Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

3270 കോടി രൂപ വാർഷിക പ്രതിഫലം വാഗ്ദാനം ചെയ്ത് അൽ ഹിലാൽ; പക്ഷെ മെസി പാരിസിൽ നിന്നും പറക്കുക ബാഴ്‌സലോണയിലേക്ക്; അർജന്റീന സൂപ്പർ താരം സ്‌പെയിനിൽ തിരിച്ചെത്തുമെന്ന സൂചന നൽകി ഭാര്യ അന്റോണെല്ല; താൽപര്യം തുറന്ന് പറഞ്ഞ് ഹോർഹെ മെസ്സിയും; ആരാധകർ ആവേശത്തിൽ

3270 കോടി രൂപ വാർഷിക പ്രതിഫലം വാഗ്ദാനം ചെയ്ത് അൽ ഹിലാൽ; പക്ഷെ മെസി പാരിസിൽ നിന്നും പറക്കുക ബാഴ്‌സലോണയിലേക്ക്; അർജന്റീന സൂപ്പർ താരം സ്‌പെയിനിൽ തിരിച്ചെത്തുമെന്ന സൂചന നൽകി ഭാര്യ അന്റോണെല്ല; താൽപര്യം തുറന്ന് പറഞ്ഞ് ഹോർഹെ മെസ്സിയും; ആരാധകർ ആവേശത്തിൽ

സ്പോർട്സ് ഡെസ്ക്

പാരീസ്: ഫ്രഞ്ച് ക്ലബ്ബ് പി എസ് ജിയോട് വിടപറഞ്ഞ അർജന്റീന നായകൻ ലയണൽ മെസി സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയിൽ തിരിച്ചെത്തുമെന്ന സൂചന നൽകി ഭാര്യ അന്റോണെല്ലാ റോക്കൂസോ. മെസിയുടെ നീക്കം എന്തെന്ന് അറിയാൻ കാത്തിരിക്കുന്ന ആരാധകർക്ക് ശുഭസൂചന നൽകിയാണ് ഭാര്യ അന്റോണെല്ലാ റോക്കൂസോയുടെ ഫേസ്‌ബുക് പോസ്റ്റ്. ബാഴ്‌സലോണ കുപ്പായമിട്ട മെസിയുടെ ചിത്രത്തിനൊപ്പം തിരിച്ചുവരൂ ലിയോ എന്നാണ് അന്റോണെല്ല ഫേസ്‌ബുക്കിൽ കുറിച്ചത്.

ബാഴ്‌സയിലേക്ക് തിരിച്ചെത്താനുള്ള മെസിയുടെ തീരുമാനത്തിൽ ഭാര്യ അന്റോണെല്ല നിർണായക സ്വാധീനം ചെലുത്തുമെന്നാണ് കരുതുന്നത്. അതിനിടെ മെസിയുടെ പിതാവും ഏജന്റുമായ ഹോർഗെ മെസി ബാഴ്‌സലോണ പ്രസിഡന്റ് ജുവാൻ ലപ്പോർട്ടയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

മെസിയെ തിരികെയെത്തിക്കാനുള്ള ആഗ്രഹം പരസ്യമാക്കിയ ബാഴ്‌സലോണക്ക് സ്പാനിഷ് ലാ ലിഗയിലെ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളാണ് വിലങ്ങുതടിയാകുന്നത്. അതേസമയം, മെസിയുടെ തിരിച്ചുവരവിനെക്കുറിച്ച് പ്രതികരിക്കാൻ ലാ ലിഗ പ്രസിഡന്റ് ജാവിയർ ടെബാസ് ഇതുവരെ തയാറായിട്ടുമില്ല.

മെസിയുടെ ബാഴ്‌സയിലേക്കുള്ള തിരിച്ചുവരവിൽ ഭാര്യ അന്റോണിയോയുടെ നിലപാടാണ് നിർണായകമാകുകയെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മെസിയുടെ മക്കൾക്ക് പാരീസിൽ തുടരാൻ ആഗ്രഹമില്ലെന്നും ബാഴ്‌സലോണയാണ് അവർ ഇഷ്ടപ്പെടുന്നതെന്നും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 21 വർഷം കാറ്റലോണിയയിൽ തുടർന്നശേഷമാണ് മെസിയും കുടുംബവും പാരീസിലേക്ക് താമസം മാറിയത്.

മെസിയെ സ്വന്തമാക്കാൻ സൗദി ക്ലബ്ബായി അൽ ഹിലാലിന്റെയും യുഎസ് മേജർ സോക്കർ ലീഗ് ടീമായ ഇന്റർ മിയാമിയുടെയും ശക്തമായ വെല്ലുവിളിയും ബാഴ്‌സക്ക് മറികടക്കേണ്ടതുണ്ട്. മെസിക്ക് ഫുട്‌ബോൾ ട്രാൻസ്ഫർ മാർക്കറ്റിലെ എക്കാലത്തെയും ഉയർന്ന തുകയാണ് സൗദി ക്ലബ്ബായ അൽ ഹിലാൽ വാദ്ഗാനം ചെയ്തിരിക്കുന്നത്. പി എസ് ജിക്കായി കളിച്ച 75 മത്സരങ്ങളിൽ 32 ഗോളുകളും 35 അസിസ്റ്റുകളും നൽകിയ മെസിക്ക് പക്ഷെ അവരുടെ എക്കാലത്തെയും വലിയ സ്വപ്നമായ ചാമ്പ്യൻസ് ലീഗ് കിരീട നേട്ടത്തിലേക്ക് നയിക്കാനായില്ല.

ഫ്രഞ്ച് ക്ലബ് പിഎസ്ജി വിട്ട അർജന്റീന താരം ലയണൽ മെസ്സിയെ വൻതുക നൽകി സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബ് അൽ ഹിലാൽ സജ്ജരായിരിക്കുന്നുണ്ടെങ്കിലും ബാർസയും പ്രതീക്ഷ കൈവിട്ടിട്ടില്ല. ലാ ലിഗയിലെ ഫിനാൻഷ്യൽ ഫെയർപ്ലേ (എഫ്എഫ്പി) ചട്ടങ്ങളാണ് ഇതുവരെ ബാർസയ്ക്കും മെസ്സിക്കും മുന്നിൽ തടസ്സമായി നിന്നിരുന്നത്.

പ്രധാനമായും ക്ലബ്ബുകൾ വരവിൽ കവിഞ്ഞ തുക ചെലവഴിച്ച് പാപ്പരാകുന്നത് തടയാനുള്ള നിയമങ്ങളാണിവ. ഇതനുസരിച്ച് കളിക്കാരുടെ ട്രാൻസ്ഫറിനും പ്രതിഫലത്തിനുമായി ഒരു ക്ലബ്ബിനും കൈവിട്ട് തുക ചിലവഴിക്കാനാവില്ല. 2021ൽ എഫ്എഫ്പി ചട്ടങ്ങൾ പാലിക്കാനാവില്ല എന്ന ഘട്ടത്തിലാണ് ബാർസയ്ക്ക് മെസ്സിയെ കൈവിടേണ്ടി വന്നത്.

അതിനുശേഷം പ്രധാന താരങ്ങളുടെ പ്രതിഫലം കുറച്ചും ഫ്രീ ഏജന്റുകളായ കളിക്കാരെ മാത്രം ടീമിലെടുത്തും സാമ്പത്തിക നില സന്തുലിതമാക്കാനുള്ള ശ്രമത്തിലാണ് ബാർസ. ഇത്തവണ സെർജിയോ ബുസ്‌കെറ്റ്‌സ്, ജോർഡി ആൽബ എന്നീ സീനിയർ താരങ്ങൾ പോയതോടെ ക്ലബ്ബിന്റെ നില ഭദ്രമായി എന്ന വിശ്വാസത്തിലാണ് ബോർഡ്.

എന്നാൽ സൗദി ക്ലബ് അൽ ഹിലാൽ 40 കോടി യുഎസ് ഡോളർ വാർഷിക പ്രതിഫലം (ഏകദേശം 3270 കോടി രൂപ) വാഗ്ദാനം ചെയ്തു നിൽക്കവേ, എഫ്എഫ്പി ചട്ടങ്ങൾ ലംഘിക്കാതെ മെസ്സിയെ ടീമിലെത്തിക്കുക എന്ന വെല്ലുവിളിയാണ് ബാർസയ്ക്കു മുന്നിലുള്ളത്. മെസ്സി പ്രതിഫലം കുറയ്ക്കുകയും ബാർസ എഫ്എഫ്പി ചട്ടങ്ങൾ ലംഘിക്കുന്നില്ല എന്ന് ലാ ലിഗ പച്ചക്കൊടി വീശുകയും ചെയ്താൽ ബാല്യകാല ക്ലബ്ബിലേക്കുള്ള അർജന്റീന താരത്തിന്റെ തിരിച്ചു വരവ് യാഥാർഥ്യമാകും.

ബാർസയുമായുള്ള പുനഃസമാഗമത്തിന് മെസ്സിക്ക് പ്രചോദനമേകുന്ന ഒരാൾ ക്ലബ്ബിൽ മെസ്സിയുടെ സഹതാരവും ഇപ്പോൾ പരിശീലകനുമായ ചാവി ഹെർണാണ്ടസാണ്. മെസ്സിയുമായി സംസാരിച്ചെന്നും താൻ ശുഭാപ്തി വിശ്വാസത്തിലാണുമെന്നാണ് കഴിഞ്ഞ ദിവസം ചാവി പറഞ്ഞത്.

ലയണൽ മെസ്സി ക്ലബ് വിട്ടതോടെ ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിനും 'നഷ്ടം'. 10 ലക്ഷത്തോളം ഫോളോവേഴ്‌സ് ആണ് അക്കൗണ്ടിൽ കുറഞ്ഞത്. കഴിഞ്ഞയാഴ്ച വരെ 6.99 കോടി ഫോളോവേഴ്‌സ് ആണ് പിഎസ്ജിക്ക് ഇൻസറ്റഗ്രാമിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോഴിത് 6.85 കോടിയാണ്. അവസാന മത്സരത്തിൽ വരെ താരത്തെ പാരിസിലെ കാണികൾ കൂവിയതും മെസ്സി ആരാധകരുടെ ക്ലബ്ബിനോടുള്ള പ്രതിഷേധത്തിനു കാരണമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP