Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടതി വിധി വഴി ഉറപ്പായത് പതിനായിരത്തിൽ അധികം അദ്ധ്യാപക ഒഴിവുകൾ; ലക്ഷങ്ങൾ വിലപേശി നിയമന കച്ചവടത്തിന് തുടക്കം; എൽപി സ്‌കൂൾ അദ്ധ്യാപകൻ ആവാൻ 10 ലക്ഷവുമായി ക്യൂ നിൽക്കുന്നത് ആയിരങ്ങൾ: സർക്കാർ അപ്പീലിന് മടിച്ചതോടെ ഇനി മാനേജ്‌മെന്റുകൾക്ക് കൊയ്ത്തുകാലം

കോടതി വിധി വഴി ഉറപ്പായത് പതിനായിരത്തിൽ അധികം അദ്ധ്യാപക ഒഴിവുകൾ; ലക്ഷങ്ങൾ വിലപേശി നിയമന കച്ചവടത്തിന് തുടക്കം; എൽപി സ്‌കൂൾ അദ്ധ്യാപകൻ ആവാൻ 10 ലക്ഷവുമായി ക്യൂ നിൽക്കുന്നത് ആയിരങ്ങൾ: സർക്കാർ അപ്പീലിന് മടിച്ചതോടെ ഇനി മാനേജ്‌മെന്റുകൾക്ക് കൊയ്ത്തുകാലം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ അദ്ധ്യാപക നിയമന കര്യാത്തിൽ അദ്ധ്യാപക - വിദ്യാർത്ഥി അനുപാതത്തിന് കേന്ദ്രമാനദണ്ഡം പാലിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്‌കൂൾ മാനേജ്‌മെന്റുകൾക്ക് ചാകര ആകുകയാണ്. ഹൈക്കോടതിയുടെ വിധി അനുസരിച്ച് പതിനായിരത്തിൽ അധികം അദ്ധ്യാപക ഒഴിവുകളാണ് വരുന്നത്. സംസ്ഥാന സർക്കാർ വിധിക്കെതിരെ അപ്പീൽ പോകാൻ മടിക്കുന്ന സാഹചര്യത്തിൽ ഓരോ തസ്തികയ്ക്കും ലക്ഷങ്ങൾ വാങ്ങി വിലപേശി നിയമന കച്ചവടത്തിന് ഒരുങ്ങുകയാണ് എയ്ഡഡ് സ്‌കൂൾ മാനേജേ്‌മെന്റുകൾ.

പതിനായിരത്തോടെ അദ്ധ്യാപക തസ്തികകൾ ഒഴിവു വരുമ്പോൾ പുതുതായി 60 തസ്തിക വരെയുണ്ടാകുന്ന വൻകിട എയ്ഡഡ് സ്‌കൂളുകളുണ്ട്. കോടതി വിധി നൽകിയ ബലത്തിൽ നിയമനം നടത്താനുള്ള കോപ്പുകൂട്ടുകയാണ് സ്‌കൂളുകൾ. ആവശ്യക്കാരായി എത്തുന്നവരുമായി പണത്തിന്റെ കാര്യത്തിൽ വിലപേശലാണ് നടത്തുന്നത്. സർക്കാർ അപ്പീൽ നൽകാതിരുന്നാൽ ഏറ്റവും വലിയ വിദ്യാഭ്യാസ കച്ചവടമാകും നടക്കുക. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മതനേതാക്കളെ കൂടി തൃപ്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ സർക്കാർ ഈ വിഷയത്തിൽ തന്ത്രപരമായ മൗനം പാലിക്കുന്നത്.

അദ്ധ്യാപക വിദ്യാർത്ഥി അനുപാതം എൽ.പിയിൽ 1:30 ആയും യു.പിയിൽ 1:35 ആയും കുറയ്ക്കണമെന്നണു കോടതിവിധി. നിലവിലുള്ള സാഹചര്യത്തിൽ അനുപാതം കുറച്ചാൽ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ പതിനായിരത്തോളം അദ്ധ്യാപക തസ്തികകളാണ് പുതുതായി ഉണ്ടാകുക. ഇതിൽ മൂവായിരത്തിൽ താഴെ മാത്രമാകും സർക്കാർ സ്‌കൂളുകളിലുണ്ടാകുന്ന ഒഴിവുകൾ. അദ്ധ്യാപക പാക്കേജ് അനുസരിച്ച് 1:45 ആണ് നടത്താനുള്ള അദ്ധ്യാപകവിദ്യാർത്ഥി അനുപാതം. ഒരു ക്ലാസിൽ 51 കുട്ടികളുണ്ടെങ്കിൽ മാത്രമേ രണ്ടാമത്തെ ഡിവിഷൻ തുടങ്ങാൻ അനുമതിയുള്ളൂ.

2011 മുതൽ മാനേജ്‌മെന്റുകൾ നടത്തിയ നിയമനങ്ങൾ അംഗീകരിക്കുന്നതിനായി അദ്ധ്യാപകവിദ്യാർത്ഥി അനുപാതം താൽക്കാലികമായി കുറച്ചിരുന്നു. അദ്ധ്യാപകരുടെ രാജി, മരണം, റിട്ടയർമെന്റ്, ഉദ്യോഗക്കയറ്റം എന്നിവ വഴിയുണ്ടായ ഒഴിവുകൾ നികത്താൻ വേണ്ടിയായിരുന്നു ഇത്. പുതിയ നിയമനങ്ങൾക്ക് 1:45 എന്ന അനുപാതം നിർബന്ധമാണെന്നും അദ്ധ്യാപക പാക്കേജിൽ വ്യക്തമാക്കിയിരുന്നു. അദ്ധ്യാപക വിദ്യാർത്ഥി അനുപാതം എൽ.പിയിൽ 1:30 ആയും യു.പിയിൽ 1:35 ആയും മാറുന്നതോടെ എൽ.പിയിൽ ഒരു ക്ലാസിൽ 31 കുട്ടികളുണ്ടെങ്കിൽ പുതിയ ഡിവിഷനും യു.പിയിൽ 36 കുട്ടികളുണ്ടെങ്കിൽ അടുത്ത ഒരു ഡിവിഷനും ഉണ്ടാകും. സംസ്ഥാനത്താകെ ഒന്നു മുതൽ പത്താം ക്ലാസ് വരെ 7282 എയ്ഡഡ് സ്‌കൂളുകളാണ് ഉള്ളത്. ഈ സ്‌കൂളുകളിലായി 22,13,045 വിദ്യാർത്ഥികളാണുള്ളത്. 4492 സർക്കാർ സ്‌കൂളുകളിലായി പഠിക്കുന്നത് 11,54,687 വിദ്യാർത്ഥികളാണ്.

പുതുതായുണ്ടാകുന്ന പതിനായിരത്തോളം അദ്ധ്യാപക തസ്തികകളിൽ ഏഴായിരവും എയ്ഡഡ് മേഖലയിലാകുമെന്നു വ്യക്തം. ഇതിന്റെ പ്രയോജനം കൂടുതൽ ലഭിക്കുക വൻകിട എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകൾക്കാണ്. കോർപ്പറേറ്റ് മാനേജ്‌മെന്റുകൾ നടത്തുന്ന സ്‌കൂളുകളിലാകും കൂടുതലായി തസ്തികകൾ ഉണ്ടാകുക. കോടതി വന്നതോടെ മാനേജ്‌മെന്റുകൾ വൻതോതിൽ അദ്ധ്യാപക നിയമനം തുടങ്ങിക്കഴിഞ്ഞു. നിയമനത്തിന് സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന വ്യവസ്ഥ റദ്ദാക്കപ്പെട്ടതും അവർക്കു തുണയായി. 25 ലക്ഷം രൂപയാണ് ഏറ്റവും കുറഞ്ഞ കോഴ.

കുട്ടികൾ കൂടുതലുള്ള മൂവായിരത്തിലധികം കോർപ്പറേറ്റ് മാനേജ്‌മെന്റ് സ്‌കൂളുകൾക്കാണ് ചാകര. ശരാശരി 25 ലക്ഷം വീതം വാങ്ങി നിയമനം നടത്തുന്നതോടെ ആയിരക്കണക്കിന് കോടിയാണ് മാനേജ്‌മെന്റുകൾക്ക് ലഭിക്കുന്നത്. ഇങ്ങനെ നിയമനം ലഭിക്കുന്നവർക്ക് ശമ്പളം നൽകാനുള്ള ബാധ്യത സർക്കാരിനും. അദ്ധ്യാപക പാക്കേജിലെ സുപ്രധാന വ്യവസ്ഥകൾ കോടതി റദ്ദാക്കിയെങ്കിലും അപ്പീൽ നൽകുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. അപ്പീൽ നൽകേണ്ടെന്ന ധാരണയാണ് അണിയറയിലുള്ളത്. ചരിത്രത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ കച്ചവടത്തിനാണ് കളം ഒരുങ്ങുന്നത്. ഇപ്പോൾ നിയമിക്കപ്പെടുന്ന അദ്ധ്യാപകർ പിന്നീട് കുട്ടികളുടെ എണ്ണം കുറയുന്നതു മൂലം പുറത്തുപോകേണ്ടി വന്നാലും അവരെ സംരക്ഷിക്കേണ്ട ബാധ്യതയും പണച്ചെലവും സർക്കാരിനാകും.

അതേസമയം പുതിയ വിധി വന്നതോടെ കഴിഞ്ഞ നാലു വർഷമായി സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽ ജോലി ചെയ്തു വരുന്ന രണ്ടായിരത്തിലധികം അദ്ധ്യാപകർക്ക് വിധിയിലൂടെ ആശ്വസമായിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ പതിനായിരങ്ങളാണ് കോഴ നൽകി അദ്ധ്യാപക നിയമനം നേടാൻ കാത്തു നിൽക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP