Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആനവണ്ടിയെക്കാൾ വലിയ കടബാധ്യതയിൽ മൂർഖൻപറമ്പ്! പത്ത് മാസം കൊണ്ട് 10ലക്ഷം പേർ യാത്ര ചെയ്ത ചരിത്രം പഴങ്കഥ; വിദേശ വിമാനങ്ങൾക്ക് കേന്ദ്രാനുമതി കിട്ടാത്തത് തിരിച്ചടി; ഗോ ഫസ്റ്റും നിലച്ചതോടെ പ്രതിസന്ധി മൂർച്ഛിച്ചു; ഉയർന്ന ടിക്കറ്റ് നിരക്കും കിയാലിൽ ആളെ കുറച്ചു; വേണ്ടത് അടിയന്തര ഇടപെടൽ; കെ എസ് ആർ ടി സിയുടെ ദു:സ്ഥിതിയിൽ കണ്ണൂർ വിമാനത്താവളം

ആനവണ്ടിയെക്കാൾ വലിയ കടബാധ്യതയിൽ മൂർഖൻപറമ്പ്! പത്ത് മാസം കൊണ്ട് 10ലക്ഷം പേർ യാത്ര ചെയ്ത ചരിത്രം പഴങ്കഥ; വിദേശ വിമാനങ്ങൾക്ക് കേന്ദ്രാനുമതി കിട്ടാത്തത് തിരിച്ചടി; ഗോ ഫസ്റ്റും നിലച്ചതോടെ പ്രതിസന്ധി മൂർച്ഛിച്ചു; ഉയർന്ന ടിക്കറ്റ് നിരക്കും കിയാലിൽ ആളെ കുറച്ചു; വേണ്ടത് അടിയന്തര ഇടപെടൽ; കെ എസ് ആർ ടി സിയുടെ ദു:സ്ഥിതിയിൽ കണ്ണൂർ വിമാനത്താവളം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സംസ്ഥാനത്തെ നവാഗത വിമാനത്താവളമായ കണ്ണൂർ മട്ടന്നൂരിലെ രാജ്യാന്തര വിമാനത്താവളം കടുത്ത പ്രതിസന്ധിയിലേക്ക്. കെ. എസ്. ആർ.ടി.സിയെക്കാൾ കടബാധ്യത വരുത്തിവെച്ചുകൊണ്ടാണ് കിയാൽ ഓരോദിവസവും മുൻപോട്ടുപോകുന്നത്. അടച്ചുപൂട്ടലിന്റെ വക്കിലാണ് അക്ഷരാർത്ഥത്തിൽ കണ്ണൂർ വിമാനത്താവളം. ഉദ്ഘാടനംചെയതു 10 മാസംകൊണ്ട് 10 ലക്ഷം യാത്രക്കാർ യാത്ര ചെയ്ത് ചരിത്രത്തിൽ ഇടംപിടിച്ച കണ്ണൂർ വിമാനത്താവത്തിന്റെ ദുസ്ഥിതിക്കെതിരെ സംസ്ഥാനം മാറിമാറിഭരിച്ച യു.ഡി. എഫും എൽ.ഡി. എഫും സമരരംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും കേന്ദ്രഭരണം നിയന്ത്രിക്കുന്ന ബിജെപി മാത്രം ഈക്കാര്യത്തിൽ പ്രതികരിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്.

വിമാനത്താവളത്തിന്റെ ദു:സ്ഥിതിയെ കുറിച്ചു ചൂടേറിയ ചർച്ച നടക്കുന്നുണ്ടെങ്കിലും കേന്ദ്രവ്യോമയാനമന്ത്രാലത്തിന്റെ ഇടപെടൽ മാത്രം നടക്കുന്നില്ല. എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ്, ഇൻഡിഗോ, ഗോ ഫസ്റ്റ് എന്നീ വിമാനക്കമ്പനികളാണ് കണ്ണൂരിൽനിന്ന് ആഭ്യന്തര--രാജ്യാന്തര സർവീസ് നടത്തിയിരുന്നത്. കോവിഡ് ലോക്ഡൗണിൽ വിദേശക്കമ്പനികളുടെ വൈഡ് ബോഡി വിമാനങ്ങളും യാത്രക്കാരുമയി കണ്ണൂരിലിറങ്ങി. സ്പൈസ് ജെറ്റ്, വിസ്താര എയർലൈനുകൾ എത്തിക്കുന്നതിന് കിയാലും സംസ്ഥാന സർക്കാരും നിരവധി ചർച്ച നടത്തിയിരുന്നു.

എന്നാൽ വിദേശ വിമാനങ്ങൾക്കുള്ള അനുമതി കേന്ദ്ര സർക്കാർ നിഷേധിച്ചതോടെ കണ്ണൂരിന്റെ വളർച്ച താഴോട്ടുപോകാൻ തുടങ്ങി. ഇപ്പോൾ ഗോ ഫസ്റ്റ് എയർലൈൻസിന്റെ സർവീസ് നിലച്ചതോടെ കണ്ണൂർ വിമാനത്താവളത്തെ യാത്രക്കാരും ഉപേക്ഷിക്കാൻ തുടങ്ങി. ഗോഫസ്റ്റ് സർവീസുകൾ ഉടൻ പുനരാരംഭിക്കുകയോ കേന്ദ്രം പകരം സംവിധാനമൊരുക്കുകയോ ചെയ്തില്ലെങ്കിൽ കണ്ണൂർ വിമാനത്താവളം ഈച്ചപോലും കയറാത്ത സ്ഥലമായി മാറും. സാമ്പത്തിക പ്രതിസന്ധിയാണ് ഗോ ഫസ്റ്റ് സർവീസ് നിലയ്ക്കാൻ കാരണമെന്നാണ് വിമാനകമ്പിനി അധികൃതർ പറയുന്നത്. ഇവർ കളംവിട്ടതോടെ എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും മാത്രം സർവീസ് നടത്തുന്ന വിമാനത്താവളമായി കണ്ണൂർ മാറി. ദോഹ സർവീസ് ഒഴിച്ചാൽ ഇൻഡിഗോയുടേതല്ലാം ആഭ്യന്തര സർവീസുകൾ മാത്രമാണ്.

അബുദാബി, കുവൈത്ത്, ദുബായ്, ദമാം, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കും മുംബൈയിലേക്കുള്ള ആഭ്യന്തര സർവീസുകളും പ്രതിദിന അന്താരാഷ്ട്ര സർവീസുകളും ഉൾപ്പെടെ ദിവസം എട്ട് സർവീസുകളാണ് ഗോ ഫസ്റ്റ് നടത്തിയിരുന്നത്. കുവൈത്ത്, ദമാം എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന ഏക വിമാനക്കമ്പനിയും ഗോ ഫസ്റ്റായിരുന്നു. ബംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും സർവീസുണ്ടായിരുന്നു. ഗോ ഫസ്റ്റ് സർവീസ് നിർത്തിയതോടെ മാസം 240 സർവീസുകളുടെ കുറവാണുണ്ടാകുന്നത്. ശരാശരി 13 ലക്ഷം രൂപയാണ് പ്രതിദിനം വിമാന കമ്പനി കിയാലിന് നൽകിയിരുന്നത്.

ഒരു മാസം സർവീസ് റദ്ദായാൽ നാല് കോടി രൂപയോളം നഷ്ടമാകും. യാത്രക്കാരുടെ വാഹനങ്ങളുടെ പാർക്കിങ് ഫീസ്, ഡ്യൂട്ടി ഫ്രീ ഷോപ്പ്, ഡേ ഹോട്ടൽ, മറ്റ് സ്റ്റാളുകൾ തുടങ്ങിയവയിലൂടെ ലഭിക്കേണ്ട വരുമാനവും കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. പ്രതി മാസം 36,000 യാത്രക്കാരുടെ കുറവാണുണ്ടാകുന്നതെന്നാണ് കിയാലിന്റെ കണക്കുകൾ പറയുന്നത്. വിദേശക്കമ്പനികളുടെ സർവീസിനുള്ള പോയിന്റ് ഓഫ് കോൾ അനുമതി കേന്ദ്രം നൽകിയാലേ പ്രതിസന്ധികളിൽനിന്ന് കണ്ണൂർ വിമാനത്താവളത്തിന് കരകയറാനാവൂവെന്ന് കിയാൽ അധികൃതർ ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കാലിയായി വിമാനങ്ങൾ സർവീസ് നടത്തുമ്പോഴും ഏറ്റവും കൂടുതൽ നിരക്ക് വാങ്ങുന്നത് യാത്രക്കാരെ അകറ്റുന്നുണ്ട്. കരിപ്പൂർ, കൊച്ചി വിമാനത്താവളങ്ങളെക്കാൾ പതിനഞ്ചായിരം രൂപമുതൽ മുകളിലോട്ടുള്ള ടിക്കറ്റ് നിരക്കാണ് ഇവിടെ നിന്നും ഈടാക്കുന്നത്. പത്തും പതിനാലും യാത്രക്കാരെയും കൊണ്ടാണ് ജിദ്ദയിലേക്കുള്ള എക്സ്പ്രസ് യാത്ര നടത്തുന്നത്. ഈദു:സ്ഥിതി മാറണമെങ്കിൽ വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ കിയാൽ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP