Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആറുവയസുകാരിയായ മകളെ മഴുകൊണ്ട് കൊലപ്പെടുത്തിയ പിതാവ് ജയിലിൽ വച്ച് ആത്മഹത്യക്ക് ശ്രമിച്ചു; സ്വയം ജീവനൊടുക്കാൻ ശ്രമിച്ചത് കഴുത്ത് മുറിച്ച്; മഹേഷിനെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി; മകളെ കൊലപ്പെടുത്തിയത് ഏതോ വിരോധം നിമിത്തമെന്ന് എഫ്‌ഐആറിൽ; കൊലയ്ക്കായി പ്രത്യേക മഴു തയ്യാറാക്കിയെന്നും പൊലീസ്

ആറുവയസുകാരിയായ മകളെ മഴുകൊണ്ട് കൊലപ്പെടുത്തിയ പിതാവ് ജയിലിൽ വച്ച് ആത്മഹത്യക്ക് ശ്രമിച്ചു; സ്വയം ജീവനൊടുക്കാൻ ശ്രമിച്ചത് കഴുത്ത് മുറിച്ച്; മഹേഷിനെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി;  മകളെ കൊലപ്പെടുത്തിയത് ഏതോ വിരോധം നിമിത്തമെന്ന് എഫ്‌ഐആറിൽ; കൊലയ്ക്കായി പ്രത്യേക മഴു തയ്യാറാക്കിയെന്നും പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മാവേലിക്കരയിൽ ആറുവയസുകാരിയായ മകൾ നക്ഷത്രയെ മഴുകൊണ്ട് കൊലപ്പെടുത്തിയ പിതാവ് മഹേഷ് സബ് ജയിലിൽവച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ജയിലിൽവച്ചു കഴുത്തു മുറിച്ചാണു ആത്മഹത്യാശ്രമം.വ്യാഴാഴ്ച വൈകീട്ട് 6.45-ഓടെയാണ് സംഭവം. കഴുത്തിലും വലതു കൈയിലും ഇയാൾക്ക് മുറിവേറ്റതായാണ് ലഭ്യമാകുന്ന വിവരം. വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

'മകളെ മഹേഷ് കൊലപ്പെടുത്തിയത് ഏതോ വിരോധം നിമിത്തമാണെന്നാണു' എഫ്‌ഐആറിൽ പറയുന്നത്. മഹേഷിന് കുട്ടിയോടും അമ്മയോടും വിരോധമുണ്ടായിരുന്നെന്നാണു വിവരം. മഹേഷിന്റെ ലഹരി ഉപയോഗത്തെക്കുറിച്ച് എഫ്‌ഐആറിൽ പരാമർശമില്ല.

മാവേലിക്കരയിൽ ആറ് വയസുകാരിയെ മഴുഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പൊലീസ് പറയുന്നു. കൊലയ്ക്കായി പ്രത്യേകം മഴു തയ്യാറാക്കിയതായി പൊലീസ് കണ്ടെത്തി. നാളുകളായി പ്രത്യേക മാനസിക അവസ്ഥയിലായിരുന്നു മഹേഷെന്നും വനിതാ കോൺസ്റ്റബിളുമായുള്ള പുനർവിവാഹം മുടങ്ങിയതിൽ കടുത്ത നിരാശയിലായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഇന്നലെയാണ് നക്ഷത്രയെ 38 കാരനായ പിതാവ് മഴു ഉപയോഗിച്ച് വെട്ടിക്കൊന്നത്. ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു അതിക്രമം. മഴു ഉപയോഗിച്ച് കഴുത്തിൽ വെട്ടിയാണ് കൊല നടത്തിയത്. തൊട്ടടുത്ത മകളുടെ വീട്ടിൽ താമസിക്കുന്ന മഹേഷിന്റെ മാതാവ് സുനന്ദ ഓടി വന്നെങ്കിലും ഇവരെയും തലയ്ക്കു വെട്ടി പരിക്കേൽപ്പിച്ചു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ബഹളംകേട്ട് ഓടിയെത്തിയ അയൽവാസികളെ ശ്രീമഹേഷ് മഴുകാട്ടി ആക്രമിക്കാനും ശ്രമിച്ചു. വിദ്യയുടെ മാതാപിതാക്കളെ കാണാൻ പോകണമെന്നുപറഞ്ഞ് നക്ഷത്ര ശാഠ്യംപിടിക്കുമായിരുന്നു. ഇതേത്തുടർന്നു പെട്ടെന്നുണ്ടായ പ്രകോപനമാകാം കൊലപാതക കാരണമെന്നു പൊലീസ് പറഞ്ഞു.

മൂന്ന് വർഷം മുൻപ് ട്രെയിൻ തട്ടിയാണ് മുൻ സൈനികനായ മഹേഷിന്റെ പിതാവ് മരിച്ചത്. മഹേഷിന്റെ ഭാര്യ ശ്രീവിദ്യ രണ്ടു വർഷം മുൻപ് വീട്ടിനുള്ളിൽ തന്നെ ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ സംഭവത്തിലും കൃത്യമായ അന്വേഷണം നടന്നിട്ടില്ല. മഹേഷിന്റെ പീഡനം മൂലമാണ് ശ്രീ വിദ്യ ആത്മഹത്യ ചെയ്തതത്രെ.

അടുത്തിടെ മഹേഷ് വിവാഹത്തിന് ശ്രമിച്ചിരുന്നെങ്കിലും ഇയാളുടെ സ്വഭാവ ദൂഷ്യം അറിഞ്ഞ പെൺ വീട്ടുകാർ ഇതിൽ നിന്നും പിന്മാറി. മകളെ വിട്ടുകിട്ടുന്നതിനായി ശ്രീവിദ്യയുടെ ബന്ധുക്കൾ കോടതിയെ സമീപിച്ചിരുന്നു. അതിനിടയിലാണ് ദാരുണമായ സംഭവം. കൊലപാതകം നടക്കുന്ന ഇന്നലെയും മകളെ സ്‌കൂളിൽ നിന്നും വിളിച്ച് കൊണ്ടുവരും വഴി ഐസ് ക്രീമും പലഹാരങ്ങളും വാങ്ങി നൽകിയിരുന്നു.

അമ്മയില്ലാതെ ജീവിച്ചിരുന്ന കുഞ്ഞുമായി എപ്പോഴും നടന്നിരുന്ന മഹേഷ് ക്രൂരമായാണ് മകളോട് പെരുമാറിയത്. സിറ്റൗട്ടിൽ ടാബിൽ ഗെയിം കണ്ട് കിടന്ന കുഞ്ഞിനെയാണ് ഇയാൾ വെട്ടികൊലപ്പെടുത്തിയത്. അവളുടെ ബാഗും പുസ്തകങ്ങളും വർണ്ണകുടയും ചെരുപ്പുകളുമെല്ലാം നൊമ്പര കാഴ്ചയായി ഇപ്പോൾ അവശേഷിക്കുകയാണ്. ആ പൊന്നുമോളുടെ മുഖം മറക്കാനാവുന്നില്ല പലർക്കും. ഇനി അവൾ അമ്മയ്ക്ക് അരികിലേയ്ക്ക്. നക്ഷത്രയുടെ സംസ്‌ക്കാരം വെള്ളിയാഴ്ച പത്തിയൂരുള്ള അമ്മയുടെ വീട്ടിൽ നടക്കും.

ശ്രീമഹേഷ് വിദേശത്തായിരുന്നു. അച്ഛൻ ശ്രീമുകുന്ദൻ തീവണ്ടിതട്ടി മരിച്ചതിനുശേഷമാണു നാട്ടിലെത്തിയത്. ശ്രീമഹേഷിന്റെ രണ്ടാംവിവാഹം പൊലീസ് ഉദ്യോഗസ്ഥയുമായി ഉറപ്പിച്ചിരുന്നു. എന്നാൽ, ഇയാളുടെ സ്വഭാവ വൈകൃതത്തെക്കുറിച്ചറിഞ്ഞ പെൺവീട്ടുകാർ അതിൽനിന്നു പിന്മാറിയിരുന്നു. അതിനുശേഷം ശല്യം തുടർന്നതോടെ ശ്രീമഹേഷിനെതിരേ പൊലീസ് കേസെടുത്തിരുന്നു. മുള്ളിക്കുളങ്ങര ഗവ. എൽ.പി.എസ്. ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് നക്ഷത്ര.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP