Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പത്താം ക്ലാസ് യോഗ്യത പോലുമില്ലാത്ത വ്യാജ ഡോക്ടർമാർ പെരുകുന്നു; ഡെന്റൽ കൗൺസിലിനും പൊലീസിനും പരാതി നൽകിയിട്ടും നടപടിയില്ല: ആശങ്കയോടെ ജനങ്ങൾ

പത്താം ക്ലാസ് യോഗ്യത പോലുമില്ലാത്ത വ്യാജ ഡോക്ടർമാർ പെരുകുന്നു; ഡെന്റൽ കൗൺസിലിനും പൊലീസിനും പരാതി നൽകിയിട്ടും നടപടിയില്ല: ആശങ്കയോടെ ജനങ്ങൾ

എം പി റാഫി

മലപ്പുറം: വ്യാജ ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡെന്റൽ അസോസിയേഷൻ നൽകിയ പരാതിയിൽ നടപടിയെടുക്കാതെ പൊലീസ്. പരാതികൾ പല തവണ നൽകിയെങ്കിലും പത്താം ക്ലാസ് പോലും യോഗ്യതയില്ലാത്ത വ്യാജന്മാർ വൈദ്യ രംഗത്ത് യഥേഷ്ടം വിലസുകയാണ്.

ദന്തരോഗ മേഖലയിലാണ് ഇത്തരത്തിലുള്ള വ്യാജന്മാർ ധാരളമുള്ളത്. പൊലീസ് നടപടി എടുക്കാത്ത സാഹചര്യത്തിൽ കോടതിയെ സമീപിക്കാനാണ് ഡെന്റൽ അസോസിയേഷന്റെ തീരുമാനം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചട്ടം ലംഘിച്ചു ഇത്തരത്തിലുള്ള ക്ലിനിക്കുകളും പ്രാക്ടീസുകളും നടത്തുന്ന വ്യാജന്മാർ ധാരാളമുണ്ട്. മലപ്പുറം ജില്ലയിൽ മാത്രം ഇരുപതോളം ക്ലിനിക്കുകൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നതായാണ് കണ്ടെത്തൽ. വ്യാജ മുക്ത പ്രാക്ടീസ് എന്ന ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ കാമ്പയിനിങ്ങിന്റെ ഭാഗമായാണ് വ്യാജന്മാർക്കെതിരെ നിയമ നടപടിയുമായി ദന്തരോഗ ഡോക്ടർമാരുടെ സംഘടന രംഗത്ത് വന്നിട്ടുള്ളത്.

കയ്യും കണക്കുമില്ലാതെയുള്ള മരുന്നും ചികിത്സയിലെ പിഴവും വ്യാജ ഡോക്ടർമാരിൽ നിന്നും രോഗികൾ നേരിടേണ്ടി വരുന്നത് പതിവായിരിക്കുകയാണ്. ബി.ഡി.എസ്, എം.ഡി.എസ് ബിരുദം ഉള്ളവർക്കു മാത്രമാണ് ചികിത്സിക്കാനായി ഡെന്റൽ കൗൺസിലിന്റെയും സർക്കാറിന്റെയും അംഗീകാരം ലഭിക്കുകയുള്ളൂ. ഇവർക്കുമാത്രമെ ക്ലിനിക്ക് തുടങ്ങുന്നതിനും ചികിത്സ നടത്തുന്നതിനും അംഗീകാരമുള്ളൂവെന്ന് നിയമം നിഷ്‌കർഷിക്കുന്നു. എന്നാൽ പത്താം ക്ലാസ് പോലുമില്ലാത്തവരാണ് വ്യാജന്മാരിലുള്ളത്. 1948 ലെ ഡെന്റിസ്റ്റ് ആക്റ്റിനും ഇത്തരം ക്ലിനിക്കുകളുടെ പ്രവർത്തനം എതിരാണ്. എന്നാൽ ഈ നിയമങ്ങളെല്ലാം കാറ്റിൽ പറത്തി മികച്ച ഓഫറുകൾ വാഗ്ദാനം ചെയ്ത് രോഗികളെ ആകർഷിച്ച് പണം കൊയ്യാനുള്ള മത്സരമാണ് വ്യാജഡോക്ടർമാർ നടത്തി വരുന്നത്. ആജീവനാന്ത വാറണ്ടി വരെ ചികിത്സക്ക് നൽകിയാണ് രോഗികളെ വഞ്ചിക്കുന്നത്.

സാധാരണക്കാരെ വഞ്ചിക്കുന്ന ഇത്തരം സമാന്തര പ്രാക്ടീസുകളും ക്ലിനിക്കുകളും തടയുന്നതിനായി ജുഡീഷ്യൽ അധികാരമുള്ള കേരള ഡെന്റൽ കൗൺസിൽ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ദിവസവും വ്യാജ പ്രാക്ടീസിനെതിരെ കൗൺസിലിന് റിപ്പോർട്ട് ലഭിക്കുന്നുണ്ടെങ്കിലും പ്രത്യേക നടപടിയൊന്നും എടുക്കാറില്ല. സർക്കാറിനു കീഴിലെ ജുഡീഷ്യൽ അധികാരമുള്ള ബേഡിയാണെന്നിരിക്കെ കൗൺസിലിനെ നോക്കുകുത്തിയാക്കുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. എന്നാൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരെ സംരക്ഷിക്കുകയും പരാതികൾ തീർപ്പു കൽപ്പിക്കുകയുമാണ് കൗൺസിലിന്റെ ചുമതല. എന്നാൽ കഴിഞ്ഞ കാലങ്ങളിലെ പരാതികളെല്ലാം കെട്ടിക്കിടക്കുകയാണിവിടെ. ഇതോടെ വ്യാജ ഡോക്ടർമാർ ഈ മേഖലയിൽ പെരുകുകയും ഇത് ഡെന്റൽ മേഖലയെ തകർക്കുന്ന അവസ്ഥയിലേക്കും എത്തിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഡെന്റൽ അസോസിയേഷന്റെ നേതൃത്വത്തിൽ ലീഗൽ സെൽ പ്രവർത്തിച്ചു വരികയാണ്.

തുടർന്ന് ലീഗൽ സെൽ ഹൈക്കോടതിയിൽ നൽകിയ ഹരജിന്മേൽ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും ഡെന്റൽ കൗൺസിലിന്റെ അനാസ്ഥ പരാമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെയും വ്യയാജ ക്ലിനിക്കുകൾ കണ്ടെത്താനോ നടപടിയെടുക്കാനോ ബന്ധപ്പെട്ട അഥോറിറ്റികൾ തയ്യാറായിട്ടില്ല. യഥാർത്ഥ ക്ലിനിക്കും വ്യാജനും തിരിച്ചറിയാത്ത വിധം ജനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. ഗുണനിലവാരമില്ലാത്ത ചികിത്സയും തൊഴിലില്ലായ്മയടക്കം വർദിച്ചു വരുന്നത് സ്വകാര്യ ഡെന്റൽ കോളോജുകളുടെ വർദനവിന്റെ പരിണിത ഫലങ്ങളാണ്. കേരളത്തിൽ വർഷത്തിൽ 5000 പേർ ഡെന്റൽ കോളേജുകലിൽ നിന്നും പുറത്തിറങ്ങുന്നതായാണ് കണക്ക്. കൂടാതെ അയൽ സംസ്ഥാനങ്ങളിൽ നിന്നും ഇതിന്റെ മൂന്നിരട്ടി വിദ്യാർത്ഥികളും കോഴ്‌സ് പൂർത്തീകരിച്ചു പുറത്തു വരുന്നു. ഈ മേഖലയിലെ വ്യാജന്മാരെ ഇല്ലാതാക്കുകയാണ് പരിഹാരം.

മഞ്ചേരി, എളങ്കൂർ, വളാഞ്ചേരി, തിരൂർ, കുറ്റിപ്പുറം എന്നിവിടങ്ങളിൽ നടക്കുന്ന വ്യാജക്ലിനിക്കുകൾക്കെതിരെ പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെയും നടപടിയെടുത്തിട്ടില്ല. കഴിഞ്ഞ ഡിസംബർ 22ന് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കായിരുന്നു ഒടുവിൽ പരാതി സമർപ്പിച്ചത്. വ്യാജമായി പ്രവർത്തിക്കുന്ന ക്ലിനിക്കുകളുടെ പേരും അഡ്രസും പരാതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ പൊലീസ് നടപടി വൈകിപ്പിക്കുകയാണ്. ഈ പരാതിയിൽ നടപടിയെടുത്തില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ഭാരവാഹികൾ മറുനാടൻ മലയാളിയോടു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP