Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീരനുമായി ഇനി അനുനയത്തിന് കോൺഗ്രസ് ശ്രമിക്കില്ല; ഇടതു മുന്നണിയിലേക്ക് ചേക്കേറാൻ കെപി മോഹനനും സമ്മതം; കൃഷിമന്ത്രി സ്ഥാനം ഉടൻ രാജിവയ്ക്കും; സിപിഐ(എം)-ജെഡിയു ചർച്ചകൾ സൗഹൃദ പാതയിൽ

വീരനുമായി ഇനി അനുനയത്തിന് കോൺഗ്രസ് ശ്രമിക്കില്ല; ഇടതു മുന്നണിയിലേക്ക് ചേക്കേറാൻ കെപി മോഹനനും സമ്മതം; കൃഷിമന്ത്രി സ്ഥാനം ഉടൻ രാജിവയ്ക്കും; സിപിഐ(എം)-ജെഡിയു ചർച്ചകൾ സൗഹൃദ പാതയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഇടതുമുന്നണിയിലേക്കുള്ള കൂടുമാറ്റത്തിന് കൃഷി മന്ത്രി കെപി മോഹനനും യോജിപ്പെന്ന് സൂചന. ഇതോടെ എംപി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദൾ യുണൈറ്റഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇടതുമുന്നണിയിലേക്ക് തിരിച്ചുവരുമെന്ന് ഉറപ്പായി. മാത്യു ടി തോമസിന്റെ നേതൃത്വത്തിലെ ജനതാദൾ സെക്കലുറുമായി ലയിക്കാതെയാകും വീരന്റെ ഇടത് മുന്നണിയിലേക്കുള്ള മടങ്ങി വരവ്. ഈ സാഹചര്യത്തിലാണ് യുഡിഎഫ് നേതൃത്വവുമായി ജനതാദൾ യുണൈറ്റഡ് അകലം പാലിക്കുന്നത്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഈ നീക്കത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

അതിനിടെ വീരേന്ദ്രകുമാർ മുന്നണി വിട്ടാലും കുഴപ്പമില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. ആർഎസ്‌പി ഉറച്ചു നിൽക്കുന്നതിനാൽ ഭരണം വീഴില്ല. ഇനി സർക്കാർ അട്ടിമറിക്കപ്പെട്ടാലും നിയമസഭാ തെരഞ്ഞെടുപ്പിന് ആറു മാസമേ ബാക്കിയുള്ളൂ. അതുകൊണ്ട് ഭരണം അട്ടിമറിക്കാൻ ഇടതു പക്ഷം ശ്രമിക്കില്ലെന്നും യുഡിഎഫ് കണക്ക് കൂട്ടുന്നു. ജെഡിയുവും കോൺഗ്രസുമായി നടത്തിയ ഉഭയകക്ഷി ചർച്ച അലസി പിരിഞ്ഞിരുന്നു. ഇതെല്ലാം മുന്നണി വിടാനായി ബോധപൂർവ്വം ചെയ്യുന്നതെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. കെപി മോഹനനും യുഡിഎഫിന് എതിരാണെന്ന് മുഖ്യമന്ത്രി തിരിച്ചറിഞ്ഞിട്ടുണ്ട്.

കൃഷിമന്ത്രി കെ.പി.മോഹനൻ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ നിന്ന് ജനുവരി അവസാനിക്കുന്നതിന് മുൻപായി രാജിവെക്കുമെന്നാണ് സൂചന. കൃഷിമന്ത്രിക്ക് പുറമെ എം വി ശ്രേയാംസ്‌കുമാറാണ് ജനതാദൾ യുവിന്റെ മറ്റൊരു എംഎൽഎ. വീരേന്ദ്രകുമാറിന്റെ മകനായ ശ്രേയംസ് കുമാറിനും ഇടതു പക്ഷത്തോടാണ് താൽപ്പര്യം. ആലപ്പുഴയിലെ സിപിഐ(എം) സമ്മേളന വേദിയിലും ശ്രേയംസ് കുമാർ എത്തിയിരുന്നു. എന്നാൽ കെപി മോഹനന്റെ മനസ്സ് അനുകൂലമാകാത്തതിനാൽ മുന്നണി മാറ്റം താമസിക്കുകയായിരുന്നു. 2009ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോഴിക്കോട് സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് എംപി. വീരേന്ദ്രകുമാർ ഇടതുമുന്നണി വിടുന്നതും, യുഡിഎഫിനൊപ്പം ചേക്കേറുന്നതും.

തുടർന്ന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്ട് വീരേന്ദ്രകുമാറിനെ യുഡിഎഫ് തോൽപ്പിച്ചു എന്നാരോപിച്ച് തുടങ്ങിയ പ്രശ്‌നങ്ങളാണ് ഇപ്പോൾ വീരനെ തിരികെ ഇടതുമുന്നണിയിലേക്കെത്തിക്കുന്നത്. പാലക്കാട്ടെ തോൽവിക്ക് കാരണക്കാരായവരെ കോൺഗ്രസ് സംരക്ഷിക്കുന്നുവെന്നതാണ് വീരേന്ദ്ര കുമാറിന്റെ പ്രധാന പരാതി. ഇത് ആയുധമാക്കി തന്നെയാകും മുന്നണിയിൽ നിന്ന് പുറത്തുവരിക. ഇടതുമുന്നണി പ്രവേശനത്തിനു മുന്നോടിയായിട്ടാണ് ജനതാദൾ നേതാവ് വീരേന്ദ്രകുമാറും, സിപിഐഎം പൊളിറ്റ് ബ്യൂറോ മെംബർ പിണറായി വിജയനും വേദി പങ്കിടുന്നത്.

വീരേന്ദ്രകുമാർ രചിച്ച് സിപിഐഎമ്മിന്റെ നിയന്ത്രണത്തിലുള്ള ചിന്താ പബ്ലിക്കേഷൻ പുറത്തിറക്കുന്ന 'ഇരുൾ പരക്കുന്ന കാലം' എന്ന പുസ്തകത്തിന്റെ പ്രകാശനമാണ് ഇന്ന് വൈകിട്ട് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടക്കുന്നത്. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ചിന്താ പബ്ലിക്കേഷന്റെ നീക്കം രാഷ്ട്രീയം വച്ചാണെന്നും വ്യക്തമാണ്. എന്നാൽ വീരേന്ദ്ര കുമാർ മുന്നണി വിട്ടാലും ഉമ്മൻ ചാണ്ടി സർക്കാരിന് ഭരണ പ്രതിസന്ധിയുണ്ടാകില്ല. നിലവിൽ 73 അംഗങ്ങളുടെ പിന്തുണ ഉമ്മൻ ചാണ്ടി സർക്കാരിനുണ്ട്. ഇതിൽ ജനതാദള്ളിലെ രണ്ട് പേർ പോയാലും ഭരണം വീഴില്ല. ഈ സാഹചര്യത്തിൽ വീരേന്ദ്ര കുമാറിനെ അനുനയിപ്പിക്കാൻ അതിരവിട്ടതൊന്നും ചെയ്യേണ്ടെന്ന നിലപാടിലാണ് കോൺഗ്രസ്.

വീരേന്ദ്ര കുമാറിന്റെ പാർട്ടി മുന്നണി വിട്ടു പോയാൽ അത്രയും സീറ്റുകളിൽ കോൺഗ്രസിന് മത്സരിക്കാനും കഴിയും. വടകര അടക്കമുള്ള സോഷ്യലിസ്റ്റ് ജനതയുടെ സീറ്റുകളിൽ പ്രാദേശിക വികാരങ്ങൾ ഉൾക്കൊണ്ട് സ്വതന്ത്രരെ മത്സരിപ്പിക്കാനും നീക്കമുണ്ട്. കെപി മോഹനൻ സ്ഥാനം ഒഴിഞ്ഞാൽ പകരം മന്ത്രിയെ നിയോഗിക്കുന്ന കാര്യത്തിൽ യുഡിഎഫിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കെപിസസി അധ്യക്ഷൻ വി എം സുധീരനുമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

കോട്ടയത്ത് സോണിയ ഗാന്ധിയെ കാണാൻ ജനതാദൾ യു തയ്യാറായിരുന്നില്ല. അതിന് പിന്നാലെയാണ് ഉഭയ കക്ഷി ചർച്ച പൊളിഞ്ഞതും. ഇതിനു മുമ്പു നടത്തിയ ഉഭയകക്ഷി ചർച്ചയുടെ തീരുമാനങ്ങൾ നടപ്പിലാക്കട്ടെ അതിനു ശേഷം ബാക്കി കാര്യങ്ങൾ ചർച്ച ചെയ്യാമെന്നായിരുന്നു ജനതാദൾ (യു)വിന്റെ നിലപാട്. തദ്ദേശ തെരഞ്ഞെടുപ്പിൽ താഴെത്തട്ടിൽ തങ്ങളെ കാലുവാരി തോൽപ്പിച്ചുവെന്നും ജനതാദൾ യു നേതാക്കൾ ആരോപിച്ചു. വീരേന്ദ്രകുമാറിന്റെ പാലക്കാട്ടെ തോൽവി അന്വേഷിച്ച കമ്മിഷൻ റിപ്പോർട്ട് തയാറായിട്ടും ഇതുവരെ പുറത്തു വിട്ടിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു.

താനും പിണറായി വിജയനുമായി ഒരു പ്രശ്‌നവുമില്ല. തങ്ങൾ ഒരുമിച്ച് ദീർഘനാൾ ജയിലിൽ കിടന്നിട്ടുണ്ടെന്നും വീരേന്ദ്ര കുമാറും പറയുന്നു. ഇതെല്ലാം ഇടതു മുന്നണിയിലേക്കുള്ള പോക്കിന്റെ സൂചനയായാണ് വിലയിരുത്തുന്നത്. ജനതാദൾ യുവിന്റെ അടുത്ത യോഗമാകും ഇക്കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP