Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബളാൽ മാതാവിന്റെ അത്ഭുതപ്രവൃത്തിയുടെ അധികാരികത ഉറപ്പുവരുത്താതെ അവിടേക്കുള്ള തീർത്ഥാടനത്തെ പ്രോത്സാഹിപ്പിക്കില്ല; പാലും തേനും എണ്ണയും ഒഴുക്കുന്ന 'അത്ഭുതം' നിരീക്ഷിക്കുകയാണ്; സോഷ്യൽ മീഡിയയിൽ വിമർശനം കൊഴുക്കുമ്പോൾ തലശ്ശേരി അതിരൂപതയുടെ വിശദീകരണം ഇങ്ങനെ

ബളാൽ മാതാവിന്റെ അത്ഭുതപ്രവൃത്തിയുടെ അധികാരികത ഉറപ്പുവരുത്താതെ അവിടേക്കുള്ള തീർത്ഥാടനത്തെ പ്രോത്സാഹിപ്പിക്കില്ല; പാലും തേനും എണ്ണയും ഒഴുക്കുന്ന 'അത്ഭുതം' നിരീക്ഷിക്കുകയാണ്; സോഷ്യൽ മീഡിയയിൽ വിമർശനം കൊഴുക്കുമ്പോൾ തലശ്ശേരി അതിരൂപതയുടെ വിശദീകരണം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: കാസർകോഡ് ജില്ലയിലേ മലയോര മേഖലയായ വെള്ളരിക്കുണ്ടിന് സമീപത്തെ ബളാൽ എന്ന കൊച്ചു ഗ്രാമത്തിലെ മാതാവിന്റെ അത്ഭുതപ്രവൃത്തിയെ കുറിച്ചുള്ള വിശദമായ വാർത്തകൾ മറുനാടൻ മലയാളി തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട. പ്ലാസ്റ്റർ ഓഫ് പാരീസിൽ തീർത്ത മേരി മാതാവിന്റെ തിരുസ്വരൂപത്തിൽ നിന്നും തേനും പാലും എണ്ണം ഒഴുകുന്നു എന്ന അത്ഭുതം കേട്ട് ആയിരങ്ങൾ അനുഗ്രഹത്തിനായി ഈ ഗ്രാമത്തിലേക്ക് ഒഴുകിയിരുന്നു. ഇതോടെയാണ് ഈ ഗ്രാമം പ്രശക്തമാകുന്നതും. എന്നാൽ ബളാൽ മാതാവിന്റെ തിരുസ്വരൂപത്തിൽ നിന്നും എണ്ണയും പാലും പുറത്തുവരുന്ന ഈ അത്ഭുതപ്രവൃത്തിയെ സോഷ്യൽ മീഡിയ പല വിധത്തിൽ പൊളിച്ചടുക്കിയിരുന്നു.

ഓമന എന്ന സ്ത്രീയുടെ വീട്ടലെ പരിശുദ്ധ കന്യകാ മറിയത്തിൻതിരുസ്വരൂപത്തിൽ നിന്നാണ് തേനും എണ്ണയും വന്നു കൊണ്ടിരിക്കുന്നത്. സ്വകാര്യമായി തന്നെ ഒരു ധനസമ്പാദന മാർഗ്ഗമായി തന്നെ ഈ വിശ്വാസത്തിന്റെ കഥ മാറി. കോട്ടയത്തു നിന്നും ബസുകൾ പോലും ഇവിടേക്ക് സർവീസ് തുടങ്ങി. ഇതോടെയാണ് സോഷ്യൽ മീഡിയ ബളാൽ മാതാവിന്റെ അത്ഭുതത്തെ പൊളിച്ചടുക്കുന്ന വിധത്തിൽ തെളിവുകളുമായി വന്നത്. കത്തോലിക്കാ വിശ്വാസികളാണ് കൂടുതലായി ബളാൽ മാതാവിന്റെ അത്ഭുത പ്രവൃത്തിയിൽ വിശ്വസിച്ച് എത്തിയതെന്നതിനാൽ ദീപിക പത്രത്തിൽ ഈ അത്ഭുതത്തെ പുകഴ്‌ത്തി വലിയ വാർത്തകളും വന്നു.

ഇതോടെ തലശ്ശേരി അതിരൂപത തന്നെ വിഷയത്തിൽ ഇടപെടാൻ ശ്രമം തുടങ്ങി. വത്തിക്കാന്റെ നിർദ്ദേശം അനുസരിച്ച് ഇത്തരം അത്ഭുത പ്രവൃത്തിക്കൾ കണ്ടാൽ അന്വേഷിക്കണം എന്നതിന്റെ അടിസ്ഥാനത്തിൽ അന്വേഷിക്കാൻ ഒരു സമിതയെ നിയോഗിക്കുകയും ചെയ്തു. എന്തായാലും ഈ സമിതിയുടെ അന്വേഷണ റിപ്പോർട്ട് പൂർണ്ണമായും പുറത്തുവന്നിട്ടില്ല. ഇതിനിടെയും ഓമനയുടെ വീട്ടിലേക്ക് ആയിരക്കങ്ങൾ ബളാൽ മാതാവിന്റെ അനുഗ്രഹം തേടിയെത്തി. എന്നാൽ, മറുനാടൻ വാർത്തകളുടെ അടിസ്ഥാനത്തിലും സോഷ്യ്ൽ മീഡിയയുടെ കടുത്ത വിമർശനങ്ങളുടെയും ഫലമായി ബളാൽ മാതാവിന്റെ അത്ഭുതത്തെ കുറിച്ച് വിശദീകരണവുമായി തലശ്ശേരി അതിരൂപത രംഗത്തുവന്നു. തലശ്ശേരി അതിരൂപതാ ബുള്ളറ്റിനിൽ രൂപതാ മെത്രാപ്പൊലീത്ത മാർ ജോർജ്ജ് ഞറളക്കാട് എഴുതിയ ലേഖനത്തിലാണ് ഇതേക്കുറിച്ച് വിശദീകരിക്കുന്നത്.

മാതാവിന്റെ തിരുസ്വരൂപത്തിൽ നിന്നും തേനും പാലും എണ്ണയും ഒഴുകുന്ന അത്ഭുതത്തെ തള്ളാനും കൊള്ളാനും തയ്യാറാകാതെയാണ് തലശ്ശേരി അതിരൂപതയുടെ വിശദീകരണം. അതേസമയം തന്നെ സംഭവത്തിലെ ആധികാരികത ഉറപ്പുവരുത്താതെ അവിടേക്കുള്ള തീർത്ഥാടനവും പരസ്യപ്രചാരണവും സഭ പ്രോത്സാഹിപ്പിക്കില്ലെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു. മാതാവിന്റെ അത്ഭുതപ്രവൃത്തിയുടെ ആധികാരികത ഉറപ്പാക്കാൻ ദൈവം അവസരമൊരുക്കുമെന്ന പ്രതീക്ഷയും മാർ ജോർജ്ജ് ഞറളിക്കാട്ട് പങ്കുവെക്കുന്നു.

ബളാളിലെ അത്ഭുതത്തെ കുറിച്ച് ഉടനടി ഒരു തീരുമാനത്തിൽ എത്തുന്ന പാരമ്പര്യം തിരുസഭയ്ക്ക് ഇല്ലെന്നും തലശ്ശേരി രൂപതാ ബുള്ളറ്റിൻ വ്യക്തമാക്കുന്നു. ഓമയ്ക്കുണ്ടായ വെളിപാടും എണ്ണയൊഴുകുന്ന അത്ഭുതപ്രവൃത്തിയും സ്വകാര്യമായതിനാൽ അതിന്മേൽ കൂടുതൽ വിശദീകരണം നൽകാൻ ഒരുപാട് സമയം എടുക്കുമെന്നും ലേഖനത്തിൽ പറയുന്നു. സോഷ്യൽ മീഡിയയിൽ അടക്കം ഇതേക്കുറിച്ച് വാദപ്രതിവാദങ്ങൾ ശക്തമായ സാഹചര്യത്തിലാണ് തലശ്ശേരി അതിരൂപത വിശദീകരണവുമായി രംഗത്തുവന്നത്.

തിരുസ്വരൂപത്തിൽ നിന്നും എണ്ണ ഒഴുകുന്ന അത്ഭുപ്രവൃത്തി 2014 ഡിസംബർ 2 നാണ് തുടങ്ങിയത്. ജില്ലയിലെ വെള്ളരിക്കുണ്ടിനു സമീപം ബളാൽ രജിസ്‌ട്രേഷൻ ഓഫീസിനെതിർ വശത്തു താമസിക്കുന്ന ഓമന എന്നയാളുടെ വീട്ടിലെ പരിശുദ്ധ കന്യകാ മറിയത്തിൻതിരുസ്വരൂപത്തിനു തിരുസ്വരൂപത്തിൽ നിന്ന് തേനും എണ്ണയും വന്നു കൊണ്ടിരിക്കുന്നത് തുടരുകയാണ്. ഇതു കാണാനും ഈ എണ്ണയിലൂടെ രോഗ ശാന്തിക്കും വേണ്ടിയാണ് ബളാലിലേക്ക് ആളുകൾ ഒഴുകിയെത്തുന്നത്. അങ്ങനെ ഓമനയുടെ വീട്ടിൽ വന്ന മാതാവ് ബളാൽ മാതാവായി.

പതിനാറ് വർഷം മുമ്പ് ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവന്ന അമ്പതു വയസുകാരിയായ ഓമന എന്ന അൽഫോൻസയുടെ ജീവിതം ദൈവത്തിന്റെ ഇടപെടൽ മൂലം മാറിമറിഞ്ഞത് വളരെ പെട്ടെന്നായിരുന്നുവെന്നാണ് ഇവിടെ എത്തുന്നവർ പറയുന്നതും പ്രചരിപ്പിക്കുന്നതും. ഈ കഥ തന്നെയാണ് വിശുദ്ധ എണ്ണയെന്ന പേരിലെ ആത്മീയ കച്ചവടത്തിന് മറയാകുന്നതും. അങ്ങനെ ബളാൽ മാതാവും രോഗശാന്തി ശുശ്രൂഷയിൽ പുതിയ ചരിത്രം രചിക്കുകയാണ്. ആരേയും കൈയിലെടുക്കാനാവുന്ന അൽഭുത പ്രവർത്തികളുടെ കഥ പ്രചരിപ്പിച്ചാണ് ബളാൽ മാതാവിനെ ജനപ്രിയയാക്കുന്നത്. എന്തായാലും ഒരുവർഷം കൊണ്ട് ബളാലിലെ ഓമനയുടെ വീട് തീർത്ഥാടന കേന്ദ്രമായി മാറിക്കഴിഞ്ഞു.

കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിന് സമീപമാണ് ബളാൽ. ഇവിടെ രജിസ്‌ട്രേഷൻ ഓഫീസിന് എതിർവശത്താണ് ഓമനയുടെ വീട്. ആദ്യ അത്ഭുതം നടന്നുകഴിഞ്ഞപ്പോൾ തന്നെ ആളുകളുടെ പ്രവാഹമായിരുന്നു ഓമനയുടെ വീട്ടിലേക്ക്. ഈ കഥ പ്രചരിക്കപ്പെട്ടതോടെ ആളുകൾ ധാരളമായി എത്തി. ഓമനയുടെ വീട്ടിലെ നിറഞ്ഞുതുളുമ്പിയ കുപ്പിയിൽ നിന്ന് വിശുദ്ധ എണ്ണ ധാരാളമായി ആളുകൾ അവരുടെ വീടുകളിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. എത്ര എടുത്താലും വീണ്ടും എണ്ണ കുപ്പിയിൽ നിറയുകയാണ്. ആദ്യം എണ്ണ മാത്രമാണ് ഇങ്ങനെ ഒഴുകിയിരുന്നതെങ്കിൽ ഇന്ന് നെയ്യ്, തേൻ, പാൽ എന്നിവയും ഒഴുകിത്തുടങ്ങിയിട്ടുണ്ട്. സുഗന്ധാഭിഷേകവും അനുഭവിക്കാൻ കഴിയുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ എട്ടിന് മാതൃരൂപത്തിൽ നിന്ന് പാലാണ് ഒഴുകിയത്. ഇങ്ങനെ പല കഥകൾ പറഞ്ഞാണ് ബളാലിലേക്ക് ആളെ അടുപ്പിക്കുന്നത്.

ബുധൻ, ശനി ദിവസങ്ങളിലാണ് കൂടുതലായും ഈ അത്ഭുതങ്ങൾ നടക്കുന്നത്. അതുകൊണ്ട് തന്നെ ആ ദിവസങ്ങളിൽ ആളും കൂടും. തിരിക്ക് കൂടുമ്പോൾ സംവിധാനങ്ങളും കൂടുതലായി ഒരുക്കുന്നു. ദിനംപ്രതി ആയിരത്തി അഞ്ഞൂറോളം പേരാണ് ഇവിടെ പ്രാർത്ഥനയ്ക്കായി എത്തിച്ചേരുന്നത്. ഏഴുലിറ്റർ കൊള്ളുന്ന വലിയ ബെയ്‌സനിലാണ് മാതാവിന്റെ രൂപം പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇതിന്റെ അടുത്ത് വല്യമ്മച്ചിക്ക് കൊടുത്ത കുപ്പിയും വച്ചിട്ടുണ്ട്. ഇവിടെ നിന്ന് ശേഖരിച്ചുകൊണ്ടുപോകുന്ന എണ്ണയും നെയ്യും അനേകരുടെ രോഗശാന്തിക്കും കാരണമാകുന്നുവെന്നാണ് പ്രചരണം ഓമനയുടെ അടുക്കൽവന്ന വല്യമ്മച്ചി ഇരുന്ന കസേരയിൽ ഇരിക്കുന്നവർക്ക് അത്ഭുതകരമായ രോഗസൗഖ്യം ഉണ്ടായതായും സാക്ഷ്യങ്ങളുണ്ട്.കൂടുതലും കാൻസർ രോഗികൾക്കായാണ് ഓമന പ്രാർത്ഥിക്കുന്നത്.

ബളാലിലേക്ക് മാതാവ് എത്തിയതിന് പിന്നിൽ പ്രചരിക്കുന്ന കഥ ഇങ്ങനെ: മജ്ജയിൽ കാൻസർ രോഗബാധിതയായി ശരീരം മുഴുവനും വേദനയും നീരുമായി കട്ടിലിൽ തന്നെ കഴിഞ്ഞുകൂടുകയായിരുന്നു അക്കാലങ്ങളിൽ ഓമന. റബർടാപ്പിംങും അയൽവീടുകളിലെ ജോലിയും ചെയ്താണ് ഓമന കുടുംബം നോക്കി നടത്തിയിരുന്നത്. നാലു വർഷം മുമ്പ് ഭർത്താവ് മരണമടയുകയും മകൾ വിവാഹിതായി കോട്ടയത്തേക്ക് പോവുകയും ചെയ്തതോടെ സെന്റ് വിൻസെന്റ് ഡി പോൾ സൈാസൈറ്റി നിർമ്മിച്ചുകൊടുത്ത ചെറിയ വീട്ടിൽ ഇളയമകനും ഓമനയും മാത്രമായിരുന്നു താമസം. അയൽക്കാരുടെ സഹായത്തോടെ ചികിത്സ മുന്നോട്ടുപോകുന്നുണ്ടായിരുന്നുവെങ്കിലും കഠിനമായ വേദനയിൽ ഓമന നീറിപിടയുകയായിരുന്നു.

അത്തരമൊരു ദിവസമാണ് (2014 ഡിസംബർ 2)മുറ്റത്തുനിന്ന് ആരോ വിളിക്കുന്നത് കട്ടിലിൽ കിടക്കുകയായിരുന്ന ഓമന കേട്ടത്. ആദ്യത്തെയും രണ്ടാമത്തെയും വിളിക്ക് പ്രത്യുത്തരിക്കാൻ തയ്യാറായില്ലെങ്കിലും വീണ്ടും വിളി തുടർന്നുകൊണ്ടിരുന്നതിനാൽ മനസ്സില്ലാമനസ്സോടെ ഓമന കട്ടിലിൽ നിന്നെണീറ്റ് മുൻവശത്തേക്ക് ചെന്നു. മുറ്റത്ത് ചട്ടയും മുണ്ടും ധരിച്ചുനില്ക്കുന്ന ഒരു അമ്മച്ചിയെയാണ് ഓമന കണ്ടത്. ഇന്നേവരെ കണ്ടിട്ടില്ലാത്ത ആൾ. മോളേ നിനക്ക് നല്ല ക്ഷീണം തോന്നുന്നുവല്ലോ.. നിനക്കെന്തുപറ്റിയെന്ന് വല്യമ്മച്ചിയുടെ ക്ഷേമാന്വേഷണത്തിന് ഓമന തന്റെ ശാരീരികവല്ലായ്മകൾ പറഞ്ഞു. അതുകേട്ടപ്പോൾ അമ്മച്ചി ഉദാരവതിയും സ്‌നേഹമയിയുമായി.. നീ അകത്തുപോയി എണ്ണയോ കുഴമ്പോ ഉണ്ടെങ്കിൽ അത് എടുത്തുകൊണ്ടുവാ..ഞാൻ തിരുമ്മിത്തരാം..

അമ്മച്ചി പറഞ്ഞു. ഉപയോഗിച്ച് ബാക്കിവന്നിരുന്ന കുഴമ്പ് അകത്തുനിന്ന് ഓമന എടുത്തുകൊണ്ടുവന്നു. അമ്മച്ചി അത് വാങ്ങി ഓമനയുടെ കൈകാലുകൾ തിരുമ്മി. അപ്പോൾതന്നെ എന്തോ ഒരു ആശ്വാസം പോലെ ഓമനയ്ക്ക് അനുഭവപ്പെട്ടു. അമ്മച്ചി എവിടുന്നാ.. എന്ന ഓമനയുടെ ചോദ്യത്തിന് ഞാൻ നേർച്ചയ്ക്ക് വന്നതാ എന്ന് അമ്മച്ചി മറുപടി പറഞ്ഞു. നേർച്ചപ്പണവുമായി തിരിച്ചുവന്നപ്പോൾ ഓമന കസേരയിൽ അമ്മച്ചിയെ കണ്ടില്ല. അമ്മച്ചി എവിടെ പോയി എന്ന് അമ്പരന്നു നിന്ന ഓമന അയൽവീടുകളിൽ അമ്മച്ചിയുണ്ടായിരിക്കുമെന്ന് കരുതി അവിടേയ്ക്ക് അന്വേഷിച്ചു ചെന്നു. ഇന്നലെ വരെ രോഗബാധിതയായി കട്ടിലിൽ കിടന്നിരുന്ന ഓമന ആരോഗ്യവതിയായി മുമ്പിൽ നില്ക്കുന്നതുകണ്ടപ്പോൾ അയൽക്കാരാണ് അമ്പരന്നത്. അപ്പോഴാണ് തനിക്ക് ലഭിച്ച അത്ഭുതരോഗസൗഖ്യത്തെക്കുറിച്ച് ഓമന തിരിച്ചറിയുന്നത്.

ഇല്ല..ശരീരത്തിൽ വേദനയില്ല.. പരിപൂർണ്ണസൗഖ്യം. ഇതെങ്ങനെ സംഭവിച്ചു എന്ന് അയൽക്കാരുടെ ചോദ്യത്തിന് ഓമന സംഭവിച്ചതെല്ലാം വിവരിച്ചു. അത് മാതാവ്തന്നെ.. മറ്റൊരിടത്തും ആ അമ്മച്ചിയെ കണ്ടെത്താതെ വന്നപ്പോൾ, ഓമനയ്ക്ക് പരിപൂർണ്ണസൗഖ്യം ലഭിച്ചപ്പോൾ എല്ലാവരും തീർച്ചപ്പെടുത്തി. പിന്നീട് പ്രാർത്ഥനയായി. ഡിസംബർ മൂന്ന്. വെളുപ്പിന് മാതാവിന്റെ രൂപത്തിന് മുമ്പിൽ നിന്ന് പ്രാർത്ഥിക്കുകയായിരുന്നു ഓമനയും മകനും. വല്യമ്മച്ചിക്ക് കൊടുത്ത കുഴമ്പുകുപ്പി ആ രൂപത്തിന് മുമ്പിൽ അപ്പോഴും ഉണ്ടായിരുന്നു. അപ്പോഴാണ് മറ്റൊരു അത്ഭുതം ഓമന കണ്ടത്. ആ കുപ്പിനിറഞ്ഞുകവിഞ്ഞ് എണ്ണ ഒഴുകുന്നു. വിവരമറിഞ്ഞ് ആളുകൾ ഓടിക്കൂടി. അത് ഇപ്പോഴും തുടരുന്നുവെന്നാണ് വിശ്വാസികൾ പറയുന്നത്.

ഇപ്പോൾ ഓമനയുടെ വീട്ടിലേക്ക് പുലർച്ചെ അഞ്ചു മണിക്കു തന്നെ ആളുകൾ എത്തിത്തുടങ്ങും. പ്രാർത്ഥനകൾക്കും മാതാവിന്റെ അൽഭുത എണ്ണ അൽപം സ്വന്തമാക്കുന്നതിനുമായി. എത്ര എടുത്താലും വീണ്ടും കുപ്പിയിൽ എണ്ണ നിറയുകയാണ്. കൊന്ത ചൊല്ലിയും പ്രാർത്ഥനകൾ നടത്തിയും എപ്പോഴും ഭക്തിയുടെ നിറവിലാണ് ഈ കൊച്ചു വീടിപ്പോൾ. പ്രശസ്തി ജില്ലയും കടന്ന് മുന്നേറുകയാണ്. ഇവിടേക്ക് കുമളി , കോട്ടയം , പാലാ , തൊടുപുഴ , എറണകുളം , കോഴിക്കോട് , കണ്ണൂർ , മാനന്തവാടി ,ഇരിട്ടി , തുടങ്ങിയ കേരളത്തിലെ പ്രധാനപെട്ട എല്ലാ സ്ഥലങ്ങളിൽ നിന്നും നേരിട്ട് ബസ് ബസ് സർവ്വീസ് ഉണ്ട്.

തലശ്ശേരി രൂപത പുറത്തിറക്കിയ പ്രസ്താവനയുടെ പൂർണ രൂപം ചുവടെ കൊടുക്കുന്നു:







Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP