Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോസ് കെ മാണിക്ക് ഇനി ധൈര്യമായി നിരാഹാര സമരം പിൻവലിക്കാം; സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി പൂർണ്ണമായും നിരോധിച്ച് കേന്ദ്ര സർക്കാർ; വില ഇടവിൽ നട്ടം തിരിയുന്ന റബ്ബർ കർഷകർക്ക് താൽകാലിക ആശ്വാസം

ജോസ് കെ മാണിക്ക് ഇനി ധൈര്യമായി നിരാഹാര സമരം പിൻവലിക്കാം; സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി പൂർണ്ണമായും നിരോധിച്ച് കേന്ദ്ര സർക്കാർ; വില ഇടവിൽ നട്ടം തിരിയുന്ന റബ്ബർ കർഷകർക്ക് താൽകാലിക ആശ്വാസം

കോട്ടയം: റബ്ബർ കർഷകർക്ക് ആശ്വാസമെത്തിക്കാനായി കേരളാ കോൺഗ്രസ് എംപി ജോസ് കെ മാണി നടത്തുന്ന നിരാഹാരം ഉടൻ അവസാനിപ്പിച്ചേക്കും. റബ്ബർ കർഷകർക്ക് താൽകാലിക ആശ്വാസമായി സ്വാഭാവിക റബറിന്റെ ഇറക്കുമതി കേന്ദ്രസർക്കാർ നിരോധിച്ചു. മാർച്ച് 31 വരെയാണ് നിരോധനം. ജനുവരി 21 മുതൽ മാർച്ച് 31 വരെ റബർ ഇറക്കുമതി നിരോധിക്കുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് അറിയിച്ചു. ചെന്നൈ, നഹാവ ഷെവാ എന്നീ രണ്ടു തുറമുഖളിൽ കൂടി മാത്രം ഇറക്കുമതിയെന്നു തീരുമാനിച്ചതിനു പിന്നാലെയാണ് ഇറക്കുമതി താൽക്കാലികമായി നിരോധിച്ചത്. അതുകൊണ്ട് തന്നെ ലക്ഷ്യം പാതി വിജയിച്ചെന്ന അഭിമാനത്തോടെ ജോസ് കെ മാണിക്ക് നിരാഹാരം അവസാനിപ്പിക്കാം.

സ്വാഭാവിക റബ്ബർ് ഇറക്കുമതി നിരോധിച്ച് വാണിജ്യമന്ത്രാലയത്തിലെ വിദേശ വ്യാപാര ഡയറക്ടര് ജനറല്(ഡി.ജി.എഫ്.ടി.) വ്യാഴാഴ്ച ഉത്തരവിറക്കി. റബ്ബറിന്റെ വിലത്തകർച്ചമൂലം പൊറുതിമുട്ടുന്ന കർഷകരെ സഹായിക്കാനാണ് കേന്ദ്രം ഈ തീരുമാനമെടുത്തത്. ഇറക്കുമതി ആറുമാസത്തേക്ക് നിരോധിക്കുമെന്ന് വാണിജ്യമന്ത്രി നിര്മല സീതാരാമന് നേരത്തേ കേരള എംപി.മാർക്ക് ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഇറക്കുമതി ചെന്നൈ, മുംബൈ തുറമുഖങ്ങളിലൂടെ മാത്രമാക്കി കൊണ്ടുള്ള ഉത്തരവാണ് ബുധനാഴ്ച പുറത്തുവന്നത്. എന്നാൽ, ഇത് ഗുണം ചെയ്യില്ല എന്ന് കണ്ടാണ് ഇറക്കുമതിക്ക് താത്കാലിക നിയന്ത്രണം കൊണ്ടുവന്നത്.

ജോസ് കെ മാണിയുടെ നിരാഹാരം നാലാം ദിവസം പിന്നിട്ടതും ഇതിന് കാരണമായി. ഇതോടെ ജോസ് കെ. മാണിയുടെ ജീവൻ രക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് പ്രവർത്തർ പ്രധാനമന്ത്രിക്കും കേന്ദ്ര വാണിജ്യ മന്ത്രിക്കും കത്തുകളും, എസ്.എം.എസും അയക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി കോട്ടയം നഗരത്തിൽ ബുധനാഴ്ച യുവജനകൂട്ടായ്മ സംഘടിപ്പിച്ചു. അതിനിടെ ജോസ് കെ. മാണി എംപിയെ പരിശോധിച്ച ഡോക്ടർമാരുടെ സംഘം ആരോഗ്യനില തൃപ്തികരമല്ലെന്ന് അറിയിച്ചു. ഇതോടെയാണ് അടിയന്തര നടപടികൾ കേന്ദ്ര സർക്കാർ എടുത്തതെന്നും സൂചനയുണ്ട്. കഴിഞ്ഞയാഴ്ച ക്രൈസ്തവ സഭയുമായി സംസാരിച്ച കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയോട് റബ്ബറിന്റെ വിലത്തകർച്ച വിഷയം സഭയും ഉയർത്തിയിരുന്നു.

റബ്ബറിന്റെ വില നൂറിലും താഴേയ്ക്കു പതിച്ചതോടെ റബ്ബർ ഉപജീവനമാർഗമായ മലയോരപ്രദേശങ്ങൾ കടുത്ത മാന്ദ്യത്തിലായിരുന്നു. വില പിടിച്ചുനിർത്താൻ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള സന്ദർശനത്തിനിടെ ഉറപ്പുനൽകിയിരുന്നു. താങ്ങുവിലയിലൂടെ മാത്രം റബ്ബറിന്റെ വില ഉയർത്താൻ കഴിയില്ലെന്നും കേന്ദ്ര സർക്കാർ തിരിച്ചറിഞ്ഞു. ഇറക്കുമതി നിരോധനത്തിന് മാത്രമേ എന്തെങ്കിലും ആശ്വാസം എത്തിക്കാൻ കഴിയൂവെന്ന വിലയിരുത്തലും അംഗീകരിക്കപ്പെട്ടു. കേന്ദ്ര ബജറ്റിൽ പ്രതിസന്ധിയുടെ രൂക്ഷത തിരിച്ചറിഞ്ഞുള്ള പ്രഖ്യാപനങ്ങൾ റബ്ബർ കർഷകർക്കായി കേന്ദ്ര സർക്കാർ നടത്തുമെന്നും വിലയിരുത്തലുണ്ട്. അതിന്റെ സൂചനയാണ് താൽക്കാലിക ഇറക്കുമതി നിരോധനം.

ആഭ്യന്തരവിപണിയിലെ റബർ വിലയിടിവ് പിടിച്ചുനിർത്താൻ പുതിയ തീരുമാനം സഹായിക്കും. നിലവിൽ രാജ്യത്തെ 39 തുറമുഖങ്ങൾ വഴിയാണ് റബ്ബർ ഇറക്കുമതി നടക്കുന്നത്. യുപിഎ സർക്കാരിന്റെ തീരുമാനങ്ങളുടെ ഫലമായി കഴിഞ്ഞ വർഷം മാത്രം 3 ലക്ഷം ടൺ റബ്ബറാണ് ഭാരതത്തിലേക്ക് ഇറക്കുമതി ചെയ്തത്. ഇതോടെയാണ് ആഭ്യന്തരവിപണിയിലെ റബ്ബർവിലയിൽ വൻ തകർച്ച ഉണ്ടായത്. വിലയിടിവ് തടയുന്നതിനായാണ് കേന്ദ്രസർക്കാർ റബർ ഇറക്കുമതി നിരോധിക്കുന്നതെന്ന് കേന്ദ്ര സർക്കാർ വിശദീകരിച്ചു. കേന്ദ്രവാണിജ്യമന്ത്രാലയം ഇറക്കുമതി നിയന്ത്രിച്ചത് ചെറുകിട റബ്ബർ കർഷകരെ സംരക്ഷിക്കുന്നതിനായാണെന്നും മന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.

വിലയിടിഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയ്ക്ക് കേന്ദ്രതീരുമാനത്തോടെ വലിയ പരിഹാരമാകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. അന്താരാഷ്ട്ര വിപണിയിൽ നിന്നുള്ള റബർ ഇറക്കുമതി നിലയ്ക്കുന്നതോടെ ആഭ്യന്തരവിപണിയിലെ റബ്ബറിന് കൂടുതൽ വില ലഭിക്കുന്നതിനും സാധ്യതയുണ്ടാകുമെന്നാണ് വിലയിരുത്തൽ. റബർ കർഷകരുടെ പ്രശ്‌നങ്ങളിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് കേരളാ കോൺഗ്രസ് എം എംപി ജോസ് കെ മാണി കോട്ടയം തിരുനക്കരയിൽ അനിശ്ചിതകാല നിരാഹാര സമരം തുടരുന്നത്. ജോസ് കെ മാണിയുടെ സമരത്തിനെതിരെ കേന്ദ്രസർക്കാർ കണ്ണടച്ചാൽ യുഡിഎഫ് ഈ സമരം ഏറ്റെടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. അതിനിടെയാണ് കേന്ദ്ര തീരുമാനം വരുന്നത്. ഈ സാഹചര്യത്തിൽ നിരാഹാരത്തിൽ ഇന്ന് തീരുമാനം എടുക്കുമെന്ന് ജോസ് കെ മാണി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP