Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിട്ടനിലെ കുരിശുജാഥ ഐസിസ് ഭരണം വരുന്നുവെന്ന് സ്ഥാപിക്കാൻ വംശീയ വാദികൾ ഒരുക്കിയ കെണി; മുസ്ലീങ്ങൾ പ്രകോപിതരായത് കുരിശ് ചുമന്ന് നടന്ന യുവതി പ്രവാചകനെ അധിക്ഷേപിച്ചപ്പോൾ

ബ്രിട്ടനിലെ കുരിശുജാഥ ഐസിസ് ഭരണം  വരുന്നുവെന്ന് സ്ഥാപിക്കാൻ വംശീയ വാദികൾ ഒരുക്കിയ കെണി; മുസ്ലീങ്ങൾ പ്രകോപിതരായത് കുരിശ് ചുമന്ന് നടന്ന യുവതി പ്രവാചകനെ അധിക്ഷേപിച്ചപ്പോൾ

ബ്രിട്ടനിലെ ലുട്ടനെന്ന മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് കൂടെ ബ്രിട്ടൻ ഫസ്റ്റ് എന്ന തീവ്രവലതുപക്ഷ സംഘടന നടത്തിയ കുരിശുജാഥയും അതിനോട് പ്രദേശവാസികളായ മുസ്ലീങ്ങൾ കടുത്ത രീതിയിൽ പ്രതികരിച്ചതും ഇക്കഴിഞ്ഞ നാളുകളിൽ കടുത്ത ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നുവല്ലോ.. എന്നാൽ ഈ കുരിശു ജാഥ ബ്രിട്ടനിൽ ഐസിസ് ഭരണം വരുന്നുവെന്ന് സ്ഥാപിക്കാൻ വംശീയവാദികൾ ഒരുക്കിയ കെണിയാണെന്നാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. ഇവിടുത്തെ മുസ്ലീങ്ങൾ ജാഥയ്ക്ക് നേരെ പ്രകോപിതരായത് കുരിശ് ചുമന്ന് നടന്ന യുവതി പ്രവാചകനെ അധിക്ഷേപിച്ചപ്പോഴാണെന്നും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ലുട്ടനിലെ ബറി പാർക്ക് എന്ന പ്രദേശത്ത് കൂടെ തങ്ങൾ നടത്തിയ ഈ കുരിശ് യാത്രയോട് തദ്ദേശവാസികളായ മുസ്ലീങ്ങൾ ക്രൂരമായാണ് പ്രതികരിച്ചതെന്ന് വെളിപ്പെടുത്തിക്കൊണ്ട് ഇതു സംബന്ധിച്ച വീഡിയോയും ബ്രിട്ടൻ ഫസ്റ്റ് പുറത്തിറക്കിയിരുന്നു. ചുരുങ്ങിയ ദിവസം കൊണ്ട് ലോകമാകമാനമുള്ള 10 മില്യൺ പേരാണ് ഇത് കണ്ടിരിക്കുന്നത്.

ബ്രിട്ടൻ ഫസ്റ്റിന്റെ ഡെപ്യൂട്ടി ലീഡറായ ജെയ്ദ ഫ്രാൻസെൻ ജാഥയിൽ കുരിശേന്തി നടന്നിരുന്നു. ജാഥ കടന്ന് പോകുമ്പോൾ രണ്ട് കുട്ടികൾക്കൊപ്പം പർദയണിഞ്ഞ് നിൽക്കുന്ന ഒരു മുസ്ലിം സ്ത്രീ കടുത്ത ഭാഷയിൽ തട്ടിക്കയറുന്നത് വീഡിയോയിൽ വ്യക്തമായി കാണുന്നുണ്ട്. ഈ സ്ത്രീയുമായി ഫ്രാൻസെൻ വാദ പ്രതിവാദത്തിലേർപ്പെടുന്നതായി കാണാം. ഇത് ക്രിസ്ത്യൻ രാജ്യമാണെന്ന് ഫ്രാൻസെൻ ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും മുസ്ലിം സ്ത്രീ ഒട്ടും വിട്ട് കൊടുക്കാതെ തട്ടിക്കയറുന്നുണ്ട്. ഈ സ്ത്രീ മതവിദ്വേഷം പ്രകടിപ്പിച്ച് അതിതീവ്രമായാണ് പ്രതികരിക്കുകായിരുന്നു എന്ന തരത്തിലാണ് ബ്രിട്ടൻ ഫസ്റ്റ് പ്രചാരണം നടത്തിയിരുന്നത്.

എന്നാൽ മുസ്ലിം പുരുഷന്മാർക്ക് വികാരങ്ങളെ നിയന്ത്രിക്കാൻ സാധിക്കാത്തതിനാലാണ് സ്ത്രീ പർദയണിഞ്ഞിരിക്കുന്നതെന്ന് ഫ്രാൻസൻ അവരെ അധിക്ഷേപിച്ചതിനെ തുടർന്നാണ് പർദയണിഞ്ഞ സ്ത്രീ ഇത്ര രൂക്ഷമായി പ്രതികരിച്ചിരിക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണിപ്പോൾ വെളിച്ചത്ത് വന്നിരിക്കുന്നത്. അതുപോലെ തന്നെ പുരുഷനായ ഒരു ഷോപ്പ് കീപ്പർ ജെയ്ദ ഫ്രാൻസനുമായി തട്ടിക്കയറുന്നതും വീഡിയോയിലുണ്ട്. മുഹമ്മദ് നബി ഒരു തട്ടിപ്പ് പ്രവാചകനാണെന്ന് ജെയ്ദ ആക്ഷേപിച്ചതിനെ തുടർന്നാണ് ഷോപ്പ്കീപ്പർ ഇത്തരത്തിൽ കോപാകുലനായതെന്നും ഇപ്പോൾ വെളിപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ കരുതിക്കൂട്ടി വംശീയപ്രകോപനം ഉണ്ടാക്കുന്ന രീതിയിൽ ബ്രിട്ടൻ ഫസ്റ്റ് പ്രവർത്തിക്കുകയും അതിന്റെ വീഡിയോയെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച് മുസ്ലിം വിരോധം സൃഷ്ടിക്കുകയുമാണ് സംഘടന ചെയ്തിരിക്കുന്നതെന്ന വിധത്തിലാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്.

ബ്രിട്ടൻ ഒരു നാൾ മുസ്ലിം രാഷ്ട്രമാകുമെന്നും ബ്രിട്ടൻ ഫസ്റ്റ് പ്രവർത്തകർ നഗരം വിട്ട് പോകണമെന്നും ഇവിടുത്തെ ചില മുസ്ലീങ്ങൾ ആവശ്യപ്പെട്ടിരുന്നുവെന്ന് ഈ ജാഥയെ തുടർന്ന് ബ്രിട്ടൻ ഫസ്റ്റ് പ്രചരിപ്പിച്ചിരുന്നു. ബറിപാർക്കുകാരനായ ഒരാൾ ലണ്ടനിലെ ഓക്‌സ്‌ഫോർഡ് സ്ട്രീറ്റിൽ ഒരു ഐസിസ് സ്റ്റാൾ സജ്ജമാക്കിയതിനെ തുടർന്ന് അറസ്റ്റിലായിരുന്നു. ബറിപാർക്കടക്കമുള്ള ലുട്ടനിൽ ഇസ്ലാമിക തീവ്രവാദം ശക്തമാണെന്ന സൂചന ഇതിലൂടെ ലഭിച്ചതിനെ തുടർന്നാണ് ബ്രിട്ടൻ ഫസ്റ്റ് പ്രവർത്തകർ കുരിശ് യാത്ര നടത്താൻ ഈ പ്രദേശത്തെ തന്നെ പ്രത്യേകമായി തെരഞ്ഞെടുക്കുകയായിരുന്നുവെന്ന തരത്തിലാണ് കുറച്ച് മുമ്പ് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നത്. ബറിപാർക്ക് ഇസ്ലാമിക തീവ്രവാദികളുടെയും ഐസിസ് അനുയായികളുടെയും വളർത്ത് തൊട്ടിലായി മാറിക്കഴിഞ്ഞുവെന്നും ഇവിടെ സ്പർധ വളർത്തുന്ന ഇസ്ലാമിക പുരോഹിതരും ഭീകരരും ഏറെയുണ്ടെന്നും രാജ്യത്താകമാനമുള്ള തീവ്രവാദികളുടെ ഏറ്റവും അപകടകരമായ കേന്ദ്രമായി ഇത് മാറിയിട്ടുണ്ടെന്നുമാണ് കുരിശ് ജാഥയ്ക്ക് ശേഷം ബ്രിട്ടൻ ഫസ്റ്റ് ഇതിന്റെ വെബ്‌സൈറ്റിലൂടെ വെളിപ്പെടുത്തിയിരുന്നത്.

ഇസ്ലാംമത വിശ്വാസികളുമായുള്ള ഏറ്റുമുട്ടലുകളുടെ പേരിൽ കുപ്രസിദ്ധി നേടിയ സംഘടനയാണ് ബ്രിട്ടൻ ഫസ്റ്റ്. ഇവർ ലണ്ടനിലെ ബ്രിക്ക് ലേനിലൂടെ പട്രോളിങ് നടത്തുകയും മുസ്ലിം പള്ളികളിൽ അതിക്രമിച്ച് കയറുകയും മുസ്ലിം പ്രഭാഷകനായ അൻജെം ചൗധരിയെ അദ്ദേഹത്തിന്റെ ഈസ്റ്റ് ലണ്ടനിലെ വീട്ടിൽ വച്ച് കൈയേറ്റം ചെയ്യുകയുമുണ്ടായിരുന്നു. എന്നാൽ തങ്ങൾ വംശീയ സംഘടനയല്ലെന്നും ബ്രിട്ടനെ സ്‌നേഹിക്കുന്ന ന്യൂനപക്ഷങ്ങളോട് ഇതിൽ ചേരാൻ ആവശ്യപ്പെടുന്നുമുണ്ട്.

ബ്രിട്ടനിൽ മുസ്ലീങ്ങളുടെ എണ്ണവും മുസ്ലിം തീവ്രവാദ പ്രവർത്തനവും നാൾക്ക് നാൾ വർധിച്ച് വരുകയും തൽഫലമായി ബ്രിട്ടൻ ഇസ്ലാമിക ഭരണത്തിൻ കീഴിൽ മുസ്ലിം രാഷ്ട്രമാകുമെന്നുമാണ് ബ്രിട്ടൻ ഫസ്റ്റ് പോലുള്ള തീവ്ര വലതുപക്ഷ വംശീയ സംഘടന പോലുള്ളവർ കാലങ്ങളായി വാദിക്കുന്നത്. തങ്ങളുടെ അടുത്ത ലക്ഷ്യം ബ്രിട്ടനാണെന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് പോലുള്ള സംഘടനകൾ നിരന്തരം ഭീഷണി മുഴക്കുന്നത് ഇവരുടെ വാദഗതികൾക്ക് കരുത്ത് പകരുന്നുമുണ്ട്. സിറിയയിലേക്കും ഇറാഖിലേക്കും ഐസിസിന് വേണ്ടി ജിഹാദിന് നിരവധി ബ്രിട്ടീഷ് മുസ്ലീങ്ങൾ പോയിട്ടുണ്ടെന്നും അവരിൽ പകുതിയോളം പേർ ഇവിടെ തിരിച്ചെത്തി ആക്രമണത്തിന് കോപ്പ് കൂട്ടുന്നുണ്ടെന്ന മുന്നറിയിപ്പുകളെയും മുസ്ലിം വിരോധത്തിനായി മുതലെടുക്കാൻ വംശീയവാദികൾ നിരന്തരശ്രമം നടത്തി വരുന്നുണ്ട്. ബ്രിട്ടൻ ഇസ്ലാമിക തീവ്രവാദികളുടെ കൈയിൽ അകപ്പെടുകയെന്ന പ്രവണത ഇപ്പോൾ തന്നെ ശക്തമായെന്ന് തെളിയിക്കാനാണ് പ്രസ്തുത കുരിശ് ജാഥ ബ്രിട്ടൻ ഫസ്റ്റ് നടത്തിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP