Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അന്തർജ്ജനത്തിന് ഇനി മാസംതോറും കിട്ടിയിരുന്ന ആ 2000 രൂപ ലഭിക്കില്ല; റെയിൽ ട്രാക്കിൽ നിന്നും രക്ഷിച്ച് കൊണ്ടുപോയി ജീവിതം കൊടുത്ത റസിയ ബീവിയുടെയും ജീവിതം കൽപ്പനയില്ലാതെ അപൂർണ്ണമാകും

അന്തർജ്ജനത്തിന് ഇനി മാസംതോറും കിട്ടിയിരുന്ന ആ 2000 രൂപ ലഭിക്കില്ല; റെയിൽ ട്രാക്കിൽ നിന്നും രക്ഷിച്ച് കൊണ്ടുപോയി ജീവിതം കൊടുത്ത റസിയ ബീവിയുടെയും ജീവിതം കൽപ്പനയില്ലാതെ അപൂർണ്ണമാകും

ആലപ്പുഴ: നട കൽപ്പനയുടെ വിയോഗം തെന്നിന്ത്യൻ സിനിമാ ലോകത്തിന്റെ മുഴുവൻ തേങ്ങലായി നിലനിൽക്കുകയാണ്. കൽപ്പനയെ ഇഷ്ടപ്പെട്ടിരുന്ന ആരാധകരുടെ ദുഃഖത്തോടൊപ്പം ആലപ്പുഴയിലെ രണ്ട് വയോധികജന്മങ്ങൾക്കു ഈ വിയോഗം വിശ്വസിക്കാൻ സാധിച്ചിട്ടില്ല. മാസം തോറും തന്നെ തേടി സ്‌നേഹത്തിന്റെ രൂപത്തിൽ എത്തിയിരുന്ന 2000 രൂപ ഇനി അന്തർജ്ജനത്തിന് ലഭിക്കില്ല. കാണാൻ കൊതിയാകുന്നു എന്ന പറയുമ്പോൾ ഓടിയെത്തുന്ന താരം ഇനി ഉണ്ടാകില്ലെല്ലോ എന്ന നിരാശയിലാണ് റസിയ ബീവിയും. തുരുമ്പിച്ചൊരു ട്രങ്ക് പെട്ടിയുമെടുത്ത് റെയിൽവേ ട്രാക്കിൽ ജീവനൊടുക്കാൻ പോയ ചെല്ലമ്മ അന്തർജ്ജനത്തിന്റെയും അവരെ ജീവിതത്തിലേക്ക് തിരികെ വിളിച്ച റസിയ ബീവിയുടെയും കഥ കേരളം സ്‌നേഹത്തോടെ കേട്ടതാണ്. ഈ ജീവിതകഥ സിനിമയാക്കിയപ്പോഴാണ് കൽപ്പനയെ തേടി ദേശീയ പുരസ്‌ക്കാരം എത്തിയത്.

റസിയ ബീവിയുടെ ജീവിതത്തിലേക്ക് ചെല്ലമ്മ അന്തർജ്ജനം കടന്നുവന്നിട്ട് 16 വർഷം തികയുന്ന ഇന്നലെയായിരുന്നു കൽപ്പന ജീവിതത്തിൽ നിന്നും പടിയിറങ്ങിയത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ആറാം വാർഡിൽ താമസിക്കുന്ന റസിയ ബീവിക്കും ചെല്ലമ്മ അന്തർജ്ജനത്തിനും കല്പനയുമായുള്ള ബന്ധത്തിന് ഒരു ദേശീയ അവാർഡിനോളം വലിപ്പമുണ്ട്. റെയിൽവേ ട്രാക്കിലൂടെ ട്രങ്ക് പെട്ടിയുമായി മരണത്തിലേക്ക് നടന്നടുക്കുകയായിരുന്ന ചെല്ലമ്മ അന്തർജ്ജനത്തെ റസിയ ബീവി കാണുന്നത് യാദൃച്ഛികമായിട്ടായിരുന്നു.

പഞ്ചായത്തംഗം കൂടിയായ റസിയ അവരോട് വിവരം തിരക്കി. ഭർത്താവ് മരിച്ചതോടെ ഒറ്റപ്പെട്ട അന്തർജ്ജനത്തെ സ്‌നേഹത്തോടെ വിളിച്ച് സ്വന്തം വീട്ടിലേക്കു കൊണ്ടുവന്ന റസിയയ്ക്ക് അന്നുമുതൽ അന്തർജ്ജനം അമ്മയായി മാറി. തന്റെ പേരിലുള്ള മൂന്നുസെന്റ് അമ്മയുടെ പേർക്ക് എഴുതിവച്ച ശേഷം അവിടെ ചെറിയൊരു വീടുവച്ച് അമ്മയെ താമസിപ്പിച്ചു. ഭർത്താവിനും നാലു മക്കൾക്കുമൊപ്പമാണ് റസിയയുടെ താമസം.

മതത്തിന്റെ വേലിക്കെട്ടുകൾ പൊളിച്ചുമാറ്റിക്കൊണ്ട് റസിയയും അന്തർജ്ജനവും അന്ന് മാദ്ധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. 'തനിച്ചല്ല ഞാൻ' എന്ന പേരിൽ ജീവിതം പിന്നീടു സിനിമയായപ്പോൾ അന്തർജനമായി കെ.പി.എ.സി. ലളിതയും റസിയയായി കൽപനയും വേഷമിട്ടു. 77ൽ ബാലതാരമായി രംഗത്തെത്തിയ കൽപനയുടെ 39 വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ ആദ്യമായൊരു ദേശീയ അംഗീകാരത്തിനു റസിയ നിമിത്തമായി. റസിയയാകാൻ സംവിധായകൻ ബാബു തിരുവല്ല ഒരു നടിയെ മാത്രമാണ് കണ്ടുവച്ചത്, കൽപനയെ. കൽപന നിർദേശിച്ചത് സഹോദരി ഉർവശിയുടെ പേരും. 2012-13 ലെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം തേടിയെത്തിയ നിമിഷം കൽപന, ബാബുവിനെ സന്തോഷം അറിയിച്ചു. കാണികളുടെ കൈയടി നിർലോഭം ലഭിക്കുമ്പോഴും അകന്നുപോയ ഔദ്യോഗിക അംഗീകാരം ലഭിച്ചതിന്റെ അഭിമാനത്തിലായിരുന്നു കൽപന. ചിത്രത്തിനു മികച്ച ദേശീയോദ്‌ഗ്രഥനത്തിനുള്ള ബഹുമതിയും കിട്ടി. ഇതോടെ ചെല്ലമ്മ അന്തർജ്ജനത്തിന് പിറക്കാതെ പോയ രണ്ടാമത്തെ മകളായി കല്പന.

ചക്കര എന്നാണ് റസിയയെ കല്പന വിളിച്ചിരുന്നത്. അന്തർജ്ജനത്തിനും ഒരു പേരിട്ടു; പ്രാവ് ആദ്യമായി കണ്ട നാൾ മുതൽ എല്ലാ മാസവും ആയിരം രൂപ അന്തർജ്ജനത്തിനു വേണ്ടി റസിയ ബീവിയുടെ അക്കൗണ്ടിൽ കല്പന നിക്ഷേപിക്കുമായിരുന്നു. ദേശീയ അവാർഡ് കിട്ടിയതോടെ ഇത് രണ്ടായിരമാക്കി. ഈ മാസവും പണം ലഭിച്ചു. കല്പനയെ അവസാനമായി ഒന്നു കാണാൻ റസിയ പോവുന്നുണ്ട്. യാത്ര ചെയ്യാൻ കഴിയാത്തതിനാൽ അന്തർജ്ജനം തന്റെ പ്രിയ മകളുടെ ഓർമ്മയുംപേറി വീട്ടിൽത്തന്നെ ഉണ്ടാവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP