Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മിന്നും സെഞ്ചുറിയുമായി നിലയുറപ്പിച്ച ട്രാവിസ് ഹെഡിനെ സിറാജ് വീഴ്‌ത്തി; സെഞ്ചുറിയുമായി പ്രതിരോധിച്ച സ്മിത്തിനെ എറിഞ്ഞിട്ട് ഷാർദ്ദുൽ; പിന്നാലെ ഓസിസ് 469 റൺസിന് പുറത്ത്; നാല് വിക്കറ്റുമായി സിറാജ്; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടം പുരോഗമിക്കുന്നു

മിന്നും സെഞ്ചുറിയുമായി നിലയുറപ്പിച്ച ട്രാവിസ് ഹെഡിനെ സിറാജ് വീഴ്‌ത്തി; സെഞ്ചുറിയുമായി പ്രതിരോധിച്ച സ്മിത്തിനെ എറിഞ്ഞിട്ട് ഷാർദ്ദുൽ; പിന്നാലെ ഓസിസ് 469 റൺസിന് പുറത്ത്; നാല് വിക്കറ്റുമായി സിറാജ്; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടം പുരോഗമിക്കുന്നു

സ്പോർട്സ് ഡെസ്ക്

ഓവൽ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 469 റൺസിന് പുറത്ത്. 327 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് 142 റൺസെടുക്കുന്നതിനിടെ ശേഷിച്ച വിക്കറ്റുകൾ നഷ്ടമായി. ട്രാവിസ് ഹെഡിന്റെയും സ്റ്റീവ് സ്മിത്തിന്റെയും തകർപ്പൻ സെഞ്ചുറികളാണ് ഓസ്ട്രേലിയയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.

രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 406 റൺസെന്ന നിലയിൽ പ്രതിരോധിച്ചു നിന്ന ഓസീസിനെ അലക്‌സ് ക്യാരിയും പാറ്റ് കമിൻസും ചേർന്ന് 450 കടത്തിയെങ്കിലും ക്യാരിയെ ജഡേജയും കമിൻസിനെയും ലിയോണിനെയും സിറാജും വീഴ്‌ത്തിയതോടെയാണ് ഓസീസ് പോരാട്ടം അവസാനിച്ചത്.

ആദ്യ ദിനം സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ്, രണ്ടാം ദിനം സെഞ്ചുറിയിലെത്തിയ സ്റ്റീവ് സ്മിത്ത്, കാമറൂൺ ഗ്രീൻ, മിച്ചൽ സ്റ്റാർക്ക് എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനം ആദ്യ സെഷനിൽ ഓസീസിന് നഷ്ടമായിരുന്നു. ഇന്ത്യക്കായി സിറാജ് നാലു വിക്കറ്റെടുത്തപ്പോൾ ഷാർദ്ദുലും ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

327 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് വേണ്ടി സ്റ്റീവ് സ്മിത്തും ട്രാവിസ് ഹെഡും ചേർന്ന് ഇന്നിങ്സ് പുനരാരംഭിച്ചു. മുഹമ്മദ് സിറാജ് ചെയ്ത രണ്ടാം ദിനത്തിലെ ആദ്യ ഓവറിലെ രണ്ടാമത്തെയും മൂന്നാമത്തെയും പന്തുകൾ ബൗണ്ടറിയിലേക്ക് പായിച്ച് സ്റ്റീവ് സ്മിത്ത് സെഞ്ചുറി നേടി. താരത്തിന്റെ 31-ാം ടെസ്റ്റ് സെഞ്ചുറിയാണിത്. പിന്നാലെ ആക്രമിച്ച് കളിച്ച ട്രാവിസ് ഹെഡ് 150 റൺസിലെത്തി.

ഹെഡും സ്മിത്തും അനായാസം ബാറ്റിങ് തുടർന്നതോടെ ഇന്ത്യൻ ക്യാമ്പിൽ ആശങ്ക പരന്നു. ഇരുവരും ചേർന്ന് ടീം സ്‌കോർ 350 കടത്തി. എന്നാൽ ഇന്ത്യയ്ക്ക് ആശ്വാസം പകർന്നുകൊണ്ട് മുഹമ്മദ് സിറാജ് ഈ കൂട്ടുകെട്ട് പൊളിച്ചു. അപകടകരമായി ബാറ്റിങ് നടത്തിയ ട്രാവിസ് ഹെഡിനെ പുറത്താക്കിയാണ് സിറാജ് ഓസീസിന് തിരിച്ചടി നൽകിയത്. സിറാജിന്റെ ഷോർട്ട് ബോളിൽ ഷോട്ടിന് ശ്രമിച്ച ഹെഡിന്റെ ഗ്ലൗവിൽ തട്ടിയ പന്ത് വിക്കറ്റ് കീപ്പർ ശ്രീകർ ഭരത് പിടിച്ചെടുത്തു. ഇതോടെ താരം പുറത്തായി. 174 പന്തുകളിൽ നിന്ന് 25 ഫോറിന്റെയും ഒരു സിക്സിന്റെയും സഹായത്തോടെ 163 റൺസെടുത്താണ് ഹെഡ് മടങ്ങിയത്. സ്മിത്തിനൊപ്പം നാലാം വിക്കറ്റിൽ 285 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്താനും താരത്തിന് സാധിച്ചു.

പിന്നാലെ വന്ന കാമറൂൺ ഗ്രീൻ നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടി തുടങ്ങിയെങ്കിലും താരത്തിന് അധികനേരം പിടിച്ചുനിൽക്കാനായില്ല. വെറും ആറുറൺസെടുത്ത ഗ്രീനിനെ മുഹമ്മദ് ഷമി ശുഭ്മാൻ ഗില്ലിന്റെ കൈയിലെത്തിച്ചു. ഇതോടെ ഓസ്ട്രേലിയ 376 ന് അഞ്ചുവിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.

ഗ്രീനിന് പകരം അലക്സ് ക്യാരിയാണ് ക്രീസിലെത്തിയത്. ക്യാരിയെ കൂട്ടുപിടിച്ച് സ്‌കോർ ഉയർത്തുന്നതിനിടെ സ്മിത്തും വീണു. 268 പന്തുകളിൽ നിന്ന് 121 റൺസെടുത്ത സ്മിത്തിനെ ശാർദൂൽ ഠാക്കൂർ ബൗൾഡാക്കി. സ്മിത്തിന്റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് പിഴുതു. 19 ബൗണ്ടറിയാണ് സ്മിത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്. ഇതോടെ ഓസീസ് 387 ന് ആറുവിക്കറ്റ് എന്ന നിലയിലായി. സ്മിത്തിന് പകരം മിച്ചൽ സ്റ്റാർക്ക് ക്രീസിലെത്തി.

സ്റ്റാർക്കിനും അധികനേരം പിടിച്ചുനിൽക്കാനായില്ല. അനാവശ്യ റണ്ണിന് ശ്രമിച്ച താരത്തെ സബ്ബായ അക്ഷർ പട്ടേൽ തകർപ്പൻ ത്രോയിലൂടെ റൺ ഔട്ടാക്കി. അഞ്ചുറൺസാണ് താരത്തിന്റെ സമ്പാദ്യം. ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് ക്യാരി പതറാതെ പിടിച്ചുനിന്നു. ഒടുവിൽ ക്യാരിയും വീണു. 48 റൺസെടുത്ത താരത്തെ ജഡേജ വിക്കറ്റിന് മുന്നിൽ കുടുക്കി. പിന്നാലെ വന്ന നഥാൻ ലിയോണിനും (9), നായകൻ പാറ്റ് കമ്മിൻസിനും (9) പിടിച്ചുനിൽക്കാനായില്ല. ഇതോടെ ഓസീസ് ഇന്നിങ്സ് അവസാനിച്ചു. സ്‌കോട് ബോളണ്ട് ഒരു റണ്ണുമായി പുറത്താവാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ് നാലുവിക്കറ്റെടുത്തപ്പോൾ മുഹമ്മദ് ഷമി, ശാർദൂൽ ഠാക്കൂർ എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ജഡേജ ഒരു വിക്കറ്റ് വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP