Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പാർട്ടിയാണ് കേരളാ കോൺഗ്രസ് എന്ന മാണി സിദ്ധാന്തം വീണ്ടും ശരിയായി; യുഡിഎഫിലെ ഒറ്റ സീറ്റ് കുറയാതെ എൽഡിഎഫിൽ നാല് സീറ്റ് ഉറപ്പിച്ച് കേരളാ കോൺഗ്രസ് പിളർപ്പ്; ഇക്കുറി 30 സീറ്റിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥികൾ

വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പാർട്ടിയാണ് കേരളാ കോൺഗ്രസ് എന്ന മാണി സിദ്ധാന്തം വീണ്ടും ശരിയായി; യുഡിഎഫിലെ ഒറ്റ സീറ്റ് കുറയാതെ എൽഡിഎഫിൽ നാല് സീറ്റ് ഉറപ്പിച്ച് കേരളാ കോൺഗ്രസ് പിളർപ്പ്; ഇക്കുറി 30 സീറ്റിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥികൾ

ബി രഘുരാജ്‌

തിരുവനന്തപുരം: വീണ്ടും കേരളാ കോൺഗ്രസ് പിളരുന്നു. കേരളാ കോൺഗ്രസ് മാണിയിലെ പി ജെ ജോസഫ് വിഭാഗത്തിലെ ഒരു വിഭാഗം പാർട്ടി വിടുകയാണ്. ഫ്രാൻസിസ് ജോർജും കൂട്ടരും ഇടതുപക്ഷത്ത് എത്തുമ്പോൾ ശരിയാകുന്നത് കെഎം മാണിയുടെ പ്രസിദ്ധമായ സിദ്ധാന്തമാണ്. പിളരും തോറും വളരുന്ന ലോകത്തെ ഏക പാർട്ടിയാണ് കേരളാ കോൺഗ്രസ്. കെ എം മാണിയുടെ നാക്കിൽ വീണ ഈ വാക്ക് ഇത്തവണത്തെ പിളർപ്പിലും അക്ഷരാർത്ഥത്തിൽ ശരിയാകും. കൂടുതൽ കേരളാ കോൺഗ്രസുകാരെ നിയമസഭയിൽ എത്തിക്കാൻ ഈ പിളർപ്പും വഴിവച്ചേക്കും.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് മാണിയും ജേക്കബും പിള്ളയും പിന്നെ പി സി തോമസുമായിരുന്നു വിവിധ കേരളാ കോൺഗ്രസ് വിഭാഗങ്ങൾ. അഞ്ച് കൊല്ലം കഴിയുമ്പോൾ അത് പിളർന്ന് പിളർന്ന് പലരൂപത്തിൽ പത്ത് പേരുകളിൽ സജീവമാണ്. മാണിയുടെ കേരളാ കോൺഗ്രസ്, ടി എം ജേക്കബ് വിഭാഗം, പിള്ള ഗ്രൂപ്പ്, പി സി ജോർജിന്റെ സെക്യുലർ, ഫ്രാൻസ് ജോർജ്, സ്‌കറിയാ തോമസ്, പി സി തോമസ്, ടി എസ് ജോൺ എന്നിവയാണ് അവ. ഇതിൽ പി സി തോമസ് ബിജെപി മുന്നണിയിലാണ്. ടി എസ് ജോണും എൻഡിഎ പക്ഷത്ത് എത്തുമെന്നാണ് സൂചന. അതായത് അഞ്ച് വർഷം കൊണ്ട് പിളർപ്പിലൂട ഇരട്ടി കേരളാ കോൺഗ്രസുകൾ ഉണ്ടായി. ഇതിന്റെ വളർച്ച നിയമസഭാ സ്ഥാനാർത്ഥിത്വത്തിലും ഉണ്ടാകും.

2011ൽ 11 നിയമസഭാ അംഗങ്ങളാണ് കേരളാ കോൺഗ്രസുകാരായി ജയിച്ചു കയറിയത്. മാണിയുടെ ബാനറിൽ പി സി ജോർജ് ഉൾപ്പെടെ 9 പേർ. പിന്നെ കെ ബി ഗണേശ് കുമാറും ടി എം ജേക്കബും. ജേക്കബിന്റെ മരണത്തെ തുടർന്നുള്ള ഉപതെരഞ്ഞെടുപ്പിൽ അനൂപ് ജേക്കബ് ജയിച്ചതോടെ അംഗ സഖ്യ 11 ആയി തുടർന്നു. മാണിയുമായി തെറ്റി പി സി ജോർജ് രാജിവച്ചപ്പോൾ അത് പത്തായി മാറി. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ കൂടുതൽ കേരളാ കോൺഗ്രസുകാർ ജയിക്കുമെന്നാണ് വിലയിരുത്തൽ. തദ്ദേശത്തിൽ മാണിയുടെ കോട്ടകളിൽ വിള്ളലുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മാണിക്ക് കുറഞ്ഞത് എട്ടു പേരെയെങ്കിലും വിജയിപ്പിക്കാൻ കഴിയും. ഇതിനൊപ്പം ഇടതുപക്ഷത്തെ കേരളാ കോൺഗ്രസ് വിജയവും കൂടാനാണ് സാധ്യത. ഇതോടെ പിളരും തോറും വളരുമെന്ന സിദ്ധാന്തവും ശരിയാകുകയാണ്.

കഴിഞ്ഞ തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് മാണി വിഭാഗം 15 സീറ്റിൽ മത്സരിച്ചു. പി ജെ ജോസഫ് വിഭാഗവും പി സി ജോർജും ഉൾപ്പെടെയാണ് ഇത്. വലത് മുന്നണിയിൽ കേരളാ കോൺഗ്രസ് ജേക്കബ് മൂന്നിടത്ത് മൽസരിച്ചു. ബാലകൃഷ്ണ പിള്ളാ വിഭാഗത്തിന് രണ്ടും. അങ്ങനെ വലതു പക്ഷത്ത് ഇരുപത് കേരളാ കോൺഗ്രസുകാർ. ഇടതു പക്ഷത്തുണ്ടായിരുന്നത് പി സി തോമസിന്റെ ലയന വിരുദ്ധ വിഭാഗവും. ഇവർക്ക് മൂന്ന് സീറ്റാണ് ഇടതുപക്ഷം നൽകിയത്. വി സുരേന്ദ്രൻപിള്ളയും സ്‌കറിയാ തോമസും സ്റ്റീഫൻ ജോർജും. മൂന്നു പേരും തോറ്റു. എന്തായാലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരത്തിന് ഉണ്ടായിരുന്നത് 23 കേരളാ കോൺഗ്രസുകാർ മാത്രം.

ഇവിടെയാണ് പിളർപ്പുകളിലൂടെ വളരുന്ന മാണിയുടെ തിയറി വീണ്ടും ചർച്ചയാകുന്നത്. ഇത്തവണ മാണി വിഭാഗത്തിലെ ജോസഫ് ഗ്രൂപ്പ് പിളരുന്നു. അവർ ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ ഇടതുപക്ഷത്ത് എത്തുമ്പോൾ മൂന്ന് സീറ്റ് ഇടതുപക്ഷം നൽകും. എന്നു പറഞ്ഞ് യുഡിഎഫിൽ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന് വലിയ കുഴപ്പം ഉണ്ടാവുകയുമില്ല. പി സി ജോർജ് പോയതിനാൽ പൂഞ്ഞാർ കോൺഗ്രസ് ഏറ്റെടുത്താലും കേരളാ കോൺഗ്രസിന് കുറഞ്ഞത് 14 സീറ്റ് കിട്ടും. പി സി ജോർജും മത്സരിക്കുമെന്ന് ഉറപ്പാണ്. അത് ഏത് മുന്നണിയിലാണെന്ന് മാത്രമേ അറിയാനുള്ളൂ. ഇതിനൊപ്പമാണ് ഫ്രാൻസിസ് ജോർജിനും ആന്റണി രാജുവിനും കെസി ജോസഫിനുമുള്ള ഇടതുപക്ഷത്തെ മൂന്ന് സീറ്റുകൾ. കെസി ജോസഫ് കുട്ടനാട്ട് വിട്ടാലും അവിടെ കേരളാ കോൺഗ്രസ് മാണിയുടെ സ്ഥാനാർത്ഥി തന്നെ എത്തുമെന്നാണ് സൂചന.

അതായത് കഴിഞ്ഞ തവണ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലുണ്ടായിരുന്ന 18 നേതാക്കൾ കുറഞ്ഞത് ഇത്തവണ നിയമസഭയിലേക്ക് പോരിനെത്തും. ഇടുക്കിയിൽ പി സി ജോസഫിനും സീറ്റ് നൽകിയാൽ എണ്ണം 19 ആകുന്നു. ഇടതുപക്ഷത്ത് കഴിഞ്ഞ തവണ നിലയുറപ്പിച്ച വി സുരേന്ദ്രൻപിള്ളയ്ക്കും സ്‌കറിയാ തോമസിനും സീറ്റ് ഉറപ്പാണ്. ഇതോടെ മത്സരിക്കുന്ന കേരളാ കോൺഗ്രസുകാരുടെ എണ്ണം ഇരുപത്തിയൊന്നാകും. കെ ബി ഗണേശ് കുമാർ ഇടതു മുന്നണിയിലും അനൂപ് ജേക്കബ്, ജോണി നെല്ലൂർ എന്നിവർ യുഡിഎഫിലും സ്ഥാനാർത്ഥികളാകുമെന്നതും ഉറപ്പ്. അതായത് കേരളാ കോൺഗ്രസ് മത്സരാർത്ഥികൾ ഇരുപതിമൂന്നാകുമെന്ന് വ്യക്തം.

ആർ ബാലകൃഷ്ണ പിള്ളയ്ക്ക് സീറ്റ് കൊടുക്കുന്നത് ഇടതുപക്ഷം പരിഗണിക്കുന്നുണ്ട്. ഏതായാലും രണ്ട് സീറ്റുകളാണ് ഇടതുപക്ഷത്ത് നിന്ന് കേരളാ കോൺഗ്രസ് പിള്ള വിഭാഗം പ്രതീക്ഷിക്കുന്നത്. ഇത് അംഗീകരിക്കപ്പെട്ടാൽ നിയമസഭാ പോരിനിറങ്ങുന്ന കേരളാ കോൺഗ്രസുകാരുടെ എണ്ണം ഇരുപത്തി നാലാകും. കേരളാ കോൺഗ്രസ് ജേക്കബും വിലപേശലിലാണ്. ടി എം ജേക്കബിന്റെ ഭാര്യ ഡെയ്‌സി ജേക്കബിനെ മത്സരിപ്പിക്കാനും അവർക്ക് ആഗ്രഹമുണ്ട്. നാല് സീറ്റുകളാണ് അവർ യുഡിഎഫിനോട് ആവശ്യപ്പെടുന്നത്. മൂന്ന് സീറ്റ് കഴിഞ്ഞതവണ നൽകിയത് അനുവദിക്കാനാണ് സാധ്യത. അങ്ങനെ എങ്കിൽ പോലും കേരളാ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ എണ്ണം ഇരുപത്തിയഞ്ചാകും.

ഇതിനൊപ്പമാണ് ബിജെപി ചേരിയിലെ കേരളാ കോൺഗ്രസുകാരുടെ സാന്നിധ്യം. പാലായിൽ പി സി തോമസ് ബിജെപി മുന്നണിയുടെ ഭാഗമായി മത്സരിക്കുമെന്നാണ് സൂചന. എൻഡിഎ മുന്നണിയിൽ പി സി തോമസിന്റെ മൂന്ന് സ്ഥാനാർത്ഥികളെങ്കിലും ഉണ്ടാകും. പി സി ജോർജ്ജുമായി തെറ്റി നിൽക്കുന്ന ടി എസ് ജോണും ബിജെപിയുമായി സംസാരിക്കുന്നുണ്ട്. അങ്ങനെ വന്നാൽ എൻഡിഎ പക്ഷത്ത് രണ്ട് ടി എസ് ജോൺ ്സ്ഥാനാർത്ഥികളും ഉണ്ടാകും. അതായത് ബിജെപി 5 കേരളാ കോൺഗ്രസുകാരെയെങ്കിലും മത്സരിപ്പിക്കും. അങ്ങനെ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥികൾ എല്ലാ മുന്നണിയിലും കൂടെ 30 കഴിയും. പൂഞ്ഞാറിലും മറ്റും ഇടതുപക്ഷത്തിന്റെ സ്വതന്ത്രനായി ജോർജ് ജെ മാത്യുവിനെ പോലുള്ളവരും എത്താൻ സാധ്യതയുണ്ട്. ഏതായാലും നിയമസഭയിലേക്ക് പോരിനിറങ്ങുന്ന കേരളാ കോൺഗ്രസുകാരുടെ എണ്ണം മുപ്പതിൽ കുറയില്ല.

1964ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിട്ടുപോന്ന കേരളത്തിലെ ഒരു വിഭാഗം നേതാക്കാൾ രൂപം കൊടുത്ത രാഷ്ട്രീയ കക്ഷിയാണ് കേരളാ കോൺഗ്രസ്. അന്ന് കോൺഗ്രസ് വിട്ടുപോന്നവരുടെ നേതാവായിരുന്ന കെ എം ജോർജിന്റെ നേതൃത്വത്തിൽ കേരളാ കോൺഗ്രസ് രൂപമെടുത്തു. കോൺഗ്രസ് നേതാവായിരുന്ന പി ടി ചാക്കോയുടെ ആഭ്യന്തര മന്ത്രി പദത്തിൽനിന്നുള്ള രാജിയും അപ്രതീക്ഷിത മരണവുമായിരുന്നു ഈ പാർട്ടിയുടെ രൂപീകരണത്തിലേക്ക് കാര്യങ്ങളെത്തിയത്. അതിന് ശേഷം പല നേതാക്കളുടേയും വ്യക്തിതാൽപ്പര്യങ്ങൾ കേരളാ കോൺഗ്രസിനെ പിളർത്തി. മാണിയും ജോസഫും പിള്ളയും ജേക്കബും എൺപതുകളിൽ കേരളാ കോൺഗ്രസുകാരുടെ നേതാക്കളായി. അതിനിടെയാണ് പിളരും തോറും വളരുന്ന സിദ്ധാന്തം കെഎം മാണി മുന്നോട്ട് വയ്ക്കുന്നത്.

കേരളാ കോൺഗ്രസിന്റെ സ്ഥാപക നേതാവിന്റെ മകൻ കൂടിയായ ഫ്രാൻസിസ് ജോർജും പിളർപ്പിന് നേതൃത്വം നൽകുന്നുവെന്നതാണ് 1016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പത്തെ കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിലെ പ്രത്യേകത. ഫ്രാൻസിസ് ജോർജ് പുതിയ പാർട്ടിയുണ്ടാക്കുമോ അതോ ഇടതുപക്ഷത്തെ സ്‌കറിയാ തോമസുമായി സഹകരിച്ച് മുന്നോട്ട് പോകുമോ എന്നതാണ് ഉയരുന്ന ഏക ചോദ്യം. ഏതായാലും കേരളാ കോൺഗ്രസ് രാഷ്ട്രീയത്തെ ഈ പിളർപ്പും തളർത്തില്ല. പിളരും തോറും വളരുകയാണ് ഈ പാർട്ടി.

കോൺഗ്രസുകാരനായിരുന്ന പി ടി ചാക്കോ എന്ന ആഭ്യന്തരമന്ത്രിയുടെ രാജിയിലാണു കേരള കോൺഗ്രസിന്റെ പിറവിക്കു നിദാനമായത്. അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടതിനെ തുടർന്നുണ്ടായ വിവാദങ്ങളാണ് അക്കാലത്ത് വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയത്. സ്ത്രീ വിവാദങ്ങളെ തുടർന്ന് മന്ത്രിസ്ഥാനം രാജിവച്ച അദ്ദേഹം അഭിഭാഷകവൃത്തിക്കൊപ്പം രാഷ്ട്രീയ പ്രവർത്തനവും തുടരുകയായിരുന്നു. 1964 ജൂൺ മാസത്തിൽ കെപിസിസി. പ്രസിഡന്റ് സ്ഥാനത്തേക്ക് ചാക്കോ മത്സരിച്ചെങ്കിലും കെ.സി.എബ്രഹാമിനോട് തോറ്റു. പി ടി ചാക്കോയുടെ രാജിയിൽ തുടങ്ങിയ കോൺഗ്രസിലെ ഭിന്നതയാണു ആ പാർട്ടിയിലെ പിളർപ്പിലേക്ക് എത്തിച്ചത്. ചാക്കോയുടെ മരണത്തോടെ പ്രശ്‌നം രൂക്ഷമായി. 1964 ഓഗസ്റ്റ് ഒന്നിനാണു ചാക്കോ അന്തരിച്ചത്. തുടർന്നാണു കേരള കോൺഗ്രസിനു രൂപം നൽകിയത്.

സഭയിൽ ചാക്കോയെ അനുകൂലിച്ചിരുന്ന എംഎൽഎ.മാരിൽ 15 പേർ കെ.എം. ജോർജിന്റെ നേതൃത്വത്തിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ തീരുമാനിച്ചു. ഇവരുടെ ഉപനേതാവ് ആർ ബാലകൃഷ്ണപിള്ളയായിരുന്നു. ഇതാണ് പിന്നീട് കേരളാ കോൺഗ്രസ് ആയി മാറിയത്. ശങ്കർ മന്ത്രിസഭയ്ക്ക് എതിരെ വന്ന അവിശ്വാസ പ്രമേയത്തെ കെ.എം. ജോർജിന്റെ നേതൃത്വത്തിലുള്ള വിഭാഗം പിന്തുണക്കുകയും ചെയ്തു. 1964ൽ കേരള കോൺഗ്രസിന്റെ രൂപീകരണത്തിനുശേഷം 1965ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 25 സീറ്റുമായി തങ്ങളുടെ ശക്തിതെളിയിക്കാൻ കേരള കോൺഗ്രസിനു കഴിഞ്ഞിരുന്നു. 1979ൽ കേരള കോൺഗ്രസ് പിളർന്നതോടെ കെ എം മാണിയുടെയും പി ജെ ജോസഫിന്റെയും ആർ ബാലകൃഷ്ണപിള്ളയുടെയും നേതൃത്വത്തിൽ കേരള കോൺഗ്രസ് വിവിധ വിഭാഗങ്ങൾ രൂപപ്പെടുകയായിരുന്നു.

കോൺഗ്രസിലുണ്ടായ ഭിന്നത കേരള കോൺഗ്രസിന്റെ പിറവിക്കു കാരണമായപ്പോൾ തുടർന്നുണ്ടായ പിളർപ്പുകൾക്കൊക്കെ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കാരണക്കാരനായത് കെ എം മാണിതന്നെയായിരുന്നു. 1964ൽ രൂപീകൃതമായ കേരള കോൺഗ്രസ് പിളർന്നു കേരള കോൺഗ്രസ് എം രൂപപ്പെടുന്നത് 1979ലാണ്. കെ എം മാണിതന്നെയാണ് ഇതിന്റെ നേതാവും ചെയർമാനും. കേരള കോൺഗ്രസ് പിളർന്നപ്പോഴാണ് പി ജെ ജോസഫും ആർ ബാലകൃഷ്ണപിള്ളയും സ്വന്തം അനുയായികുകളുമായി പാർട്ടിയുണ്ടാക്കിയത്. മാണി കേരള കോൺഗ്രസ് എം ഉണ്ടാക്കിയപ്പോൾ കേരള കോൺഗ്രസ് എന്ന പേരിൽ തുടർന്നത് പി ജെ ജോസഫ് ഗ്രൂപ്പാണ്. തിരിച്ചറിയുന്നതിനായി കേരള കോൺഗ്രസ് ജോസഫ് എന്ന വിളിപ്പേരും സ്വീകരിച്ചു. അതിനൊപ്പം തന്നെയാണ് മാതൃകക്ഷിയിൽ നിന്നടർന്നു കേരള കോൺഗ്രസ് ബി എന്ന പേരിൽ ആർ ബാലകൃഷ്ണപിള്ളയും സ്വന്തം കക്ഷിയുണ്ടാക്കിയത്.

കെ എം. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എമ്മിൽ പിന്നീടൊരു പൊട്ടിത്തെറിയുണ്ടാകുന്നത് 1993ലാണ്. മാണിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് 1993ൽ ടി എം ജേക്കബ്, ജോണി നെല്ലൂർ, മാത്യൂ സ്റ്റീഫൻ, പി.എം. മാത്യു എന്നിവർ വിഭജിച്ച് പുതിയ കക്ഷിയുണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു. പി.എം. മാത്യൂ, മാത്യൂ സ്റ്റീഫൻ എന്നിവർ പിന്നീട് മാതൃസംഘടനയിലേയ്ക്ക് മടങ്ങി. 1993 ഡിസംബർ 12ന് കക്ഷി രൂപീകരിച്ചതുമുതൽ കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗം യു.ഡി.എഫിന്റെ ഭാഗമായിരുന്നുവെങ്കിലും 2005ൽ ഉമ്മൻ ചാണ്ടിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് കെ. കരുണാകരന്റെ ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് (കരുണാകരൻ) എന്ന കക്ഷിയിൽ ലയിക്കാനുള്ള തീരുമാനമെടുത്തു. 2006ലെ തിരഞ്ഞെടുപ്പിൽ ഡി.ഐ.സി.(കെ) ഐക്യജനാധിപത്യ മുന്നണിയുമായി സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിൽ മത്സരിച്ചു.

2006 സെപ്റ്റംബറിൽ പാർട്ടി പ്രസിഡന്റായ കെ. മുരളീധരനുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ടി.എം. ജേക്കബും ഇദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ഡി.ഐ.സി.യിൽ നിന്ന് വിഘടിച്ച് കേരള കോൺഗ്രസ് (ജേക്കബ്) കക്ഷി പുനരുജ്ജീവിപ്പിച്ചു. ഇവർ ചെറിയ ഇടവേളയ്ക്കുശേഷം യു.ഡി.എഫിലേയ്ക്ക് തിരികെപ്പോകുകയും ചെയ്തു. അതിനിടെ, കേരള കോൺഗ്രസ് (ജോസഫ്) കക്ഷി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായാണു തുടർന്നിരുന്നുവെങ്കിലും 2010ൽ മുന്നണി വിട്ട് കേരള കോൺഗ്രസ് എമ്മുമായി ലയിച്ചു. അതോടെ ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമാവുകയും ചെയ്തു. നേരത്തേ പി.സി. തോമസിന്റെ ഇന്ത്യൻ ഫെഡറൽ ഡെമോക്രാറ്റിക് പാർട്ടി ജോസഫ് ഗ്രൂപ്പിൽ ലയിച്ചിരുന്നു.

എന്നാൽ, മാണി വിഭാഗവുമായി ലയിക്കാനുള്ള തീരുമാനം പി.ജെ. ജോസഫ് എടുത്തതോടെ പി.സി. തോമസ് വിഭാഗം പാർട്ടിയിൽ നിന്ന് പിരിഞ്ഞുപോയി. ജോസഫ് വിഭാഗം കേരള കോൺഗ്രസ് (എം) എന്ന കക്ഷിയിൽ ലയിച്ചതോടെ തോമസിന്റെ വിഭാഗം കേരള കോൺഗ്രസ് ലയന വിരുദ്ധ ഗ്രൂപ്പായി മാറി. 2007ൽ കേരള കോൺഗ്രസുകളൊന്നാകെ ലയിക്കാനുള്ള ആലോചന നടന്നിരുന്നു. അതിനായി കെ.എം. മാണി ചെയർമാനായും ആർ ബാലകൃഷ്ണപിള്ള കൺവീനറായും 12 അംഗ കമ്മിറ്റി രൂപീകരിച്ചു. നാലു കേരളാ കോൺഗ്രസുകളിൽ നിന്നായി മൂന്നു അംഗങ്ങളാണ് കമ്മറ്റിയിൽ ഉണ്ടായിരുന്നത്. ഈ ഐക്യവേദിയിൽ അന്ന് ഇടതു മുന്നണിക്കൊപ്പം ഉണ്ടായിരുന്ന ജോസഫ് ഗ്രൂപ്പ് പങ്കെടുത്തിരുന്നില്ല. എന്നാൽ പിന്നീട് ഐക്യവേദിക്ക് നേതൃത്വം കൊടുത്ത ബാലകൃഷ്ണപിള്ള ഐക്യത്തിന് പുറത്തായി. ഐക്യവേദിയിലില്ലായിരുന്ന ജോസഫ് ഗ്രൂപ്പ് മാണി ഗ്രൂപ്പിനൊപ്പം ചേർന്നു.

പിന്നീട് ജേക്കബ് ഗ്രൂപ്പും ഒറ്റയ്ക്കു നിൽക്കാൻ തീരുമാനമെടുത്തു. ഇതിനു ശേഷമാണ് സെക്കുലർ കേരളാ കോൺഗ്രസായിരുന്ന പി.സി. ജോർജ് പാർട്ടി പിരിച്ചുവിട്ടു മാണി നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസിൽ ലയിച്ചത്. ഈ ലയനം കഴിഞ്ഞാണ് വിഭിന്ന ചേരികളിലായിരുന്ന മാണി ഗ്രൂപ്പും ജോസഫ് ഗ്രൂപ്പും 2010 മെയ് 27നാണ് ലയിച്ചത്. ഇടതുമുന്നണിയുടെ ഭാഗമായിരുന്ന ജോസഫ് വിഭാഗം, ലയനത്തോടെ യു.ഡി.എഫിലെത്തുകയും ചെയ്തു. ഈ ലയനമാണു കേരളാ കോൺഗ്രസുകളുടെ ഏറ്റവും വലിയ ലയനമായി വിലയിരുത്തപ്പെടുന്നത്. വിവാദങ്ങൾക്കിടെ പി സി ജോർജും വിട്ടുപോയി. ഇപ്പോഴിതാ ഫ്രാൻസിസ് ജോർജും കൂട്ടരും മാണിയേും പിജെ ജോസഫിനേയും വിട്ട് പുതിയ പാർട്ടിയാകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP