Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭക്ഷ്യ സുരക്ഷാ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കും: മന്ത്രി വീണ ജോർജ്ജ്

ഭക്ഷ്യ സുരക്ഷാ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കും: മന്ത്രി വീണ ജോർജ്ജ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് മന്ത്രി വീണ ജോർജ്. ഭക്ഷ്യ സുരക്ഷാ ബോധവത്ക്കരണ സെമിനാറിന്റേയും ഈറ്റ് റൈറ്റ് കേരള മൊബൈൽ ആപ്പിന്റേയും ഉദ്ഘാടനം ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിൽ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

നിലവിൽ നിയോജക മണ്ഡലത്തിൽ ഒന്ന് എന്ന കണക്കിനാണ് ഭക്ഷ്യ സുരക്ഷാ ഓഫീസർമാരുള്ളത്. ഇത് വിപുലീകരിക്കാൻ കൂടുതൽ തസ്തികകൾ സൃഷ്ടിക്കുക എന്നത് സർക്കാരിന്റെ പരിഗണനയിലാണ്. 14 ജില്ലകളിലും മൊബൈൽ ലബോറട്ടികൾ സജ്ജമാക്കി. ലാബ് സംവിധാനം ശക്തിപ്പെടുത്തുന്നത് ഈ വർഷം പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഗുണനിലവാരമുള്ള ജീവിതം ഉറപ്പാക്കുന്നതിൽ ആഹാരത്തിന് വലിയ പ്രധാനമാണുള്ളത്. ഭക്ഷ്യസുരക്ഷ എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ഭക്ഷ്യസുരക്ഷാ വകുപ്പ് എൻഫോഴ്സ്മെന്റ്, ട്രെയിനിങ്, ബോധവത്ക്കരണം എന്നിവയിലൂടെ ഭക്ഷണത്തിന്റെ നിലവാരം ഉയർത്തുന്നതിന് വേണ്ടി നിരന്തരം പ്രവർത്തിക്കുന്നു.

കഴിഞ്ഞ വർഷം 75,000 ഓളം സ്ഥാപനങ്ങളിൽ പരിശോധന നടത്തി. മൊബൈൽ ലാബിന്റെയും മറ്റ് ലാബുകളുടെയും സഹായത്തോടെ 67,272 സാമ്പിളുകൾ പരിശോധിച്ചു. നിലവാരം ഇല്ലാത്തതും സുരക്ഷിതമല്ലാത്തതുമായ സാമ്പിളുകൾ വിറ്റ 1079 സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചു. നിയമലംഘനം നടത്തിയ 6022 സ്ഥാപനങ്ങളിൽ നിന്നായി മൂന്ന് കോടിയോളം രൂപ പിഴ ചുമത്തി.

കഴിഞ്ഞ മാർച്ചിൽ ഉദ്ഘാടനം ചെയ്ത പരാതി പരിഹാര സംവിധാനമായ ഭക്ഷ്യസുരക്ഷാ ഗ്രിവൻസ് പോർട്ടലിലൂടെ രണ്ടര മാസംകൊണ്ട് തന്നെ 336 പരാതികൾ ഭക്ഷ്യസുരക്ഷാ വകുപ്പിൽ ലഭിക്കുകയും അതിൽ 230 എണ്ണം അന്വേഷിച്ച് പരിഹരിക്കുകയും ചെയ്തു കഴിഞ്ഞു. 106 പരാതികളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈറ്റ് റൈറ്റ് കേരള എന്ന മൊബൈൽ ആപ്പിലൂടെ നിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാൻ കഴിയും. നിലവിൽ 1600 ഹോട്ടലുകളാണ് വിവിധ ജില്ലകളിലായി ഹൈജീൻ റേറ്റിങ് പൂർത്തിയാക്കി ആപ്പിൽ സ്ഥാനം നേടിയിട്ടുള്ളത്. ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പിൽ ലഭ്യമാണ്. ഈ ആപ്പിലൂടെ പരാതികളും അറിക്കാമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എ.ൽഎ അധ്യക്ഷത വഹിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് ജോ. കമ്മീഷണർ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമീഷണർ മഞ്ജുദേവി, സതേൺ റെയിൽവേ ഭക്ഷ്യ സുരക്ഷാ ഓഫീസർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP