Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്താണു ജെഎൻയു പ്രശ്‌നം? അഡ്വ. ടി.കെ. സുജിത്ത് തയ്യാറാക്കിയ ലേഖനം

എന്താണു ജെഎൻയു പ്രശ്‌നം? അഡ്വ. ടി.കെ. സുജിത്ത് തയ്യാറാക്കിയ ലേഖനം

ർഗ്ഗീയതയും വംശീയതയുംപോലെതന്നെ അപകടകരമാണ് തീവ്രദേശീയതയും. ഫാസിസ്റ്റ് ശക്തികളുടെ കയ്യിലെ മാരകമായ ആയുധവും ലോകചരിത്രത്തിൽ ലക്ഷക്കണക്കിന് മനുഷ്യരെ കുരുതികൊടുത്ത സങ്കല്പവുമാണ് ദേശീയത. സംഘപരിവാർ സ്ഥാപകർ മുതലിങ്ങോട്ട് ഇന്ന് അധികാരത്തിലിരിക്കുന്നവർ അടക്കം തീവ്രദേശീയത വളർത്തുവാൻ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഭാരതീയരിൽ സങ്കുചിത ദേശഭ്രാന്ത് വളർത്തുകയാണ് അവരുടെ ലക്ഷ്യം. അതിന്റെ ഭാഗമായി ലോകപ്രസിദ്ധമായ ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ നടന്ന സംഭവങ്ങൾ വളച്ചൊടിക്കുകയും അവിടെ നടന്ന സംഘർഷത്തിൽ പ്രകോപനത്തിന്റെ ഭാഗമായി ഉയർന്ന മുദ്രാവാക്യങ്ങൾ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളാണെന്നാരോപിച്ച് ആ മുദ്രാവാക്യങ്ങൾ പ്രചരിപ്പിച്ച് തീവ്രദേശീയ വികാരം ഉയർത്തിവിടാനുമാണ് സംഘപരിവാർ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ ശ്രമങ്ങൾ ലക്ഷ്യം കണ്ടെന്നാണ്, സുപ്രീം കോടതിയുടെ മുന്നറയിപ്പുണ്ടായിട്ട് പോലും കനയ്യ കുമാറിനെ ഹാജരാക്കിയ ഡൽഹി പാട്യാല കോടതിയിൽ തുടർച്ചയായി രണ്ടാം തവണയും അഭിഭാഷകരായ സംഘപരിവാറുകാരും ഗുണ്ടകളും അക്രമം അഴിച്ചുവിട്ടതിൽ നിന്നും മനസ്സിലാക്കേണ്ടത്.

പാർലമെന്റ് ആക്രമണക്കേസിൽ അഫ്‌സൽ ഗുരു എന്നയാളെ തൂക്കിക്കൊന്നതിന്റെ വാർഷിക ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 9 ന് ചിലർ പരസ്യമായും രഹസ്യമായും പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. കേവലം സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം നേരിട്ട് യാതൊരു തെളിവും ഇല്ലാതിരുന്നിട്ട് കൂടി അഫ്‌സൽ ഗുരു വധശിക്ഷയ്ക് വിധേയനാക്കപ്പെട്ടത് കാഷ്മീരിലെ ഒരു വിഭാഗം ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധം ഉയർത്തിവിട്ട വിഷയമാണ്.

ഇപ്പോൾ ബിജെപി യുടെ സഖ്യകക്ഷിയായ കാശ്മീരിലെ പി.ഡി.പി പാർട്ടിയും അതിന്റെ നേതാവ് മെഹബൂബ മുഫ്തിയും അഫ്‌സൽ ഗുരുവിനെ തൂക്കിക്കൊന്നത് അനുചിതമായിരുന്നുവെന്ന് പരസ്യമായി നിലപാടെടുക്കുന്നവരാണ്. കാശ്മീരും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും നിരന്തരമായ സൈനികാതിക്രമങ്ങൾക്ക് വിധേയമാകുന്നതും അവിടങ്ങളിലെ ജനതയിൽ ഭൂരിപക്ഷവും അത്തരം അതിക്രമങ്ങളിലൂടെ ഇന്ത്യാവിരുദ്ധ വികാരത്തിന് അടിപ്പെട്ടവരാകുന്നുവെന്നതും പരസ്യമായ രഹസ്യമാണ്. ലോകത്തെ ഏറ്റവും അധികം പട്ടാള സാന്ദ്രതയുള്ള പ്രദേശമാണ് കാശ്മീർ. നാലിലൊരു പട്ടാളക്കാരൻ എന്ന നിലയിലാണ് അതിന്റെ കണക്ക്. കാശ്മീർ ഒരു തുറന്ന ജെയിൽ മാത്രമാണെന്ന് അഫ്‌സൽ ഗുരു തന്റെ അഭിമുഖത്തിൽ പറയുന്നുണ്ട്.

ജെ.എൻ.യു വിലെ വിരലിലെണ്ണാവുന്ന ആളുകൾ മാത്രം അംഗങ്ങളായ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂണിയൻ (ഡി.എസ്.യു) എന്ന സംഘടനയിലെ പൂർവ അംഗങ്ങൾ, 2016 ഫെബ്രൂവരി 9 ന് ജെ.എൻ.യു കേന്ദ്രീകരിച്ചും ഈ വിഷയത്തിൽ ഒരു സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിക്കാൻ തീരുമാനിച്ചു. അഫ്‌സൽ ഗുരുവിന്റെയും മഖ്ബൂൽ ബട്ടിന്റേയും വധശിക്ഷകൾ, നിയമസംവിധാനം ദുരുപയോഗം ചെയ്ത് ഭരണകൂടം നടപ്പിലാക്കിയ ആസൂത്രിത കൊലപാതങ്ങളായാണ് അവർ കണക്കിലാക്കുന്നത്. തീവ്ര ഇടതുപക്ഷ നിലപാട് പുലർത്തുന്ന ഒരു കൂട്ടം ബുദ്ധിജീവികളുടെ സംഘടനയാണിത്. ജെ.എൻ.യു കാമ്പസിൽ ഇവർ നടത്താനിരുന്ന പരിപാടിയുടെ പേര് 'ദി കൺട്രി വിത്തൗട്ട് എ പോസ്റ്റ് ഓഫീസ്' എന്ന കാശ്മീർ വിഷയത്തിലെ പ്രമുഖമായ കവിതയുടെ പേരായിരുന്നു. ഡൽഹിയിലും പരിസരത്തുമുള്ള കാശ്മീരി വിദ്യാർത്ഥികളെയും യുവാക്കളെയും അവർ ഈ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു.

എന്നാൽ പരിപാടിക്കു മുൻപായി ജെ.എൻ.യു. അധികൃതരെ എ.ബി.വി.പി യും സംഘപരിവാറും ചേർന്ന് ഭീഷണിപ്പെടുത്തുകയും തുടർന്ന് അധികൃതർ പരിപാടിക്ക് അനുമതി നിഷേധിക്കുകയും ചെയ്തു. ഗാന്ധിഘാതകനായ ഗോഡ്‌സേയെ അനുസ്മരിച്ചുകൊണ്ട് നവംബർ മാസത്തിൽ സംഘപരിവാർ നേതൃത്വത്തിൽ ഇതേ ജെ.എൻ.യു വിൽ പരിപാടി നടത്തിയിരുന്നു. തീവ്രഹിന്ദുവാദിയായ സുബ്രഹ്മണ്യൻ സ്വാമിയുടെ പരിപാടിയും ബാബാ രാംദേവിന്റെ പരിപാടിയും ഇവിടെ സംഘപരിവാർ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. അതിനൊക്കെ അനുവാദം നൽകിയ ജെ.എൻ.യു അധികൃതർ എന്തുകൊണ്ട് തങ്ങളുടെ പരിപാടിക്ക് മാത്രം അനുവാദം നൽകുന്നില്ല എന്നു ചോദിച്ച് ഡി.എസ്.യു പ്രവർത്തകർ ഈ നടപടിയിൽ പ്രതിഷേധിച്ചു. പരിപാടി നടത്തുന്നതിന് സഹായിക്കണമെന്നും സംഘപരിവാർ അതിക്രമത്തെ ചെറുക്കണമെന്നും അഭ്യർത്ഥിച്ച് ഡി.എസ്.യു പ്രവർ!ത്തകർ, യൂണിവേഴ്‌സിറ്റി യൂണിയൻ (ജെ.എൻ.എസ്.യു) നേതൃത്വത്തെയും ഇടതു വിദ്യാർത്ഥി സംഘടനാ നേതൃത്വത്തെയും സമീപിച്ചു. അവരും സംഘപരിവാർ നിലപാടിനെ അപലപിക്കുകയും എന്തുവിലകൊടുത്തും ജെ.എൻ.യുവിൽ നിലനിൽക്കുന്ന അഭിപ്രായ സ്വാതന്ത്രം സംരക്ഷിക്കുമെന്ന് പ്രഖ്യാപിക്കുകയും പരിപാടിയോട് യോജിപ്പില്ലെങ്കിലും നിരോധനത്തെ അനുകൂലിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം അഫ്‌സൽ ഗുരു വിഷയത്തിൽ അഭിപ്രായപ്രകടനങ്ങൾ മോദി അധികാരത്തിൽ വന്നതിന്റെ ഭാഗമായി പെട്ടെന്ന് ഉടലെടുത്തതല്ല എന്നതാണ്. പാർലമെന്റ് ആക്രമണം നടക്കുന്ന സമയത്ത് വാജ്‌പേയ് സർക്കാരാണ് ഭരിക്കുന്നതെങ്കിലും മന്മോഹൻ സിങ്ങിന്റെ സർക്കാരാണ് ദയാഹർജിയും തള്ളി അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റുന്നത്. അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയപ്പോൾ ഒട്ടനവധി മനുഷ്യാവകാശ പ്രവർത്തകരും, സംഘടനകളും അതിനെ അപലപിച്ചിട്ടുണ്ട്. ജമ്മു കാശ്മീരിൽ ബിജെപി യുടെ ഒപ്പം ചേർന്ന് സർക്കാർ രൂപീകരിച്ച് ഭരിക്കുന്ന പിഡിപി എന്ന രാഷ്ട്രീയ പാർട്ടി പോലും ആ വധത്തിനെ 'നീതിപീഠത്തിന്റെ അപഹാസ്യത' എന്നാണ് വിളിച്ചത്. അരുന്ധതി റോയിയും, ശശി തരൂറും, ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവും അതിനെ നിശിതമായി വിമർശിക്കുകയും ചെയ്തിട്ടുണ്ട്.

പത്ര പ്രവർത്തകനും, അന്താരാഷ്ട്ര സുരക്ഷ്രാപ്രതിരോധ വിഷയങ്ങളിൽ വിദഗ്ധനുമായ എഴുത്തുകാരൻ പ്രവീൺ സ്വാമി ദ ഹിന്ദു വിൽ ഇങ്ങനെ എഴുതി :
'സുപ്രീം കോടതി വിധി, അവസാന വാക്കുമല്ല, അങ്ങനെ കരുതാൻ കഴിയുകയുമില്ല. അഫ്‌സൽ ഗുരുവിന്റെ വിധിയിൽ നിലനിൽക്കുന്ന അവ്യക്തതകൾ വധശിക്ഷയെ കുറിച്ച് പുനർ വിചിന്തനം നടത്താൻ നിർബന്ധിതമാക്കുന്നു.' അഫ്‌സൽ ഗുരുവിന്റെയും യാക്കൂബ് മേമന്റേയും വധ ശിക്ഷകൾ, രാഷ്ടീയ പേരിതമാണെന്ന് മുൻ ഡൽഹി ഹൈ കോടതി ചീഫ് ജസ്റ്റിസായ, ജസ്റ്റിസ് ഏ പി ഷാ പറഞ്ഞിട്ടുണ്ട്. ഇവരെല്ലാം ദേശദ്രോഹികളോ തീവ്രവാദികളും ജിഹാദികളും ആണെന്ന് കണക്കാക്കാൻ കഴിയുമോ ?

ഈ പരിപാടി പ്രഖ്യാപിച്ചതിനെ തുടർന്ന് സംഘപരിവാർ വിദ്യാർത്ഥിസംഘടനകളും ഇതര വിദ്യാർത്ഥിസംഘടനകളും തമ്മിൽ ക്യാമ്പസിൽ തർക്കങ്ങളും ബഹളവുമുണ്ടായി. പരിപാടി തടയാൻ എബിവിപി ജെഎൻയു ബന്ത് സംഘടിപ്പിച്ചു. ഗുണ്ടകളെയും പൊലീസിനെയും ഉപയോഗിച്ച് പരിപാടിയെയും പ്രതിഷേധത്തെയും നേരിടാനാണ് എബിവിപി ശ്രമിച്ചത്.

യൂണിവേഴ്‌സിറ്റി അധികാരികൾ സെക്യൂരിറ്റി ജീവനക്കാരെ അയച്ച് പരിപാടി നടക്കേണ്ടിയിരുന്ന ബാഡ്മിന്റൺ കോർട്ടിലേക്കുള്ള പ്രവേശനം തടയുകയും, ഉച്ചഭാഷിണി ഉപയോഗിക്കുന്നത് വിലക്കുകയും ചെയ്തു. സംഘാടകർ ഇത് അംഗീഗകരിച്ചുകൊണ്ട് കാമ്പസിൽ തന്നെയുള്ള ഭക്ഷണശാലകൾക്ക് (ധാബ) സമീപം ഉച്ചഭാഷിണിയില്ലാതെ പരിപാടി തുടരാൻ തീരുമാനിച്ചു.

പക്ഷെ, എ.ബി.വി.പി പ്രവർത്തകർ സംഘം ചേർന്ന് പരിപാടിയിൽ പങ്കെടുക്കുന്നവരെ ഭീഷണിപ്പെടുത്താനും കൈയേറ്റം ചെയ്യാനും മുതിർന്നു. ഒപ്പം അവർ ഇത്തരം പരിപാടികൾക്കെതിരെ സ്ഥിരം മുഴക്കുന്ന, 'എ കശ്മീർ ഹമരാ ഹൈ, സാരാ കാ സാരാ ഹൈ' (കശ്മീർ പൂർണമായും നമ്മുടേതാണ്) തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്താനാരംഭിച്ചു.

ഈ സമയത്ത് കാശ്മീർവിഷയത്തിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ പുറത്തുനിന്നുള്ള കാശ്മീരിയുവാക്കളും വിദ്യാർത്ഥികളും ഈ പ്രശ്‌നത്തിൽ പങ്കുചേർന്നു. ഇരുവിഭാഗം വിദ്യാർത്ഥികളും ചേരിതിരിഞ്ഞ് വെല്ലുവിളിയും മുദ്രാവാക്യം വിളിയും ആരംഭിച്ചു. ഇതിന് പ്രതികരണമായി, പരിപാടിയിൽ പങ്കെടുക്കാനെത്തിയവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സംഘാടകർ 'ഹം ക്യാ ചാഹ്‌തേ? ആസാദി!' (നമ്മൾ സ്വാതന്ത്ര്യ കാംക്ഷികളാണ്) എന്ന് മുദ്രാവാക്യം മുഴക്കി. 'തും കിതനേ അഫ്‌സൽ മാരോഗേ, ഹർ ഘർ സെ അഫ്‌സൽ നികലേഗാ എന്നീ മുദ്രാവാക്യങ്ങളും ഉയർന്നു!' (നിങ്ങൾ എത്ര അഫ്‌സലുമാരെ കൊന്നൊടുക്കും അഫ്‌സൽ അവസാനിക്കുന്നില്ല, ഓരോ വീട്ടിലും പുതിയ അഫ്‌സലുകൾ ഉണ്ടാവും)

ഡൽഹിയിൽ പഠിക്കുകയും ജോലി നോക്കുകയും ചെയ്യുന്ന കാശ്മീരിൽ നിന്നുമുള്ള ഈ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും സാന്നിദ്ധ്യം ഈ വെല്ലുവിളികൾക്ക് എരിവ് കയറ്റി. അവരെല്ലാം നിരവധി വർഷങ്ങളായി കശ്മീരിൽ നിലനിൽക്കുന്ന സായുധസേനാ പ്രത്യേകാധികാര നിയമത്തിന്റെ (AFSPA The Armed Forces Special Powers Act) കാർക്കശ്യത്തിൽ മനം മടുത്തവരാണ്. കാശ്മീരിനെ കുറിച്ച് സ്വതന്ത്രമായി സംസാരിക്കാനും തങ്ങളുടെ വികാരം പങ്കുവെയ്കാനും കഴിയും എന്ന ധാരണയിൽ സ്വതന്ത്ര കാമ്പസായ ജെ.എൻ.യു വിലേക്കെത്തിയ ഈ കാശ്മീർ അനുഭാവികൾ യോഗം തടസ്സപ്പെട്ടതിൽ പ്രകോപിതരായി. അവർ 'ഭാരത് കി ബർബാദി തക് ജംഗ് രഹേഗി' (ഇന്ത്യ തകരുന്നത് വരെ സമരം ചെയ്യും) 'ഇന്ത്യാ ഗോ ബാക്ക്' എന്നിങ്ങനെയുള്ള ഭാരത വിരുദ്ധ മുദ്രാവാക്യങ്ങളും ബഹളത്തിനിടയിൽ മുഴക്കാൻ തുടങ്ങി.

ഈ മുദ്രാവാക്യങ്ങൾ വിളിച്ചത് ജെ.എൻ.യു വിലെ വിദ്യാർത്ഥികളല്ലെന്നും പരിപാടി പൊളിഞ്ഞതിൽ രോഷാകുലരായ പുറത്തുനിന്നെത്തിയ കാശ്മീരിയുവാക്കളും ഒപ്പം പരിപാടി പൊളിക്കുവാൻ കുറുക്കന്റെ ബുദ്ധിയോടെ പ്രവർത്തിച്ച എബിവിപി ക്കാരുമാണ് ഈ മുദ്രാവാക്യങ്ങൾ ഉയർത്തിയതെന്നും ജെ.എൻ.യുവിലെ വിദ്യാർത്ഥികൾ പറയുന്നു. എ.ബി.വി.പി പ്രവർത്തകർ ഇരുഭാഗത്തും മാറിമാറി നിന്ന് മുദ്രാവാക്യം മുഴക്കുന്ന രംഗങ്ങൾ വീഡിയോ ക്ലിപ്പിങ്ങുകളിൽ കാണുവാൻ കഴിയും. ഈ സംഘർഷ രംഗത്ത് കനയ്യ കുമാറുൾപ്പെടെയുള്ള ഇടത് വിദ്യാർത്ഥി സംഘടനാ നേതാക്കൾ എത്തിയിരുന്നുവെന്നതും ജനാധപത്യപരമായ അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനായി അദ്ദേഹമടക്കം ഭൂരിഭാഗം വിദ്യാർത്ഥികളും വാദിച്ചുവെന്നതും സത്യമാണ്. അതേസമയം ഈ നേതാക്കളോ ജെ.എൻ.യു വിദ്യാർത്ഥികളോ ആരും തന്നെ ഇത്തരം മുദ്രാവാക്യങ്ങൾ ഏറ്റുവിളിച്ചതായി യാതൊരു തെളിവുമില്ല. (കൂടുതലറിയാൻ ഇതു വായിക്കുക :http://www.indiaresists.com/whatacuallyhappendinjnu/)

എന്നാൽ ജെ.എൻ.യു വോ അവിടുത്തെ ഇടതുവിദ്യാർത്ഥിസംഘടനകളോ ഒരുവിധ ദേശവിരുദ്ധപ്രവർത്തനവും നടത്തിയിട്ടില്ലെന്നും എല്ലാത്തരം വിഘടനവാദത്തെയും തങ്ങൾ ശക്തിയായി എതിർക്കുകയാണെന്നും ഈ പ്രക്ഷേഭത്തിനിടയിൽ പ്രസംഗിച്ച യൂണിവേഴ്‌സിറ്റി യൂണിയൻ നേതാവ് കനൈയ്യ കുമാർ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. കാശ്മീലെ ജനങ്ങൾ എന്തുകൊണ്ട് അസ്വസ്ഥരായി തുടരുന്നു, എന്തുകൊണ്ട് അഫ്‌സൽഗുരുമാർ സൃഷ്ടിക്കപ്പെടുന്നു എന്നീ വിഷയങ്ങളിൽ ഗൗരവമേറിയ സംവാദത്തിന് സംഘികൾക്ക് ധൈര്യമുണ്ടോ എന്ന് അദ്ദേഹം വെല്ലുവിളിക്കുന്നുമുണ്ട്. എബിവിപി ഉയർത്തിയ കടുത്ത പ്രകോപനത്തിന്റെ ഫലമായി ഉണ്ടായ ഈ മുദ്രാവാക്യം വിളികളുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് ഇടതുപക്ഷവിദ്യാർത്ഥി സംഘടനകളെല്ലാം പ്രസ്താവനയിറക്കിയിട്ടുമുണ്ട്. മാത്രമല്ല, വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ഇന്ത്യാവിരുദ്ധമുദ്രാവാക്യം ഇന്ത്യയിലെ തന്നെ മികച്ചവരെന്ന് കരുതപ്പെടുന്ന ജെ.എൻ.യുവിലെ വിദ്യാർത്ഥികളും അവിടുത്തെ ഇടതുവിദ്യാർത്ഥി നേതൃത്വവും മുഴക്കും എന്നു വിശ്വസിക്കാനും പ്രചരിപ്പിക്കാനും സംഘ പരിവാർ ശക്തികൾക്കുമാത്രമേ കഴിയൂ, സാമാന്യ ബോധമുള്ളവർക്ക് കഴിയില്ല എന്ന് വാദിക്കുന്നവരുമുണ്ട്. ജെ.എൻ.യു വിനോ അവിടുത്തെ ഇടത് വിദ്യാർത്ഥി സംഘനകൾക്കോ യാതൊരു ബന്ധവുമില്ലാത്ത ഒരു മുദ്രാവാക്യം വിളിയെ വളച്ചൊടിച്ച് പ്രചരിപ്പിച്ച് രാജ്യത്ത് കലാപം സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് സംഘപരിവാർ ശക്തികൾ നടത്തിവരുന്നതെന്ന് ഇപ്പോൾ രാജ്യ തലസ്ഥാനത്ത് നടക്കുന്ന സംഭവങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ടെന്ന് ഇക്കൂട്ടർ പറയുന്നു.

ജെ.എൻ.യു സംഭവങ്ങളെ കുറിച്ചുള്ള ഈ കുറിപ്പിനാധാരം അവിടുത്തെ വിദ്യാർത്ഥിയായ ഹർഷിത് അഗർവാളിന്റെ മേൽ സൂചിപ്പിച്ച ലേഖനമാണ്. അത് സംഗ്രഹിച്ചുകൊണ്ട് അദ്ദേഹം കുറിച്ച വാക്കുകൾ ഇവിടെയും പ്രതിപാദിക്കട്ടെ 'എന്തിനാണ് നമ്മൾ നമ്മുടെ ദേശീയതാബോധത്തിൽ ഇത്രയും കലുഷിതരാവേണ്ടത് ? എന്തിനാണ് നമ്മളതിനെ ഒരു മതം പോലെ കണക്കിലെടുക്കുന്നത് ? ആരെങ്കിലും എന്തെങ്കിലും മുദ്രാവാക്യങ്ങൾ ഉയർത്തിയാൽ അതിനെ നീചാപവാദം പോലെ കണക്കാക്കി പ്രതികരണങ്ങളുണ്ടാവുന്നു. ഒരു സർവകലാശാല ചർച്ചകളുടേയും വാഗ്വാദങ്ങളുടേയും, ഭിന്നാഭിപ്രായങ്ങളുടേയും കൂടി ഇടമാണ്. മുദ്രാവാക്യങ്ങളെ മുദ്രാവാക്യങ്ങൾ കൊണ്ടാണ് നേരിടേണ്ടത്, അല്ലാതെ രാജ്യദ്രോഹകുറ്റം ചുമത്തിയല്ല.'

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP