Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കർത്താവിന്റെ ദാസനായ നരേന്ദ്രമോദി - സൺഡേ ശാലോമിന്റെ മുഖപ്രസംഗം

കർത്താവിന്റെ ദാസനായ നരേന്ദ്രമോദി - സൺഡേ ശാലോമിന്റെ മുഖപ്രസംഗം

രേന്ദ്രമോദി സർക്കാർ ഒരു മാസം പിന്നിട്ടു കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പുഫലം നൽകിയ ഞെട്ടലിൽനിന്ന് പലരും വിമോചിതരായിട്ടില്ല. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം കിട്ടുമെന്ന് ബിജെപി.യോ തോൽവിയുണ്ടായാലും ഇത്രയും വലിയ തകർച്ചയുണ്ടാകുമെന്ന് കോൺഗ്രസോ വിചാരിച്ചിട്ടുണ്ടാവില്ല. ബിജെപി.യുടെ വളർച്ച ഇന്ത്യയുടെ മതേതരത്വ സംസ്‌കാരത്തിന്റെ തകർച്ചയ്ക്ക് കാരണമാകുമെന്ന് ഭയപ്പെട്ടിരുന്നവരെല്ലാം കോൺഗ്രസ് ജയിക്കുന്നതാണ് നാടിന് നല്ലതെന്ന് കരുതിയുട്ടുണ്ടാകാം. നാടിന്റെ നല്ല ഭാവിക്കുവേണ്ടി നല്ലൊരു സർക്കാർ ഉണ്ടാകണമെന്ന് ആഗ്രഹിച്ച് പ്രാർത്ഥിച്ചിട്ടുള്ളവരായിരിക്കും മിക്കവാറും എല്ലാ ക്രൈസ്തവവിശ്വാസികളും. നരേന്ദ്രമോദി പ്രധാനമന്ത്രിയായി, രാജ്യത്തിന്റെ ഭരണ നേതൃത്വം ഏറ്റെടുക്കുമ്പോൾ ചിലർക്കെങ്കിലും അവരുടെ പ്രാർത്ഥനകൾക്ക് ദൈവം ഉത്തരം തന്നില്ല എന്നു തോന്നാം. കാരണം, പ്രാർത്ഥനയ്ക്കുത്തരമായി അവർ പ്രതീക്ഷിച്ചത് നരേന്ദ്രമോദിയെ ആകണമെന്നില്ല, ചിലപ്പോൾ മറ്റാരെയെങ്കിലും ആയിരിക്കാം. അങ്ങനെയെങ്കിൽ ദൈവം നമ്മുടെ പ്രാർത്ഥന കേട്ടില്ല എന്നാണോ നാം അർത്ഥമാക്കേണ്ടത്? നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പുഫലത്തെയും അദ്ദേഹത്തിന്റെ സർക്കാരിനെയും ഒരു ക്രൈസ്തവ വിശ്വാസി എങ്ങനെയാണ് കാണേണ്ടത്?


എല്ലാ അധികാരങ്ങളും ദൈവത്തിൽനിന്ന് വരുന്നുവെന്നും അതിനാൽ ദൈവദത്തമായ അധികാരങ്ങളെ മാനിക്കണമെന്നും ബൈബിൾ പഠിപ്പിക്കുന്നുണ്ട്. ദൈവം അറിയാതെയും അനുവദിക്കാതെയും ഈ പ്രപഞ്ചത്തിൽ യാതൊന്നും സംഭവിക്കുന്നില്ല. തന്മൂലം നരേന്ദ്രമോദിയുടെ വിജയം ദൈവം അറിഞ്ഞും അനുവദിച്ചും ഉണ്ടായതാണ്. ദൈവം അനുവദിച്ചതാണെങ്കിൽ അതിനെക്കുറിച്ച് ദൈവത്തിനൊരു പദ്ധതിയും ഉണ്ടാകും.

എല്ലാ കാലഘട്ടങ്ങളിലുമുള്ള മനുഷ്യർ തങ്ങളുടെ അജ്ഞതയിലും അഹങ്കാരത്തിലും ''ദൈവം തങ്ങളുടെ മാത്രമാണെന്നും ദൈവം തങ്ങളിലൂടെ മാത്രമേ പ്രവർത്തിക്കുകയുള്ളൂവെന്നും'' ചിന്തിച്ചിട്ടുണ്ട്. യഹൂദർ വിചാരിച്ചു ഞങ്ങൾ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവരായതിനാൽ മറ്റു ജനതകളോട് ദൈവത്തിന് തങ്ങളോടുള്ളത്ര സ്‌നേഹവും പരിഗണനയും ഇല്ലെന്ന്. എന്നാൽ, ദൈവം സകലരുടെയും പിതാവും സ്രഷ്ടാവും ആണെന്നും മനുഷ്യരെല്ലാം സഹോദരങ്ങളാണെന്നും യേശു പഠിപ്പിച്ചു. യേശു മരിച്ചത് ക്രിസ്ത്യാനിക്കുവേണ്ടി മാത്രമല്ല, സകല മനുഷ്യർക്കും വേണ്ടിയാണ്. അതായത് എല്ലാ ജനതകളും സമൂഹങ്ങളും സമുദായങ്ങളും ദൈവത്തിന് പ്രധാനപ്പെട്ടതാണ്. ദൈവത്തെ അറിയാത്തവരെപ്പോലും ദൈവം തന്റെ ദൗത്യനിർവഹണത്തിനായി തിരഞ്ഞെടുക്കുന്ന സംഭവങ്ങൾ ബൈബിളിൽ ധാരാളമുണ്ട്. ഉദാഹരണത്തിന് ഏശയ്യാ 45 വായിച്ചു നോക്കുക. സൈറസ് ചക്രവർത്തിയെക്കുറിച്ച് ദൈവം പറയുന്നത് 'എന്റെ അഭിഷിക്തൻ' എന്നാണ്. ''രാജ്യങ്ങൾ കീഴടക്കുന്നതിനും രാജാക്കന്മാരുടെ അരപ്പട്ടകൾ അഴിക്കുന്നതിനും നഗരകവാടങ്ങൾ അടച്ചിടാതെ തുറന്നിടുന്നതിനുംവേണ്ടി ആരുടെ വലത് കൈ താൻ ഗ്രഹിച്ചിരിക്കുന്നുവോ, തന്റെ അഭിഷിക്തനായ ആ സൈറസിനോട് കർത്താവ് അരുളിച്ചെയ്യുന്നു: ഞാൻ നിനക്കുമുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചളവാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിന്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധിയും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും.''
സൈറസ് ചക്രവർത്തി വിജാതീയനായിരുന്നു. ദൈവത്തെ അറിയാത്തവനുമായിരുന്നു. എങ്കിലും ദൈവം തന്റെ പദ്ധതി നിർവഹിക്കാൻ തിരഞ്ഞെടുത്തത് അദ്ദേഹത്തെയാണ്.

''നസ്രത്തിൽനിന്ന് എന്തെങ്കിലും നന്മയുണ്ടാകുമോ?'' (യോഹ. 1:46) എന്നത് മനുഷ്യന്റെ പരിമിതമായ ബുദ്ധിയിൽ നിന്നുള്ള ചോദ്യമാണ്. ദൈവത്തിന് ആരിലൂടെ വേണമെങ്കിലും പ്രവർത്തിക്കാം. ശത്രുവെന്ന് നാം കരുതുന്നവരിലൂടെ പോലും നമ്മെ അനുഗ്രഹിക്കാം. കാരണം, എല്ലാ അധികാരികളുടെയും മുകളിലുള്ള അധികാരിയാണ് ദൈവം. തന്മൂലം സകലതും നന്മയാക്കാൻ കഴിവുള്ള കർത്താവിന് നരേന്ദ്രമോദി സർക്കാരിലൂടെ നമ്മുടെ നാടിനെയും സഭയെയും അനുഗ്രഹിക്കാൻ പറ്റും എന്ന ചിന്ത, ആശങ്കകൾ ഒഴിവാക്കി പ്രത്യാശയോടെ പ്രാർത്ഥിക്കാൻ നമ്മെ ശക്തിപ്പെടുത്തണം.

അധികാരം എപ്പോഴും ദുഷിപ്പിക്കുന്ന ഒന്നാണ്. ഒരേ പാർട്ടി തന്നെ തുടർച്ചയായി അധികാരം കൈയാളുമ്പോൾ അധികാര ദല്ലാളന്മാരും ഉദ്യോഗസ്ഥരും പ്രബലരാവുകയും ഭരണം ജീർണിക്കുകയും ചെയ്യുക സ്വാഭാവികമാണ്. അതുകൊണ്ട് അധികാരത്തിൽനിന്നും ഇടയ്ക്കിടെ മാറിനില്ക്കുന്നത് രാഷ്ട്രീയ പാർട്ടികളുടെ വിശുദ്ധീകരണത്തിനും ശക്തീകരണത്തിനും നല്ലതാണ്. അതിനാൽ, കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും പരാജയവും ഇന്ത്യയുടെ ജനാധിപത്യത്തിനും അതതു പാർട്ടികളുടെ നല്ല ഭാവിക്കും അത്യാവശ്യമാണ്. മാത്രമല്ല, ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷമില്ലാത്തതിനാൽ സഖ്യകക്ഷികളുടെയെല്ലാം ഇംഗിതത്തിനു വഴങ്ങി ഭരിക്കുന്ന ദേശീയ പാർട്ടികൾക്ക് ശക്തമായ ഭരണം കാഴ്ചവയ്ക്കുക സാധ്യമല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ദേശീയ പാർട്ടികൾ ദുർബലമാവുകയും പ്രാദേശിക പാർട്ടികൾ ശക്തരാവുകയും ചെയ്തതിനാൽ ഭരണത്തിൽ പങ്കാളിത്തമുള്ള പ്രാദേശിക പാർട്ടികളുടെ അഴിമതികളും സ്വാർത്ഥതയും രാജ്യത്തിന് വലിയ നഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇപ്രാവശ്യം കേവല ഭൂരിപക്ഷം ഒറ്റയ്ക്കുള്ള ഒരു പാർട്ടി ഭരിക്കുന്നതിനാൽ കൂടുതൽ കാര്യക്ഷമതയും ഊർജസ്വലതയും ഭരണത്തിനുണ്ടാകാൻ സാധ്യതയേറെയാണ്. അതിനാൽ ഈ തിരഞ്ഞെടുപ്പുഫലം ദൈവകരങ്ങളിൽ നിന്നും സ്വീകരിച്ച് പുതിയ സർക്കാരിന് കൂടുതൽ ദൈവകൃപ ലഭിക്കുവാൻ നാം പ്രാർത്ഥിക്കണം. ''എല്ലാ ഭക്തിയിലും വിശുദ്ധിയിലും ശാന്തവും സമാധാനപൂർണവുമായ ജീവിതം നയിക്കാൻ നമുക്കിടയാകത്തക്കവിധം രാജാക്കന്മാർക്കും ഉന്നതസ്ഥാനീയർക്കുംവേണ്ടി പ്രാർത്ഥിക്കണം. ഇത് ഉത്തമവും നമ്മുടെ രക്ഷകനായ ദൈവത്തിന്റെ മുന്നിൽ സ്വീകാര്യവും അത്രെ'' എന്ന സെന്റ് പോളിന്റെ വാക്കുകൾ ഇവിടെ സ്മരണീയമാണ് (1 തിമോത്തി 21:23).

പ്രലോഭനങ്ങളും സമ്മർദങ്ങളും നേരിടേണ്ടവരാണ് അധികാരികൾ. അവയെ അതിജീവിച്ച് നീതിബോധത്തോടും രാജ്യസ്‌നേഹത്തോടും കൂടി ഭരിക്കുവാൻ ഏറെ ഇച്ഛാശക്തിയും ജ്ഞാനവും വിവേകവും എല്ലാത്തിലുമുപരി ദൈവകൃപയും ആവശ്യമാണ്. അത് ലഭിക്കുവാൻ നാം നിരന്തരം പ്രാർത്ഥിക്കണം. കാരണം, ഒരു തീരുമാനം തെറ്റിപ്പോയാൽ രാജ്യം മുഴുവൻ അതിന്റെ വില കൊടുക്കേണ്ടിവരും. ഇക്കാരണത്താൽ നരേന്ദ്രമോദി സർക്കാരിനെയും പ്രാർത്ഥനയിൽ താങ്ങുക എന്നത് ഓരോ ക്രൈസ്തവവിശ്വാസിയുടെയും കടമയാണ്.

പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ച് പഠിപ്പിച്ചുകൊണ്ട് യേശു പറഞ്ഞു: ''ചോദിക്കുവിൻ, നിങ്ങൾക്ക് ലഭിക്കും. .... നിങ്ങളിൽ ഏതൊരു പിതാവാണ് മകൻ മീൻ ചോദിച്ചാൽ പകരം പാമ്പിനെ കൊടുക്കുക? മുട്ട ചോദിച്ചാൽ പകരം തേളിനെ കൊടുക്കുക. മക്കൾക്ക് നല്ല വസ്തുക്കൾ കൊടുക്കണമെന്ന് ദുഷ്ടരായ നിങ്ങൾ അറിയുന്നുവെങ്കിൽ, നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് തന്നോട് ചോദിക്കുന്നവർക്ക് എത്രയോ കൂടുതൽ നന്മകൾ നൽകും'' (മത്തായി 7:711).
രാജ്യത്തിന്റെ നന്മയ്ക്കും നല്ലൊരു സർക്കാരിനും വേണ്ടിയാണ് നാം പ്രാർത്ഥിച്ചതെങ്കിൽ, ദൈവം നൽകിയത് ഏറ്റവും നല്ലതു തന്നെയാണ് എന്ന് വിശ്വസിച്ചുകൊണ്ട് സ്‌നേഹത്തോടെ തിരഞ്ഞെടുപ്പുഫലത്തെ ദൈവകരങ്ങളിൽനിന്ന് സ്വീകരിക്കണം. ദൈവം ചെയ്യുന്നതെല്ലാം ശരിയാണ്. അവിടുത്തേക്ക് തെറ്റു പറ്റുകയില്ല. നന്മയെന്താണെന്നും നന്മ എങ്ങനെയാണ് പകരപ്പെടേണ്ടതെന്നും തീരുമാനിക്കുന്നത് ദൈവമാണല്ലോ.
കടപ്പാട് - സൺഡേ ശാലോം

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP