൃഭൂമിയ്‌ക്കെതിരെ ഇസ്ലാം വികാരം ഉയർന്നു. പലയിടത്തും മാതൃഭൂമി പത്രം കത്തിച്ചു. പത്രകെട്ടുകൾ തടഞ്ഞു. ഓഫീസുകളിലേക്ക് പ്രകടനങ്ങളെത്തി. മാതൃഭൂമി ഖേദ പ്രകടനം നടത്തിയെങ്കിലും സംഘടനകൾ പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ല. ഇതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നാണ് വീരേന്ദ്ര കുമാറിന്റേയും ശ്രേയംസിന്റേയും നിലപാട്. കൽപ്പറ്റയിലും ശ്രേയംസ് കുമാറിനെ പ്രതിക്കൂട്ടിൽ നിർത്താൻ മുസ്ലിം സംഘടനകൾ ശ്രമിക്കും. ഇത് വോട്ടർമാരെ സ്വാധീനിച്ചാൽ ശ്രേയംസിന് നിയമസഭയിലേക്ക് ഹാട്രിക് പൂർത്തിയാക്കുക പ്രയാസകരമാകും.

മാതൃഭൂമിയുടെ വിവാദത്തിൽ ഘടകകക്ഷി ഉൾപ്പെട്ടത് യുഡിഎഫ് നേതൃത്വത്തേയും വെട്ടിലാക്കി. മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ എം കെ മുനീറു പോലും വിമർശനവുമായി ഫെയ്‌സ് ബുക്കിൽ പ്രത്യക്ഷപ്പെട്ടു. ഈ വിഷയത്തിൽ ഒരു പിന്തുണയും കോൺഗ്രസോ മുസ്ലിം ലീഗോ വീരേന്ദ്ര കുമാറിന് നൽകുകയില്ല. ഇതിനൊപ്പം സംഭവം വിവാദമാക്കി കൽപ്പറ്റയിലെ ന്യൂനപക്ഷ വോട്ടുകൾ അനുകൂലമാക്കാൻ ഇടതുപക്ഷവും സജീവാണ്. സിപിഐ(എം) വയനാട് ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രനെ തന്നെ കൽപ്പറ്റയിൽ മത്സരിപ്പിക്കാനാണ് നീക്കം. ഇതിനൊപ്പം മാതൃഭൂമിയിലെ പ്രവാചകൻ വിവാദം കൂടിയാകുമ്പോൾ കാര്യങ്ങൾ ശ്രേയംസിന് തീർത്തും പ്രതികൂലമാകും.

ഒന്നര ലക്ഷത്തോളം വോട്ടർമാരാണ് കൽപ്പറ്റയിലുള്ളത്. ഇതിൽ 25 ശതമാനത്തിലധികം മുസ്ലിം വോട്ടർമാരാണ്. ബിജെപിയുടെ സ്വാധീനം കൂടിയതിനാൽ ഭൂരിപക്ഷ വോട്ടുകളിൽ വലിയ പ്രതീക്ഷ വേണ്ട. ഇത് പോരാത്തതിന് ഉറച്ച ഇടതുപക്ഷ വോട്ടുകളും ഉണ്ട്. അതുകൊണ്ട് തന്നെ ശശീന്ദ്രനെ  പോലുള്ള സ്ഥാനാർത്ഥി എത്തിയാൽ രാഷ്ട്രീയ മത്സരത്തിന്റെ വ്യാപ്തിയും കൂടും. ജെഎൻയു വിഷയത്തിലെടുത്ത നിലപാടുമായി മുസ്ലിം സമുദായത്തിലേക്ക് ഇടതുപക്ഷം നുഴഞ്ഞു കയറ്റം നടത്തിയിട്ടുണ്ട്. ഇതിനൊപ്പം പ്രവാചക വിവാദം കൂടിയാകുമ്പോൾ ശ്രേയംസ് കുമാറിന്റെ നില പരുങ്ങലിലാകും.

ഈ രാഷ്ട്രീയ സാഹചര്യത്തിൽ കരുതലോടെ ഈ വിഷയത്തെ നേരിടാനാണ് തീരുമാനം. സംഭവം വിവാദമായ ശേഷം മാതൃഭൂമിയുടെ എല്ലാ ഓഫീസുകളിലും ഭീഷണി സന്ദേശങ്ങളെത്തുന്നു. ജീവനക്കാരെ ഫോണിൽ വിളിച്ച് തെറിയഭിഷേകവും ഉണ്ട്. ജെഎൻയു വിവാദത്തിൽ സമാന ഭീഷണികളുണ്ടായപ്പോൾ വളരെ ആർജ്ജവത്തോടെ ഏഷ്യാനെറ്റ് പ്രതികരിച്ചിരുന്നു. എന്നാൽ മാതൃഭൂമി സംയമനത്തോടെ മാത്രമേ ഇതിനെ കാണൂ. തെറി വിളിക്കുന്നവരോട് പരമാവധി സ്‌നേഹത്തോടെ പെരുമാറാനാണ് നിർദ്ദേശം. അബദ്ധത്തിൽ പറ്റിയതാണെങ്കിലും തെറ്റിന്റെ ഗൗരവം ഉൾക്കൊണ്ട് പ്രതികരിക്കാനാണ് ജീവനക്കാർക്ക് നൽകുന്ന നിർദ്ദേശം. മാതൃഭൂമിയിലെ അറിയപ്പെടുന്ന ജീവനക്കാരിൽ പലരും പലരും ഫോണിലുടെ തെറി വിളി കേട്ട് മടുത്തു കഴിഞ്ഞു. എന്നാൽ മാനേജ്‌മെന്റെ നിർദ്ദേശമുള്ളതിനാൽ എല്ലാവരും സമചിത്തതയോടെയാണ് പെരുമാറുന്നത്.

മുസ്ലിം വ്യക്തിനിയമത്തിൽ സ്ത്രീകൾക്ക് വിവേചനമെന്ന ജസ്റ്റീസ് കമാൽ പാഷയുടെ അഭിപ്രായത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മാതൃഭൂമി സോഷ്യൽ മീഡിയയിൽ അഭിപ്രായം പറഞ്ഞതുമായി ബന്ധപ്പെട്ട ചില പോസ്റ്റുകൾ പ്രസിദ്ധീകരിച്ചതാണ് വിവാദങ്ങൾക്ക് കാരണം. കമാൽ പാഷയുടെ പരാമർശവുമായി ബന്ധപ്പെട്ട ആരോ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ് അതേപടി എടുത്തുകൊടുത്തതാണ് മാതൃഭൂമിക്കെതിരെ വിമർശനമുണ്ടാകാൻ കാരണം. 'ദൈവ വിളികിട്ടിയ നേതാവ് പത്തിൽ കൂടുതൽ കെട്ടി' എന്ന തുടങ്ങുന്ന ലേഖനമുള്ളത്. മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടി സോഷ്യൽ മീഡിയകളിൽ മാതൃഭൂമിക്കെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. പത്രത്തിന്റെ കോഴിക്കോട് എഡീഷൻ നഗരത്തിലാണ് ഇത് പ്രസിദ്ധീകരിച്ചത്. കമാൽ പാഷ പറഞ്ഞ കാര്യങ്ങളുടെ സംക്ഷിപ്തവും അതുമായി ബന്ധപ്പെട്ട് രണ്ടു പേരുടെ പ്രതികരണങ്ങളുമാണ് പത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആരാണ് എഴുതിയതെന്നോ എവിടെ നിന്നാണ് കിട്ടിയതെന്നോ ഉൾപ്പെടെയുള്ള യാതൊരു വിവരങ്ങളും ഇതിൽ ചേർത്തിരുന്നില്ല.

സംഭവത്തിൽ സോഷ്യൽ മീഡിയയിൽ അടക്കം രൂക്ഷമായ പ്രതിഷേധമാണ് ഉയർന്നത്. മാതൃഭൂമി പത്ര ഓഫീസിലേക്ക് വിളിച്ച് സംസാരിച്ച് അതിന്റെ ഓഡിയോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്താണ് ചിലർ പ്രതിഷേധിച്ചത്. തങ്ങൾക്ക് തെറ്റുപറ്റിയതാണെന്നും അബന്ധം തിരുത്തുമെന്നും മാതൃഭൂമി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മാതൃഭൂമി ചാനൽ വഴിയും സംഭവത്തിൽ നിർവ്യാജം ഖേദിക്കുന്നതായി പത്രം അധികൃതർ അറിയിച്ചു. മാതൃഭൂമിയുടെ ഖേദപ്രകടനം ഇങ്ങനെയാണ്:'മാതൃഭൂമി നഗരം പേജിലെ ആപ്‌സ്‌ടോക് എന്ന പംക്തിയിൽ സോഷ്യൽ മീഡിയയിൽ നിന്നുമെടുത്ത് പ്രസിദ്ധീകരിച്ച പരാമർശങ്ങൾ വിശ്വാസികളെ വേദനിപ്പിച്ചിട്ടുണ്ട്. അതിൽ മാതൃഭൂമി നിർവ്യാജം ഖേദിക്കുന്നു'. എന്നാൽ, ക്ഷമ പറഞ്ഞിട്ടും പ്രതിഷേധം ശമിച്ച മട്ടില്ല. ഇന്ന് മുതൽ പത്രം ബഹിഷ്‌ക്കരിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ടും ഉടൻ ബഹിഷ്‌ക്കരിക്കണെന്നും പറഞ്ഞു പ്രചരണം ശക്തമാണ്.

മാതൃഭൂമിയുടെ ഫെയ്‌സ് ബുക്ക് പേജിലും തെറി അഭിഷേകമാണ്. കൂട്ടത്തോടെ ആളുകൾ ഈ ഫെയ്‌സ് ബുക്ക് പേജ് ഡിസ് ലൈക്ക് ചെയ്തും പ്രതിഷേധം അറിയിച്ചു. ഇതെല്ലാം പ്ത്രത്തിന്റെ സർക്കുലേഷനെ ബാധിക്കുമോ എന്ന ഭയവും മാതൃഭൂമിക്കുണ്ട്. ഇതിനൊപ്പമാണ് കൽപ്പറ്റയിൽ ശ്രേയംസിനെ തോൽപ്പിക്കുമെന്ന രാഷ്ട്രീയ ഭീഷണിയും. തെറ്റു പറ്റിയ ജീവനക്കാരനെതിരെ നടപടിയെടുത്താലും പരസ്യപ്പെടുത്താനാവാത്ത സാഹചര്യവുമുണ്ട്. ന്യൂമാൻ കോളേജ് അദ്ധ്യാപകൻ ജോസഫിന്റെ കൈവെട്ടു പോലുള്ള സംഭവങ്ങൾ ഉണ്ടാകുമോ എന്നതാണ് ഭയം. അതുകൊണ്ട് തന്നെ ഏറെ കരുതലോടെ നീങ്ങാനാണ് മാതൃഭൂമി മാനേജ്‌മെന്റിന്റെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP