Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുടുംബകലഹം കോടതിയിൽ എത്തിയ മറ്റൊരു മലയാളി വീട് കൂടി; നിസ്സാരകാര്യങ്ങളിലെ തർക്കങ്ങൾ കൊലപാതക ശ്രമത്തിൽ കലാശിച്ചു; വിവാഹ മോചനകാര്യം സഹോദരനോട് സംസാരിക്കുന്നത് കേൾക്കവേ ന്യൂപോർട്ടിലെ യുവാവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു; യുകെയിൽ നിന്നൊരു കുടുംബ പ്രശ്‌നം

കുടുംബകലഹം കോടതിയിൽ എത്തിയ മറ്റൊരു മലയാളി വീട് കൂടി; നിസ്സാരകാര്യങ്ങളിലെ തർക്കങ്ങൾ കൊലപാതക ശ്രമത്തിൽ കലാശിച്ചു; വിവാഹ മോചനകാര്യം സഹോദരനോട് സംസാരിക്കുന്നത് കേൾക്കവേ ന്യൂപോർട്ടിലെ യുവാവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു; യുകെയിൽ നിന്നൊരു കുടുംബ പ്രശ്‌നം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: മെച്ചപ്പെട്ട ജീവിതം തേടി യുകെയിൽ എത്തിയ നമ്മൾ ഇവിടെ എത്തിയിട്ടും കുടുംബ പ്രശ്നങ്ങളിൽ വീർപ്പുമുട്ടുന്നത് എന്തുകൊണ്ട്? അനേകം കുടുംബങ്ങളിൽ ഈഗോ പ്രശ്നങ്ങൾ ചൂടു പിടിച്ചു പ്രതിസന്ധിയിലായിരിക്കുന്നതായാണ് റിപ്പോർട്ട്. വേർപിരിഞ്ഞു ജീവിക്കുകയും ആത്മഹത്യ ചെയ്യുകയും തുടർച്ചയായി ഉപദ്രവിക്കുകയും ഒക്കെ ചെയ്യുന്ന കുടുംബങ്ങൾ ധാരാളമാണ്. ഇപ്പോഴിതാ, കൊലപാതകങ്ങളും കൊലപാതക ശ്രമങ്ങളും പതിവാകുന്നു.

ഏതാനും മാസങ്ങൾക്കു മുമ്പാണ് കെറ്ററിംഗിൽ നഴ്സായിരുന്ന അഞ്ജുവിനെയും രണ്ടു മക്കളേയും ഭർത്താവ് ഷാജു കഴുത്തു ഞെരിച്ചു കൊന്നത്. സമാനമായ ഒരു സംഭവമാണ് ഇപ്പോൾ ന്യൂപോർട്ടിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. ഇവിടെ മലയാളിയായ വീട്ടമ്മ വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ടത് രണ്ടു തവണയാണ്. ആ കേസിന്റെ വിചാരണ ന്യൂപോർട്ട് ക്രൗൺ കോർട്ടിൽ ആരംഭിക്കുമ്പോൾ വ്യക്തമാകുന്നത് യുകെയിലെ മലയാളി ജീവിതങ്ങൾ നേരിടുന്ന പ്രതിസന്ധി തന്നെയാണ്.

ഇവിടെ ഡോണി വർഗീസ് എന്ന 37കാരനാണ് ഭാര്യയെ രണ്ടു തവണ കൊല്ലാൻ ശ്രമം നടത്തിയത്. ഡോണിയുമായുള്ള ദാമ്പത്യ പ്രശ്നങ്ങളും തർക്കങ്ങളും സഹിക്കാൻ കഴിയുന്നതിന് അപ്പുറമായപ്പോൾ സഹോദരനുമായി വിവാഹമോചനത്തെ കുറിച്ച് വീഡിയോ കോളിൽ സംസാരിക്കവേയാണ് ആദ്യ ശ്രമം നടന്നത്. ഇതു കേട്ടു വന്ന ഡോണി 'നീ കണ്ടോ നിന്റെ സഹോദരിയെ ഞാൻ എന്താണ് ചെയ്യാൻ പോകുന്നത്' എന്ന് അതേ വീഡിയോ കോളിൽ സഹോദരനോട് പറഞ്ഞു കൊണ്ടായിരുന്നു കൊലപാതക ശ്രമം.

പത്തു വർഷം മുമ്പ് വിവാഹം കഴിഞ്ഞ ഡോണിക്കും ഭാര്യയ്ക്കും രണ്ടു മക്കളും ഉണ്ട്. എന്നാൽ ദാമ്പത്യ പ്രശ്നങ്ങൾ മുറുകിയതോടെ രണ്ടു ദിവസങ്ങളിലായാണ് കൊലപാതക ശ്രമം നടത്തിയത്. മെയ് 14ന് നടന്ന സംഭവത്തിൽ ഡോണി ഒരു കുപ്പിയെടുത്ത് ഭാര്യയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. അന്ന് വീടിന്റെ പുറകു വശം വഴി ഓടി രക്ഷപ്പെടുകയും ഒളിച്ചു നിന്നുമാണ് ജീവൻ കാത്തത്. അതിനു തൊട്ടു തലേദിവസം മെയ് 13ന്, ഭാര്യയ്ക്ക് സുഹൃത്തുക്കൾ ഉള്ളത് ഇഷ്ടപ്പെടാത്തതിനെ ചൊല്ലി നടന്ന വാഗ്വാദത്തിനൊടുവിൽ ഒരു കടയിൽ വച്ചാണ് ഇയാൾ ഭാര്യയെ ആക്രമിച്ചത്.

തലേദിവസം ഫ്ളാറ്റിലുള്ളവരുമായി ഭാര്യ സംസാരിക്കുന്നത് കണ്ട ഡോണി ഇക്കാര്യം ചോദിക്കുകയും കടയിലേക്ക് പോകുവാൻ ഇറങ്ങിയപ്പോൾ മുതൽ തർക്കിക്കുകയും ചെയ്യുകയായിരുന്നു. തുടർന്നാണ് ഷോപ്പിൽ വച്ച് ആക്രമിക്കാൻ ശ്രമം നടത്തിയത്. തുടർന്ന് വീട്ടിലെത്തിയ ഭാര്യ തൊട്ടടുത്ത ദിവസം വിവാഹമോചനത്തെ കുറിച്ച് കുടുംബാംഗങ്ങളോട് സൂചിപ്പിക്കവേ വീണ്ടും കൊലപാതക ശ്രമം അരങ്ങേറുകയായിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ പ്രശ്നങ്ങളും ആക്രമണവും എല്ലാം ഏറെ ഭയത്തോടെ സഹോദരനോട് തുറന്നു പറയവേ അതു കേട്ടു മുറിയിലേക്ക് കടന്നു വരികയായിരുന്നു ഡോണി.

സൂം വീഡിയോ കോളിൽ വീട്ടുകാർ എല്ലാം കണ്ടു നിൽക്കവേയാണ് ഡോണി പിന്നിൽ നിന്ന് വരികയും ഭാര്യയെ കൊല്ലാൻ ഒരുങ്ങുകയും ചെയ്തത്. തുടർന്ന് 'നീ കണ്ടോ നിന്റെ സഹോദരിയെ ഞാൻ എന്താണ് ചെയ്യാൻ പോകുന്നത്' എന്ന് പറഞ്ഞു കൊണ്ട് ഭാര്യയുടെ അടിച്ചു വീഴ്‌ത്ത് ദേഹത്ത് കയറിയിരുന്ന് വീണ്ടും വീണ്ടും മുഖത്ത് അടിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും ആയിരുന്നു. താൻ മരിക്കാൻ പോവുകയാണെന്നായിരുന്നു അപ്പോൾ ഡോണിയുടെ ഭാര്യ വിചാരിച്ചിരുന്നത്. അതേ സമയം ഇതെല്ലാം വീഡിയോ കോളിൽ കണ്ട് ഒന്നും ചെയ്യാൻ കഴിയാതെ നിലവിളിക്കുകയായിരുന്നു സഹോദരൻ.

അയാളിൽ നിന്നും വീടിനു പുറത്തേക്ക് രക്ഷപ്പെട്ടോടിയ ഭാര്യ ഒളിച്ചു നിൽക്കുകയും തുടർന്ന് പൊലീസിൽ പരാതിപ്പെടുകയും ആയിരുന്നു. തുടർന്ന് പൊലീസ് ഡോണിയെ അറസ്റ്റ് ചെയ്തു. എന്നാൽ പൊലീസ് ചോദ്യം ചെയ്യലിൽ ഭാര്യയെ കുറ്റപ്പെടുത്തി സംസാരിച്ച ഡോണിയെ വീഡിയോ കോളിലെ ദൃശ്യങ്ങൾ തെളിവായി കാണിച്ചപ്പോൾ അയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. എന്നാൽ കോടതിയിൽ രണ്ടു മക്കളെ ഓർത്തും ഏതെങ്കിലും ഒരു നിമിഷം സംഭവിച്ച തെറ്റിദ്ധാരണ മൂലവും ഭർത്താവ് ചെയ്ത കുറ്റം ക്ഷമിക്കുവാൻ താൻ തയ്യാറാണെന്നു ഭാര്യ കോടതിയെ അറിയിക്കുകയും ചെയ്തു.

എങ്കിലും ഭാര്യയുടെ നിലപാട് കണക്കിലെടുക്കുമ്പോഴും അയാൾ ചെയ്ത കുറ്റങ്ങൾക്ക് തക്കതായ ശിക്ഷ നൽകുമെന്നാണ് കോടതി വ്യക്തമാക്കിയത്. ആദ്യം ഭാര്യയെ കുറ്റക്കാരിയാക്കാനായിരുന്നു ഡോണി നിലപാട് എടുത്തത്. അതുകൊണ്ടു തന്നെ ഇനിയും ഇയാൾ ഗാർഹിക പീഡനങ്ങളിൽ ഏർപ്പെടാനുള്ള ഉയർന്ന സാധ്യതയുണ്ടെന്ന് പ്രോബേഷൻ സർവ്വീസ് കണ്ടെത്തി. ആ റിപ്പോർട്ട് വളരെയധികം ആശങ്കയുളവാക്കുന്നതാണെന്ന് കോടതി വിലയിരുത്തി.

താൻ ചെയ്ത കുറ്റത്തിൽ പശ്ചാത്താപം ഉണ്ടെന്നും മതവിശ്വാസത്തിലൂടെ തനിക്ക് മാറ്റം വന്നുവെന്നും മാത്രമല്ല, ഭാര്യയെ ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് തനിക്ക് മനസിലായെന്നും ഡോണി കോടതിയെ അറിയിച്ചു. ടാക്സി ഡ്രൈവറാകും മുമ്പ് ഒരു ബിസിനസ് കോഴ്സ് പഠിച്ച ഡോണിയുടെ തൊഴിൽ വൈദഗ്ധ്യവും കോടതി വിലയിരുത്തി. തുടർന്ന് 20 മാസത്തെ തടവാണ് ജഡ്ജി വിധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP