Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരളത്തിന്റെ ശാപം രാഷ്ട്രീയക്കാരുടെ പകപോക്കൽ മനോഭാവം; വിവാദങ്ങൾ വാർത്തകളിൽ ഇടംനേടാൻ; ആം ആദ്മി പാർട്ടിയിൽ പ്രതീക്ഷ: കൊച്ചൗസേഫ് ചിറ്റിലപ്പള്ളി മറുനാടൻ മലയാളിയോട്

കേരളത്തിന്റെ ശാപം രാഷ്ട്രീയക്കാരുടെ പകപോക്കൽ മനോഭാവം; വിവാദങ്ങൾ വാർത്തകളിൽ ഇടംനേടാൻ; ആം ആദ്മി പാർട്ടിയിൽ പ്രതീക്ഷ: കൊച്ചൗസേഫ് ചിറ്റിലപ്പള്ളി മറുനാടൻ മലയാളിയോട്

കേരളത്തിൽ വ്യവസായങ്ങൾ വാഴില്ലെന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞിരുന്ന കാലം. അന്നാണ് കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയെന്ന വ്യവസായി വി ഗാർഡ് സ്റ്റെബിലൈസർ എന്ന കമ്പനി തുടങ്ങി വിജയിപ്പിച്ചത്. പിൽക്കാലത്ത് തൊഴിലാളി സമരങ്ങൾ സ്വന്തം സ്ഥാപനത്തെയും ബാധിക്കുമെന്ന് വന്നപ്പോൾ അതിനെയും സമർത്ഥമായി മറികടക്കാൻ കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയെന്ന തന്ത്രശാലിയായ വ്യവസായിക്കായി. വരുമാനം കുമിഞ്ഞു കൂടുമ്പോൾ ടാക്‌സ് വെട്ടിക്കുന്ന തന്ത്രമൊന്നും പയറ്റാൻ കൊച്ചൗസേഫ് തയ്യാറായിരുന്നില്ല. കൃത്യമായി നികുതി സർക്കാർ ഖജനാവിലേക്ക് അടയ്ക്കുന്നതിൽ അദ്ദേഹം ശ്രദ്ധപുലർത്തി. പിൽക്കാലത്ത് സ്വന്തം വൃക്ക ദാനം ചെയ്ത് ചിറ്റിലപ്പള്ളി മലയാളികൾക്ക് മുന്നിൽ മഹനീയമായ മറ്റൊരു മാതൃക തീർത്തു. എന്നാൽ ഇടതുമുന്നണി നടത്തിയ ക്ലിഫ്ഹൗസ് സമരത്തെ പരസ്യമായി എതിർത്ത സന്ധ്യയെന്ന വീട്ടമ്മയ്ക്ക് അഞ്ച് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചതോടെ വിവാദ നായകനായും അദ്ദേഹം മാറി. ആം ആദ്മി പാർട്ടി ഇന്ത്യയിൽ തരംഗം തീർക്കുന്നതിനിടെ കേരളത്തിൽ ചിറ്റിലപ്പള്ളി സ്ഥാനാർഥിയാകുമെന്ന തരത്തിൽ പോലും വാർത്തകൾ വന്നു. ഈ സാഹചര്യത്തിൽ രാഷ്ട്രീയത്തെ കുറിച്ചും കേരളത്തിലെ ഇപ്പോഴത്തെ വ്യവസായ അന്തരീക്ഷത്തെ കുറിച്ചും കൊച്ചൗസേഫ് ചിറ്റിലപ്പള്ളി മറുനാടൻ മലയാളി ലേഖകൻ ശ്രീജിത്ത് ശ്രീകുമാരനുമായി സംസാരിക്കുന്നു.

  • 'വ്യവസായിയായ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി': താങ്കളുടെ ഈ വിജയത്തിന് പിന്നിൽ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് ദൈവത്തോടോ പരസ്യത്തോടോ?

ഞാൻ വലിയൊരു ദൈവവിശ്വാസിയൊന്നുമല്ല. ചെറുപ്പത്തിൽ രക്ഷിതാക്കളിൽ നിന്നും കിട്ടിയ അറിവ്, നേരേ വാ നേരേ പോ അതാണെന്റെ പോളിസി. സ്‌ട്രൈറ്റ് ഫോർവേഡായി മുന്നോട്ട് പോയാൽ മാത്രമേ വിജയം കൈവരിക്കുകയുള്ളൂ. അങ്ങിനങ്ങനെ കൊച്ചുകൊച്ചുകാര്യങ്ങൾ. ഏതൊരു കാര്യം ചെയ്യുമ്പോഴും കൃത്യനിഷ്ഠതയോട് കൂടിയും സത്യസന്ധമായും ചെയ്യുക. എല്ലാറ്റിനും ഉപരി ക്വാളിറ്റി വലിയൊരു ഘടകമാണ്. പരസ്യം ചെയ്താലൊന്നും മാർക്കറ്റ് വലുതാക്കാൻ പറ്റുമെന്ന് ഞാൻ കരുതുന്നില്ല. ഏറ്റവും വലുത് ക്വാളിറ്റിയും കസ്റ്റമർ സാറ്റിസ്ഫാക്ഷനുമാണ്. ഇത് രണ്ടുമില്ലാതെ എത്ര പരസ്യം ചെയ്തിട്ടും ഒരു കാര്യവുമില്ല. ഉദാഹരണത്തിന് പരസ്യം കണ്ടാണ് കുട്ടികൾ വണ്ടർലായിൽ വരുന്നതെന്ന് കരുതുക. അവിടുത്തെ ക്വാളിറ്റി മോശമാണെങ്കിൽ പിന്നെ അവർ അങ്ങോട്ട് വരില്ലല്ലോ. അവർ പോയി പത്ത് പേരോട് മോശം അഭിപ്രായം പറഞ്ഞാൽ ആ പത്ത് പേർ പിന്നെ അങ്ങോട്ട് വരില്ലല്ലോ? അവിടെയാണ് ഞാൻ മുമ്പ് പറഞ്ഞ കസ്റ്റമർ സാറ്റിസ്ഫാക്ഷന്റെ പ്രാധാന്യം.

  • കേരളം വ്യവസായങ്ങൾക്ക് പറ്റിയ ഒരിടമല്ലാതെ മാറിയെന്നൊരഭിപ്രായം താങ്കൾക്കുണ്ടോ?

ഞാനിപ്പോൾ 37 വർഷത്തോളമായി ഇവിടെ. പണ്ടൊക്കെയാണെങ്കിൽ ഫാക്ടറിക്കകത്തായിരുന്നു സമരം. ഇപ്പോൾ അതൊക്കെ വളരെ കുറവാണ്. ഒരു ഫാക്ടറി തൊഴിലാളികൾ സമരം ചെയ്ത് അടപ്പിക്കുന്നതൊക്കെ കുറവാണ്. ഇല്ല എന്നു തന്നെ വേണമെങ്കിൽ പറയാം. എന്നിട്ടും കേരളത്തിൽ ഇൻവെസ്റ്റ്‌മെന്റ് നടക്കുന്നില്ല. ഇവിടെ ധാരാളം വിദ്യാസമ്പന്നരായ പ്രൊഫഷണൽസ് ഉണ്ട്. ബാംഗ്ലൂരിന്റെയൊക്കെ പത്തിൽ ഒന്നുപോലും ഐടി വരുമാനം ഇവിടെയില്ല. അതിന് കാരണം വ്യവസായികൾക്ക് ഒരു വിശ്വാസക്കുറവ് ആണ്. അടിക്കടിയുണ്ടാകുന്ന ഹർത്താലുകൾ, വഴി തടയൽ സമരം ഇതാണ് പ്രധാന പ്രശ്‌നമായി ഞാൻ കാണുന്നത്. നിങ്ങൾ നോക്കൂ ടൂറിസത്തിനൊക്കെ വളരെ സാധ്യതയുള്ള ഒരു സ്റ്റേറ്റാണിത്. ഒരു ടൂറിസ്റ്റ് എറണാകുളത്ത് വന്നിറങ്ങി ആലപ്പുഴയിലേക്ക് പോകാൻ കരുതുന്നെങ്കിൽ അവിടെ ചിലപ്പോൾ ഹർത്താലായിരിക്കും. പിന്നെങ്ങിനെ വ്യവസായം വളരും. ഇപ്പോൾ ഇതാ ഇന്ന് തന്നെ (7-1-14) ആലത്തൂർ ഹർത്താലാണ്. അത് ആഹ്വാനം ചെയ്തിരിക്കുന്നതോ? ഭരണകക്ഷിയായ കോൺഗ്രസും. അപ്പോൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കാര്യത്തിൽ ഭരണകക്ഷിയും പ്രതിപക്ഷവും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലെന്ന് ഞാൻ കരുതുന്നു. രാഷ്ട്രീയകക്ഷികൾ തമ്മിലുള്ള പകപോക്കലിനായി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയെന്ന ഒരു സംസ്‌കാരം ഇവിടെ രൂപപ്പെട്ട് കഴിഞ്ഞു. അതാണ് കേരളത്തിന്റെ ഒരു ശാപം എന്ന് ഞാൻ കരുതുന്നു.

  • എന്തുകൊണ്ടാണ് നമ്മുടെ കേരളത്തിൽ ഇത്രമാത്രം വിവാദങ്ങൾ ഉണ്ടാകുന്നതെന്നാണ് താങ്കൾ കരുതുന്നത്?

പ്രധാനമായും മാദ്ധ്യമങ്ങളുടെ ഒരു കടന്ന് വരവ് തന്നെയാണ് വിവാദങ്ങൾക്ക് കാരണം. ഇവിടെ എന്തുമാത്രം ചാനലുകളും പത്രങ്ങളും ഇന്റർനെറ്റ് മീഡിയായുമാണ് ഉള്ളത്. ആ വാർത്തകളിൽ കയറിപ്പറ്റാൻ വേണ്ടിയാണ് വിവാദങ്ങൾ ഉണ്ടാക്കുന്നത്. വെറും 15 പേർ മാത്രമുള്ള ഒരു പാർട്ടി വിചാരിച്ചാൽ പോലും വാർത്തയുണ്ടാക്കാൻ കഴിയുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഞാൻ ഒരു വിഷയം ഉണ്ടാക്കിയാൽ എന്റെ മുഖവും മാദ്ധ്യമങ്ങളിൽ വരും. അത് മുതലെടുത്ത് ഒരുതരം ധാർഷ്ഠ്യം കാണിക്കുന്ന പ്രവണതയാണ് ഇപ്പോൾ കണ്ടുവരുന്നത്. ഇതല്ലാതെ വലിയ പ്രശ്‌നങ്ങൾ ഒന്നും കേരളത്തിൽ ഇപ്പോഴില്ല.

  • സാധാരണക്കാരനെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നങ്ങളോട് ജനം കുറച്ച് രൂക്ഷമായി പ്രതികരിച്ചാൽ അതിനെ കുറ്റംപറയാനാകുമോ?

ഇവിടെ പെട്രോളിന് വില കൂടിയാൽ ബിജെപി അടക്കം ദേശീയ ഹർത്താലിന് ആഹ്വാനം ചെയ്യും. ബിജെപി ഭരിച്ചിരുന്ന ബാംഗ്ലൂരിൽ ഒരു കുഴപ്പവുമില്ല. ഞങ്ങൾക്ക് ബാംഗ്ലൂരിലും ആക്ടിവിറ്റീസ് ഉണ്ടല്ലോ. ബിജെപി ഭരിക്കുന്ന അവിടെ ഒരുപ്രശ്‌നവും അനുഭവപ്പെട്ടിട്ടില്ല. അവർക്ക് ഒരു എംഎൽഎ പോലുമില്ലാത്ത കേരളത്തിൽ പക്ഷേ, ഈ ജീവിതം താറുമാറായി. ഈ പ്രവണത അവസാനിപ്പിക്കണം എന്നേ ഞാൻ പറയുന്നുള്ളൂ. സമരങ്ങളുടെ എല്ലം ഒരു വിളനിലമായി കേരളം മാറിയെന്ന് വേണമെങ്കിൽ പറയാം. എന്ത്‌കൊണ്ട് ബാംഗ്ലൂരിൽ ഹർത്താൽ വിജയിക്കുന്നില്ല? എന്ത്‌കൊണ്ട് ഡൽഹിയിൽ ഇല്ല? എന്തുകൊണ്ട് ബോംബെയിൽ വിജയിക്കുന്നില്ല? അതിനെക്കുറിച്ച് നാം ചിന്തിക്കണം.

  • ഇങ്ങനെ വലിയ പ്രശ്‌നങ്ങൾ നടക്കുമ്പോൾ സമരമേ വേണ്ട എന്നാണോ താങ്കളുടെ നിലപാട്?

പ്രതികരണം വേണ്ട എന്നല്ല ഞാൻ പറയുന്നത്. നമ്മുടെ രാഷ്ട്രപിതാവ് തന്നെ കാണിച്ചു തന്ന നിരവധി മാർഗ്ഗങ്ങൾ ഉണ്ട്. സമരങ്ങൾ എപ്പോഴും സ്വയം വേദനിച്ചായിരിക്കണം. മറ്റുള്ളവരെ വേദനിപ്പിച്ചാകരുത്. ഇവിടെ മറ്റുള്ളവരെ വേദനിപ്പിച്ച് അഹങ്കാരം കൊള്ളുകയാണ്. അവർ എന്ത് നേടി എന്ന് ചിന്തിക്കണം. ഹർത്താൽ വേണ്ടെന്ന് ഹൈക്കോടതിയും സുപ്രീംകോടതിയും വരെ പറഞ്ഞിട്ടും ഒരു കുറവും കാണുന്നില്ല. ഇത് കേരളത്തിൽ മാത്രമുള്ള പ്രവണതയായാണ് ഞാൻ കാണുന്നത്. 

  • ഇനി ആം ആദ്മി പാർട്ടിയിലേക്ക് വരാം. ആം ആദ്മിയുടെ കടന്ന് വരവ് രാഷ്ട്രീയത്തിൽ ഗുണപരമായ വല്ല മാറ്റവും ഉണ്ടാക്കുമെന്ന് താങ്കൾ കരുതുന്നുണ്ടോ?

കുറേ കാലമായി ഇനി ഒരു പ്രതീക്ഷയില്ല എന്ന ഒരു തോന്നലായിരുന്നു ബഹുഭൂരിക്ഷം പേർക്കും. ഇന്ന് ഇടതുപക്ഷത്തിരിക്കുന്നവൻ രാജിവച്ചാൽ ഉടൻ സ്വീകരിക്കാൻ വലതുപക്ഷം തയ്യാറാണ്. അപ്പുറത്ത് നിന്ന് ഇങ്ങോട്ടും അങ്ങിനെ തന്നെ. ശെൽവരാജിന്റെ കാര്യത്തിൽ കണ്ടതും അതുതന്നെയാണ്. അപ്പോൾ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് ഒരുവിലയും ഇല്ലാതായിരിക്കുന്നു. ആത്യന്തികമായി ഇടതുംവലതും ഒന്നാണ്. കേന്ദ്രത്തിലും മറിച്ചല്ല സ്ഥിതി. അധികാരത്തിൽ പിടിച്ചുനിൽക്കാൻ തത്വങ്ങൾ ബലികഴിക്കുകയാണിവിടെ. ഈ സാഹചര്യത്തിലാണ് ആം ആദ്മി പാർട്ടിയുടെ കടന്നുവരവ് നമ്മൾ വായിക്കേണ്ടത്. ഭൂരിപക്ഷം വരുന്ന മധ്യവർഗം അവരെ സ്വീകരിച്ചതിൽ തെറ്റ് പറയാനില്ല. ഇനി ആം ആദ്മി എങ്ങനെ പ്രവർത്തിക്കും എന്ന് നോക്കിയായിരിക്കും ജനം വിലയിരുത്തുക. ജനങ്ങളുടെ ഫ്രസ്‌ട്രേഷനിൽ നിന്നാണ് ആം ആദ്മി വിജയിച്ചതെന്ന് അവർ മറക്കരുത്.

  • ഞാൻ ചോദിച്ച ഗുണപരമായ മാറ്റം എന്താണെന്ന് പറഞ്ഞില്ലല്ലോ?

അതിലേക്കാണ് വരുന്നത്. ആം ആദ്മി പാർട്ടി ഒരു പ്രതീകമാണ്. അവർ ഉയർന്ന് വന്നപ്പോൾ ബാക്കിയുള്ള പാർട്ടികളും സ്വയം തിരുത്താൻ ശ്രമിക്കുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഉമ്മൻ ചാണ്ടി ഓട്ടോയിൽ പോകുന്നു. ചിലർ കാറിന് മുകളിലെ ചുവന്ന ലൈറ്റ് എടുത്ത് മാറ്റുന്നു. ജനങ്ങളുടെ മേൽ ചവിട്ടി മെതിച്ച് നടന്നവർ ഇപ്പോൾ പേടിച്ച് തുടങ്ങിയിട്ടുണ്ട്. ജനാധിപത്യത്തിന് അതിന്റേതായിട്ടുള്ള പവർ ഉണ്ട്. താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ അവിടെ വേറെ ആരോ കയറി ഇരിക്കുമെന്ന പഴമൊഴിയുണ്ടല്ലോ? (ചിരിക്കുന്നു) ഈ പ്രകാശ് കാരാട്ടൊക്കെ ഡൽഹിയിൽ തത്വം പറഞ്ഞ് നടക്കാൻ തുടങ്ങിയിട്ട് വർഷം കുറെയായില്ലേ. അവർക്ക് കഴിയാത്തത് ആം ആദ്മിക്ക് കഴിഞ്ഞുവെന്നത് തന്നെ വലിയൊരു കാര്യമല്ലേ. ഇതെല്ലാം തന്നെയാണ് ആ ഗുണപരമായ മാറ്റവും. ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാതെ ഗുണ്ടകൾ പോലുള്ള കുറേ പ്രവർത്തകരുടെ കാര്യം മാത്രം നോക്കി നടക്കരുതെന്ന മുന്നറിയിപ്പാണ് ആം ആദ്മി നൽകുന്നത്.

  • താങ്കൾ ഭാവിയിൽ ആം ആദ്മി പാർട്ടിയുടെ ഒരു പ്രവർത്തകനാകാൻ സാധ്യതയുണ്ടോ?

ഞാൻ ഒരു ബിസിനസുകാരനാണ്. വ്യവസായിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയം അവന്റെ സമ്പാദ്യം നഷ്ടപ്പെടുത്തുന്ന ഒന്നാണ്. ബിസിനസുകാരന് യോജിച്ചതല്ല രാഷ്ട്രീയം എന്നാണ് ഞാൻ കരുതുന്നത്. ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങിയാലും ആളുകൾ പറയും അത് ലാഭമുണ്ടാക്കാൻ വേണ്ടിയാണെന്ന്. അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിൽ ഭാവിയില്ലെന്ന് കരുതുന്ന ഒരാളാണ് ഞാൻ. ആം ആദ്മി പാർട്ടിയുടെ ഭാവിപ്രവർത്തനം നോക്കി അവരെ സപ്പോർട്ട് ചെയ്യണോ എന്ന് തീരുമാനിക്കും. കേരളത്തിൽ ആം ആദ്മി പാർട്ടി പിടിക്കുന്ന വോട്ടുകൊണ്ട് മറ്റൊരു പാർട്ടിക്ക് ഗുണമുണ്ടാകുന്ന അവസ്ഥയാണെങ്കിൽ എനിക്ക് ഒരുപക്ഷേ, അവരെ സപ്പോർട്ട് ചെയ്യാനാകില്ല. കണ്ടിടത്തോളം ആം ആദ്മി പാർട്ടി മറ്റുള്ളവരെ അപേക്ഷിച്ച് എത്രയോ ഭേദമാണെന്ന് പറയാം. ഇന്ത്യയിലെ ജനങ്ങൾക്ക് സുഖമായി ജീവിക്കാനാവശ്യമായ വിഭവങ്ങൾ ഇവിടെത്തന്നെയുണ്ട്. ഭരണ-പ്രതിപക്ഷകക്ഷികൾ ചേർന്ന് അതെല്ലാം കട്ടുമുടിക്കുകയാണ്. എന്നിട്ടത് വിദേശത്തേക്ക് കടത്തുകയാണ്. പട്ടിണിപ്പാവങ്ങളുടെ പേര് പറഞ്ഞ് നടക്കുന്ന നേതാക്കന്മാരുടെ വീടിന്റെ സ്‌ക്വയർഫീറ്റ് അളന്ന് നോക്കിയാൽ മതി എല്ലാം മനസ്സിലാകും. ഇതിനെല്ലാം ഒരു മാറ്റം വന്നേ മതിയാകൂ.


തുടരും........

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP