Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിയമപോരാട്ടം കനത്തപ്പോൾ കോഹിനൂർ രത്‌നം കൈമോശം ആകുമോയെന്ന് ബ്രിട്ടന് ഭയം; അപൂർവ രത്‌നത്തിന്റെ അവകാശം ഉന്നയിച്ച് പാക്കിസ്ഥാൻ രംഗത്ത് വന്നത് ബ്രിട്ടന്റെ കുടില തന്ത്രം മൂലം

നിയമപോരാട്ടം കനത്തപ്പോൾ കോഹിനൂർ രത്‌നം  കൈമോശം ആകുമോയെന്ന് ബ്രിട്ടന് ഭയം; അപൂർവ രത്‌നത്തിന്റെ അവകാശം ഉന്നയിച്ച് പാക്കിസ്ഥാൻ രംഗത്ത് വന്നത് ബ്രിട്ടന്റെ കുടില തന്ത്രം മൂലം

ഴിഞ്ഞ 700 വർഷങ്ങൾക്കിടെ കോഹിനൂർ രത്‌നം വാർത്തകളിലും കിംവദന്തികളിലും നിറഞ്ഞതിന് കൈയും കണക്കുമില്ല. ഇത്രയും നീണ്ട കാലത്തെ ചരിത്രത്തിനിടയിൽ നിരവധി രാജാക്കന്മാരുടെയും രാജ്യങ്ങളുടെയും കൈവശം ഇത് മാറിമറിഞ്ഞെത്തിയിട്ടുണ്ട്. ഈ രത്‌നത്തിന് വേണ്ടി ചരിത്രത്തിൽ നിരവധി പോരാട്ടങ്ങളുണ്ടാവുകുയും ധാരാളം പേർക്ക് ജീവൻ വരെ നഷ്ടപ്പെടുകയുമുണ്ടായിട്ടുണ്ട്. അവസാനം 1851ൽ ബ്രിട്ടീഷ് രാജ്ഞിക്ക് കാഴ്ച വയ്ക്കപ്പെട്ടത് മുതൽ ഈ അമൂല്യ രത്‌നം ബ്രിട്ടന്റെ കസ്റ്റഡിലിയാണുള്ളത്.തുടർന്ന് പിൽക്കാലത്ത് ഇത് ബ്രിട്ടീഷ് കിരീടത്തിന്റെ അനിവാര്യ ഘടകമായി ശോഭിക്കാൻ തുടങ്ങുകയും ചെയ്തിട്ടുണ്ട്.

കോഹിനൂർ ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്നും കടത്തിക്കൊണ്ടു പോയ കാലം മുതൽക്കു തന്നെ ഇന്ത്യ ഇത് തിരിച്ച് കൊണ്ടു വരാൻ വിവിധ കാലഘട്ടങ്ങളിലായി നിരന്തരം ശ്രമങ്ങൾ നടത്തി വരുന്നുണ്ട്. എന്നാൽ അവയൊന്നും ഇതു വരെ വിജയിച്ചിട്ടില്ല. ഇക്കാലത്തിനിടെ ഇന്ത്യയ്ക്ക് പുറമെ മറ്റ് പലരും കോഹിനൂരിന് വേണ്ടി അവകാശവാദമുന്നയിച്ച് രംഗത്തെത്തിയിരുന്നു.പാക്കിസ്ഥാൻ, ഇറാൻ, എന്തിനേറെ അഫ്ഗാനിസ്ഥാനിലെ താലിബാൻ വരെ രത്‌നത്തിന് വേണ്ടി അവകാശവാദമുന്നയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ കോഹിനൂരിന് വേണ്ടിയുള്ള അവകാശവാദം പാക്കിസ്ഥാൻ ശക്തമാക്കിയിരിക്കുകയാണ്. ഇതിന് വേണ്ടി രാജ്യം പുതിയൊരു നീക്കവുമാരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ബ്രിട്ടനിൽ പരിശീലനം നേടിയ പാക്കിസ്ഥാനിലെ ഒരു അഭിഭാഷകൻ കോഹിനൂർ തിരിച്ച് കൊണ്ടു വരുന്നതിന് വേണ്ടി സമർപ്പിച്ച ഹരജി പാക്കിസ്ഥാനിരെ ഒരു ന്യായാധിപൻ സ്വീകരിച്ചതിനെ തുടർന്ന് ഈ രത്‌നം കൈമോശം വരുമോയെന്ന ഭയം ബ്രിട്ടന് ശക്തമായിട്ടുണ്ട്. അപൂർവ രത്‌നത്തിന്റെ അവകാശം ഉന്നയിച്ച് പാക്കിസ്ഥാൻ രംഗത്തെത്തിയത് ബ്രിട്ടന്റെ കുടില തന്ത്രം മൂലമാണെന്നും സൂചനകളുണ്ട്.

105 കാരറ്റുള്ള രത്‌നം ലോകത്തിലെ ഏറ്റവും വലിയ രത്‌നമായാണ് അറിയപ്പെടുന്നത്. 1849ൽ പഞ്ചാബിനെ ഈസ്റ്റ് ഇന്ത്യാ കമ്പനി തങ്ങളുടെ ഭാഗമായി കൂട്ടിച്ചേർത്തതിനെ തുടർന്നായിരുന്നു രത്‌നം അവർ കൈവശപ്പെടുത്തിയത്. അന്ന് മുതൽ ഇന്ത്യ ഇതിന് വേണ്ടി അവകാശവാദമുന്നയിച്ച് രംഗത്തുണ്ട്.എന്നാൽ കോഹിനൂർ രത്‌നം പാക്കിസ്ഥാന്റേതാണെന്നും അത് തിരിച്ച് കൊണ്ടുവരണമെന്നുമാവശ്യപ്പെടുന്ന ഹരജിയാണ് കഴിഞ്ഞ വർഷം ജാവേജ് ഇക്‌ബാൽ ജഫ്രി എന്ന പാക്കിസ്ഥാൻ അഭിഭാഷകൻ സമർപ്പിച്ചതോടെ രത്‌നവുമായി ബന്ധപ്പെട്ട വിവാദം പുതിയ വഴിത്തിരിവിലെത്തുകയായിരുന്നു. കോഹിനൂർ ബ്രിട്ടീഷുകാർ കൈവശപ്പെടുത്തിയത് 1947ൽ പാക്കിസ്ഥാന്റെ ഭാഗമായ പഞ്ചാബ് പ്രവിശ്യയിൽ നിന്നാണെന്നും അതിനാൽ രത്‌നത്തിന്റെ അവകാശം പാക്കിസ്ഥാനാണെന്നും ഇക്കാരണത്താൽ ഇത് ബ്രിട്ടൻ രാജ്യത്തിന് തിരിച്ച് നൽകണമെന്നുമാണ് ഈ അഭിഭാഷകൻ വാദിക്കുന്നത്.ഇതു സംബന്ധിച്ച ഹരജി ലാഹോർ ഹൈക്കോടതിയിലെ ജഡ്ജ് ആദ്യം നിരസിച്ചുവെങ്കിലും ഇപ്പോൾ സ്വീകരിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച തുടർ വിചാരണകൾ നടത്താൻ അനുമതി നൽകിയിട്ടുമുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്നാണ് കോഹിനൂർ തങ്ങൾക്ക് നഷ്ടപ്പെടുമോയെന്ന ഭയം ബ്രിട്ടനെ വേട്ടയാടാൻ തുടങ്ങിയിരിക്കുന്നത്.

കോഹിനൂർ ബ്രിട്ടൻ പാക്കിസ്ഥാനിൽ നിന്നും തികച്ചും നിയമവിരുദ്ധമായി കവർന്നെടുത്തതാണെന്നും ഇതിനെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നുമാണ് ജഫ്രി തന്റെ ഹരജിയിലൂടെ വാദിക്കുന്നത്.ഈ ഹരജി ഫയൽ ചെയ്യുന്നതിന് മുമ്പ് ജഫ്രി ഈ ആവശ്യം ഉന്നയിച്ച് ബ്രിട്ടീഷ് രാജ്ഞിക്കും പാക്കിസ്ഥാനും 786 കത്തുകൾ അയച്ചിരുന്നു. രാജ്ഞിയുടെയും ഇസ്ലാമാബാദിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനുമെതിരായാണ് ജഫ്രി ഹരജി കോടതിയിൽ സമർപ്പിച്ചരിക്കുന്നത്. മഹാരാജാ രഞ്ജിത് സിംഗിന്റെ കൊച്ചുമകനും അവസാന സിഖ് ഭരണാധികാരിയുമായിരുന്ന ദലീപ്‌സിംഗിൽ നിിന്ന് ബ്രിട്ടൻ ബലം പ്രയോഗിച്ച് രത്‌നം പിടിച്ചെടുക്കുകയായിരുന്നുവെന്നാണ് ജഫ്രി ആരോപിക്കുന്നത്. തുടർന്ന് ഈ രത്‌നം വിക്ടോറിയ രാജ്ഞിക്ക് സമർപ്പിച്ചുവെങ്കിലും അവരത് ഒരിക്കലും കിരീടത്തിൽ ധരിച്ചിട്ടില്ലെന്നും അഭിഭാഷകൻ പറയുന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 50ാം വാർഷികം പ്രമാണിച്ച് ബ്രിട്ടീഷ് രാജ്ഞി ഇന്ത്യ സന്ദർശിച്ചപ്പോൾ നിരവധി ഇന്ത്യക്കാർ ഈ രത്‌നം തിരിച്ച് തരണമെന്ന് അവരോട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വർഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടനിൽ എത്തുന്നതിന്റെ പശ്ചാത്തലത്തിൽ കൊഹിനൂർ രത്‌നം തിരിച്ചു വാങ്ങാൻ നിയമ പോരാട്ടം നടത്താൻ ബ്രിട്ടനിലെ ഇന്ത്യൻ സ്‌നേഹികളായ ഒരു പറ്റം ബിസിനസുകാരും ബോളിവുഡ് താരങ്ങളും രംഗത്തിറങ്ങിയത് ശ്രദ്ധേയമായിരുന്നു. 100 മില്യൺ പൗണ്ട് വില വരുന്ന രത്‌നം ഇന്ത്യയിൽ നിന്നും ബ്രിട്ടൻ കവർന്നെടുത്തതാണെന്നാണ് അവർ കുറ്റപ്പെടുത്തുന്നത്. ലണ്ടൻ ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച നിയമനടപടികൾ ആരംഭിക്കാൻ ഇവർ അഭിഭാഷകർക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.മൗണ്ടെയിൻ ഓഫ് ലൈറ്റ് ഗ്രൂപ്പാണ് കോഹിനൂർ രത്‌നം മടക്കിക്കൊണ്ടു പോകാനുള്ള നിയമനടപടി അന്ന് ആരംഭിച്ചിരുന്നത്. കോഹിനൂർ എന്നാണ് മൗണ്ടെയിൻ ഓഫ് ലൈറ്റ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഹോളോകസ്റ്റ് (റിട്ടേൺ ഓഫ് കൾച്ചറൽ ഒബ്ജക്ട്‌സ്) തങ്ങളുടെ കേസിന് പിൻബലമായി വർത്തിക്കുമെന്നാണ് ഈ ഗ്രൂപ്പ് കഴിഞ്ഞ വർഷം അവകാശവാദമുന്നയിച്ചിരുന്നത്. മോഷ്ടിക്കപ്പെട്ട കലാവസ്തുക്കൾ തിരിച്ച് ആവശ്യപ്പെടാൻ യുകെയിലെ നാഷണൽ ഇൻസ്റ്റിറ്റിയൂഷനുകൾക്ക് അധികാരമേകുന്ന നിയമമാണിത്.

കോമൺ ലോ ഡോക്ട്രിൻ ഓഫ് ട്രെസ്പാസ് ടു ഗുഡ്‌സിന് കീഴിൽ തങ്ങൾ ഇത് തിരിച്ച് നൽകാൻ ആവശ്യപ്പെടുമെന്ന് ബെർമിങ്ഹാം ആസ്ഥാനമാക്കിയുള്ള നിയമ സ്ഥാപനമായ റുബ്രിക് ലൂയീസ് കിംഗിലെ സതീഷ് ജഖു ഇതോടനുബന്ധിച്ച് അന്ന് വ്യക്തമാക്കിയിരുന്നത്. ബ്രിട്ടീഷ് ഗവൺമെന്റ് ഈ രത്‌നം മോഷ്ടിച്ചതാണെന്നും ഈ കേസിൽ നീതി ലഭിക്കാനായി ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസിനെ സമീപിക്കുമെന്നും അദ്ദേഹം തറപ്പിച്ച് പറയുകയും ചെയ്തിരുന്നു.എന്നാൽ 2013ലെ തന്റെ ഇന്ത്യാ സന്ദർശനവേളയിൽ കോഹിനൂർ തിരിച്ച് നൽകാനുള്ള സാധ്യതയെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ തള്ളിക്കളഞ്ഞിരുന്നു. അങ്ങനെയാണെങ്കിൽ ബ്രിട്ടീഷ് മ്യൂസിയത്തിലുള്ള എൽഗിൻ മാർബിളുകൾ എന്നറിയപ്പെടുന്ന ക്ലാസിക്കൽ ഗ്രീക്ക് മാർബിളുകൾ ഗ്രീസിന് തിരിച്ച് നൽകേണ്ടി വരുമെന്നും അവർ അത് ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ടെന്നും അന്ന് കാമറോൺ പറഞ്ഞിരുന്നു.

സാമ്രാജ്വത്വ ഭരണകാലത്ത് ബ്രിട്ടൻ ഇന്ത്യയിൽ നിന്നും കവർന്നെടുത്ത കോഹിനൂർ രത്‌നവും സുൽത്താൻ ഗഞ്ച് ബുദ്ധയും ഉൾപ്പെടെയുള്ള ഇന്ത്യൻ പൈതൃക സമ്പാദ്യങ്ങൾ മടക്കി നൽകണമെന്നാവശ്യപ്പെട്ട് 2010ൽ ആർക്കിയോളജിക്കൽ സർവ്വെ ഒഫ് ഇന്ത്യ(എഎസ്‌ഐ) ഡയറക്ടർ ജനറൽ ഗൗതം സെൻ ഗുപ്ത മുന്നിട്ടിറങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം അന്ന് ഒരു അപ്പീൽ സമർപ്പിക്കുകയും ചെയ്തിരുന്നു.നാഷണൽ മ്യൂസിയത്തിൽ നിന്ന് അമൂല്യ സാധനങ്ങൾ മാറ്റുന്നതിന് 1963ലെ ബ്രിട്ടീഷ് മ്യൂസിയം ആക്ട് തടസം നിൽക്കുന്നുവെന്നും പ്രസ്തുത നിയമത്തിൽ ഭേദഗതി വരുത്താൻ ബ്രിട്ടൻ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു അന്ന് അവിടുത്തെ വിദേശകാര്യ മന്ത്രാലയം ഈ അപ്പീലിനോടുള്ള പ്രതികരണമായി വെളിപ്പെടുത്തിയിരുന്നത്.

കോഹിനൂർ രത്‌നത്തെക്കുറിച്ചുള്ള പ്രഥമ പരാമർശം ഉണ്ടാകുന്നത് 1304ലാണ്. ഈ അതുല്യ രത്‌നം അണിയുന്നവർക്ക് അപാരമായ ശക്തിയുണ്ടാകുമെന്നാണ് വിശ്വാസം. പക്ഷേ പുരുഷന്മാർ ഇത് ധരിച്ചാൽ നിർഭാഗ്യകരമായ അന്ത്യമുണ്ടാകുമെന്ന ഒരു വിശ്വാസവും നിലവിലുണ്ട്. തന്റെ കിരീടത്തിന്റെ മധ്യഭാഗത്തായാണ് എലിസബത്ത് രാജ്ഞി ഈ രത്‌നത്തിന് സ്ഥാനം നൽകിയിരിക്കുന്നത്. 1937ലായിരുന്നു രാജ്ഞിയുടെ കിരീടധാരണം.

ചരിത്രം വെളിപ്പെടുത്തുന്ന തെളിവുകൾ സത്യമാണെങ്കിൽ ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ പരിതാല ഗ്രാമത്തിനടുത്തുള്ള കൊല്ലൂർ ഖനിയിൽ നിന്നാണ് ഈ വജ്രക്കല്ല് ഖനനം ചെയ്‌തെടുത്തത്.തുടർന്ന് ഇത് സ്വാഭാവികമായും അവിടുത്തെ ഭരണാധികാരികളായിരുന്ന കാകാത്യ രാജാക്കന്മാർ കൈക്കലാക്കുകയും ചെയ്തു. 1323ൽ ഡൽഹിയിലെ തുഗ്ലക് വംശത്തിലെ സുൽത്താനായിരുന്ന ഗിയാസ് ഉദ് ദീൻ തുഗ്ലകിന്റെ സേനാനായകനായ ഉലൂഗ് ഖാൻ, കാകാത്യ രാജാക്കന്മാരെ ആക്രമിച്ച് കീഴടക്കുകയും അവരുടെ തലസ്ഥാനമായ ഓറുഗല്ലു അഥവാ ഇന്നത്തെ വാറങ്കൽ കൊള്ളയടിക്കുകയും ചെയ്തു. ഇക്കൂട്ടത്തിൽ അവർ കോഹിനൂർ രത്‌നവും കവർന്നെടുത്തിരുന്നു.തുടർന്ന് അവർ ഡൽഹിയിലെത്തിക്കുകയായിരുന്നു.തുടർന്ന് ഡൽഹിയിൽ പിൽക്കാലത്ത് അധികാരത്തിൽ വന്ന സുൽത്താന്മാർ ഈ രത്‌നം മാറിമാറി കൈവശം വയ്ക്കുകയായിരുന്നു. തുടർന്ന് ഇത് 1526ൽ മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ബാബറുടെ ഖജനാവിലെത്തുകയും ചെയ്തു. മുഗൾ പരമ്പരയിലെ അഞ്ചാമത്തെ ചക്രവർത്തിയായിരുന്ന ഷാജഹാൻ, കോഹിനൂർ രത്‌നത്തെ തന്റെ പ്രസിദ്ധമായ മയൂരസിംഹാസനത്തിൽ അലങ്കാരമാക്കി ഉൾപ്പെടുത്തുകയായിരുന്നു. ഷാ ജഹാന്റെ പുത്രനായ ഔറംഗസേബ്, പിൽക്കാലത്ത് കോഹിനൂരിനെ ലാഹോറിലേക്ക് കൊണ്ടുപേയി. ലാഹോറിൽ താൻ നിർമ്മിച്ച ബാദ്ശാഹി മസ്ജിദിലാണ് അദ്ദേഹമിത് സൂക്ഷിച്ചത്.

തുടർന്ന് പേർഷ്യൻ ഭരണാധികാരിയായ നാദിർഷാ 1739ൽ ഇന്ത്യ ആക്രമിച്ചപ്പോൾ കോഹിനൂർ രത്‌നവും, മയൂരസിംഹാസനവുമടക്കം കൊള്ളയടിച്ച് പേർഷ്യയിലേക്ക് കൊണ്ടു പോവുകയായിരുന്നു.

കോഹ്ഇ നൂർ എന്ന പേര് ഈ രത്‌നത്തിനേകിയത് നാദിർ ഷായാണെന്നാണ് ചരിത്രം പറയുന്നത്. 1739നു മുൻപ് ഈ രത്‌നം ഈ പേരിലറിയപ്പെട്ടിരുന്നില്ല. 1747ൽ നാദിർഷാ മരണമടഞ്ഞതോടെ ഈ രത്‌നം അദ്ദേഹത്തിന്റെ പിൻഗാമിയും ചെറുമകനുമായിരുന്ന മിർസ ഷാ രൂഖിന്റെ കൈവശം വന്ന് ചേർന്നു.

1751ൽ അഫ്ഗാനികളുടെ ദുറാനി സാമ്രാജ്യസ്ഥാപകനായ അഹ്മദ് ഷാ അബ്ദാലി, ഷാരൂഖിനെ തോൽപിച്ചതോടെ കോഹിനൂർ രത്‌നം, അദ്ദേഹം കൈക്കലാക്കുകയായിരുന്നു.അഞ്ചാം ദുറാനി ഭരണാധികാരിയിൽ നിന്നും ലാഹോറിലെ സിഖ് നേതാവ് രഞ്ജിത് സിങ്ങിനടുത്ത് 1813ൽ രത്‌നം എത്തിച്ചേരുകയായിരുന്നു.1849ൽ ബ്രിട്ടീഷുകാർ സിഖുകാരെ തോൽപ്പിച്ചതോടെ കോഹിന്നൂർ രത്‌നം ബ്രിട്ടീഷുകാരുടെ കൈവശമെത്തുകയും ചെയ്തു.

കോഹ്ഇ നൂർ എന്ന പേര് ഈ രത്‌നത്തിനേകിയത് നാദിർ ഷായാണെന്നാണ് ചരിത്രം പറയുന്നത്. 1739നു മുൻപ് ഈ രത്‌നം ഈ പേരിലറിയപ്പെട്ടിരുന്നില്ല. 1747ൽ നാദിർഷാ മരണമടഞ്ഞതോടെ ഈ രത്‌നം അദ്ദേഹത്തിന്റെ പിൻഗാമിയും ചെറുമകനുമായിരുന്ന മിർസ ഷാ രൂഖിന്റെ കൈവശം വന്ന് ചേർന്നു.

1751ൽ അഫ്ഗാനികളുടെ ദുറാനി സാമ്രാജ്യസ്ഥാപകനായ അഹ്മദ് ഷാ അബ്ദാലി, ഷാരൂഖിനെ തോൽപിച്ചതോടെ കോഹിനൂർ രത്‌നം, അദ്ദേഹം കൈക്കലാക്കുകയായിരുന്നു.അഞ്ചാം ദുറാനി ഭരണാധികാരിയിൽ നിന്നും ലാഹോറിലെ സിഖ് നേതാവ് രഞ്ജിത് സിങ്ങിനടുത്ത് 1813ൽ രത്‌നം എത്തിച്ചേരുകയായിരുന്നു. 1849ൽ ബ്രിട്ടീഷുകാർ സിഖുകാരെ തോൽപ്പിച്ചതോടെ കോഹിന്നൂർ രത്‌നം ബ്രിട്ടീഷുകാരുടെ കൈവശമെത്തുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP