Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫെഡററോ നഡാലോ? ടെന്നീസിലെ എക്കാലത്തേയും ചക്രവർത്തി എന്ന പദത്തിന് അർഹനാര്?

ഫെഡററോ നഡാലോ? ടെന്നീസിലെ എക്കാലത്തേയും ചക്രവർത്തി എന്ന പദത്തിന് അർഹനാര്?

ടെന്നീസിലെ എക്കാലത്തേയും ചക്രവർത്തി എന്ന പദത്തിന് റോജർ ഫെഡററോ അതോ നഡാലോ അർഹൻ എന്നു നിർണ്ണയിക്കലാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.


ഇന്നിപ്പോൾ ലോക ഒന്നാം നമ്പർ ടെന്നീസ് കളിക്കാരൻ ആര് എന്ന ചോദ്യത്തിനുത്തരം 12500 പോയിന്റുള്ള റഫേൽ നഡാൽ തന്നെ. രണ്ടാം റാങ്കുള്ള നൊവാക് ദോക്ക്യോവിച്ച് 170 പോയിന്റു പിന്നിലാണ്. റോജർ ഫെഡറർ ഉൾപ്പെടെയുള്ള മറ്റു കളിക്കാരെല്ലാം ഈ രണ്ടു കളിക്കാരേക്കാൾ അയ്യായിരമോ അതിലേറെയോ പോയിന്റുകൾക്കു പിന്നിലാണ്. ഒന്നാം റാങ്ക് ആർക്കാണോ ഉള്ളത് അയാളെ ടെന്നീസിന്റെ ഇപ്പോഴത്തെ രാജാവെന്നോ ചക്രവർത്തിയെന്നോ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. അതനുസരിച്ച് നഡാൽ ഇപ്പോഴത്തെ ചക്രവർത്തിയാണ്. എന്നാൽ എക്കാലത്തേയും ടെന്നീസ് ചക്രവർത്തിയെന്ന വിശേഷണം നദാൽ അർഹിക്കുന്നില്ല. ചില കണക്കുകൾ താഴെ കൊടുക്കുന്നു:

റോജർ ഫെഡറർ 302 ആഴ്ച ലോക ഒന്നാംനമ്പർ താരമായിരുന്നു. ഇത് ലോകറെക്കോർഡാണ്. റഫേൽ നദാലിന് ആകെ 141 ആഴ്ച മാത്രമാണ് ലോക ഒന്നാം നമ്പർ സ്ഥാനമുണ്ടായിട്ടുള്ളത്. അപ്പപ്പോഴത്തെ ലോക ഒന്നാം നമ്പർ പദവി അപ്പപ്പോഴത്തെ(ടെന്നീസ്) ചക്രവർത്തി പദമാണെങ്കിൽ ഫെഡറർ 302 ആഴ്ച (ആറു വർഷത്തിനടുത്ത്)ചക്രവർത്തിയായിരുന്നിട്ടുണ്ട്. നദാലാകട്ടെ 141 ആഴ്ച (മൂന്നു വർഷത്തിനടുത്ത്) മാത്രവും.

ഫെഡറർ 237 ആഴ്ച തുടർച്ചയായി ലോക ഒന്നാം നമ്പർ താരമായിരുന്നു. 2004ഫെബ്രുവരി 2 മുതൽ 2008 ആഗസ്റ്റ് 17 വരെ. ഇതും ലോകറെക്കോർഡാണ്. നദാലാകട്ടെ വെറും 56 ആഴ്ച മാത്രവും. നദാലിന്റെ നാലിരട്ടിക്കാലം ഫെഡറർ തുടർച്ചയായി ചക്രവർത്തിപദം അലങ്കരിച്ചു. നദാൽ ഉശിരോടെ കളിച്ചുകൊണ്ടിരുന്ന സമയത്തു തന്നെയായിരുന്നു, ഫെഡറർ 237 ആഴ്ച തുടർച്ചയായി ചക്രവർത്തിപദം അലങ്കരിച്ചിരുന്നതെന്നോർക്കണം. (നദാൽ 2001ൽ പ്രൊഫഷണൽ കളിക്കാരനായി.)

ഏറ്റവും നീണ്ടകാലം ചക്രവർത്തിപദം അലങ്കരിച്ചത് റോജർ ഫെഡററായിരിക്കെ, നദാൽ എക്കാലത്തേയും ചക്രവർത്തിയായി കണക്കാക്കപ്പെടാൻ അർഹനല്ല.

ഇരുവരും വിജയിച്ചിരിക്കുന്ന ആകെ കളികളുടെ എണ്ണമെടുക്കാം. ഫെഡറർ 957 കളികൾ ജയിച്ചു. നദാൽ 699 കളികളിൽ മാത്രവും.

ലോകത്തിലെ ആദ്യ പത്തു സ്ഥാനങ്ങളിലുള്ള കളിക്കാരുടെ മേൽ നേടിയ വിജയങ്ങളുടെ കണക്കിതാ: ഫെഡറർ 171, നഡാൽ 129.

ടെന്നീസ് പ്രധാനമായും മൂന്നു തരത്തിലുള്ള കോർട്ടുകളിലാണു കളിക്കുന്നത്: ക്ലേ, ഗ്രാസ്സ്, ഹാർഡ്. 2000 പോയിന്റു വീതം കിട്ടുന്ന നാലു ഗ്രാന്റ് സ്ലാം ടൂർണമെന്റുകളാണുള്ളത്: ഫ്രഞ്ച് ഓപ്പൻ ക്ലേ കോർട്ടുകളിലും വിംബിൾഡൻ ഗ്രാസ്സ് കോർട്ടുകളിലും ആസ്‌ട്രേലിയൻ ഓപ്പനും യു എസ് ഓപ്പനും ഹാർഡ് കോർട്ടുകളിലുമാണു കളിക്കുന്നത്. ഫെഡററുടേയും നദാലിന്റേയും ഗ്രാന്റ് സ്ലാം നേട്ടങ്ങളെ താരതമ്യപ്പെടുത്തി നോക്കാം:

ആസ്‌ട്രേലിയൻ ഓപ്പൻ (ഹാർഡ്) ഫെഡറർ 4 തവണ, നദാൽ 1 തവണ
വിംബിൾഡൺ (ഗ്രാസ്സ്) ഫെഡറർ 7 തവണ, നദാൽ 2 തവണ
യു എസ് ഓപ്പൻ (ഹാർഡ്) ഫെഡറർ 5 തവണ, നദാൽ 2 തവണ
ഫ്രഞ്ച് ഓപ്പൻ (ക്ലേ) ഫെഡറർ 1 തവണ, നദാൽ 9 തവണ

ഗ്രാസ്സ് കോർട്ട് ഗ്രാന്റ് സ്ലാമുകൾ - ഫെഡറർ 7 തവണ, നദാൽ 2 തവണ
ഹാർഡ് കോർട്ട് ഗ്രാന്റ് സ്ലാമുകൾ - ഫെഡറർ 9 തവണ, നദാൽ 3 തവണ
ക്ലേ കോർട്ട് ഗ്രാന്റ് സ്ലാമുകൾ - ഫെഡറർ 1 തവണ, നദാൽ 9 തവണ

ക്ലേ കോർട്ട് ഗ്രാന്റ് സ്ലാം ഒൻപതു തവണ നദാൽ നേടി ലോകറെക്കോർഡ് സ്ഥാപിച്ചിരിക്കുന്നതു കൊണ്ട് നദാലിനെ 'കിങ്ങ് ഓഫ് ക്ലേ' എന്നു പറയുന്നതിൽ തെറ്റില്ല. മറ്റു രണ്ട് പ്രതലങ്ങളിലും ഫെഡറർ നദാലിനേക്കാൾ വളരെ മുന്നിലാണെന്ന് മുകളിലുദ്ധരിച്ച കണക്കുകൾ കാണിക്കുന്നു.

പന്തിന് ഏറ്റവുമധികം വേഗതയുള്ളത് ഗ്രാസ്സ് കോർട്ടിലാണ്. വിംബിൾഡൺ ഏറ്റവും പ്രശസ്തമായിത്തീർന്നതിനുള്ള ഒരു കാരണം അതു തന്നെ. ഫെഡററത് ഏഴു തവണ നേടിക്കഴിഞ്ഞു. നദാൽ രണ്ടു തവണ മാത്രവും. ഗ്രാസ്സ് കോർട്ടിനേക്കാൾ വേഗത കുറവാണ് ഹാർഡ് കോർട്ടുകളിൽ (ആസ്‌ട്രേലിയൻ ഓപ്പൻ,യു എസ് ഓപ്പൻ). എന്നാൽ അവിടേയും ഫെഡറർ തന്നെ നദാലിനേക്കാൾ മുന്നിൽ. പന്തിന്റെ വേഗത ഏറ്റവും കുറഞ്ഞ ക്ലേ കോർട്ടുകളിൽ മാത്രമാണ് (ഫ്രഞ്ച് ഓപ്പൻ) നദാലിന്നു മേൽക്കോയ്മയുള്ളത്. നമ്മുടെ വിശ്വനാഥൻ ആനന്ദ് റാപ്പിഡ് ചെസ്സിൽ ലോകചാമ്പ്യനായിരുന്നതു പോലെ, വേഗത കൂടിയ ഗ്രാന്റ് സ്ലാമുകളിലെല്ലാം ഫെഡറർക്കായിരുന്നു ആധിപത്യം.

ഒരു സുപ്രധാനമായ വസ്തുത കൂടി: ഓരോ വർഷത്തിന്റേയും അവസാനം ഏറ്റവും ഉയർന്ന റാങ്കുള്ള എട്ടു കളിക്കാരെ മാത്രം ഉൾക്കൊള്ളിച്ചു നടത്തുന്ന ടൂർണമെന്റാണ് ഏ ടി പി വേൾഡ് ടൂർ ഫൈനൽസ്. ഫെഡററിത് ആറു തവണയാണു നേടിയിരിക്കുന്നത്. നദാലാകട്ടെ ഒരു പ്രാവശ്യം പോലും ഇതു നേടിയിട്ടില്ല.

പ്രേക്ഷകരെ ഏറ്റവുമധികം ആകർഷിക്കുന്ന ഒന്നാണ് ഏയ്‌സുകൾ. എതിരാളിക്ക് സ്പർശിക്കാൻ പോലും പറ്റാത്ത തരം സെർവ്വുകൾക്കാണ് ഏയ്‌സ് എന്നു പറയുന്നത്. ഫെഡറർ ഇതുവരെയായി 8561 ഏയ്‌സുകൾ ഉതിർത്തിട്ടുണ്ട്. നഡാലാകട്ടെ 2375 ഏയ്‌സുകൾ മാത്രവും. ഇക്കാര്യത്തിൽ ഫെഡററുടെ റാങ്ക് 4, നഡാലിന്റേത് 99. നദാലിന്റെ ഏകദേശം നാലിരട്ടിയോളം ഏയ്‌സുകൾ ഫെഡറർ ചെയ്തിരിക്കുന്നു.

ചുരുക്കത്തിൽ, നദാൽ ടെന്നീസിലെ എക്കാലത്തേയും ചക്രവർത്തിയല്ല. ഇപ്പോഴത്തെ ലോക നമ്പർ ഒന്നാം താരം മാത്രമാണ്.

മേലുദ്ധരിച്ചിരിക്കുന്ന കണക്കുകളനുസരിച്ച് ഫെഡറർ നദാലിനേക്കാൾ വളരെ മുന്നിലാണെങ്കിലും, ഞാൻ ഫെഡററെ എക്കാലത്തേയും ടെന്നീസ് ചക്രവർത്തിയായി വിശേഷിപ്പിക്കുകയില്ല. അതിനുള്ള ഒരു കാരണം നദാൽ തന്നെ. ഇവർ രണ്ടു പേരും ആകെ 33 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. നഡാൽ 23 തവണ ജയിച്ചപ്പോൾ ഫെഡറർ 10 തവണ മാത്രമേ ജയിച്ചിട്ടുള്ളു.

പീറ്റ് സാമ്പ്രസ് ഫ്രഞ്ച് ഓപ്പൻ ഒരിക്കലും നേടിയില്ല. മറ്റുള്ള കളിക്കാർക്കെല്ലാം ഗ്രാന്റ് സ്ലാം വിജയങ്ങൾ ഫെഡറർ, നദാൽ, സാമ്പ്രസ് എന്നിവരേക്കാൾ കുറവായിരുന്നു. പതിനൊന്നു തവണ ഗ്രാന്റ്സ്ലാം നേടിയ ബ്യോൺ ബോർഗ്ഗാകട്ടെ, ആസ്‌ട്രേല്യൻ ഓപ്പനും യു എസ് ഓപ്പനും ഒരിക്കലും നേടിയില്ല.

ചുരുക്കത്തിൽ എക്കാലത്തേയും ചക്രവർത്തി എന്നു വിശേഷിപ്പിക്കാൻ ടെന്നീസിൽ ആരുമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP