Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാംഗോ ഉടമകൾക്ക് വിനയായത് കോടികളുടെ പരസ്യം തന്നെ; മുങ്ങി നടന്നവരെ തേടി പൊലീസ് എത്തിയത് പരസ്യം ശ്രദ്ധയിൽപ്പെട്ടതോടെ; വ്യാജരേഖയുണ്ടാക്കി ബാങ്ക് ഓഫ് ബറോഡയെ കബളിപ്പിച്ചത് വിൽപ്പനക്കെത്തിച്ച ഏഷ്യൻ മോട്ടോഴ്‌സ് ട്രക്കുകൾ ഉപയോഗിച്ച്

മാംഗോ ഉടമകൾക്ക് വിനയായത് കോടികളുടെ പരസ്യം തന്നെ; മുങ്ങി നടന്നവരെ തേടി പൊലീസ് എത്തിയത് പരസ്യം ശ്രദ്ധയിൽപ്പെട്ടതോടെ; വ്യാജരേഖയുണ്ടാക്കി ബാങ്ക് ഓഫ് ബറോഡയെ കബളിപ്പിച്ചത് വിൽപ്പനക്കെത്തിച്ച ഏഷ്യൻ മോട്ടോഴ്‌സ് ട്രക്കുകൾ ഉപയോഗിച്ച്

കൊച്ചി: ആപ്പിളിനെ വെല്ലുന്ന ഫോൺ ലോഞ്ച് ചെയ്യാൻ ഇറങ്ങിത്തിരിച്ച വേളയിലാണ് ബാങ്ക് ഓഫ് ബറോഡ നൽകിയ പരാതിയിൽ മാംഗോ ഫോൺ ഉടമകളായ ജോസൂട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തത്. ഇവർ മുമ്പ് നടത്തിയിരുന്ന ഏഷ്യൻ മോട്ടോഴ്‌സിന്റെ പേരിൽ എടുത്ത ലോണുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ അറസ്റ്റ്. ജീവനക്കാരിയെ മർദ്ദിച്ച സംഭവവും മാംഗോ മൊബൈൽ ഉടമകളെ അറസ്റ്റു ചെയ്യാൻ ഇടയാക്കി.

റോജി അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർക്കെതിരെ കേരളത്തിന് അകത്തും പുറത്തുമായി നിരവധി കേസുകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒന്നുമാത്രമാണ ബാങ്ക് ഓഫ് ബറോഡയിലെ തട്ടിപ്പും. എഎംഡബ്ല്യു ട്രക്കുകളുടെ കേരളത്തിലെ ഡീലർമാരായിരുന്നു അഗസ്റ്റിൻ സഹോദരന്മാർ. ഏഷ്യൻ ടിമ്പേഴ്‌സ്, ഏഷ്യൻ സൂര്യ ഉദ്യോഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയായിരുന്നു ഇവരുടെ കമ്പനികൾ. ഈ കമ്പനികളുടെ പേരിൽ ഇപ്പോഴും കേസുകൾ നിലവിലുണ്ട്.

രണ്ടര കോടി രൂപ വ്യാജരേഖ ചമച്ചാണ് ഇവർ ബാങ്ക് ഓഫ് ബറോഡയിൽ തിന്നും കരസ്ഥമാക്കിയത്. ഈ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഇവരെ പൊലീസ് തിരയുന്നുണ്ടായിരുന്നു. എന്നാൽ, പലപ്പോഴും മുങ്ങി നടന്ന ഇവരെ പിടികൂടാൻ പൊലീസിന് സഹായകമായത് ഇന്നത്തെ മാദ്ധ്യമങ്ങളിൽ വന്ന പരസ്യങ്ങളായിരുന്നു. ഇന്ന് ലോഞ്ച് ചെയ്യാൻ ഉടമകൾ എത്തുമെന്ന് വ്യക്തമായതോടെയാണ് പൊലീസ് വലവിരിച്ചത്. ഷാഡോ പൊലീസ് കാത്തു നിന്ന് ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു.

ബാങ്ക് ഓഫ് ബറോഡയുമായി ബന്ധപ്പെട്ട കേസിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിനും ബന്ധമുണ്ട്. 13.50 കോടി രൂപയാണ് എസ്‌ബിറ്റിയിൽ ഇന്നും ഇവർ വായ്‌പ്പയെടുത്തിരുന്നത്. വിൽപ്പനയ്ക്കായി കൊണ്ടുവന്ന ട്രക്ക് പണയപ്പെടുത്തിയാണ് ഇങ്ങനെ വായ്‌പ്പ സമാഹരിച്ചത്. മറ്റ് ട്രക്കുകൾ വിറ്റു പോകുമ്പോൾ ലഭിക്കുന്ന പണം ബാങ്കിൽ അടയ്ക്കാമെന്നും വ്യവസ്ഥ ചെയ്തു. എന്നാൽ, ഈ പണം വേറെ അക്കൗണ്ടിലേക്ക് വകയിരുത്തി ബാങ്കിനെ ചതിക്കുകയാണ് ഇവർ ചെയ്തത്. കൂടാതെ എസ്‌ബിറ്റിക്ക് പണയപ്പെടുത്തിയ അതേ വസ്തു തന്നെ ബാങ്ക് ഓഫ് ബറോഡയ്ക്ക് പണയപ്പെടുത്തുകയും ചെയ്തു. ബാങ്ക് ഓഫ് ബറോഡയിൽ നിന്നും ലോണെടുത്തത്. 2.50 കോടി രൂപയായിരുന്നു വായ്‌പ്പ എടുത്തത്. ഇതേ വസ്തുക്കൾ പണയം വച്ച് ഇന്ത്യൻ ബാങ്കിനെ സമീപിച്ചു ലോണെടുക്കാനും ശ്രമം നടത്തി. എന്നാൽ, എസ്‌ബിറ്റിയെ കബളിപ്പിച്ച വിവരം പുറത്തുവന്നതോടെ ഈ ബാങ്ക് ലോൺ നൽകാൻ തയ്യാറായില്ല. ഇതോടെയാണ് ഇവർക്കെതിരെ ബാങ്ക് ഓഫ് ബറോഡ നിയമനടപടി സ്വീകരിച്ചത്.

ഏഷ്യൻ മോട്ടേഴ്‌സിലെ ഡയറക്ടർമാരിൽ ഒരാളായ ആന്റോ ആഗസ്റ്റിനും എതിരായി കേരള ഹൈക്കോടതിയിൽ എസ്‌ബിറ്റിയിലെ ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും നിലവിലുണ്ട്. ഈ കേസിലെ തട്ടിപ്പ് മനസിലാകിയ സ്റ്റേറ്റ് ബാങ്ക് ഇവർക്കെതിരെ റിക്കവറി നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ, റിക്കവറി നടപടികളിൽ നിന്നും ഒഴിവാക്കണമേന്ന് ആവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ബാങ്കിലെ ലോൺ തുക തവണകളായി അടച്ചു ലോൺ തീർക്കാമെന്ന ഇവരുടെ വാദം അന്ന് ഹൈക്കോടതി തള്ളിയിരുന്നു. കോടതിയുടെ കുരുക്കിൽ നിന്നും രക്ഷപെടുന്നതിന് വേണ്ടി പണമുണ്ടാക്കാനാണ് മാംഗോ മൊബൈൽസിലൂടെ ലക്ഷ്യമിട്ടതെന്നുമാണ് സംശയിക്കുന്നത്.

അതിനിടെ ഉദ്യോഗസ്ഥരെ പോലും ഭയപ്പെടുത്തുന്ന വിധത്തിലും അഗസ്റ്റിൻ സഹോദരന്മാർ പ്രവർത്തിച്ചുവെന്ന സംശയമുണ്ട്. രണ്ടു ബാങ്കുകളിൽ ഒരേ വസ്തു വച്ചു ഇവർ നടത്തിയ തട്ടിപ്പ് മനസിലാക്കിയ ബാങ്ക് ജീവനക്കാർ ആദ്യം കോടതിയെ സമീപിച്ചപ്പോൾ ഭീഷണിയുടെ ഭാഷയിലായിരുന്നു ഇവരുടെ സംസാരം. ഭീഷണിക്ക് വഴങ്ങാതെ മുന്നോട്ടു പോയപ്പോൾ തുടർന്നും പലതവണ അപായപ്പെടുത്തുമെന്ന ഭീഷണിയുണ്ടായി. ഇവരുടെ ഭീഷണികൾക്ക് വഴങ്ങാതെ കോടതിയെ സമീപിച്ചപ്പോഴാണ് മറ്റ് പല കേസുകളെ കുറിച്ചും പൊതു സമൂഹം അറിഞ്ഞത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറുമായുള്ള കേസ് ഇപ്പോൾ ട്രിബ്യൂണൽ കോടതിയുടെ പരിഗണനയിലാണ്. ഇത് തീരാതെ നീണ്ടു പോകുകയാണ്. എസ്‌ബിറ്റിയുടെ അസെറ്റ് റിക്കവറി സെല്ലിന്റെ കീഴിലാണ് ഈ കേസുള്ളത്.

കാനറാ ബാങ്കിന്റെ കൊച്ചി ബാനർജി റോഡിലുള്ള ബ്രാഞ്ചിൽ സ്ഥലം പണയപ്പെടുത്തിയ ലോൺ തിരിച്ചടയ്ക്കാതിരുന്നതിനും ഇവർക്കെതിരെ കേസുണ്ട്. വയനാട്ടിലെ വസ്തുവിന്റെ പ്രമാണം വച്ച് ലോൺ എടുത്ത ശേഷം പണം തിരിച്ചടയ്കാത്തതിനാൽ ബാങ്ക് അഗസ്റ്റിൻ സഹോദർമാർക്കെതിരെ ജപ്തി നടപടി സ്വീകരിച്ചിരുന്നു. 45 ലക്ഷം ലോൺ എടുത്ത ശേഷം പണം തിരിച്ചയ്ക്കാതെ പലിശ അടക്കം 64 ലക്ഷത്തോളം രൂപ കുടിശ്ശിക വരുത്തി. ഇത് കൂടാതെ ബാങ്കിന് ജപ്തി നടപടി സ്വീകരിക്കാൻ ശ്രമിച്ചപ്പോൾ പണയവസ്തു മറ്റൊരു നിയമക്കുരുക്കിലാണെന്ന് ബോധ്യമാകുകയായിരുന്നു. ചുരുക്കത്തിൽ കാനറ ബാങ്കിനെയും കബളിപ്പിക്കുകയാണ് ഇവർ ചെയ്തത്. ഇങ്ങനെ ബാങ്കുകളെ കബളിപ്പിക്കുന്നത് സ്ഥിരം പതിവാക്കിയ ഇവരെ സൂക്ഷിക്കണമെന്ന് ബാങ്കുകാരുടെ നിർദ്ദേശവും നിലവിലുണ്ട്. ഇതിനിടെയാണ് ഇവരെ അറസ്റ്റു ചെയ്തിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP