Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അലക്‌സാണ്ടർ ലിറ്റ്‌വിൻനെൻകോയെ കൊന്നത് പുട്ടിൻ നേരിട്ട് നിർദ്ദേശം നൽകിയിട്ടെന്ന് കണ്ടെത്തി ബ്രിട്ടൻ; പാശ്ചാത്യ ശക്തികളും റഷ്യയും തമ്മിലുള്ള പ്രശ്‌നം വീണ്ടും വഷളാകുന്നു

അലക്‌സാണ്ടർ ലിറ്റ്‌വിൻനെൻകോയെ കൊന്നത് പുട്ടിൻ നേരിട്ട് നിർദ്ദേശം നൽകിയിട്ടെന്ന് കണ്ടെത്തി ബ്രിട്ടൻ; പാശ്ചാത്യ ശക്തികളും റഷ്യയും തമ്മിലുള്ള പ്രശ്‌നം വീണ്ടും വഷളാകുന്നു

സിറിയയിൽ ഐസിസിനെതിരെ റഷ്യ ബോംബാക്രമണം തുടങ്ങിയ സമയത്ത് തന്നെ പാശ്ചാത്യ ശക്തികൾക്ക് യോട് അൽപം അസൂയ കലർന്ന നീരസം ആരംഭിച്ചിരുന്നു. തങ്ങൾ മാസങ്ങൾക്ക് മുമ്പ് തന്നെ തുടങ്ങിയ വ്യോമാക്രമണം കൊണ്ട് ചെയ്യാൻ സാധിച്ചതിനേക്കാൾ ദിവസങ്ങൾക്കകം റഷ്യ ഐസിസിനെതിരെ ചെയ്തതിൽ അവർക്കെല്ലാം അസൂയയായിരുന്നു.

എന്നാൽ പിന്നീട് സിറിയയിൽ റഷ്യയുടെ അപ്രമാദിത്വം അംഗീകരിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ നിർബന്ധിതരാവുകയായിരുന്നു. പിന്നീട് റഷ്യൻ വിമാനം തുർക്കി വെടിവച്ചിട്ടതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ വാക് യുദ്ധം തുടങ്ങിയപ്പോൾ പാശ്ചാത്യ രാജ്യങ്ങളും നാറ്റോയും തുർക്കിയുടെ പക്ഷത്തായിരുന്നു. അന്ന് മൂന്നാം ലോക മഹായുദ്ധത്തിന് തിരികൊളുത്തപ്പെട്ട സാഹചര്യം സംജാതമാകാൻ എല്ലാ വിധ സാധ്യതകളും തെളിഞ്ഞ് വരുകയും ചെയ്തിരുന്നു. പിന്നീട് അമേരിക്ക തങ്ങളുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വരെ റഷ്യൻ പ്രസിഡന്റ് വ്‌ലാദിമെർ പുട്ടിൻ തുറന്നടിച്ചിരുന്നു. ഇത്തരത്തിൽ ഒരു ശീതയുദ്ധത്തിന് എല്ലാവിധ സാധ്യതകളും ശക്തമായിക്കൊണ്ടിരിക്കെ അതിനെ ത്വരിതപ്പെടുത്താനെന്ന വണ്ണം റഷ്യയ്‌ക്കെതിരെ പുതിയ ആരോപണവുമായി ഇപ്പോഴിതാ ബ്രിട്ടൻ രംഗത്തെത്തിയിരിക്കുന്നു.

ബ്രിട്ടനിൽ വച്ച് റഷ്യൻ ചാരൻ അലക്‌സാണ്ടർ ലിറ്റ്‌വിൻനെൻകോ കൊല്ലപ്പെട്ടത് പുട്ടിൻ നേരിട്ട് നിർദ്ദേശം നൽകിയതിനെ തുടർന്നാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നാണ് ബ്രിട്ടൻ തുറന്നടിച്ചിരിക്കുന്നത്. ഇതോടെ പാശ്ചാത്യ ശക്തികളും റഷ്യയും തമ്മിലുള്ള പ്രശ്‌നം വീണ്ടും വഷളായിരിക്കുകയാണ്.

പുട്ടിൻ കുട്ടികളെ പീഡിപ്പിക്കുന്ന ആളാണെന്ന് അഥവാ പെഡോഫയലാണെന്ന് അലക്‌സാണ്ടർ ആരോപിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ കൊല്ലാൻ പുട്ടിൻ മുൻകൈയെടുത്തതെന്നാണ് ഇന്നലെ ബ്രിട്ടൻ വെളിപ്പെടുത്തിയിരിക്കുന്നത്.തുടർന്ന് ആഴ്ചകൾക്കകം അദ്ദേഹം ചായയിൽ റേഡിയോ ആക്ടീവ് പൊളോണിയം 210 കലർത്തി കൊല്ലപ്പെടുകയായിരുന്നു. 2006ൽ ലണ്ടനിലെ ഹോട്ടലിൽ വച്ചായിരുന്നു അദ്ദേഹത്തിന് വിഷം നൽകിയത്. മുൻ റഷ്യൻ ചാരനായ അലക്‌സാണ്ടർ എം16ൽ ജോയിന്റ് ചെയ്തിരുന്നു. താനെഴുതിയ ഒരു ലേഖനത്തിലാണ് അദ്ദേഹം പുട്ടിൻ കുട്ടികളെ പീഡിപ്പിക്കുന്നയാളാണെന്ന് എഴുതിയിരുന്നത്. പ്രസിഡന്റ് ഒരു ബാലന്റെ വയറിൽ ചുംബിക്കുന്ന ചിത്രവും തെളിവിനായി അദ്ദേഹം പുറത്ത് വിട്ടിരുന്നു.പുട്ടിൻ ബാലപീഡകനാണെന്ന് തെളിയിക്കുന്ന വീഡിയോ ചൂണ്ടിക്കാട്ടിയും അലക്‌സാണ്ടർ അദ്ദേഹത്തെ കുറ്റപ്പെടുത്തിയിരുന്നു. ഇക്കാരണങ്ങളാൽ പുട്ടിൻ , അലക്‌സാണ്ടറെ ഇല്ലാതാക്കാനായി മിക്കവാറും ഉത്തരവിട്ടിരിക്കാമെന്നാണ് അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച സർ റോബർട്ട് ഓവൻ ഇതു സംബന്ധിച്ച തന്റെ റിപ്പോർട്ടിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. അലക്‌സാണ്ടറുടെ പെട്ടെന്നുള്ള മരണകാരണം അതായിരിക്കാമെന്നാണ് റോബർട്ട് പറയുന്നത്.

റോബർട്ടിന്റെ നിർണായകമായ വെളിപ്പെടുത്തലുകളെ തുടർന്ന് റഷ്യയും ബ്രിട്ടനും തമ്മിലുള്ള അന്താരാഷ്ട്ര നയതന്ത്ര കലഹം രൂക്ഷമായിട്ടുണ്ട്. അലക്‌സാണ്ടറുടെ മരണത്തെക്കുറിച്ച് റോബർട്ട് നടത്തിയ സ്വതന്ത്രാന്വേഷണത്തിൽ പുട്ടിനെ പ്രതിയാക്കുന്ന നിരവധി കാര്യങ്ങളാണ് തെളിഞ്ഞിരിക്കുന്നതെന്നതാണ് ഇതിന്റെ കാരണം. തന്റെ മരണശയ്യയിൽ വച്ചും അലക്‌സാണ്ടർ പുട്ടിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. രണ്ട് എഫ്എസ്ബി ചാരന്മാരെ കൊണ്ടാണ് പുട്ടിൻ അലക്‌സാണ്ടറെ ചായയിൽ വിഷം കലർത്തി കൊല്ലിച്ചതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. സെൻട്രൽ ലണ്ടനിലെ മേഫെയർ ഹോട്ടലിൽ വച്ചായിരുന്നു ഈ കൊലപാതകം അരങ്ങേറിയത്.റോബർട്ടിന്റെ റിപ്പോർട്ടിലൂടെ വെളിപ്പെട്ടിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന സത്യമാണെന്നാണ് കാമറോൺ ഇന്നലെ പ്രതികരിച്ചിരിക്കുന്നത്. എന്നാൽ സിറിയയിൽ ഐസിസുമായുള്ള പോരാട്ടത്തിൽ റഷ്യയുമായി നല്ല രീതിയിലുള്ള ബന്ധം അനിവാര്യമാണെന്നും ഇന്നലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ പ്രതികരിച്ചു. അലക്‌സാണ്ടറുടെ മരണത്തിന് പുറകിൽ പുട്ടിനാണെന്ന് അന്നേ തെളിഞ്ഞിരുന്നുവെന്നും അതിനെ തുടർന്ന് അന്നത്തെ ലേബർ സർക്കാർ 2007ൽ വേണ്ട രീതിയിൽ ഇതിനോട് പ്രതികരിച്ചിരുന്നുവെന്നു കാമറോൺ പറയുന്നു. ഇതുമായി ബന്ധപ്പെട്ട പ്രതികളെ പിടിക്കാൻ ഇന്റർപോൾ വാറന്റിറക്കിയതിലൂടെയും ബ്രിട്ടനിലെ അവരുടെ വസ്തുവകകൾ മരവിപ്പിക്കാൻ ഉത്തരവിട്ടതിലൂടെയും ബ്രിട്ടീഷ് സർക്കാർ ഇപ്പോൾ ചെയ്തിരിക്കുന്നത് ശരിയായ കാര്യമാണെന്നും കാമറോൺ പറയുന്നു.

എന്നാൽ ഈ വിവാദമായ റിപ്പോർട്ട് പുറത്ത് വന്നതോടെ റഷ്യയും ബ്രിട്ടനും തമ്മിലുള്ള വാക് യുദ്ധം കൊഴുക്കുകയാണ്. അത്തരത്തിലുള്ള വിശ്വസനീയമല്ലാത്ത ഒരു അന്വേഷണത്തിലൂടെ കണ്ടെത്തിയ കാര്യങ്ങൾ പെരുപ്പിച്ച് പറഞ്ഞതിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ തകരാറിലാകുമെന്നാണ് പുട്ടിന്റെ വക്താവ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. പുതിയ കണ്ടെത്തലിനെ തുടർന്ന് ബ്രിട്ടൻ റഷ്യയ്ക്ക് മുകളിൽ ഉപരോധം ഏർപ്പെടുത്തണമെന്നാണ് അലക്‌സാണ്ടറുടെ വിധവ ഇന്നലെ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ബ്രിട്ടന്റെ സെക്യൂരിറ്റി സർവീസുകളുടെ കഴിവില്ലായ്മയെ വെള്ള പൂശുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് റഷ്യൻ അംബാസിഡർ പ്രതികരിച്ചതും കനത്ത പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. അലക്‌സാണ്ടറുടെ കൊലപാതകം റഷ്യ സ്‌പോൺസർ ചെയ്തതാണെന്ന് വരുത്തിത്തീർക്കാനുള്ള ബ്രിട്ടന്റെ ശ്രമം അസ്വീകാര്യമാണെന്നാണ് റഷ്യൻ അംബാസിഡറായ അലക്‌സാണ്ടർ യാകൊവെൻകോ പറയുന്നത്.

അലക്‌സാണ്ടർ ലിറ്റ്‌വിൻനെൻകോയുടെ ചായയിൽ റേഡിയോ ആക്ടീവ് പൊളോണിയം 210 കലർത്തി നൽകിയത് റഷ്യൻ ചാരന്മാരായ അൻഡേരി ലുഗോവോയ്, ദിമിത്രി കോവ്ടൺ എന്നിവരാണെന്നാണ് എൻക്വയറി ചെയർമാൻ സർ റോബർട്ട് ഇന്നലെ പ്രസ്താവിച്ചിരിക്കുന്നത്. അസാധാരണമായ 320 പേജുകളുള്ള അന്വേഷണ റിപ്പോർട്ടാണ് റോബർട്ട് ഇതോടനുബന്ധിച്ച് പുറത്തിറക്കിയിരിക്കുന്നത്. മോസ്‌കോയിലെ എഫ്എസ്ബി ഇന്റലിജൻസ് സർവീസിന്റെ നിർദ്ദേശത്തോടെയാണ് ഈ ഗൂഢാലോചന നടന്നതെന്നും റോബർട്ട് കണ്ടെത്തിയിട്ടുണ്ട്. എഫ്എസ്ബി നടത്തിയ ഈ നീക്കം മിക്കവാറും എഫ്എസ്ബി തലവൻ നിക്കോളൈ പട്രുഷെവ്, പുട്ടിൻ എന്നിവരുടെ അറിവോടെയാണെന്നും റിപ്പോർട്ട് സമർത്ഥിക്കുന്നു.ഇത്തരത്തിലുള്ള ഒരു കൊലപാതകം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നാണ് ബ്രിട്ടീഷ് ഹോംസെക്രട്ടറി തെരേസ മേ പ്രതികരിച്ചിരിക്കുന്നത്. റഷ്യൻ അംബാസിഡറെ ഇതിനെ തുടർന്ന് ഫോറിൻ ഓഫീസിലേക്ക് വിളിച്ച് വരുത്തിയിട്ടുണ്ടെന്നും അവർ എംപിമാരോട് പറഞ്ഞു. ഇതിനെ തുടർന്നാണ് ഇത് ബ്രിട്ടീഷ് സെക്യൂരിറ്റി സർവീസുകളെ വെള്ളപൂശാനുള്ള ശ്രമമാണെന്ന് റഷ്യൻ അംബാസിഡർ പ്രതികരിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP