Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തരൂരിനെ നേതൃത്വം ഏൽപ്പിക്കാൻ ഉമ്മൻ ചാണ്ടി; വിശ്വപൗരനെന്ന ഖ്യാതിയുള്ള നേതാവിനെ എ ഗ്രൂപ്പിലെത്തിക്കാനുള്ള ചരടുവലികൾക്ക് പിന്നിൽ എംകെ രാഘവൻ; ഹൈക്കമാണ്ട് ഗ്രൂപ്പിനെ നേരിടാൻ വിട്ടുവീഴ്ചകൾക്ക് ചെന്നിത്തലയും തയ്യാർ; കോൺഗ്രസിനുള്ളിൽ പുതിയ സമവാക്യങ്ങളിൽ ചർച്ച

തരൂരിനെ നേതൃത്വം ഏൽപ്പിക്കാൻ ഉമ്മൻ ചാണ്ടി; വിശ്വപൗരനെന്ന ഖ്യാതിയുള്ള നേതാവിനെ എ ഗ്രൂപ്പിലെത്തിക്കാനുള്ള ചരടുവലികൾക്ക് പിന്നിൽ എംകെ രാഘവൻ; ഹൈക്കമാണ്ട് ഗ്രൂപ്പിനെ നേരിടാൻ വിട്ടുവീഴ്ചകൾക്ക് ചെന്നിത്തലയും തയ്യാർ; കോൺഗ്രസിനുള്ളിൽ പുതിയ സമവാക്യങ്ങളിൽ ചർച്ച

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശശി തരൂർ ഇനി കേരള രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകും. ഉമ്മൻ ചാണ്ടിയുടെ ആഗ്രഹ പ്രകാരം എ ഗ്രൂപ്പിന്റെ നേതൃത്വവും ശശി തരൂർ ഏറ്റെടുക്കുമെന്നാണ് സൂചന. ബ്ലോക്ക് ഭാരവാഹികളെ നിശ്ചയിക്കുമ്പോൾ എ-ഐ ഗ്രൂപ്പുകളുടെ നിർദ്ദേശങ്ങൾ അവഗണിക്കപ്പെട്ടു. ഹൈക്കമാണ്ട് ഗ്രൂപ്പെന്ന് അറിയപ്പെടുന്ന കെസി വേണുഗോപാൽ-വിഡി സതീശൻ വിഭാഗത്തിനായിരുന്നു മേൽകൈ. ഇത് കോൺഗ്രസിൽ പുതിയ സമവാക്യങ്ങൾക്ക് വഴി വയ്ക്കും. എ ഗ്രൂപ്പുമായി രമേശ് ചെന്നിത്തലയും സഹകരിക്കുമെന്നാണ് സൂചന. ബംഗ്ലൂരുവിൽ ചികിൽസയിലുള്ള ഉമ്മൻ ചാണ്ടി എ ഗ്രൂപ്പിലെ നേതാക്കൾക്കെല്ലാം തരൂരിനേയും ചെന്നിത്തലയേയും ഉൾക്കൊള്ളണമെന്ന നിർദ്ദേശം നൽകി കഴിഞ്ഞു.

കഴിഞ്ഞ ദിവസം കോൺഗ്രസിലെ എ ഗ്രൂപ്പ് നേതാക്കൾ ഉമ്മൻ ചാണ്ടിയെ കണ്ടിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എ ഗ്രൂപ്പ് വിട്ട ശേഷം കെസി ജോസഫും ബെന്നി ബെഹന്നാനും എംഎം ഹസനുമാണ് എ ഗ്രൂപ്പിലെ പ്രധാനികൾ. എന്നാൽ ഇവർക്കാർക്കും അണികളെ പ്രചോദിപ്പിക്കാനോ ഗ്രൂപ്പിനെ സജീവമാക്കാനോ കഴിയുന്നില്ല. ഐ ഗ്രൂപ്പ് നേതൃത്വം രമേശ് ചെന്നിത്തലയ്ക്കാണെങ്കിലും പഴയ ഗ്രൂപ്പ് നേതാക്കളായ കെ സി വേണുഗോപാലിനും വിഡി സതീശനുമൊപ്പമാണ് അണികൾ. ഈ സാഹചര്യത്തിൽ പുതിയ സമാവാക്യങ്ങൾ കോൺഗ്രസിൽ രൂപപ്പെടുകയാണ്. പിണറായി സർക്കാരിനെ താഴെ ഇറക്കി കോൺഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കാൻ ശശി തരൂർ എന്ന ഫോർമുലയാണ് എ ഗ്രൂപ്പിന്റെ മനസ്സിൽ. എ ഗ്രൂപ്പിൽ മലബാറിലെ പ്രമുഖനായ എകെ രാഘവനാണ് ഈ നീക്കത്തിന് പിന്നിൽ. രാഘവനും തരൂരും തമ്മിലുള്ള അടുപ്പമാണ് തരൂരിനെ എ ഗ്രൂപ്പുമായി അടുപ്പിക്കുന്നത്.

തരൂരിനേയും ചെന്നിത്തലയേയും ഒരു പ്ലാറ്റ് ഫോമിൽ നിർത്തി കോൺഗ്രസിന് പുതിയ കരുത്ത് നൽകാനാണ് എ ഗ്രൂപ്പിന്റെ ശ്രമം. തരൂരിന് കീഴിൽ നിൽക്കാൻ ചെന്നിത്തല തയ്യാറാകുമോ എന്നതാണ് നിർണ്ണായകം. അതിന് ചെന്നിത്തല തയ്യാറായാൽ കോൺഗ്രസിൽ പുതിയ സമവാക്യം രൂപപ്പെടും. മനസ്സു കൊണ്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരനും വി എം സുധീരനുമെല്ലാം ഈ നീക്കത്തിനെ പിന്തുണയ്ക്കുമെന്നാണ് സൂചന. എങ്ങനേയും അധികാരത്തിൽ തിരിച്ചെത്താനും ലോക്‌സഭയിൽ പരമാവധി സീറ്റുകളിൽ ജയിക്കാനും കൂടി വേണ്ടിയാണ് ഇത്. ഒത്തൊരുമയിലൂടെ കോൺഗ്രസ് ഹൈക്കമാണ്ടിൽ സമ്മർദ്ദം ശക്തമാക്കി അർഹതപ്പെട്ടത് നേടാനാണ് നീക്കം. വിദേശത്തുള്ള തരൂർ തിരിച്ചെത്തിയാൽ പുതിയ കൂട്ടായ്മയിൽ വ്യക്തത വരും.

സി ദിവാകരന്റെ വെളിപ്പെടുത്തൽ കോൺഗ്രസ് വേണ്ട രീതിയിൽ ഉപയോഗിച്ചില്ലെന്ന് വിമർശനം എ ഗ്രൂപ്പ് ഉയർത്തുന്നുണ്ട്. പ്രസ്താവനകൾക്കപ്പുറം വിഷയം ചർച്ചയാക്കിയില്ലെന്ന് എ ഗ്രൂപ്പ്. വെളിപ്പെടുത്തലുകളിൽ ഉത്തരവാദപ്പെട്ടവർ പോലും പ്രതികരിച്ചില്ല. രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന് പകരം ലാഘവത്തോടെ തള്ളി. ആരോപണം ഗൗരവമായി പാർട്ടി കണക്കിലെടുക്കണമായിരുന്നുവെന്ന് കെ.സി. ജോസഫ് വിമർശനം ഉന്നയിച്ചു. ഉമ്മൻ ചാണ്ടിയ്‌ക്കെതിരായ വ്യാജ ആരോപണത്തെ ചർച്ചയാക്കി വീ്ണ്ടും കേരള രാഷ്ട്രീയത്തിൽ കോൺഗ്രസ് തിരിച്ചു വരണമെന്നതാണ് എ ഗ്രൂപ്പിന്റെ നിലപാട്. തരൂരിനേയും ചെന്നിത്തലയേയും മുന്നിൽ നിർത്തി ഈ പ്രചരണ തന്ത്രം പുറത്തെടുക്കാനാണ് എ ഗ്രൂപ്പിലെ പൊതു തീരുമാനം.

കോൺഗ്രസിലെ ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ടു നേതൃത്വത്തിനെതിരെ എ ഗ്രൂപ്പിനുള്ള വികാരം എം.എം.ഹസൻ, കെ.സി.ജോസഫ്, ബെന്നി ബഹനാൻ എന്നിവർ ഉമ്മൻ ചാണ്ടിയെ ധരിപ്പിച്ചു. ബെംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന മുതിർന്ന നേതാവിനെ മൂന്നുപേരും ഇന്നലെ സന്ദർശിച്ചു. ഗ്രൂപ്പിനെ അവഗണിക്കുകയാണു നേതൃത്വം ചെയ്യുന്നത് എന്നാണ് 'എ'യിൽ പ്രബലമായ വികാരം. സംഘടനാ കാര്യങ്ങളിൽ പരസ്പര വിശ്വാസത്തോടെ തീരുമാനം എടുക്കണമെന്ന ധാരണ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ലംഘിക്കുന്നു. തങ്ങളുടെ അധികാരമാണു മുഖ്യം എന്ന സമീപനം ഇരുവരും വച്ചു പുലർത്തുന്നതു പാർട്ടിക്കു ശുഭകരമല്ലെന്നാണ് എ ഗ്രൂപ്പ് പറയുന്നത്.

ഹൈക്കമാൻഡ് ഇടപെടണമെന്ന ആവശ്യമാണ് ഉന്നയിച്ചതെങ്കിലും നേതൃത്വത്തെ ന്യായീകരിക്കുന്ന പ്രതികരണം എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിൽ നിന്നുണ്ടായി. ഈ സാഹചര്യത്തിൽ എന്തു വേണമെന്ന ഉമ്മൻ ചാണ്ടിയുടെ അഭിപ്രായം ആരായാനാണു മൂന്നു നേതാക്കളും ബെംഗളൂരുവിൽ എത്തിയത്. സമാന വികാരം പങ്കുവയ്ക്കുന്ന ഐയുമായി യോജിച്ചു നീങ്ങാമെന്ന നേതാക്കളുടെ അഭിപ്രായത്തോട് ഉമ്മൻ ചാണ്ടി യോജിച്ചെന്നാണു വിവരം. മഹാരാഷ്ട്ര കോൺഗ്രസിലെ പ്രശ്‌നവുമായി ബന്ധപ്പെട്ടു കോൺഗ്രസ് അധ്യക്ഷനെ കണ്ട രമേശ് ചെന്നിത്തല കേരളത്തിലെ സ്ഥിതി ഗുരുതരമാണെന്നാണ് അദ്ദേഹത്തെ ധരിപ്പിച്ചത്. വരും ദിവസങ്ങളിൽ ഇരു വിഭാഗത്തിന്റെയും നേതാക്കൾ പരസ്പരം കാണാൻ ധാരണയായി.

സംഘടനാ തിരഞ്ഞെടുപ്പ് നിശ്ചയിച്ച യൂത്ത് കോൺഗ്രസിലെ എ വിഭാഗത്തിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയെ സംബന്ധിച്ച തർക്കവും ഉമ്മൻ ചാണ്ടിക്കു മുന്നിൽ എ നേതാക്കൾ അവതരിപ്പിച്ചു. നിലവിലെ പ്രസിഡന്റായ എയുടെ ഷാഫി പറമ്പിൽ ആ ഗ്രൂപ്പിലെ രാഹുൽ മാങ്കൂട്ടത്തലിനു വേണ്ടി ശക്തമായി വാദിക്കുകയാണ്. എയിൽ നിൽക്കുമ്പോഴും പ്രതിപക്ഷ നേതാവുമായി രാഹുൽ നല്ല ബന്ധം പുലർത്തുന്നു.കോൺഗ്രസ് പുനഃസംഘടനയുടെ പേരിൽ പ്രതിപക്ഷ നേതാവിനെതിരെ പരാതിയുമായി നിലയുറപ്പിക്കുമ്പോൾ അദ്ദേഹത്തിനു താൽപര്യമുള്ള ആൾ എയുടെ നോമിനിയായി യൂത്ത് കോൺഗ്രസ് പ്രസിഡന്റായി വരുന്നതിനോടു ഗ്രൂപ്പിൽ ഭിന്നാഭിപ്രായമുണ്ട്. ജെ.എസ്.അഖിൽ, കെ.എം.അഭിജിത് എന്നിവരിൽ ഒരാളെ സ്ഥാനാർത്ഥി ആക്കണമെന്നാണ് അവരുടെ മനസ്സിൽ.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP