Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നമ്മുടെ വീട്ടിൽ ഇന്റർനെറ്റ് കണക്ഷൻ വേണമെന്ന് പറഞ്ഞാൽ റിലയൻസ് കണക്ഷൻ തരില്ലേ? ബി എസ് എൻ എൽ തരില്ലേ? ബി എസ് എൻ എല്ലിന്റെ നെറ്റ് 250 രൂപക്കും കെ ഫോൺ വഴിയുള്ള ബി എസ് എൻ എല്ലിന്റെ കണക്ഷൻ 350 രൂപയ്ക്കും വീട്ടിൽ ലഭിക്കും! കെ ഫോൺ ലോകത്തിന് മാതൃക എന്നത് ബഡായി! ഐ ടി വിദഗ്ധൻ ജോസഫ് സി മാത്യു മറുനാടനോട്

നമ്മുടെ വീട്ടിൽ ഇന്റർനെറ്റ് കണക്ഷൻ വേണമെന്ന് പറഞ്ഞാൽ റിലയൻസ് കണക്ഷൻ തരില്ലേ? ബി എസ് എൻ എൽ തരില്ലേ? ബി എസ് എൻ എല്ലിന്റെ നെറ്റ് 250 രൂപക്കും കെ ഫോൺ വഴിയുള്ള ബി എസ് എൻ എല്ലിന്റെ കണക്ഷൻ 350 രൂപയ്ക്കും വീട്ടിൽ ലഭിക്കും! കെ ഫോൺ ലോകത്തിന് മാതൃക എന്നത് ബഡായി! ഐ ടി വിദഗ്ധൻ ജോസഫ് സി മാത്യു മറുനാടനോട്

ശ്യാം എസ് ധരൺ

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ച് കെ ഫോൺ പദ്ധതി ഉദ്ഘാടനം ചെയ്തത്. പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് പൊതു സമൂഹത്തിൽ നിലനിൽക്കുന്നത്. പൊതുമേഖയിൽ ഇത്തരം പദ്ധതിയുടെ ആവശ്യകതയെ അടക്കം പലരും ചോദ്യം ചെയ്യുന്നുണ്ട്. പ്രതിപക്ഷം ആകട്ടെ അഴിമതി ആരോപണവുമായി രംഗത്തു വരികയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിൽ കെ ഫോൺ കൊണ്ട് കേരളത്തിന് എത്രത്തോളം ഗുണം ലഭിക്കു? അതോ ഭാവിയിൽ ഇതുമൊരു വെള്ളാനയായി മാറുമോ എന്ന ചോദ്യത്തിന് അടക്കം ഉത്തരം നൽകുകയാണ് ഐ ടി വിദഗ്ധനായി ജോസഫ് സി മാത്യു.

വി എസ് മുഖ്യമന്ത്രിയായ കാലത്ത് മുഖ്യമന്ത്രിയുടെ ഐ ടി ഉപദേഷ്ടാവ് കൂടിയായിരുന്നു ജോസഫ് സി മാത്യു. കെ ഫോണിനെ കുറിച്ചും അതിന് പിന്നിലെ കഥകകളെ കുറിച്ചും തുറന്നു പറയുകയാണ് ജോസഫ് സി മാത്യു. ഒരു പോസ്റ്റിൽ നിന്നും മറ്റൊരു പോസ്റ്റിലേയ്ക്ക് കേബിൾ വലിച്ച് അതുകൊണ്ടു വന്നു നമ്മുടെ ലാപ്ടോപ്പിന്റെ അറ്റത്ത് കണക്ട് ചെയ്താൽ ഇന്റർനെറ്റ് കണക്ഷൻ ആവില്ല. നമ്മുടെ നാട്ടിൽ കേബിൾ വഴിയുള്ളതും വയർലസ് ആയിട്ടുള്ളതുമായ നെറ്റ് വർക്കുകൾ ഉണ്ട്. കെ ഫോൺ നെറ്റ് വർക്ക് സിസ്റ്റത്തിനു നോക് എന്നു പറയുന്ന ഒരു കേന്ദ്രമുണ്ട്. ഇവിടെ നിന്നുമുള്ള കേബിളുകൾ വഴി സംസ്ഥാനത്തിന്റെ വിവിധ കോണുകളിലേയ്ക്ക് ഇന്റർനെററ് കൊണ്ടു പോകുന്നു. ഇതിനെല്ലാം ജില്ലാ തലത്തിൽ പി ഒ പി എന്ന ഉപകേന്ദ്രങ്ങളുണ്ട്. ഇവിടെ നിന്നുമാണ് ഇന്റർനെറ്റ് വീടുകളിലേയ്ക്കും ഓഫീസുകളിലേയ്ക്കും എത്തുന്നത്.

ലോകത്തെമ്പാടുമുള്ള നെറ്റ് വർക്കുകളുടെ ചിലന്തിവല പോലുള്ള കണക്ഷനിലേയ്ക്ക് കെ ഫോണിനെ ബന്ധിപ്പിക്കമെങ്കിൽ നമുക്ക് ഇന്റർനെറ്റ് സർവ്വീസ് പ്രൊവൈഡറുടെ ആവശ്യമുണ്ട്. അതുകൊണ്ടാണ് സർക്കാർ ടെണ്ടർ വിളിച്ച് ഒരു ഇന്റർനെറ്റ് സർവ്വീസ് പ്രൊവൈഡറെ കണ്ടെത്തിയത്. ഇപ്പോൾ അത് ബി എസ് എൻ എൽ ആണ് എന്നാണ് അറിയാൻ കഴിഞ്ഞത്. ആദ്യം റെയിൽടെൽ ആണെന്നാണ് സർക്കാർ പറഞ്ഞത്. പിന്നീടത് ബി എസ് എൻ എൽ ആയി എന്നാണ് മനസ്സിലാകുന്നത്. അടുത്ത പ്രാവശ്യംകുറഞ്ഞതുക കൂട്ടിയത് റിലയൻസാണെങ്കിൽ അവർക്കു കൊടുക്കും. ഇത്തരത്തിലുള്ള ഐഎസ്‌പി പ്രൊവൈഡർക്ക് നോക്കിൽ കൊണ്ടു വന്നു ഇന്റർനെറ്റ് കൊടുത്താൽ ബാക്കിയുള്ള നെറ്റ് വിതരണം കെ ഫോൺ ചെയ്തോളും.

നമ്മുടെ വീട്ടിൽ ഇന്റർനെറ്റ് കണക്ഷയൻ വെണമെന്നു പറഞ്ഞാൽ റിലയൻസ് കണക്ഷൻ തരില്ലേ? ബി എസ് എൻ എൽ തരില്ലേ? ഇവർക്കെല്ലാം വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും ഒരുദിവസം കൊണ്ടു എത്തിക്കാനുള്ള സൗകര്യങ്ങൾ ഉണ്ട്. അപ്പോൾ കെഫോൺ വഴി ഇന്റർനെറ്റ് കണക്ഷൻ തരുമ്പോൾ ബി എസ് എൻ എൽ ആയിരിക്കും അത് എത്തിക്കുക എന്നുവെയ്ക്കുക. ബിഎസ് എൻ എല്ലിനോട് പറഞ്ഞാൽ അവർ നമുക്ക് വീട്ടിൽ കണക്ഷൻ എത്തിക്കും. കെ ഫോണിനോടു പറഞ്ഞാൽ കണക്ഷൻ കൊണ്ടു തരിക ബി എസ് എൻ എൽ ആയിരിക്കും. പേര് കെ ഫോൺ എന്നായിരിക്കും.

കെ ഫോണിനു ഈ പേര് വന്നത് ഇൻഫ്രാ സ്ട്രക്ച്ചർ പ്രൊവൈഡറായി മാത്രമായി ആയിരിക്കും ഞങ്ങൾ പ്രവർത്തിക്കുക എന്നും, ഞങ്ങൾ ഐഎസ്‌പി അല്ല എന്നുമാണ് കെഫോൺ സമീപ കാലം വരെ പറഞ്ഞിരുന്നത്. ഇപ്പോൾ കെ ഫോണിന്റെ സൈറ്റിലെ എഫ് എ ക്യു എടുത്തു നോക്കിയാൽ അതിൽ ഇപ്പോഴും പറയുന്നത് ഐ എസ് പി അല്ല എന്നാണ് പറയുന്നത്. ഐ എസ് പി ലൈസൻസ് എടുത്താൽ കെ ഫോണിന്റെ ബിൽ ആണ് ഉപഭോക്താക്കൾക്കു ലഭിക്കുക. അല്ലെങ്കിൽ ബി എസ് എൻ എല്ലിന്റെ ബില്ലായിരിക്കും ലഭിക്കുക. നിലവിൽ കെ ഫോണിന്റെ ബില്ല് വീട്ടിൽ തരാൻ സാധിക്കും അതുകൊണ്ടാണ് ഐ എസ് പി ലൈസൻസ് എടുക്കുന്നത്. ഇത് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ലൈസൻസ് എടുക്കുന്നതാണ്.

ബി എസ് എൻ എല്ലിന്റെ നെറ്റ് കണക്ഷൻ 250 രൂപയ്ക്ക് നിങ്ങൾക്കു വീട്ടിൽ ലഭിക്കും. കെ ഫോൺ വഴിയുള്ള ബി എസ് എൻ എല്ലിന്റെ കണക്ഷൻ 350 രൂപയ്ക്കും വീട്ടിൽ ലഭിക്കും എന്നാണ് ഇപ്പോഴത്തെ താരിഫ് കണ്ടാൽ മനസ്സിലാവുക. ബി എസ് എൻ എല്ലിന്റെ കണക്ഷനാണ് ഇവിടെ തരുന്നതെങ്കിൽ എന്തിനാണ് നമ്മൾ 2000 കോടി രൂപ മുടക്കുന്നത് എന്നതാണ് പ്രധാന ചോദ്യം. പ്രത്യേകിച്ച് കേരളത്തെപ്പോലുള്ള സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന ഒരു സംസ്ഥാന ഇതിനു മുതിരുന്നു.

അതേസമയം കിഫ്ബിയുടെ കാര്യത്തിൽ സർക്കാർ പറയുന്നത് വികസന പ്രവർത്തനങ്ങൾക്കുവേണ്ടുന്ന പണം മുടക്കാൻ നമ്മുടെ കൈയിൽ ഇല്ല എന്നാണ്. അതുകൊണ്ടു കടം വാങ്ങി നമ്മൾ വികസനത്തിനു ഉപയോഗിക്കുന്നു. ഇത് വർഷം തോറും അടച്ചു തീർക്കുന്നു. പക്ഷെ കെ ഫോണിന്റെ കാര്യത്തിൽ നമ്മുടെ കൈയിൽ ഒരുപാട് പണം ഇരിക്കുന്നതുകൊണ്ട് നമ്മൾ അവന്റെ ക്യാപിറ്റൽ കോസ്റ്റിന്റെ ഒരു ഭാഗം നമ്മൾ തന്നെ വഹിക്കുന്നു. ഇതിൽ നമ്മൾ മാസംതോറും കൊടുക്കുന്ന തുകയിൽ നിന്നും ചെറിയ തുക കുറച്ചു കൊടുക്കാം എന്നുള്ളതാണ് പറഞ്ഞിരുന്നത്. പക്ഷെ ഇപ്പോൾ കാണുന്നത് കൂട്ടി വാങ്ങുന്നതാണ്.

എന്തായാലും പുതിയൊരു ഐ എസ് പി വരുമെന്നു വിചാരിക്കുക അവർക്ക് സംസ്ഥാനത്തു കെ ഫോണിന്റെ കേബിൽ വലിക്കുകയാണെങ്കിൽ മൂലധനചെലവിൽ ഡിസ്‌കൗണ്ട് ലഭിക്കുകയാണ്. ഇതിലൂടെ ഉപഭോക്താക്കൾക്ക് ഡിസ്‌കൗണ്ട് നൽകാൻ സാധിക്കും. അങ്ങനെ ചെയ്തു തന്നാൽ പോലും അത് കിഫ്ബിയുടെ കാര്യത്തിൽ പറയുന്ന വികസന സങ്കൽപ്പങ്ങൾക്കു ഘടക വിരുദ്ധമാണ്. ഇതൊരു കിഫ്ബി ഫണ്ട് പ്രൊജക്ടുമാണ്.

രണ്ടാമത് സർക്കാർ പറഞ്ഞത് ഇതൊരു ബദൽ ആണെന്നാണ്. എത്ര ആലോചിച്ചിട്ടും ഇത് മനസ്സിലാകുന്നില്ല ഇതെങ്ങനെയാണ് ബദലാകുന്നതെന്നു. ഐ എസ് പികൾക്കു കൂടുതൽ ആളുകളെ നേടിക്കൊടുക്കുക എന്നല്ലാതെ ഈ പദ്ധതിക്ക് യാതൊരു പ്രയോജനവും ഉണ്ടെന്നു തോന്നുന്നില്ല. കെ ഫോൺ ചെയ്യേണ്ടിയിരുന്നത് പാലക്കാടു നിന്നും അട്ടപ്പാടിയിലേയ്ക്ക് ഇടുക്കിയിലെ റിമോർട്ട് സ്ഥലങ്ങളിലേയ്ക്ക് ഇത്തരത്തിലുള്ള നെറ്റ് വർക്കുകൾ എത്താത്ത സ്ഥലങ്ങളിലേയ്ക്ക് അവ എത്തിക്കുക എന്നതാണ്. അല്ലാതെ ഈ ഇന്റർനെറ്റ് കേബിൾ ശൃലയ്ക്ക് ബദലായി മറ്റൊരു ശൃഖല ഉണ്ടാക്കാമെന്ന് കേരളം വിചാരിച്ചാൽ അത് വലിയ ധാരണാ പിശകാണ്. അതിനുള്ള ശേഷി നലമുക്കില്ല.

ഇപ്പോൾ പറയുന്നു ഫൈവ് ജി കേബിളുകൾക്കു കൂടുതൽ ടവറുകൾ ആവശ്യമായി വരും. ഈ ടവറുകൾ പ്രൊവൈഡ് ചെയ്യാൻ പി ഒ പികൾക്ക് സാധിക്കും.
5 ജിക്ക് കൂടുതൽ ടവറുകൾ വേണ്ടിവരും. 5 ജി എന്നു പറയുന്നത് വയർലസ് നെറ്റ് വർക്കാണ്. അത് സ്പെക്ട്രം ലേലം നടന്നു കഴിഞ്ഞതാണ്. ജിയോ, എയർട്ടൽ, വിഐ ഈ ഗ്രൂപ്പിന്റെ കൈവശമാണ് പൂർണ്ണമായും 5 ജി യുടെ നെറ്റ് വർക്ക്. ഇതിൽ 49 ശതമാനവും ജിയോയുടെ കൈവശമാണുള്ളത്. ടവർ വച്ച് സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നത് പ്രൈവറ്റ് കമ്പനികൾക്കാണ്. അപ്പോൾ നമ്മുടെ റവന്യൂ മോഡൽ എന്നു പറയുന്നത് അവരുടെ ഉപയോഗത്തിനു ആനുപാതികമായിട്ടാണ്. ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് നമ്മൾ ബദൽ അല്ലെന്നാണ്. നിലവിലുള്ള മാർക്കറ്റ് ശക്തികളെ ഉപയോഗപ്പെടുത്തുകയാണ്.

കേരളത്തിൽ 5 ജി സ്പെക്ട്രം വരാൻ വേണ്ടി ടവറുകൾ സ്ഥാപിക്കാൻ മുൻകൈ എടുക്കുകയാണെന്നു സർക്കാർ പറഞ്ഞാൽ അത് ആലോചിക്കാവുന്നതാണ്. ദയവായി ഇതിനെ ബദൽ എന്നു പറയാതെ ഇരിക്കുക. കാരണം 5 ജി സ്പെക്ട്രം കൈയിലുള്ളവർക്കു കൂടുതൽ വിൽപ്പന നടത്താൻ വേണ്ടി ഇൻഫ്രാസ്ട്രക്ച്ചർ കോസ്റ്റ് മുടക്കേണ്ടതില്ല ഞങ്ങൾ മുടക്കാമെന്ന് സംസ്ഥാന സർക്കാർ പറയുകയാണെങ്കിൽ അത് ബദൽ അല്ല. മുൻപെ ചെയ്തു പോയ ഒരു പദ്ധതിയിൽ നിന്നും റവന്യൂ നേടാനുള്ള ഒരു മാർഗ്ഗമാണെന്നു ജനങ്ങളോടു പറഞ്ഞാൽ മനസ്സിലാകും. രണ്ടാമത്തെ കാര്യം ഒഴിഞ്ഞു കിടക്കുന്ന ഫൈബർ ആർക്കു ,വിൽക്കും എന്നതാണ്. ഇവിടെ ഫൈബർ ഇല്ലാത്തവർക്കല്ലെ അതുകൊടുക്കേണ്ടത്? അപ്പോഴും ബദലാണെന്നു പറയരുത്. ഒരു ദീർഘ വിക്ഷണവുമില്ലാതെ നടപ്പിലാക്കിയ പദ്ധതിയാണിത്.

നെറ്റ് ഫ്ലിക്സും ആമസോണുമെല്ലാം നമുക്കു വേണ്ടി കാത്തിരിക്കുമെന്നും, അവർ ഇവിടെ ചെലവാക്കുന്നതിനു ആനുപാതികമായി സംസ്ഥാനത്തു വരുമാനം ലഭിക്കുമെന്നും, ഡാറ്റാ സെന്ററുകൾ ശക്തിപ്പെടുമെന്നും ഇത്തരത്തിലുള്ള ഭാവനാ വിലാസം എന്നു പറയുന്നത് ഒരു കഴമ്പുമില്ലാത്തതാണ്. കെ ഫോൺ ലോകത്തിലെ ആദ്യത്തെ പൊതുമേഖലാ സംരംഭമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ഫൈബർ ലിമിറ്റഡ് എന്നൊരു പ്രൊജക്ട് ഉണ്ട്. പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിലുള്ള സമാനമായ ഒരു ഫൈബർ നെറ്റ് വർക്കാണിത്. അവിടെ ട്രിപ്പിൾ പ്ലേ എന്ന പേരിൽ പാക്കേജും ഓഫർ ചെയ്യുന്നുണ്ട്. ഐ പി ടി വി, ഇന്റർനെറ്റ്, ടെലഫോൺ ഇവ മൂന്നും കൂടിയുള്ള പാക്കേജ്. അതും 190 രൂപയ്ക്ക് വീടുകളിൽ നൽകുന്നു. അതേ നെറ്റ് വർക്ക് നമ്മുടെ സംസ്ഥാനം കൊടുക്കുന്നത് 350 രൂപയ്ക്കാണ്. അതിലെന്താണ് യുക്തി എന്നെനിക്കറിയില്ല. ബാഗ്ലൂരിലെല്ലാം കമ്മ്യൂണിറ്റി നെറ്റ് വർക്കുണ്ട്. ഇത്തരത്തിൽ നിരവധി പദ്ധതികൾ ലോകത്ത് നടക്കുന്നുണ്ട്.

2009 ൽ വി എസ് മുഖ്യമന്ത്രി ആയിരുന്നപ്പോൾ കെ സ്വാൻ എന്ന പദ്ധതിയുണ്ടായിരുന്നു. കേന്ദ്ര സർക്കാരിന്റെ ഭാഗമായിട്ടുള്ള ഒരു പദ്ധതിയായിരുന്നു ഇത്. സംസ്ഥാനത്തെ നിലവിലുള്ള 99 ശതമാനം ഓഫീസുകളും കെ സ്വാൻ വഴി കണക്ട് ചെയ്തു കഴിഞ്ഞിട്ടുണ്ട്. 2009 ൽ ഉദ്ഘാടനം നടക്കുന്ന സമയത്ത് ലോകത്ത് എങ്ങുമില്ലാത്ത പദ്ധതിയെന്നു ആരും അന്ന് പറഞ്ഞിട്ടില്ല. സത്യത്തിൽ ലോകത്ത് പല ഭാഗത്തുമുള്ള പദ്ധതിയിൽ നമ്മളും കൂടിച്ചേരുന്നു എന്നതാണ് യാഥാർത്ഥ്യം. ഇന്നത്തെ സർക്കാർ ബഡായി അടിക്കുകയാണ്. കെ സ്വാൻ നിലവിൽ ഉണ്ടായിട്ടു കഴിഞ്ഞ 7 മാസത്തോളമായി കെ സ്വാന്റെ പേരിൽ പുതിയ പ്രവർത്തനങ്ങളൊന്നും വേണ്ട എന്നു പറഞ്ഞു തടസ്സപ്പെടുത്തി കെ ഫോണാക്കി മാറ്റചാൻ പോവുകയാണ്. അങ്ങനെ കെ ഫോൺ വന്നതിലൂടെ എല്ലാവർക്കും ഇന്റർനെറ്റ് സൗകര്യം ഉണ്ടായി എന്നു വരുത്തി തീർക്കാനാണ് ശ്രമം. അതായാത് ഇടതു സർക്കാർ കൊണ്ടുവന്ന പദ്ധതികൾ പോലും പേരുമാറ്റി പുതിയ പദ്ധതി, ലോകത്തിലെ ആദ്യ പദ്ധതി എന്നൊക്കെ പറഞ്ഞു അവതരിപ്പിക്കുകയാണ്.

ചരിത്രം പരിശോധിച്ചാൽ ഏകദേശം 1997 ൽ ജനകീയ ആസൂത്രണം കഴിഞ്ഞു അന്ന് തോമസ് ഐസക് പ്ലാനിങ് ബോർഡ് മെമ്പർ ആയിരിക്കുന്ന സമയത്ത് അന്ന് പ്ലാൻ ഫണ്ട് 40 ശതമാനം പഞ്ചായത്തുകൾക്കു കൊടുക്കാൻ തീരുമാനിക്കുന്നു. ഇതിനുവേണ്ടി കേരള ഇൻഫർമേഷൻ നെറ്റ് വർക്ക് ഫോർ ലോക്കൽ ബോഡി എന്നായിരുന്നു. ഇതിന്റെ ലക്ഷ്യം സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും അവരുടെ ജില്ലാ ആസ്ഥാനത്തേയ്ക്ക് വച്ചിരിക്കുന്ന സർവ്വറിലേയ്ക്ക് അതാത് ദിവസത്തെ പണ വിനിയോഗത്തിന്റെ കണക്കുകൾ ഡയലപ് ലൈനിലൂടെ അറിയിക്കുന്നു. ജില്ലാ ആസ്ഥാനത്തിരിക്കുന്ന സർവ്വറും പ്ലാനിങ് ബോർഡിലുള്ള സർവ്വറും തമ്മിൽ 2 എം പി പി എസ് ലൈൻ വഴി കണക്ട് ചെയ്യുന്നു.

അന്നത്തെ സർക്കാർ പ്ലാനിങ് കമ്മീഷന്റെ വൈസ് ചെയർമാനായ കെ സി പന്തുമായി ചർച്ച നടത്തിയിരുന്നു. പിന്നീട് 84 ലക്ഷം രൂപ ഇതിനായി ലഭിച്ചു. അങ്ങനെ ഈ പദ്ധതിയുടെ നടത്തിപ്പിനു വേണ്ടി സി ഡിറ്റിൽ നിന്നുമുള്ള ഒരു മിഷൻ ഗ്രൂപ്പിനെ രൂപപ്പെടുത്തി. അതാണ് ഐ കെ എം എന്നത്. അവർ ഈ പദ്ധതി കഴിഞ്ഞു 2001 മാർച്ചോടെ പിരിഞ്ഞു പോകുമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. പിന്നീട് അവർ ഒരു വെള്ളാനയായി രൂപപ്പെട്ടു. കുറെ ആവശ്യമില്ലാത്ത പ്രൊജക്ടുകൾ ചെയ്തു. അങ്ങനെ ഇൻഫർമേഷൻ പ്രൊജക്ട് എന്ന പദ്ധതി നടന്നില്ല.

പൊതുമേഖലയിൽ ഇത്തരത്തിലുള്ള നെറ്റ് വർക്കുണ്ടാകണമെന്നു ഇടതുപക്ഷ സർക്കാർ അന്ന് മുതലെ വിഭാവനം ചെയ്തു മുന്നോട്ടു വന്നതാണ്. അവിടെ മുതൽ ഇത് അട്ടിമറിക്കപ്പെട്ടു. അന്ന് സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി ഇത് സംസാരിച്ചതാണ്. ഇത്തരത്തിൽ സ്വകാര്യവത്ക്കരണത്തെക്കുറിച്ചുള്ള ശ്രമത്തെക്കുറിച്ചു പറഞ്ഞതാണ്. വെള്ളനാട് പഞ്ചായത്തിലെ കംമ്പ്യൂട്ടർ വത്ക്കരണത്തിന്റെ ഭാഗമായി നടന്ന അഴിമതികളെക്കുറിച്ചു പറഞ്ഞതാണ്. എന്തായാലും പല സർ്ക്കാരുകളും കേരളത്തിൽ ഇത് ആലോചിച്ചതാണ്. അന്ന് ഇത്തരം പദ്ധതികളുമായി മുന്നോട്ട് പോയിരുന്നെങ്കിൽ ഇപ്പോൾ പറയുന്ന കാര്യങ്ങൾക്കു പ്രസക്തി ഉണ്ടാകുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP