Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊച്ചിയിൽ പിടിയിലായ നടൻ ഇതുവരെ പിടിച്ച് പറിച്ച്‌ കൊണ്ടു പോയത് 56 പേരുടെ മാലകൾ; മോഷണ മുതൽ ഉപയോഗിച്ച് ഗോവയിലും മുംബൈയിലും പോയി അനാശാസ്യം നടത്തി ജീവിതം അടിച്ചു പൊളിച്ചു; രക്ഷിക്കാൻ എത്തിയ സംവിധായകനും ഒടുവിൽ കയ്യൊഴിഞ്ഞു

കൊച്ചിയിൽ പിടിയിലായ നടൻ ഇതുവരെ പിടിച്ച് പറിച്ച്‌ കൊണ്ടു പോയത് 56 പേരുടെ മാലകൾ; മോഷണ മുതൽ ഉപയോഗിച്ച് ഗോവയിലും മുംബൈയിലും പോയി അനാശാസ്യം നടത്തി ജീവിതം അടിച്ചു പൊളിച്ചു; രക്ഷിക്കാൻ എത്തിയ സംവിധായകനും ഒടുവിൽ കയ്യൊഴിഞ്ഞു

കൊച്ചി: കൊച്ചി: സംസ്ഥാനത്തുടനീളം ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന വൻ മോഷണ സംഘം കൊച്ചി ഷാഡോ പൊലീസിന്റെ പിടിയിലായി. ഇടപ്പള്ളി വട്ടേക്കുന്നത്ത് കുന്നത്ത് പറമ്പിൽ വിഷ്ണു അരവിന്ദ് (27), മലപ്പുറം താനൂർ ചെമ്പൻപുരയ്ക്കൽ വീട്ടിൽ ഇമ്രാൻ ഖാൻ (31), ഇടപ്പള്ളി കണ്ടങ്ങാകുളം അജിത് (23), ഇടപ്പള്ളി തെക്കേപൊരത്തിൽ അർജുൻ ഹരിദാസ് (20) എന്നിവരും ഇവർക്ക് സഹായം നൽകിക്കൊണ്ടിരുന്ന പിറവം സ്വദേശി ശ്രീനിവാസ് വീട്ടിൽ ദേവരാജൻ (36), കാക്കനാട് തോട്ടത്തിൽ വീട്ടിൽ ഷിഹാബ് (25) എന്നിവരാണ് പിടിയിലായത്.

ഇതിൽ അജിത് സിനിമാ നടനാണ്. അഭിനയത്തിലും കള്ളനായി വേഷമിട്ടിട്ടുണ്ട്. അടുത്ത് ഇറങ്ങാൻ പോകുന്ന സിനിമയിലെ മോഷണ കള്ളൻ.  ''സത്യം പറയെടാ, ഈ സിറ്റിയിലെ പ്രധാന മാല മോഷണക്കാരൻ നീയല്ലേ?'' അടുത്തു പുറത്തിറങ്ങാനിരിക്കുന്ന സിനിമയിൽ മാല മോഷ്ടാവായി വേഷമിട്ട ഇടപ്പള്ളി കണ്ടങ്ങാക്കുളം അജിത് എന്ന തവള അജിത്തിനോടു സിനിമയിലെ പൊലീസ് കഥാപാത്രത്തിന്റെ ചോദ്യമാണ്. എന്നാൽ യഥാർത്ഥ മോഷ്ടാവാണെന്ന് സംവിധായകൻ അറിഞ്ഞത് പിടിയിലായപ്പോൾ. ക്രിക്കറ്റ് പ്രമേയമാക്കി കന്നി സിനിമ ചെയ്ത സംവിധായകന്റെ രണ്ടാമത്തെ സിനിമയിലാണു ബൈക്കിലെത്തി മാല പൊട്ടിച്ചു മുങ്ങുന്ന കഥാപാത്രമായി അജിത് വേഷമിട്ടത്. മാല മോഷണക്കേസിൽ 'നടൻ' പൊലീസിന്റെ പിടിയിലായതറിഞ്ഞു സംവിധായകൻ സ്റ്റേഷനിൽ കാണാനെത്തിയിരുന്നു. പിന്നെ തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞ് കൈയൊഴിയലും. നടനെ ഇറക്കാനായിരുന്നു സംവിധായകൻ എത്തിയത്. എന്നാൽ കഥയറിഞ്ഞതോടെ സ്ഥലം വിടുകയായിരുന്നു.

മാല പൊട്ടിച്ച് വിൽപന നടത്തി കിട്ടിയ പണം കൊണ്ട് ആഡംബര ജീവിതമാണു പ്രതികൾ നയിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. ഗോവയിലെയും മുംബൈയിലെയും പബ്ബുകളായിരുന്നു പ്രധാന താവളം. അനാശാസ്യത്തിനായി മാത്രം ഗോവയിൽ ചെലവഴിച്ചതു പത്തു ലക്ഷം രൂപ. സ്ത്രീ വിഷയം കഴിഞ്ഞാൽ, മുന്തിയ ബൈക്കുകൾ വാങ്ങുന്നതിലും ബൈക്ക് റേസിങ്ങിലുമായിരുന്നു ഭ്രമം. അങ്ങനെ അനാശാസ്യവും അടിച്ചു പൊളിയുമായി അടിച്ചു പൊളിക്കുന്നതിനിടെയാണ് ഷാഡോ പൊലീസിന്റെ വലയിൽ വീണത്. സംസ്ഥാനത്തുടനീളം മാല മോഷണം ഈ സംഘം നടത്തിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങൾക്കു പുറമേ, തൃശൂർ, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ഇവർ മാല പൊട്ടിക്കൽ നടത്തിയത്.

പ്രതികൾ ഓരോരുത്തർക്കും മാല പൊട്ടിക്കലിനു സ്വന്തം ശൈലിയുണ്ടായിരുന്നതു പൊലീസിന് ഇവരെ തിരിച്ചറിയാൻ സഹായകമായി. മാല പൊട്ടിച്ചയുടൻ വായുവിലേക്ക് മാല എറിഞ്ഞു പിടിച്ചശേഷം ചൂണ്ടുവിരലിൽ കറക്കുന്നതായിരുന്നു വിഷ്ണുവിന്റെ രീതി. മാല നഷ്ടപ്പെട്ട സ്ത്രീകൾ പൊലീസിൽ പരാതി നൽകിയ സമയത്ത് ഇതു പൊലീസിനോടു പറഞ്ഞിരുന്നു. ഈ മാസം രണ്ടിനു പാലാരിവട്ടത്ത് മാല പൊട്ടിച്ചപ്പോൾ ഇയാൾ മാല ഉയർത്തി എറിഞ്ഞു പിടിക്കുന്നതിന്റെ ദൃശ്യം പൊലീസിനു ലഭിച്ചു. ഇതു കാണിച്ചു ചോദ്യം ചെയ്തപ്പോഴാണു കൂടുതൽ കേസുകൾ ഇയാൾ സമ്മതിച്ചത്. ഇരുചക്രവാഹനത്തിലെത്തുന്ന സ്ത്രീകളെ ബൈക്കിൽ പിന്തുടർന്ന്, റോഡിലെ ഹംപ് കയറാനായി വേഗം കുറയ്ക്കുമ്പോൾ മാല തട്ടിയെടുക്കുന്നതായിരുന്നു ഇമ്രാൻഖാന്റെ രീതി

ദേവരാജനും ഷിഹാബുമാണ് മാലകൾ വാങ്ങി വിറ്റിരുന്നത്. ഇവരിൽ നിന്ന് 50 പവനോളം പിടിച്ചെടുത്തു. എറണാകുളം നഗരത്തിൽ മാത്രം കഴിഞ്ഞ അഞ്ച് വർഷമായി തെളിവില്ലാതെയിരുന്ന 135ഓളം മാല മോഷണ കേസുകൾക്ക് പിന്നിൽ ഇവരാണെന്ന് പൊലീസ് പറയുന്നു. മോഷ്ടിച്ച ബൈക്കിലാണ് മോഷണം. രണ്ട് ബൈക്കുകൾ കണ്ടെത്തി. രണ്ടു ബൈക്കുകൾ നിരീക്ഷണത്തിലുണ്ട്. ബൈക്ക് എവിടെയെങ്കിലും ഉപേക്ഷിക്കുകയാണ് പതിവ്. തട്ടിയെടുത്ത മുന്നൂറോളം പവൻ സ്വർണം വിറ്റതായാണ് പ്രാഥമിക വിവരം. ദേവരാജൻ ഒഴികെ മറ്റ് അഞ്ചുപേർക്കും എതിരായി വിവിധ സ്റ്റേഷനുകളിൽ കഞ്ചാവ്, മയക്കുമരുന്ന്, കൊലപാതക ശ്രമം, തട്ടിക്കൊണ്ടു പോകൽ എന്നീ കേസുകൾ നിലവിലുണ്ട്.

ഒന്നാം തീയതി ഇമ്രാൻ ഖാൻ ചേരാനെല്ലൂർ കുന്നുപുറം ജംഗ്ഷനിൽ വച്ച് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഇടപ്പള്ളി അമൃത വിദ്യാലയത്തിലെ അദ്ധ്യാപികയുടെ മാല പൊട്ടിച്ചതാണ് ഈ സംഘം പിടിയിലാകാൻ ഇടയായത്. കുന്നുപുറം ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ക്യാമറയിൽ വീഡിയോ ദൃശ്യങ്ങളിൽ കുന്നുംപുറം മെയിൻ റോഡ് ക്രോസ് ചെയ്ത് എതിർ ദിശയിലേക്ക് യാത്ര ചെയ്യുന്ന അദ്ധ്യാപികയെ ഇടപ്പള്ളി ഭാഗത്തു നിന്ന് വന്നയാൾ പിൻതുടരുന്നതായി കണ്ടെത്തിയിരുന്നു. പ്രത്യേക രീതിയിൽ രൂപമാറ്റം വരുത്തിയ ബൈക്ക് മഞ്ഞുമ്മൽ വർക്ഷോപ്പിൽ ഷാഡോ പൊലീസ് കണ്ടെത്തി. ബൈക്കിന്റെ നമ്പർ ഒരു ഓട്ടോറിക്ഷയുടേതായിരുന്നു. ബൈക്കിന്റെ എൻജിൻ നമ്പർ വ്യത്യാസപ്പെടുത്തിയിരുന്നു. ബൈക്ക് കേടായി എന്നും രണ്ടു ദിവസത്തിനകം വന്ന് എടുത്തുകൊള്ളാമെന്നുമാണ് വർക്ഷോപ്പിൽ പറഞ്ഞിരുന്നത്.

ഇയാളുടെ ഫോൺ വിവരങ്ങൾ പരിശോധിച്ചതിൽ നിന്നുമാണ് ഇമ്രാൻ ഖാൻ ആണെന്ന് തെളിഞ്ഞത്. ഇയാൾ മലപ്പുറം ജില്ലയിലെ താനൂർ ജില്ലയിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അങ്ങോട്ട് തിരിച്ചു. പൊലീസ് അന്വേഷിക്കുന്നുെണ്ടന്ന് വർക്ഷോപ്പിൽ നിന്ന് വിവരം ലഭിച്ച ഇയാൾ താനൂരിൽ നിന്ന് രക്ഷപ്പെട്ടു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മഞ്ചേരിയിൽ നിന്ന് വെള്ളിയാഴ്ച ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് മറ്റ് പ്രതികളുടെ വിവരം ലഭിക്കുകയായിരുന്നു. വിഷ്ണുവിനെ ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും അജിത്തിനെയും അർജുനനെയും നഗരത്തിലെ ഒരു ഹോട്ടലിലെ ഡി.ജെ. പാർട്ടിക്കിടയിൽ നിന്നുമാണ് പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP