Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രതിച്ഛായ മാറ്റിവെച്ച് മുഖ്യമന്ത്രിയെ സംരക്ഷിക്കാനുള്ള റിയാസിന്റെ നിർദ്ദേശം നടപ്പിലാക്കാൻ പാർട്ടി; സഹമന്ത്രിമാരെ ശകാരിച്ച നടപടി അച്ചടക്ക ലംഘനമായി കാണാതെ ഗോവിന്ദൻ മാഷും; ആ തുറന്നടി പാർട്ടിയിലും സർക്കാരിലും റിയാസ് കൂടുതൽ സ്വാധീനം ഉറപ്പിച്ചതിന്റെ ലക്ഷണമായി കണ്ട് നേതാക്കളും; കുടുംബ രാഷ്ട്രീയം കത്തിച്ച് പ്രതിപക്ഷവും

പ്രതിച്ഛായ മാറ്റിവെച്ച് മുഖ്യമന്ത്രിയെ സംരക്ഷിക്കാനുള്ള റിയാസിന്റെ നിർദ്ദേശം നടപ്പിലാക്കാൻ പാർട്ടി; സഹമന്ത്രിമാരെ ശകാരിച്ച നടപടി അച്ചടക്ക ലംഘനമായി കാണാതെ ഗോവിന്ദൻ മാഷും; ആ തുറന്നടി പാർട്ടിയിലും സർക്കാരിലും റിയാസ് കൂടുതൽ സ്വാധീനം ഉറപ്പിച്ചതിന്റെ ലക്ഷണമായി കണ്ട് നേതാക്കളും; കുടുംബ രാഷ്ട്രീയം കത്തിച്ച് പ്രതിപക്ഷവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎം രാഷ്ട്രീയത്തിൽ ഇപ്പോൾ അവസാനത്തെ വാക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. അദ്ദേഹം ഇച്ഛിക്കുന്നത് നടപ്പിലാക്കാൻ സജ്ജമായ പാർട്ടി സംവിധാനാണ് കേരളത്തിലുള്ളത്. അങ്ങനെയിരിക്കേ മുഖ്യമന്ത്രിയെ മറ്റു മന്ത്രിമാർ പ്രതിരോധിക്കുന്നില്ലെന്ന ആക്ഷേപവുമായി മരുമകൻ കൂടിയായ മുഹമ്മദ് റിയാസ് രംഗത്തുവന്നത് നേതാക്കളെയും ഞെട്ടിച്ചിരുന്നു. സാധാരണ ഗതിയിൽ ആണെങ്കിൽ സഹമന്ത്രിമാരെ വിമർശിക്കുന്നത് അച്ചടക്ക ലംഘനമായി കാണുന്ന പാർട്ടിയാണ് സിപിഎം. എന്നാൽ, അവിടെയാണ് മുഹമ്മദ് റിയാസ് കൂടുതൽ കരുത്തനായിരിക്കുന്നത്. മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ട ബാധ്യത മന്ത്രിമാർക്കുണ്ടെന്ന് പറഞ്ഞ റിയാസി പാർട്ടി വിരുദ്ധമായി ഒന്നു പറഞ്ഞില്ലെന്ന നിഗമിനത്തിലാണ് സിപിഎം ഉള്ളത്. അതേസമയം റിയാസിന്റെ ലക്ഷ്യമുന എന്തിലേക്ക് എന്ന ചോദ്യം പാർട്ടിയിൽ സജീവമായിട്ടുമുണ്ട്.

സർക്കാറിൽ മുതിർന്നവരെ വെട്ടി പൊതുമരാമത്ത് വകുപ്പ് മന്ത്രിസ്ഥാനം നേടിയ റിയാസ് ഇപ്പോൾ പാർട്ടിക്കുള്ളിലും കൂടുതൽ കരുത്തനാകുന്നു എന്ന ലക്ഷങ്ങളായി ഈ തുറന്നടിയെ വിലയിരുത്തുന്നവരുമുണ്ട്. ഫലത്തിൽ റിയാസിന്റെ വിമർശനം കുറിക്കു കൊണ്ടുവെന്ന് തന്നെയാണ് വിലയിരുത്തൽ. പാർട്ടി മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ കൂടുതലായി രംഗത്തിറങ്ങുമെന്ന് ഉറപ്പാണ്. ഇത് ഒറ്റ പ്രസ്താവനയിൽ പാർട്ടിയെ സജീവമാക്കാൻ ആജ്ഞാശക്തിയുള്ള നേതാവായി താൻ മാറിയെന്ന് റിയാസിന്റെ മിടുക്കായി മാറുകയും ചെയ്യും.

അടുത്തിടെ പ്രതിപക്ഷം ഉയർത്തികൊണ്ടു വന്ന വിവാദങ്ങളിൽ ഒരു വശത്ത് മുഖ്യമന്ത്രിയെ കടന്നാക്രമിക്കുക എന്ന തന്ത്രമുണ്ടായിരുന്നു. എ ഐ ക്യാമറാ വിവാദത്തിൽ ഏറ്റവും പഴി കേൾക്കേണ്ടി വന്നതും മുഖ്യമന്ത്രിയും കുടുംബവും ആയിരുന്നു. വി ഡി സതീശനും ചെന്നിത്തലയും നിരന്തരം ആരോപണങ്ങളുമായി രംഗത്തുവന്നപ്പോഴും കാര്യമായ പ്രതിരോധം സിപിഎമ്മിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. ഓരോരുത്തർക്കും ഉടൻ മറുപടി പറയേണ്ട ബാധ്യത മുഖ്യമന്ത്രിക്ക് ഇല്ലെന്നിരിക്കെ അതു നിർവഹിക്കേണ്ടതു പാർട്ടി നേതൃത്വമോ മന്ത്രിമാരോ ആണ്. എന്നാൽ കോടിയേരി ബാലകൃഷ്ണൻ സജീവമായിരുന്ന കാലത്തേതു പോലെ നിരന്തരം മാധ്യമങ്ങളെ എം വിഗോവിന്ദൻ അഭിമുഖീകരിക്കാറില്ലെന്നതും ശ്രദ്ധേയമാണ്.

ഒന്നാം പിണറായി സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളെ പ്രതിരോധിക്കാനായി മുതിർന്ന മന്ത്രിമാർ രംഗത്ത് എത്തിയിരുന്നെങ്കിൽ ഇവിടെ അതും കാണാനില്ല. മന്ത്രിമാർ കൂടുതലും വകുപ്പുകളെക്കുറിച്ചു മാത്രം സംസാരിക്കുന്ന രീതി സ്വീകരിക്കുമ്പോൾ പി.രാജീവും പി.എ.മുഹമ്മദ് റിയാസുമാണു പൊതു രാഷ്ട്രീയ പ്രതികരണണങ്ങൾക്കു മുതിരുന്നത്. റോഡ് ക്യാമറയുമായി ബന്ധപ്പെട്ടു പ്രതിപക്ഷം തലങ്ങും വിലങ്ങും പ്രഹരിച്ചപ്പോൾ മന്ത്രിമാരുടെ നിശബ്ദതയ്‌ക്കെതിരെയുള്ള വികാരം സിപിഎമ്മിൽ ശക്തവുമായി.

റിയാസിന്റെ തുറന്നുപറച്ചിലിലൂടെ ഇതാണു പുറത്തേക്കു വന്നത്. മന്ത്രിമാർ സർക്കാരിനു രാഷ്ട്രീയ കവചം തീർക്കണമെന്ന പാർട്ടി നിർദ്ദേശം പാലിക്കപ്പെടുന്നില്ലെന്നു തന്നെ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ ഇറങ്ങിയാൽ സ്വന്തം പ്രതിച്ഛായ നഷ്ടമാകുമോ എന്ന ആശങ്ക ചില മന്ത്രിമാർക്കെങ്കിലും ഉണ്ടെന്ന അതിലും ഗുരുതര സൂചന അടങ്ങുന്ന അഭിപ്രായ പ്രകടനം നടത്തി, പിണറായിക്കു പിന്നിൽ അണിനിരക്കുന്നവരെ ഫാൻസ് അസോസിയേഷനായി ചിത്രീകരിക്കുമെന്നു ഭയന്നു ചിലരെല്ലാം മൗനം പാലിക്കുന്നു എന്നുവരെ പറഞ്ഞുവച്ചു.

റിയാസ് മുഖ്യമന്ത്രിയുടെ മരുമകൻ ആയതു കൊണ്ടു തന്നെ ഇതു മുഖ്യമന്ത്രിയുടെ കുടുംബത്തിനുള്ളിലെ വികാരമാണോ എന്ന ചോദ്യം തന്നെയാണു സജീവം. എന്നാൽ മന്ത്രിമാരുടെ പിന്തുണ കിട്ടുന്നില്ലെന്ന വിലയിരുത്തൽ പിണറായിക്കുണ്ടെങ്കിൽ അതു റിയാസിലൂടെ പുറത്തു വരേണ്ട കാര്യമില്ലെന്നു ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. പാർട്ടിയുടെയും സർക്കാരിന്റെയും പൂർണനിയന്ത്രണം അദ്ദേഹത്തിൽ ആയിരിക്കെ ഒരു സൂചന അദ്ദേഹം നൽകിയാൽ തന്നെ ആശിക്കുന്നതു നടപ്പാക്കപ്പെടും.

പാർട്ടിയിലും സർക്കാരിലും റിയാസ് കൂടുതൽ സ്വാധീനം ഉറപ്പിക്കുന്നതിന്റെ പ്രകടനമായി അദ്ദേഹത്തിന്റെ തുറന്നടികളെ വിലയിരുത്തുന്നവരുണ്ട്. അതുകൊണ്ടു തന്നെ ഉന്നയിക്കപ്പെട്ട വിമർശനങ്ങളെ വളരെ നിഷ്‌കളങ്കമായല്ല സിപിഎം മന്ത്രിമാർ കാണുന്നത്. എന്നാൽ റിയാസുമായി തർക്കത്തിനു പോകാനും അവർ തയാറല്ല. റിയാസ് പറഞ്ഞതിനോടു ചാനലിൽ പ്രതികരിച്ച എം.ബി.രാജേഷ് ഇരുവരും പറയുന്നതിൽ വൈരുധ്യം ഉണ്ടെന്ന സൂചനകൾ പൂർണമായും നിഷേധിച്ചു ഫേസ്‌ബുക്കിൽ കുറിപ്പിട്ടു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരേയുള്ള പ്രചാരണത്തെ പ്രതിരോധിക്കേണ്ട ബാധ്യത വിശദീകരിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നടത്തിയ പരാമർശത്തിൽ കുടുംബരാഷ്ട്രീയം കത്തിച്ചാണ് പ്രതിപക്ഷം വിഷയത്തെ നേരിട്ടതും. അഴിമതിയാരോപണങ്ങളിൽ മന്ത്രിമാരാരും പ്രതിരോധത്തിന് എത്താത്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ മരുമകൻകൂടിയായ മുഹമ്മദ് റിയാസ് ഈ വാദവുമായി വന്നതെന്നാണ് പ്രതിപക്ഷത്തിന്റെ വ്യാഖ്യാനം.

അതേസമയം രാഷ്ട്രീയമായ കാര്യങ്ങൾ മന്ത്രിമാർ ശരിയായ ദിശാബോധത്തോടെ സംസാരിക്കണമെന്നാണ് ഉദ്ദേശിച്ചതെന്നായിരുന്നു എം വി ഗോവിന്ദന്റെ വിശദീകരണം. അതിനെ വ്യാഖ്യാനിച്ച് വിശദീകരിച്ച് മറ്റൊരുതരത്തിൽ എത്തിക്കുകയാണ് ചെയ്തത്. മന്ത്രിമാരെല്ലാം ശരിയായ രാഷ്ട്രീയനിലപാട് വിശദീകരിക്കുന്നുണ്ട്. പ്രതികരിക്കണമെന്നുള്ളത് പാർട്ടിയുടെതന്നെ നിലപാടാണ്. അല്ലാതെ മന്ത്രിമാരായിപ്പോയി എന്നുള്ളതുകൊണ്ട് ഇനിമുതൽ രാഷ്ട്രീയകാര്യങ്ങൾ മിണ്ടാൻപാടില്ലെന്ന നിലപാട് സിപിഎമ്മിനില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ കുടുംബമാണ് ആരോപണവിധേയരായി നിൽക്കുന്നതെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പ്രതികരണം. അവർക്കുവേണ്ടി മറ്റുമന്ത്രിമാർകൂടി മുന്നിട്ടിറങ്ങി അഴിമതിയെ സംരക്ഷിക്കണമെന്നാണ് കുടുംബത്തിലെത്തന്നെ മറ്റൊരു അംഗമായ മന്ത്രി റിയാസ് ആവശ്യപ്പെടുന്നത്. നിലവിൽ മറ്റുമന്ത്രിമാരൊന്നും അഴിമതിയെ ന്യായീകരിക്കാൻ ഇതുവരെ ഇറങ്ങിയിട്ടില്ല. ഇറങ്ങണമെന്ന മുന്നറിയിപ്പും ഭീഷണിയുമാണ് മന്ത്രിമാർക്ക് റിയാസ് നൽകിയിരിക്കുന്നത് എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.

എ.ഐ. ക്യാമറാ ഇടപാടിൽ പൊതുസമൂഹം ശക്തമായി പ്രതികരിച്ചതോടെ മന്ത്രിസഭയിലും മുന്നണിയിലും മുഖ്യമന്ത്രി ഒറ്റപ്പെട്ടുപോയതിന്റെ പ്രതിഫലനമാണ് റിയാസിന്റെ പ്രതികരണമെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. മുഖ്യമന്ത്രി മൗനത്തിലാകുമ്പോൾ മന്ത്രിമാർ പ്രതികരിക്കണമെന്നത് വിചിത്രമായ ന്യായം മന്ത്രി റിയാസിന്റെമാത്രം നിരീക്ഷണപാടവമാണോയെന്നും ചെന്നിത്തല ചോദിച്ചു.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു സർക്കാരിനെ സംരക്ഷിക്കാനായി മന്ത്രിമാർ രംഗത്തിറങ്ങിയിരുന്നുവെങ്കിൽ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് അതു സംഭവിക്കുന്നില്ലെന്ന പാർട്ടിക്കുള്ളിലെ ഒരു വിഭാഗം നേതാക്കളുടെ വികാരമാണു റിയാസിന്റെ പ്രതികരണത്തിലൂടെ മറനീക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP