Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബൽറാമും രാജേഷും ഒരുമിച്ച് മുന്നേറി; നേരിയ വ്യത്യാസത്തിൽ വിജയം തൃത്താല എംഎൽഎയ്ക്ക് തന്നെ; വി ടി ബൽറാം മറുനാടൻ പ്രോമിസിങ് ലീഡർ പുരസ്‌ക്കാരം നേടിയത് ദശാംശം ഒമ്പത് ശതമാനം വ്യത്യാസത്തിന്; പി രാജീവ് മൂന്നാമതെത്തി

ബൽറാമും രാജേഷും ഒരുമിച്ച് മുന്നേറി; നേരിയ വ്യത്യാസത്തിൽ വിജയം തൃത്താല എംഎൽഎയ്ക്ക് തന്നെ; വി ടി ബൽറാം മറുനാടൻ പ്രോമിസിങ് ലീഡർ പുരസ്‌ക്കാരം നേടിയത് ദശാംശം ഒമ്പത് ശതമാനം വ്യത്യാസത്തിന്; പി രാജീവ് മൂന്നാമതെത്തി

തിരുവനന്തപുരം: കേരളത്തിന്റെ ജനനായകനായി രാഷ്ട്രീയപാരമ്പര്യം വേണ്ടുവോളമുള്ള പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെയാണ് മറുനാടൻ വായനക്കാർ തിരഞ്ഞെടുത്തത്. മറുനാടൻ പുരസ്‌ക്കാരത്തിൽ ജനനായക പുരസ്‌ക്കാരത്തെ പോലെ തന്നെ പ്രധാനപ്പെട്ട പുരസ്‌ക്കാരമാണ് കേരളത്തിലെ മികച്ച പ്രോമിസിങ് ലീഡർക്കുള്ള അവാർഡ്. അതിശക്തമായ മത്സരം നടന്ന ഈ വിഭാഗത്തിലെ പുരസ്‌ക്കാരം കോൺഗ്രസ് എംഎൽഎ വി ടി ബൽറാമാണ് കരസ്ഥമാക്കിയത്. നേരിയ വ്യത്യാസത്തിന് തൃത്താല എംഎൽഎ മറികടന്നത് പാലക്കാട് എംപിയും പാർലമെന്റിലെ സിപിഎമ്മിന്റെ ശക്തമായ ശബ്ദവുമായ എം ബി രാജേഷ് എംപിയെയാണ്.

നേരിയ വ്യത്യാസത്തിനാണ് മറുനാടന്റെ പ്രോമിസിങ് ലീഡറായി ബൽറാം മാറിയത്. ദശാംശം ഒമ്പത് ശതമാനത്തിന്റെ വ്യത്യാസത്തിലാണ് ബൽറാമിന്റെ വിജയം. സിപിഎമ്മിന്റെ തന്നെ മറ്റൊരു പ്രമുഖ നേതാവായ പി രാജീവ് മൂന്നാം സ്ഥാനത്തും ബിജെപി നേതാവ് വി വി രാജേഷ് നാലാം സ്ഥാനവും നേടി. കോൺഗ്രസ് നേതാവായ എം ലിജുവാണ് അഞ്ചാം സ്ഥാനത്ത്. 21 ദിവസം നീണ്ടുനിന്ന വോട്ടിംഗിന്റെ തുടക്കത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയ നേതാക്കൾ തമ്മിൽ കടുത്ത മത്സരമാണ് നടന്നത്.

ഓൺലൈൻ വോട്ടിംഗിന്റെ തുടക്കത്തിൽ പി രാജീവായിരുന്നു മുന്നിൽ നിന്നത്. പിന്നീടാണ് രാജേഷും ബൽറാമും മുന്നേറിയത്. ഒടുവിൽ മറുനാടൻ വോട്ടിങ് അവസാനിക്കുമ്പോൾ വി ടി ബൽറാം എംഎൽഎ 31.3 വോട്ടു നേടിയപ്പോൾ എം ബി രാജേഷിന് ലഭിച്ചത് 30.4 ശതമാനം വോട്ടുകളായിരുന്നു. മൂന്നാം സ്ഥാനത്തെത്തിയ സിപിഐ(എം) എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവിനെ 20.3 ശതമാനം പേർ അനുകൂലിച്ചു. 13.3 ശതമാനം പേർ വിവി രാജേഷിനെ പ്രൊമിസിങ് ലീഡറായി പരിഗണിച്ചപ്പോൾ എം ലിജുവിന് 4.6 ശതമാനം പേരുടെ പിന്തുണയേ ലഭിച്ചുള്ളൂ.

53232 പേരാണ് പ്രൊമിസിങ് ലീഡറെ കണ്ടെത്താനുള്ള മറുനാടൻ ഓൺലൈൻ വോട്ടിംഗിൽ പങ്കെടുത്തത്. ഇതിൽ 16656 പേർ വി ടി ബൽറാമാണ് രാഷ്ട്രീയ കേരളത്തിന്റെ ഭാവി ലീഡർ എന്ന് വിധിയെഴുതി. അതേസമയം 448 വോട്ടുകളുടെ വ്യത്യാസത്തിലാണ് എം ബി രാജേഷിന് ഒന്നാം സ്ഥാനം നഷ്ടമായതും. രാജേഷിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത് 16208 പേരാണ്. മൂന്നാം സ്ഥാനത്തെത്തിയ പി രാജീവിനെ 10800 വോട്ടുകൾ ലഭിച്ചപ്പോൾ ബിജെപി നേതാവ് വി വി രാജേഷിന് 7104 വോട്ടുകളും ലഭിച്ചു. 2464 പേരാണ് എം ലിജുവിനെ അവാർഡ് നൽകണമെന്ന അഭിപ്രായം പ്രകടിപ്പിച്ചത്.

മറുനാടൻ അവാർഡിന്റെ ആദ്യഘട്ടത്തിൽ വായനക്കാർ നോമിനേറ്റ് ചെയ്ത അഞ്ച് പേരാണ് പ്രോമിസിങ് ലീഡർ പട്ടികയിൽ ഫൈനലിസ്റ്റായത്. ഇവരിൽ നിന്നും ഓൺലൈൻ വോട്ടിങ് നടത്തിയാണ് വി ടി ബൽറാമിനെ വിജയിയായി പ്രഖ്യാപിച്ചത്. ഡിസംബർ 15ാം തീയതി മുതലാണ് മികച്ച ലീഡറെ കണ്ടെത്താനുള്ള വോട്ടിങ് ആരംഭിച്ചത്. ജനുവരി 5ന് വരെയായിരുന്നു വോട്ട് ചെയ്യാനുള്ള സമയം. കേരളത്തിലെ യുവ രാഷ്ട്രീയ നേതാക്കളിൽ പ്രമുഖനും സംവാദപ്രിയവുമായി വി ടി ബൽറാം കോൺഗ്രസിലെ ശ്രദ്ധേയ യുവമുഖമായാണ് അറിയപ്പെടുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റെതായ സാന്നിധ്യം അറിയിക്കാൻ സാധിച്ചു എന്നതാണ് ബൽറാമിന് പുരസ്‌ക്കാരത്തിന് അർഹനാക്കിയത്.

ഗ്രൂപ്പുകളിച്ചാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റും നേതാവ് പദവിയും ലഭിക്കുന്ന കോൺഗ്രസ് സംസ്‌ക്കാരത്തിനിടെയിൽ ടാലന്റ് ഹണ്ടിലൂടെ യൂത്ത് കോൺഗ്രസ് നേതൃത്വത്തിലേക്കെത്തുകയും ജനകീയ നേതാവായി വളരുകയും ചെയ്ത വ്യക്തിയാണ് വി ടി ബൽറാം. ഇടതു കോട്ടയായ തൃത്താല നിയമസഭയിൽ നിന്നും അട്ടിമറി വിജയം നേടിയ വി ടി ബൽറാം ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റെ ജനസമ്മതി വർദ്ധിപ്പിച്ചു കഴിഞ്ഞു. പുരോഗമന ആശയങ്ങൾ കൊണ്ടും നിലപാടു കൊണ്ടും ഇടതു അനുഭാവികളുടെ പോലും കൈയടി നേടിയ എംഎൽഎയാണ് വി ടി ബൽറാം.

എംഎൽഎ എന്ന നിലയിൽ തൃത്താല മണ്ഡലത്തിൽ നിരവധി വികസന പ്രവർത്തനങ്ങൾ കൊണ്ടുവന്ന ബൽറാം മണ്ഡലത്തിൽ കക്ഷിഭേദമന്യേ ഏവരുടെയും കൈയടി നേടുകയും ചെയ്തു. കക്ഷിഭേദമന്യേ യുവാക്കളെ ആകർഷിക്കാൻ കഴിയുന്ന ലീഡറായി ബൽറാം വളർന്നിട്ടുണ്ട്. തന്റെ നിലപാടുകൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ച് യുവാക്കളെ ആകർഷിക്കാൻ ബൽറാമിനായി. സോഷ്യൽ മീഡിയയുടെ സ്വന്തം എംഎൽഎ എന്ന് വേണമെങ്കിൽ ബൽറാമിനെ വിശേഷിപ്പിക്കാം. മതനേതാക്കളെ കണ്ട് വണങ്ങുന്ന നേതാക്കളുടെ ശീലത്തെ വിമർശിച്ച് ബൽറാം കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകളോട് പ്രത്യേകിച്ചും താൽപ്പര്യം കാണിക്കാത്ത വ്യക്തിത്വമാണ്. ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതമായി രാഷ്ട്രീയ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന വ്യക്തികൂടിയാണ് അദ്ദേഹം. നിയമസഭയിൽ അടക്കം യുവാക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സജീവമായി ഇടപെട്ട വ്യക്തി കൂടിയാണ് തൃത്താല എംഎൽഎ.

ബൽറാമിന്റെ സാമൂഹിക ഇടപെടലുകൾക്കുള്ള അംഗീകാരമാണ് മറുനാടൻ മലയാളിയുടെ പ്രൊമിസിങ് ലീഡർ പുരസ്‌ക്കാരം. നേരിയ വ്യത്യാസത്തിന് ബൽറാം മുന്നിലെത്തിയതെങ്കിലും സിപിഎമ്മിന്റെ വളർന്നുവരുന്ന നേതാക്കളിലെ പ്രമുഖനാണ് രണ്ടാം സ്ഥാനത്തെത്തിയ എം ബി രാജേഷ് എംപി. രാജ്യത്തിന്റെ ശ്രദ്ധ ആകർഷിക്കുന്ന വിവിധ വിഷയങ്ങൾ അദ്ദേഹം പാർലമെന്റിൽ അവതരിപ്പിച്ചു. പാർലമെന്റിൽ സജീവമായി ഇടപെടൽ നടത്തുന്ന എംപിയാണ് രാജേഷ്. കേരളത്തിലെ നേതൃപാടവവും അറിവും ഉള്ള നേതാക്കളിൽ ഏറ്റവും ശ്രദ്ധേയനായ വ്യക്തിത്വം കൂടിയാണ് രാജേഷ്.

മറുനാടൻ അവാർഡ്‌സ് 2015ലെ രണ്ടാമത്തെ പുരസ്‌ക്കാരമാണ് പ്രൊമിസിങ് ലീഡർ പുരസ്‌ക്കാരം. ഇത് കൂടാതെ എട്ട് പുരസ്‌ക്കാരങ്ങൾ കൂടി വരും ദിവസങ്ങളിൽ മറുനാടൻ പ്രഖ്യാപിക്കുന്നതാണ്. ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങിയ മറുനാടൻ പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്യുന്ന തീയ്യതി പിന്നീട് തീരുനിക്കുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP