Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഖ്യമന്ത്രിക്കെതിരായ കത്ത് ചെന്നിത്തലയുടേതു തന്നെയെന്ന് ഹൈക്കമാൻഡ്; കത്തു വന്നത് ചെന്നിത്തലയുടെ ഇ മെയിലിൽ നിന്ന്; സ്ഥിരീകരണം വന്നത് ഉന്നതതല അന്വേഷണം സുധീരൻ ആവശ്യപ്പെട്ടതിനു പിന്നാലെ; ചാനൽ ചർച്ചകളിൽ അഭിപ്രായം പറഞ്ഞ ലാലി വിൻസെന്റിനും ചന്ദ്രശേഖരനും കെപിസിസിയുടെ വിമർശനം

മുഖ്യമന്ത്രിക്കെതിരായ കത്ത് ചെന്നിത്തലയുടേതു തന്നെയെന്ന് ഹൈക്കമാൻഡ്; കത്തു വന്നത് ചെന്നിത്തലയുടെ ഇ മെയിലിൽ നിന്ന്; സ്ഥിരീകരണം വന്നത് ഉന്നതതല അന്വേഷണം സുധീരൻ ആവശ്യപ്പെട്ടതിനു പിന്നാലെ; ചാനൽ ചർച്ചകളിൽ അഭിപ്രായം പറഞ്ഞ ലാലി വിൻസെന്റിനും ചന്ദ്രശേഖരനും കെപിസിസിയുടെ വിമർശനം

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ വിവാദ കത്ത് അയച്ചത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തന്നെയെന്ന് ഹൈക്കമാൻഡ്. ചെന്നിത്തലയുടെ ഇ മെയിലിൽ നിന്നാണ് കത്തു വന്നത്. തദ്ദേശ തെരഞ്ഞെടുപ്പു ഫലത്തിനുപിന്നാലെ ഡിസംബർ ഏഴാം തീയതിയാണു കത്തു ലഭിച്ചതെന്നും സ്ഥിരീകരിച്ചു.

കത്തിന്റെ ഉള്ളടക്കം പരിശോധിക്കുകയാണെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി. ആദ്യം ഇമെയിലായും പിന്നീട് ഡൽഹിയിലെത്തിയപ്പോൾ നേരിട്ടും കത്ത് കൈമാറി. എന്നാൽ കത്തിനെ മുൻനിർത്തി ആർക്കെതിരെയും നടപടിയെക്കുറിച്ച് ആലോചിക്കുന്നില്ലെന്നുമാണ് റിപ്പോർട്ട്.

കത്തിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഹൈക്കമാൻഡിൽ നിന്നുള്ള സ്ഥിരീകരണമുണ്ടായത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കത്ത് വ്യാജമെന്ന് പറഞ്ഞ സാഹചര്യത്തിലാണ് സുധീരൻ അന്വേഷണം ആവശ്യപ്പെട്ടത്.

യുഡിഎഫ് സർക്കാരിൽ അഴിമതി വ്യാപകമായെന്നും, മുഖ്യമന്ത്രി എന്ന നിലയിൽ ഉമ്മൻ ചാണ്ടിയുടെ പ്രതിച്ഛായ മോശമായെന്നും കാട്ടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാൻഡിന് അയച്ച കത്തിന്റെ പകർപ്പ് ഇന്നലെ മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിനെ തുടർന്ന് ഇന്നുചേർന്ന കെപിസിസി നിർവാഹക സമിതിയിലാണ് കത്തുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചകൾ നടന്നത്.

പതിനാറുവർഷം എഐസിസിയിൽ പ്രവർത്തിച്ചയാളാണ് താനെന്നും കോൺഗ്രസ് അധ്യക്ഷയോട് ഒരു കാര്യം എങ്ങനെ പറയണമെന്ന് അറിയാമെന്നും രമേശ് ചെന്നിത്തല യോഗത്തിൽ വ്യക്തമാക്കി. പല കാര്യങ്ങളിലും തനിക്ക് തന്റേതായ അഭിപ്രായം ഉണ്ടെന്നും പറയേണ്ട കാര്യങ്ങൾ പറയേണ്ടവരോട് തനിക്ക് പറയാൻ അറിയാമെന്നും കത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുവാൻ പൊലീസിന് നിർദ്ദേശം നൽകിയതായും രമേശ് ചെന്നിത്തല നിർവാഹക സമിതിയിൽ അറിയിച്ചു.

അതിനിടെ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്നു ഡൽഹിക്കു പോകുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിക്കു പോകുന്ന ചെന്നിത്തല ഹൈക്കമാൻഡുമായി ചർച്ച നടത്തുമെന്നും സൂചനയുണ്ട്. കത്തു വിവാദമായതോടെ ഉമ്മൻ ചാണ്ടിയെയും വി എം സുധീരനെയും ചെന്നിത്തലയെയും ഹൈക്കമാൻഡ് ഡൽഹിക്കു വിളിപ്പിച്ചിരുന്നു. 22ന് ഡൽഹിയിൽ എത്താനാണു നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ, അതിനു മുമ്പു തന്നെ ഹൈക്കമാൻഡുമായുള്ള ചർച്ചയ്ക്കു വേണ്ടി ചെന്നിത്തല ഡൽഹിക്കു പോകുന്നു എന്നാണു റിപ്പോർട്ടുകൾ.

രമേശ് ചെന്നിത്തല ഹൈക്കമാൻഡിന് കത്തയച്ച വിവരം ഇക്കണോമിക്‌സ് ടൈംസാണ് പുറത്തുവിട്ടത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ പ്രതിച്ഛായ നഷ്ടവും അഴിമതിയുമാണെന്ന് കത്തിൽ രമേശ് ചെന്നിത്തല ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിയെന്നും സംസ്ഥാനത്തുണ്ടായ അഴിമതിയും തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയായെന്ന് കത്തിൽ വിശദീകരിക്കുന്നു. സംസ്ഥാനത്ത് ബിജെപിക്കുണ്ടായ വളർച്ചയും കത്തിൽ ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു. എസ്എൻഡിപിയുമായി ബിജെപി സഖ്യത്തിലായി കഴിഞ്ഞു. നേരത്തെ കോൺഗ്രസിനെ പിന്തുണച്ച എൻഎസ്എസ് തെരഞ്ഞെടുപ്പിൽ കൈവിട്ടു. പകരം എൽഡിഎഫിനും ബിജെപിക്കും എൻഎസ്എസിന്റെ വോട്ട് പോയി. കോൺഗ്രസ് വോട്ടുകൾ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ രമേശ് ചെന്നിത്തല ഈ വാർത്തകൾ നിഷേധിച്ചു. താൻ കത്ത് എഴുതിയിട്ടില്ലെന്നും അയച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല തന്നെ വ്യക്തമാക്കി. അത്തരത്തിലൊരു കത്ത് ഇല്ലെന്ന് രമേശ് ചെന്നിത്തല തന്നെ നിഷേധിച്ചിട്ടില്ലെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിൻസന്റിനും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനുമെതിരെ യോഗത്തിൽ വിമർശനം ഉയർന്നു. പ്രതിച്ഛായ നന്നാക്കാൻ മുറിച്ച് മാറ്റേണ്ടത് മുറിക്കണം എന്ന് കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിൻസന്റിന്റെ പരസ്യ പ്രസ്താവനയിലായിരുന്നു വിമർശനം. ആരോപണ വിധേയരായ മന്ത്രിമാർ അടുത്ത തവണ മത്സരിക്കാൻ സാധ്യതയില്ല. തൊലിപ്പുറത്തെ ചികിത്സ അല്ല, ശസ്ത്രക്രിയ തന്നെ വേണം എന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ റിപ്പോർട്ടറോട് പറഞ്ഞു.

ഉമ്മൻ ചാണ്ടിക്ക് എതിരെ രമേശ് ചെന്നിത്തല ഹൈക്കമാന്റിന് അയച്ച കത്ത് പുറത്തു വന്നതിന് പിന്നാലെയാണ് ഐ ഗ്രൂപ്പ് നേതാക്കൾ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകാൻ സർക്കാരിൽ കടുത്ത തിരുത്തൽ നടപടി വേണമെന്ന് ലാലി വിൻസെന്റ് ആവശ്യപ്പെട്ടു. നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാൻ ആരോപണ വിധേയരായ മന്ത്രിമാർക്ക് അടുത്ത തവണ സീറ്റ് നൽകാൻ സാധ്യതയില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചു വരാൻ ശുദ്ധി കലശം വേണമെന്നും ലാലി വിൻസെന്റ് ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് തോൽവിയോടെ സർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേറ്റു എന്ന് വ്യക്തമായി എന്നും തൊലിപ്പുറത്തെ ചികിത്സ കൊണ്ട് ഇതിൽ നിന്ന് രക്ഷപ്പെടാനാവില്ല എന്നും ആർ ചന്ദ്രശേഖരൻ തുറന്നടിച്ചു. പല വിമർശനങ്ങളും ഹൈക്കമാൻഡിന് മുന്നിൽ ഉന്നയിച്ചിട്ടുണ്ട്. ഹൈക്കമാൻഡ് ഇടപെട്ട് ഇതിൽ പല തിരുത്തലുകളും നടത്തണമെന്നും ചന്ദ്രശേഖരൻ റിപ്പോർട്ടർ ടിവിയുടെ എഡിറ്റേഴ്‌സ് അവറിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP