Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൊബൈൽ പോലും ഉപേക്ഷിച്ച് സുരേഷ് ഗോപി; പാർട്ടി തീരുമാനം വന്ന ശേഷം പ്രതികരണമെന്ന് നടന്റെ സെക്രട്ടറി; ആക്ഷൻ ഹീറോയെ സ്ഥാനാർത്ഥിയാക്കാൻ സമ്മർദ്ദം ശക്തമാക്കി ബിജെപിയും; രാജഗോപാൽ മത്സരിച്ചില്ലെങ്കിൽ നേമം നൽകാമെന്ന് വാഗ്ദാനം; മനസ്സ് മാറ്റാൻ അമിത് ഷാ നേരിട്ട് ഇടപെടും

മൊബൈൽ പോലും ഉപേക്ഷിച്ച് സുരേഷ് ഗോപി; പാർട്ടി തീരുമാനം വന്ന ശേഷം പ്രതികരണമെന്ന് നടന്റെ സെക്രട്ടറി; ആക്ഷൻ ഹീറോയെ സ്ഥാനാർത്ഥിയാക്കാൻ സമ്മർദ്ദം ശക്തമാക്കി ബിജെപിയും; രാജഗോപാൽ മത്സരിച്ചില്ലെങ്കിൽ നേമം നൽകാമെന്ന് വാഗ്ദാനം; മനസ്സ് മാറ്റാൻ അമിത് ഷാ നേരിട്ട് ഇടപെടും

അരുൺ ജയകുമാർ

തിരുവനന്തപുരം: നടൻ സുരേഷ് ഗോപി ആരോടും ഒന്നും മിണ്ടുന്നില്ല. ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നോ ഇല്ലെന്നോ പറയാൻ നടൻ തയ്യാറല്ല. ബിജെപിയുടെ തീരുമാനം വന്ന ശേഷം എല്ലാം തുറന്നു പറയുമെന്നാണ് അദ്ദേഹത്തിന്റെ സെക്രട്ടറിയുടെ നിലപാട്. അതിനിടെ എങ്ങനേയും സുരേഷ് ഗോപിയെ മത്സരിപ്പിക്കാൻ തന്നെയാണ് ബിജെപിയുടെ നീക്കം. സംസ്ഥാന ആർഎസ്എസും സമ്മർദ്ദവുമായി സജീവമാണ്. വെള്ളാപ്പള്ളി നടേശനേയും ബിഡിജെഎസിനേയും അനുനയിപ്പിച്ച അതേ തന്ത്രം സുരേഷ് ഗോപിയോടും സ്വീകരിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സുരേഷ് ഗോപിക്ക് ജയിച്ചാലും തോറ്റാലും വ്യക്തമായ സ്ഥാനങ്ങൾ ഓഫർ ചെയ്യും. ഫിലിം ഡെവലപ്പ്‌മെന്റ് കോർപ്പറേഷന്റെ അധ്യക്ഷ സ്ഥാനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബിജെപി കേന്ദ്ര നേതാക്കൾ വ്യക്തത വരുത്തും.

വട്ടിയൂർക്കാവിൽ കെ മുരളീധരനെതിരെ സ്ഥാനാർത്ഥിയാകാൻ സുരേഷ് ഗോപിക്ക് താൽപ്പര്യമില്ല. ഈ സാഹചര്യത്തിൽ നേമമോ തിരുവനന്തപുരമോ സുരേഷ് ഗോപിക്ക് നൽകാമെന്നാണ് വാഗ്ദാനം. നേമത്ത് മത്സരത്തിനില്ലെന്ന് രാജഗോപാൽ പറയുന്നുണ്ട്. ഈ സഹചര്യത്തിൽ കുമ്മനത്തെ നേമത്ത് മത്സരിപ്പിക്കാനായിരുന്നു ശ്രമം. എന്നാൽ കുമ്മനത്തെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാനാണ് ബിജെപിയുടെ ഇപ്പോഴത്തെ തീരുമാനം. നേമത്ത് രാജഗോപാൽ അല്ലെങ്കിൽ സുരേഷ് ഗോപിയെന്നാണ് ബിജെപി നേതാക്കൾ നൽകുന്ന സൂചന. ഈ രണ്ട് നേതാക്കളിൽ ഒരാളെ നിർബന്ധിച്ച് മത്സരിപ്പിക്കാൻ തന്നെയാണ് ബിജെപിയുടെ നീക്കം. ആറന്മുള മണ്ഡലത്തിലേക്ക് സ്ഥാനാർത്ഥിയെ നിശ്ചയിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ആറന്മുളയിൽ സ്ഥാനാർത്ഥിയാകുമെന്ന് കരുതിയിരുന്ന എംടി രമേശിനെ കോഴിക്കോട് നോർത്തിൽ മത്സരിപ്പിക്കാനാണ് ബിജെപിയുടെ നീക്കം.

ആറന്മുള ഒഴിച്ചിടുന്നതിലും രാഷ്ട്രീയമുണ്ട്. സുരേഷ് ഗോപിക്കും കുമ്മനത്തിനും താൽപ്പര്യമുള്ള മണ്ഡലമാണ് ആറന്മുള. വിമാനത്താവള വിരുദ്ധ സമര സമിതിയുടെ നായകനെന്ന നിലയിൽ കുമ്മനത്തിന് ഏറെ വ്യക്തി ബന്ധമുണ്ട്. ഇവിടുത്തെ ക്രൈസ്തവ സമുദായത്തിൽ പോലും വ്യാപകമായ അംഗീകാരം കുമ്മനത്തിനുണ്ട്. വട്ടിയൂർക്കാവിൽ കുമ്മനം മത്സരിച്ചില്ലെങ്കിൽ ആറന്മുള എന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. സുരേഷ് ഗോപിയും ആറന്മുളയിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന കൂട്ടത്തിലാണ്. സുരേഷ് ഗോപിയുടെ ഭാര്യയുടെ കുടുംബം ആറന്മുളയിലാണ്. ഈ പ്രദേശത്തോട് അതുകൊണ്ട് തന്നെ സുരേഷ് ഗോപിക്ക് വ്യക്തിപരമായ അടുപ്പവുമുണ്ട്. ഇതു മനസ്സിലാക്കിയാണ് എംടി രമേശിനെ കോഴിക്കോട്ടേക്ക് മാറ്റിയത്. ഏതായാലും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ സുരേഷ് ഗോപിയുമായി ഉടൻ ആശയ വിനിമയം നടത്തും.

ബിജെപി സംസ്ഥാന നേതൃത്വവുമായി സുരേഷ് ഗോപി നിരന്തര ചർച്ചകൾ നടത്തുന്നുണ്ട്. എന്നാൽ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നുമില്ല. സ്ഥാനാർത്ഥിയാകാനുള്ള പാതി മനസ്സിലാണ് സുരേഷ് ഗോപിയെന്നാണ് മറുനാടൻ മലയാളിക്ക് ലഭിക്കുന്ന സൂചന. ബിജെപിയുടെ തീരുമാനം വന്ന ശേഷം സുരേഷ് ഗോപി നിലപാട് വിശദീകരിക്കുമെന്ന് അദ്ദേഹത്തിന്റെ അനുയായിയായ സനോദ് മറുനാടനോട് പറഞ്ഞു. അതുവരെ മാദ്ധ്യമങ്ങളെ പൂർണ്ണമായും ഒഴിവാക്കും. ആശയക്കുഴപ്പങ്ങളൊന്നും സുരേഷ് ഗോപിക്ക് ഇല്ലെന്നും വിശദീകരിച്ചു. ബിജെപി കേന്ദ്ര നേതൃത്വം രണ്ട് ദിവസത്തിനകം കാര്യങ്ങളിൽ വ്യക്തത വരുത്തുമെന്നാണ് സംസ്ഥാന നേതാക്കൾ വിശദീകരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ കുമ്മനം വട്ടിയൂർക്കാവിൽ മത്സരിക്കുമെന്നും സംസ്ഥാന നേതൃനിരയിലെ പ്രമുഖൻ മറുനാടനോട് പറഞ്ഞു.

കഴക്കൂട്ടത്തു മുൻ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനും ചെങ്ങന്നൂരിൽ പി.എസ്. ശ്രീധരൻപിള്ളയും പാലക്കാട്ടു ശോഭാ സുരേന്ദ്രനും കോഴിക്കോട് നോർത്തിൽ എം ടി. രമേശും കാട്ടാക്കടയിൽ പി.കെ. കൃഷ്ണദാസും കുന്നമംഗലത്തു സി.കെ. പത്മനാഭനും മൽസരിക്കാൻ ധാരണയായി. മഞ്ചേശ്വരത്ത് കെ സുരേന്ദ്രനെ മത്സരിപ്പിക്കമെന്നാണ് വി മുരളീധരന്റെ ആവശ്യം. എന്നാൽ പ്രാദേശിക നേതൃത്വം ഇതിനെ എതിർക്കുന്നു. ഈ സാഹചര്യത്തിൽ കെ സുരേന്ദ്രനെ ആറന്മുളയിൽ മത്സരിപ്പിക്കാനും നീക്കമുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് പിപി മുകുന്ദൻ വിഷയത്തിൽ എടുക്കേണ്ട സമീപനത്തിലും ആശയക്കുഴപ്പങ്ങൾ തുടരുകയാണ്. തിരുവനന്തപുരത്ത് നേട്ടമുണ്ടാക്കാൻ മുകുന്ദൻ ഫാക്ടർ നിർണ്ണായകമാകുമെന്ന വിലയിരുത്തൽ ബിജെപിയിൽ സജീവമാണ്.

മത്സരത്തിനില്ലെന്ന രാജഗോപാലിന്റെ നിലപാടാണ് ഏറ്റവും വലിയ പ്രതിസന്ധി. അണികളെ രാജഗോപാലിന്റെ പിന്മാറ്റത്തെ എങ്ങനെ ബോധ്യപ്പെടുത്തുമെന്നതാണ് ആശങ്ക. തമിഴ്‌നാട് ഗവർണ്ണർ റോസയ്യ ഉടൻ വിരമിക്കും. ഈ പദവി രാജഗോപാലിന് നൽകാമെന്ന് ബിജെപി കേന്ദ്ര നേതൃത്വം സൂചന നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ എൺപത്തിയാറാം വയസ്സിൽ ഓടി നടന്ന് മത്സരത്തിനില്ലെന്നാണ് രാജഗോപാലിന്റെ പക്ഷം. തന്നെ ഒഴിവാക്കണമെന്ന് അദ്ദേഹം പറയുന്നതിന് കാരണം ഇതാണ്. അതിനിടെ കേന്ദ്രത്തിൽനിന്നു തന്നെ ശക്തമായ സമ്മർദം ഉണ്ടായാൽ രാജഗോപാൽ മൽസരിക്കാൻ തയാറായേക്കുമെന്നാണു മറ്റുള്ളവരുടെ പ്രതീക്ഷ. സംസ്ഥാന ആർഎസ്എസിലെ പ്രമുഖർ ഇതിനായി രംഗത്തിറങ്ങും. ബിജെപിക്ക് ഏറ്റവും വിജയസാധ്യതയുള്ള സമയത്ത് രാജഗോപാൽ മാറി നിൽക്കുന്നത് ശരിയല്ലെന്നാണ് വിലയിരുത്തൽ.

കുമ്മനം രാജശേഖരൻ പ്രസിഡന്റായതോടെയാണ് രാജഗോപാലിന്റെ പിണക്കം തുടങ്ങുന്നത്. നേമത്തേക്ക് കുമ്മനത്തെ പരിഗണിക്കുന്നുവെന്ന വാർത്തയായിരുന്നു ഇതിന് കാരണം. ഈ സാഹചര്യത്തിൽ താൻ മത്സരിക്കുന്നില്ല. കുമ്മനം നേമത്തേക്ക് മത്സരിക്കട്ടേ എന്നാണ് രാജഗോപാലിന്റെ നിലപാട്. നേമത്ത് വിജയിച്ച് ജയിച്ചാൽ ഗവർണ്ണർ സ്ഥാനവും നഷ്ടമാകും. നേരത്തെ എംപിയായിരുന്ന തനിക്ക് എംഎൽഎ സ്ഥാനത്തിനപ്പുറം പലതിനും അർഹതയുണ്ട്. അതുകൊണ്ട് ഗവർണ്ണറാക്കണമെന്നതാണ് രാജഗോപാലിന്റെ നിലപാട്. ഈ വ്യവസ്ഥയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമാകാനും രാജഗോപാൽ തയ്യാറാകുമെന്നാണ് സൂചന. അതിനിടെ, രാജഗോപാലിനെ നേമത്തു മത്സരിപ്പിച്ചേക്കുമെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP