Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടതി വിധിയിൽ വിപണയിലെത്തിയിട്ടും നിറപറയിൽ സർവ്വത്ര മായം; കറിപൗഡറിൽ തൂക്കം കൂട്ടുന്നതിനായി 20 മുതൽ 70 ശതമാനം വരെ കള്ളക്കളി; മലബാറിൽ മാത്രം രജിസ്റ്റർ ചെയ്തത് 35 കേസുകൾ; ആകെ കിട്ടിയത് 150 പരാതികൾ

കോടതി വിധിയിൽ വിപണയിലെത്തിയിട്ടും നിറപറയിൽ സർവ്വത്ര മായം; കറിപൗഡറിൽ തൂക്കം കൂട്ടുന്നതിനായി 20 മുതൽ 70 ശതമാനം വരെ കള്ളക്കളി; മലബാറിൽ മാത്രം രജിസ്റ്റർ ചെയ്തത് 35 കേസുകൾ; ആകെ കിട്ടിയത് 150 പരാതികൾ

എംപി റാഫി

കോഴിക്കോട്: ഹൈക്കോടതി സ്റ്റേയുടെ മറവിൽ മായം കലർത്തിയ നിറപറ കറിപൗഡറുകൾ വീണ്ടും സംസ്ഥാന വ്യാപകമായി തകൃതിയായി വിറ്റൊഴിക്കുന്നു. വിഷവും മായവും കലർത്തി തോന്നിയപോലെ വിൽക്കാം എന്ന ഭാവമാണ് കമ്പനി അധികൃതർ വച്ചുപുലർത്തുന്നത്. തൂക്കം കൂട്ടുന്നതിനായി 20 മുതൽ 70 ശതമാനം വരെ മായം ചേർത്ത് കമ്പനി കൊള്ള ലാഭം കൊയ്യുകയാണ്. നിറപറ കറിപൗഡറുകളുടെ വിപണനം തടഞ്ഞുകൊണ്ട് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ടി വി അനുപമയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് നിറപറ കമ്പനി നേരത്തെ സ്റ്റേ വാങ്ങുകയായിരുന്നു. എന്നാൽ കമ്മീഷണറുടെ ഉത്തരവിനെ കോടതി സ്റ്റേയിലൂടെ മറികടന്ന നിറപറ വീണ്ടും മായം കലർത്തിയ കറിപൗഡറുകൾ വിറ്റൊഴിക്കൽ തുടരുകയാണ്. ഭക്ഷ്യയോഗ്യമല്ലാത്ത നിറപറ കറിപൗഡറുകൾക്കെതിരെ ഉപഭോക്താക്കൾ നൽകിയ പരാതിപ്രളയമായിരുന്നു മറുനാടൻ മലയാളിയുടെ അന്വേഷണത്തിൽ കാണാൻ സാധിച്ചത്.

മായംകലർത്തിയതും പുഴുവരിക്കുന്നതുമായ ഭക്ഷ്യയോഗ്യമല്ലാത്ത കറിപൗഡറുകൾ വിൽപന നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിറപറക്കെതിരെ മാത്രം 78 കേസുകളാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ നിലനിൽക്കുന്നത്. നേരത്തെ നിറപറയുടെ കറിപൗഡറിൽ അന്നജം മായമായി ചേർക്കുന്നത് കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിറപറയുടെ മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപൊടി എന്നിവയുടെ നിർമ്മാണവും വിപണനവും തടഞ്ഞ് ഭക്ഷ്യസുരക്ഷാ കമ്മീഷണർ ടിവി അനുപമ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഉത്തരവിനെതിരെ സ്റ്റേ വാങ്ങി വിപണിയിൽ സജീവമായ നിറപറ ജനങ്ങളെ വീണ്ടും മായം തീറ്റിക്കുന്നതായാണ് ഈ പരാതികളിൽ നിന്നും വ്യക്തമാകുന്നത്.

സ്റ്റേറ്റ് ഫൂഡ് ആൻഡ് സേഫ്റ്റി ഡിപ്പാർട്ടുമെന്ററിനു കീഴിലെ വിവിധ റീജണൽ ഓഫീസുകളിലായി അസിസ്റ്റന്റു കമ്മീഷണർമാർക്കു ലഭിച്ച പരാതികൾ മാത്രം 150 നു മുകളിൽ വരും. ഈ പരാതികളെല്ലാം നിറപറ കറിപൗഡർ കമ്പനിക്കെതിരെയാണ്. ഇതിൽ 78 പരാതികളിൽ കേസെടുത്ത് നടപടി തുടർന്നുകൊണ്ടിരിക്കുകയാണ്. മറ്റു പരാതികളിൽ പരിശോധന തുടരുകയുമാണ്. ഏറ്റവും കൂടുതൽ മായം കലർത്തിയ കറിപൗഡറുകൾ വിറ്റൊഴിക്കുന്നത് കോഴിക്കോട് റീജണലിനു കീഴിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മലബാർ ജില്ലകളിൽ നിന്നും നിറപറ കറിപൗഡറിനെതിരെ കോഴിക്കോട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർക്ക് ലഭിച്ച പരാതിയിൽ 35 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രജിസ്റ്റർ ചെയ്ത കേസുകളെല്ലാം സമാന സ്വഭാവം പുലർത്തുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു.

നിറപറയുടെ മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി, ചിക്കൻ മസാല, ചിക്കൻ ചില്ലി മസാല, കുരുമുളക് പൊടി എന്നിവയിലാണ് മായം ചേർത്ത് വിൽപ്പന നടത്തുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇത്തരം കറിപൗഡറുകൾ നിർമ്മിക്കുന്നതിനും വിപണനം നടത്തുന്നതിനും ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമ പ്രകാരം ചില മാനദണ്ഡങ്ങളുണ്ട്. ഈ മാനദണ്ഡങ്ങളെല്ലാം മറികടന്നാണ് തൂക്കം കൂട്ടുന്നതിനായി വ്യാപകമായി മായം കലർത്തുന്നത്. 20 ശതമാനം മുതൽ 70 ശതമാനം വരെ സ്റ്റാർച്ച് ആഡ് ചെയ്തിരിക്കുന്നതായി ഏറ്റവും ഒടുവിൽ കണ്ടെത്തിയിരിക്കുന്നു. ഇതിൽ അരിപ്പൊടി, ഗോതമ്പ് പൊടി, പിണ്ണാക്ക്, മറ്റു വിലകുറഞ്ഞ പൊടികളും അതിന്റെ അവശിഷ്ടങ്ങളും വരെയാണ് മസാലപ്പൊടികളിൽ ചേർക്കുന്നത്. ചില രാസ പദാർത്ഥങ്ങളും ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

കറിപൗഡറുകളിലും മസാലപ്പൊടികളിലും കൂടുതലായി മിക്‌സ് ചെയ്തിരിക്കുന്നത് അരിപ്പൊടിയാണ്. 100 ഗ്രാം കുരുമുളക് പൊടിയുടെ പാക്കറ്റിന് 85-90 രൂപയാണ് വില.എന്നാൽ ഈ കുരുമുളക് പാക്കറ്റിൽ 30 ശതമാനവും അരിപ്പൊടി ചേർത്തതായാണ് കണ്ടെത്തൽ. കറിപൗഡറുകളിൽ ചേർക്കുന്നതിനായി വൻതോതിൽ റേഷനരികൾ ശേഖരിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. ഓരോ മസാലപ്പൊടിയിലൂടെയും ജനങ്ങളെ ചൂഷണം ചെയ്ത് കോടികളാണ് നിറപറ കമ്പനി ലാഭമുണ്ടാക്കുന്നത്. എന്നാൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വീണ്ടും ഇവർ വിപണി കീഴടക്കുകയാണ്. പരസ്യത്തിനായി മുൻനിര സിനിമാ താരങ്ങളും മുഖ്യധാരാ മാദ്ധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങളും ജനങ്ങളുടെ തെറ്റിദ്ധാരണക്ക് ഇടയാക്കുന്നു. നിറപറക്കു പുറമെ പ്രോമിസ് ഉൾപ്പടെ വേറെയും കറിപൗഡർ കമ്പനികൾക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്. എന്നാൽ അത് വിരലിലെണ്ണാവുന്ന പരാതികളാണെങ്കിൽ നിരവധി ശൃംഘലകളുള്ള നിറപറക്കെതിരെയാണ് പരാത് വ്യാപകമായുള്ളത്.

നിലവിൽ എല്ലാ ജില്ലകളിലും നിറപറക്കെതിരെ കേസുകളുണ്ട്. നേരത്തെ കർഷന നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് മുന്നോട്ട് പോയത് ഏറെ എതിർപ്പുകൾക്കും സമ്മർദങ്ങൾക്കും വഴിവച്ചിരുന്നു. എന്നാൽ നിയമനടപടിയുമായി തുടർന്ന് പോകാനാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ തീരുമാനം. നിറപറക്കെതിരെ വർഷങ്ങൾക്കു മുമ്പേ പരാതികൾ ലഭിച്ചിരുന്നു. എന്നാൽ കമ്പനി അധികൃതരുടെ സ്വാധീനവും സമ്മർദവും നടപടി കടലാസിൽ ഒതുങ്ങുകയായിരുന്നു. എന്നാൽ നിരന്തരമായ പരാതിയെ തുടർന്ന് ഭക്ഷസുരക്ഷാ വിഭാഗം കഴിഞ്ഞ മൂന്ന് വർഷമായി നിറപറ കമ്പനിയെ നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് വാണിംങ് നോട്ടീസ് നൽകിയെങ്കിലും ഇതിന് യാതൊരു വിലയിൽ കമ്പനി കൽപിച്ചിരുന്നില്ല. പിന്നീട് നിരോധനം നടപ്പാക്കുകയായിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ നിന്നും സ്റ്റേവാങ്ങിച്ച് വിപണനം തുടർന്നെങ്കിലും ഇതിനെതിരെ ഭക്ഷ്യസുരക്ഷാ വിഭാഗം ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു.

തുടർന്ന് ഹൈക്കോടതി വീണ്ടും സാമ്പിൾ പിശോധ നടത്താൻ ഉത്തരവിട്ടു. പിന്നീട് നടത്തിയ സാമ്പിളുകളിലും മായം കണ്ടെത്തിയിട്ടുണ്ട് . ഈ പരിശോധനാ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കാനിരിക്കുകയാണിപ്പോൾ. ഇതിന്റെ നടപടിക്രമങ്ങൾ നടന്നു വരുന്നതിനിടെയാണ് മലപ്പുറം തിരൂരിൽ ഉപഭോക്താവിന്റെ പരാതി നിറപറക്കെതിരെ ലഭിച്ചത്. നിറപറ ചിക്കൻ ചില്ലി മസാലയിൽ ജീവനുള്ള പുഴുക്കളെയും പ്രാണികളെയും കണ്ടെത്തിയതിനെ തുടർന്നായിരുന്നു പരാതി. മറുനാടൻ മലയാളി വാർത്തയെ തുടർന്ന് വിഷയം ശ്രദ്ധയിൽപ്പെട്ട ഭക്ഷ്യ സുരക്ഷാ വിഭാഗം നേരിട്ടെത്തി ഉപഭോക്താവിൽ നിന്നും തെളിവുകൾ സ്വീകരിച്ചു.

പിടിച്ചെടുത്ത ചിക്കൻ മസാല പരിശോധനക്കായി കോഴിക്കോട് മാലാപറമ്പിലെ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം പുഴുക്കളെ കണ്ടെത്തിയ പാക്കറ്റിന്റെ അതേ ബാച്ച് നമ്പറിലുള്ള മറ്റു പാക്കറ്റുകൾ പിടിച്ചെടുക്കാൻ മെസേജ് അലർട്ട് കൈമാറിയിട്ടുണ്ടെങ്കിലും ഇത് കമ്പനി ഇടപെട്ട് വിപണിയിൽ നിന്നും പൂഴ്‌ത്തിവച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP